ഇതൊക്കെ ആരോടു പറയും അഥവാ അന്വേഷിക്കും എന്ന ആശങ്ക കനക്കുകയാണ്. പീഡിതരുടെ നിലവിളി പെരുകുന്നു. തെരുവുകളില്‍ തീയാളിത്തുടങ്ങുന്നു. നാഥനില്ലാത്ത ഭരണമെന്ന അവസ്ഥ ഭയപ്പെടുത്തുന്നുണ്ട്.
മുഖ്യമന്ത്രി ചികിത്സയ്ക്കു പോകുമ്പോള്‍ ചുമതല കൈമാറേണ്ടതായിരുന്നു. മടങ്ങിവരുംവരെ എല്ലാം നോക്കി നടത്താന്‍ ഒരാളുവേണമല്ലോ. അതു പൗരന്മാര്ക്കും ആശ്വാസമാണ്. ദൗര്‍ഭാഗ്യവശാല്‍, മുഖ്യമന്ത്രിക്ക് അങ്ങനെയൊരു അനിവാര്യത ബോധ്യപ്പെട്ടില്ല. അമേരിക്കയിലെ രോഗശയ്യയില്‍ കിടന്ന് ഭരണം തുടരുമെന്നാണ് തീരുമാനിച്ചത്. അതെങ്ങനെ സാധിക്കുമെന്ന മറുചോദ്യമുയരുക സ്വാഭാവികം.
കന്യാസ്ത്രീകള്‍ നീതിതേടി തെരുവോരത്തെത്തി. അക്രമികള്‍ക്കു മുന്നില്‍ പൊലീസ് സേന കുമ്പിട്ടു നില്ക്കുന്നു. അവനെ പിടിക്ക് എന്ന് പറയാന്‍ അധികാരപ്പെട്ട ശബ്ദമുയരുന്നില്ല. ഇപ്പോള്‍ ആഭ്യന്തരവകുപ്പ് ആരാണ് കൈകാര്യം ചെയ്യുന്നത് എന്നുപോലും ആര്‍ക്കുമറിയില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചു നില്ക്കാന് നന്നേ പാടുപെടുന്നു. ഡിജിപിയുടെ ശബ്ദത്തിനുമുണ്ട് വിളര്‍ച്ച. മുഖ്യമന്ത്രി ഇവിടെയുണ്ടെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമെന്ന് കരുതാനും ന്യായമില്ല. അദ്ദേഹത്തിന്റെ പക്ഷംചേരല്‍ എത്ര ദയനീയവും ദുര്ബ്ബലവുമാകുമെന്ന് കാണാമെന്നു മാത്രം. തോമസ്ചാണ്ടി വിഷയത്തില്‍ സംഭവിച്ചത് നാം മറന്നിട്ടില്ല. നടപടിയെടുക്കാതെ എത്രത്തോളം പോകാം എന്നല്ലേ അന്നു നോക്കിയത്? ഭൂമികയ്യേറ്റ – നീര്‍ത്തടം നികത്തല്‍ വിഷയങ്ങളിലാവട്ടെ, കലക്ടര്‍മാരെ മാറ്റുകയല്ലാതെ കയ്യേറ്റം ഒഴിപ്പിക്കില്ല എന്നായിരുന്നല്ലോ ശാഠ്യം. സര്‍ക്കാറിന് സമ്പന്നരുടെയും മതപുരോഹിതരുടെയും താല്‍പ്പര്യം കഴിഞ്ഞേ എന്തുമുള്ളു എന്നു വ്യക്തമായതാണ്.
ഇടുക്കിയില്‍ ഭൂമികയ്യേറി കുരിശു നാട്ടിയപ്പോള്‍ അതു പിഴുതെടുക്കാന്‍ ധൈര്യം കാണിച്ച ഒരു ഉദ്യോഗസ്ഥന് നമ്മെ അത്ഭുതപ്പെടുത്തി. എന്നാല്‍ മുഖ്യമന്ത്രി ക്ഷോഭിച്ചു. മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു പരാതി. ഒരു കന്യാസ്ത്രീ തനിക്കു പീഡനമറ്റുവെന്ന് പരാതിപ്പെട്ടപ്പോള്‍ എവിടെയോ മതവികാരം വ്രണപ്പെട്ടിരിക്കണം. ഭൂമിയായാലും സ്ത്രീയായാലും മതനേതൃത്വം കയ്യേറുന്നതല്ല, അതു ചൂണ്ടിക്കാട്ടുന്നതും ഒഴിപ്പിക്കുന്നതുമാണ് സര്‍ക്കാറിനെ ധര്‍മ്മസങ്കടത്തിലാക്കുന്നത്! ഇരകളുടെ നിലവിളിക്കും നിസ്സഹായാവസ്ഥക്കും മേല്‍ വേട്ടക്കാരന്റെ വികാരം കൊടി പാറിക്കുന്നു. വേട്ടക്കാരെ പിന്തുടരാനുള്ള വേഗം ഭരണത്തിനില്ല.
പ്രതിപക്ഷമേത് ഭരണപക്ഷമേത്, വലതേത് ഇടതേത് എന്നൊന്നും തിരിച്ചറിയാനാവാത്ത രാഷ്ട്രീയ കാലാവസ്ഥയാണ്. മതാധികാരവും ധനാധികാരവും തിമര്‍ത്താടുന്നു. അത് മുതലാളി- പുരോഹിത – രാഷ്ട്രീയ – ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ അതിനെതിരെയാണ് കന്യാസ്ത്രീകള്‍ ചരിത്രം രചിക്കുന്ന പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്. ചൂഷണവും പീഡനവും സഹിക്കാനാവാതെ സമസ്ത തുറകളിലും ജനങ്ങള്‍ സമരവുമായി രംഗത്തിറങ്ങുന്നതും ഈ അശ്ലീല കൂട്ടുകെട്ടിന് എതിരെയാണ്. സംസ്ഥാനത്തു സര്‍ക്കാറിനെ നയിക്കുന്നത് ഒരിടതുപക്ഷ പാര്‍ട്ടിയാണെങ്കില്‍ അതതിന്റെ പേരിലല്ല, പ്രവൃത്തിയിലാണ് തെളിയേണ്ടത്.
ആസാദ്
10 സെപ്തംബര്‍ 2018