Article POLITICS

ഡോ പ്രസാദ് പന്ന്യന്‍ നീതിയുടെ മരം നട്ടിരിക്കുന്നു.

കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് ആന്റ് കമ്പാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം മേധാവി ഡോ പ്രസാദ് പന്ന്യനെ വൈസ്ചാന്‍സലര്‍ ഡിപ്പാര്‍ട്ടുമെന്റ് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും സസ്പെന്റ് ചെയ്തിരിക്കുന്നു. ഒരു ദലിത് വിദ്യാര്‍ത്ഥിക്കെതിരെയുണ്ടായ പൊലീസ് നടപടിയെ അപലപിച്ചു സാമൂഹിക മാധ്യമത്തില്‍ പ്രതികരിച്ചു എന്നതാണത്രെ പ്രസാദിന്റെ കുറ്റം.

തെലങ്കാന സ്വദേശിയും ഭാഷാശാസ്ത്ര വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിയുമായ ഗന്തോട്ടി നാഗരാജുവിനെയാണ് ഫയര്‍ അലാറത്തിന്റെ ചില്ലുപൊട്ടിച്ചു എന്ന പരാതിയില്‍ സര്‍വ്വകലാശാല ബേക്കല്‍ പൊലീസിനു കൈമാറിയത്. സര്‍വ്വകലാശാലയ്ക്കകത്തു പരിഹരിക്കാവുന്ന വിഷയത്തില്‍ ഈ ദളിത് വിദ്യാര്‍ത്ഥി റിമാന്റു ചെയ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ചു പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെടുന്ന പോസ്റ്റാണ് പ്രസാദിനു വിനയായത്.

നാഗരാജുവിന്റെ അമ്മ മരിച്ചത് മാസങ്ങള്‍ മുമ്പാണ്. കനത്ത മാനസിക പ്രയാസത്തിലായിരുന്നുവത്രെ അയാള്‍. ഫെലോഷിപ്പു തുകയും സമയത്തു കിട്ടാതെയായതോടെ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടായി. ഈ പരിഗണനയൊന്നും പക്ഷെ നാഗരാജുവെന്ന ദളിത് ഗവേഷണ വിദ്യാര്‍ത്ഥിയെ പൊലീസ് കേസില്‍ കുടുക്കുന്നതിന് കേന്ദ്ര സര്‍വ്വകലാശാലാ അധികൃതര്‍ക്ക് തടസ്സമായില്ല. രോഹിത് വെമുലയുടെ സഹപാഠിക്ക് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് അപ്രതീക്ഷിതമെന്നു പറയാനാവില്ല. സഹാനുഭാവം പ്രകടിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കു ‘തക്കശിക്ഷ’ നല്‍കാനും സംഘപരിവാര ബുദ്ധികേന്ദ്രങ്ങള്‍ ഉണര്‍ന്നിരിക്കുന്നുണ്ട്.

കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രത്യേക കേന്ദ്ര നിയമമായിരിക്കാം. പക്ഷെ, ആ സ്ഥാപനം കേരളത്തിലാണ്. വിദ്യാര്‍ത്ഥിയെ അറിയാനും അനുതാപത്തോടെ വിഷയം കൈകാര്യം ചെയ്യാനും ത്രാണിയുള്ള, വിവേകമുള്ള കലാലയാന്തരീക്ഷമാണ് ഇവിടെയുള്ളത്. എന്നാല്‍, ദളിത് പീഡനത്തിന്റെ മനുവാദ അജണ്ടകള്‍ അന്തരീക്ഷത്തെ കലുഷമാക്കുകയാണ്. അതനുവദിക്കാമോ എന്നതാണ് നമ്മെ പിന്‍തുടരുന്ന ചോദ്യം. അദ്ധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ത്ഥിയെ അറിയാനും അയാളുടെ പ്രയാസത്തില്‍ പങ്കുചേരാനും ഡോ. പ്രസാദ് പന്ന്യന്‍ കാണിച്ച സന്നദ്ധത അക്കാദമിക ലോകത്തിന് അഭിമാനകരമാണ്. ആവേശകരവുമാണ്.

അക്കാദമിക സമൂഹത്തിന്റെ ഈ ഉണര്‍വ്വും ജാഗ്രതയും തകര്‍ക്കാനാണ് രാജ്യത്തെ കേന്ദ്ര സര്‍വ്വകലാശാലകളില്‍ സംഘപരിവാരം ശ്രമിച്ചു വരുന്നത്. കേരളത്തിലും ആ അജണ്ട പരീക്ഷണ ഘട്ടം പിന്നിടുകയാണ്. പ്രസാദ് പന്ന്യനെയും നാഗരാജുവിനെയും അക്കാദമിക സമൂഹത്തിനു വേണം. അവരെ ക്രൂശിക്കാനാവരുത് സര്‍വ്വകലാശാലാ അധികാരികള്‍ നിയമം നടപ്പാക്കുന്നത്. സംസ്ഥാനത്തെ കേന്ദ്ര സര്‍വ്വകലാശാല അക്കാദമിക ഔന്നത്യം നില നിര്‍ത്തണമെന്നാണ് പൊതു സമൂഹം ആഗ്രഹിക്കുന്നത്.

ആസാദ്
8 സെപ്തംബര്‍ 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )