പെട്രോള്‍ വില കേറിയുമിറങ്ങിയും പോന്നു പെരുംകയറ്റത്തിലെത്തിയിരിക്കുന്നു. മോഡിഭരണം തെരഞ്ഞെടുപ്പിനെ നേരിടുംമുമ്പ് അത് നൂറു പിന്നിടും. ഇപ്പോഴത് 87രൂപ 40 പൈസയിലാണ് നില്‍ക്കുന്നത്. എണ്‍പതുകളുടെ ഓര്മ, ഒരു തേങ്ങകൊടുത്തു ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാവുന്ന സാമ്പത്തിക നിലയുടെതാണ്. എണ്‍പതുകള്‍ പിന്നിടുമ്പോഴും എട്ടര രൂപയിലധികമായിരുന്നില്ല പെട്രോള്‍വില. ഡീസലിനാകട്ടെ മൂന്നര രൂപയും.
1994ല്‍ പെട്രോള്‍വില 16.78രൂപയായും ഡീസല്‍വില 6.98രൂപയായും ഉയര്‍ന്നു. പത്തുവര്‍ഷം മുമ്പ് 2008ല്‍ അമ്പതു രൂപയിലേയ്ക്ക് പെട്രോള്വിലയെത്തി. ദില്ലിയിലപ്പോള് വില 45.56രൂപ. 2016ല്‍ മുമ്പെയില്‍ 66രൂപയായിരുന്നു. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ലിറ്ററിന് ഇരുപത് രൂപയാണ് വര്‍ദ്ധിച്ചത്. 87.40 രൂപയാണ് ഇപ്പോഴത്തെ വില.
അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലനിലവാരം നമ്മുടെ അനുഭവവുമായി പൊരുത്തപ്പെടാതായിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് തോന്നുന്നതുപോലെ വില നിശ്ചയിക്കാവുന്ന അവസ്ഥയാണ് ഒരു ഭാഗത്ത്. മറുഭാഗത്തോ, അതില്‍ എക്സൈസ് തീരുവയുടെ മഹാമേരു കയറ്റിവച്ച് ജനങ്ങളെ ഞെരിക്കുന്ന സര്‍ക്കാര്‍ നയം. ഒമ്പതു തവണയാണ് മോഡി സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില പകുതിയില്‍ താഴെയായി കുത്തനെ ഇടിഞ്ഞപ്പോഴും അതിന്റെ ആനുകൂല്യം ഇന്ത്യന്‍ ഉപഭോക്താവിന് ലഭിച്ചില്ല. ലോകരാജ്യങ്ങളില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ പേരില്‍ ഇങ്ങനെ പീഡിപ്പിക്കപ്പെടുന്ന മറ്റേതെങ്കിലും ജനസമൂഹമില്ല.
പ്രകൃതിക്ഷോഭം തകര്‍ത്ത കേരളത്തിനു കേന്ദ്രം മറ്റൊരാഘാതം അടിച്ചേല്‍പ്പിക്കുകയാണ്. സംസ്ഥാനത്തെ പെട്രോള്‍ വിലയില്‍ കേന്ദ്ര നികുതിഭാരം കുറച്ച് സഹായിക്കേണ്ട സന്ദര്‍ഭമാണിത്. എന്നാല്‍ തകര്‍ന്ന സമൂഹത്തെ കൂടുതല്‍ തകര്‍ച്ചയിലേക്കു തള്ളിവിടുകയാണ് മോഡിസര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഇന്ത്യയിലാകെ അലയടിക്കുന്ന പ്രതിഷേധത്തെക്കാള്‍ ശക്തമായ പ്രതികരണം കേരളത്തിലുണ്ടാവണം. സെപ്തംബര്‍ പത്തിന്റെ ഹര്‍ത്താല്‍ മൂന്നരക്കോടി ജനതയുടെ കനത്ത പ്രതിഷേധമായി കേരളം അടയാളപ്പെടുത്തണം.
കോര്‍പറേറ്റുകളുടെ താല്‍പ്പര്യം മാത്രമാണ് നരേന്ദ്ര മോഡി സര്‍ക്കാറിന്റെ ലക്ഷ്യം. രാജ്യത്തെ അദ്ധ്വാന ശക്തിയെ നിര്‍വീര്യമാക്കാനും സമസ്ത തുറകളും കോര്‍പറേറ്റുകള്‍ക്ക് തുറന്നു കൊടുക്കാനും ശ്രമിക്കുന്ന ഭരണം പുതിയ അധിനിവേശത്തിന്റെ കൂട്ടിക്കൊടുപ്പാണ് നടത്തുന്നത്. ജനകീയ പ്രതിരോധം വിമോചനപ്പോരാട്ടമായി വളര്‍ന്നേ മതിയാവൂ.
ആസാദ്
8 സെപ്തംബര്‍ 2018