(ഒരാള്‍ എന്താണോ അതായിരിക്കാനുള്ള അവകാശം ഏതൊരാള്‍ക്കുമുണ്ട്. ജനാധിപത്യ സത്തയുടെ പച്ചയൂറുന്ന വാക്യം. അതുച്ചരിച്ച പരമോന്നത നീതിപീഠത്തെ നടുനിവര്‍ത്തി അഭിവാദ്യം ചെയ്യാന്‍ ആയുകയാണിന്ത്യ. ഒരാള്‍ എന്താണോ അതായിത്തുടരാന്, എന്താവണമോ അതിനുവഴിതുറക്കാന് ഇനി തത്വത്തില്‍ അനുവാദമുണ്ട്. )
ഞാനെന്താണോ അതിലാനന്ദിക്കട്ടെ. ഉടലനുബന്ധമായി നിന്റെ പേരു കുറിക്കട്ടെ. ഒഴികഴിവുകളുടെ ഒളിത്താവളങ്ങളില്‍നിന്ന് പുറത്തു വരൂ. ഉപചാരങ്ങളില്‍ തടഞ്ഞു മൗനത്തിലേക്കു വീണുമെണീറ്റുമുള്ള സായാഹ്ന സവാരികളിനിയുണ്ടാവില്ല. നിനക്കു വേണ്ടതെന്തെന്ന് ഞാനും എനിക്കു വേണ്ടതെന്തെന്ന് നീയും പറയും. പരുക്കന്‍ വിരലുകള്‍ പരുപരുത്ത ചുമലില്‍ ഞാന്‍തന്നെ നീ എന്നു തെരുപ്പിടിക്കും. ഒറ്റക്കല്ലില്‍ നാമെതിര് വാക്കുകള്പോല് പിന്തിരിഞ്ഞിരിക്കും. മുന്നോട്ടു നോക്കി സംസാരിച്ചുകൊണ്ടിരിക്കും. പിറകില്‍നിന്ന് ഞാന്‍ നിന്റെയും നീ എന്റെയും മൂളലുകള്‍ കേള്‍ക്കും.
നമ്മുടേത് ക്ഷോഭപ്പുര. അവിടെ തീപ്പന്തങ്ങളുടെ സുരതോത്സവം. വെളിച്ചം വെളിച്ചത്തോടു കലഹിക്കും. ഇരുട്ട് ഇരുട്ടിനൊപ്പം ആനന്ദിക്കും. ഇഴയിഴയായി നാമന്യോന്യം വലിച്ചെടുത്ത് വല വിരിച്ച് നിദ്രയാവും. പിന്നെ, ഇഴകോര്ത്തുകോര്ത്ത് നിന്നെ ഞാനാക്കി പകലില്‍ തുറന്നു വിടും. നീയാവണമെന്നാഗ്രഹിച്ചതിനെ ഞാന്‍ പൂര്‍ത്തിയാക്കും. നിന്റെ പരുക്കന്‍ നോട്ടത്തെ തീപാറുന്ന വേഗംകൊണ്ട് ഞാന്‍ മറികടക്കും. ഞാന്‍ നിന്നെയൊളിപ്പിക്കുന്ന ഇനീഷലില്ലാത്ത ഒറ്റപ്പേരാവും. തിരിച്ചു നീയും.
കോടതികള്‍ക്ക് ഇത്രയേറെ ആനന്ദിപ്പിക്കാനാവുമോ! ഉടലുകളില്‍ അതിത്രയും തിണര്പ്പുകളാവുമോ? നിയമത്തിനിത്രയും സര്ഗോത്സാഹമോ? ഫാഷിസത്തിന്റെ തരിശില് ജനാധിപത്യമിങ്ങനെ ഉറവ തീര്‍ക്കുമോ?
എല്ലാമൊന്നിലുണ്ടെന്ന് നടുക്കം പറഞ്ഞു. അതു ഞാനല്ലേയെന്നു നിലവിളിച്ചു. എന്റെ പിഴ എന്റെ പിഴയെന്ന് മുട്ടിലിഴഞ്ഞു. ഏകാന്തതയെ പഴിച്ചു. എല്ലാറ്റില്‍നിന്നും എന്നെമാത്രമടര്ത്തി വിശുദ്ധം വിശുദ്ധമെന്നു നടിച്ചു. നിന്നെ ഞാനൊളിപ്പിച്ചൊരായുസ്സു കടക്കുന്നു. കുതറിക്കരഞ്ഞതോ കുത്തി വീഴ്ത്തിയതോ നമ്മുടെ സ്നേഹമെന്ന് വഴക്കടിച്ചു. നീതിപീഠമേ പോയ ജീവിതമൊരു പാഴ് വേലയാക്കിയല്ലോ നീ!
ആനന്ദിപ്പിക്കുന്നത്, ഭ്രാന്തമായി ഉത്സാഹിപ്പിക്കുന്നത് ഒറ്റ വാക്യം. ഒരാള്‍ എന്താണോ അതായിരിക്കണമിനിമേല്. അതില്‍ച്ചെന്നു പരതേണ്ട നിയമം, സദാചാരം. അതില്പ്പൊഴിക്കേണ്ടാ പാഴ് ച്ചിലപ്പുകള്.
2
ഒരാള്‍ എന്താണോ അതായിരിക്കണം. ഒരാള്‍ അയാളുടെ മണ്ണും തൊഴിലുമാണ്. ഉടലും ഉയിരുമാണ്. പോരും അതിജീവനവുമാണ്. അതായിരിക്കാന്‍ അനുവദിക്കുമോ നിയമങ്ങള്‍? കാവല്‍നില്‍ക്കുമോ നീതിപീഠം?
ഉണ്ണുന്നവന്റെ ഉടല്ത്തിള നീ കേട്ടു. ഉടുക്കുന്നവന്റെ ആകാരപ്പെരുമ കണ്ടു. പുറംതള്ളപ്പെട്ടവന് ആരായിരുന്നുവെന്ന് ചോദിച്ചില്ല. അവനു കൂട്ടാരെന്നോ ഉടലെങ്ങു വെയ്ക്കുമെന്നോ തിരക്കിയില്ല. തൊടുമ്പോള്‍ കത്തുന്ന ഉടലില്‍നിന്ന് പച്ചകളെല്ലാമടര്ന്നുപോയി. കിളികളെല്ലാം പറന്നുപോയി. അവനാരെന്ന് ചോദിക്കാന്‍ കൂട്ടുകാരില്ലാതായി. അവളാരെന്ന് അവിടെയും കാണാതായി.
സ്വവര്ഗമേതെന്ന് ഞാന്‍ തെരഞ്ഞു പോവുന്നു. ഒന്നിച്ചാളിയത്, പൊള്ളലില്‍ പങ്കു ചേര്‍ത്തത്, തൊട്ടപ്പോള്‍ തണുത്തത്, തനുവില്‍ പകര്‍ന്നത് എന്നിങ്ങനെ എന്റെ പ്രണയങ്ങള്‍. അതാരായിരുന്നു? ഞാനെന്തായിരുന്നുവെന്ന് നീതിപീഠമേ എനിയ്ക്കു പിടി കിട്ടുന്നില്ല. നീ അതറിയുന്നുണ്ടോ?
എങ്കിലും എന്നെ ഞാനാവാനനുവദിച്ചതിനു നന്ദി. നിയമം മറച്ചുവെച്ചതിനെ ഒരു പ്ലാവിലക്കു കീഴില്നിന്നെന്നപോലെ നീ വെളിപ്പെടുത്തിയല്ലോ. അലയാന്‍ അകങ്ങളും ഒതുങ്ങാന്‍ പുറങ്ങളുമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുവല്ലോ. നന്ദി.
ആസാദ്
6 സെപ്തംബര്‍ 2018