Article POLITICS

ആങ് സൂയീ ആ പത്രപ്രവര്‍ത്തകരെ പുറത്തുവിടൂ

 

മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്നുണ്ട് ഇന്ത്യ. സാമീപ്യത്തിന്റെ ആ സൗഹൃദമല്ല അകം പങ്കുവെയ്ക്കുന്ന ദുരധികാര മൂര്‍ത്തികളുടെ സമോത്സാഹമാണ്  ഇപ്പോഴത്തെ വിഷയം. വംശ/ വര്‍ണവെറി അവരിലാളുകയാണ്. രോഹിംഗ്യന്‍ വേട്ടയുടെ ബൗദ്ധധിക്കാരം പൊട്ടിയൊലിക്കയാണ് ആങ് സാങ് സൂയിയില്‍. സമാധാനത്തിന്റെ നോബല്‍ തിരിച്ചു വാങ്ങണമെന്ന് യൂറോപ്പാകെ ഒറ്റശബ്ദമാകുന്നു.  പതിനായിരക്കണക്കിന് രോഹിംഗ്യന്‍ വംശജരെ വെട്ടിയും കൊന്നും കടലിലൊഴുക്കിയും ബൗദ്ധവിശുദ്ധി കാക്കുന്ന ഭരണമാണവിടെ. ഇവിടത്തെ ജാതി ഹിന്ദുത്വശാഠ്യ വിശുദ്ധി കാക്കുന്ന മോഡിവാഴ്ച്ച ഓര്‍ക്കാതെ വയ്യ.

ഇന്ന് മ്യാന്‍മര്‍ കോടതി രണ്ടു പത്രപ്രവര്‍ത്തകരെ ഏഴുവര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചിരിക്കുന്നു. രോഹിംഗ്യന്‍ കൂട്ടക്കൊലയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതാണ് വാ ലോന്‍, ക്യാ സോ ഓ എന്നീ രണ്ടു റോയ്റ്റര്‍ യുവ പത്രപ്രവര്‍ത്തകര്‍ക്കു വിനയായത്. ഔദ്യോഗിക രഹസ്യം സംബന്ധിച്ചുള്ള ബ്രിട്ടീഷ് ഭരണകാലത്തെ(1923) നിയമം മുന്‍നിര്‍ത്തിയായിരുന്നു അവര്‍ക്കെതിരെ കേസ്. കഴിഞ്ഞ ഡിസംബറിലാണ് ഇവരെ പൊലീസ് പിടികൂടിയത്. വംശഹത്യയുടെയും അതിനെക്കാള്‍ മോശമായ പുറംതള്ളലുകളുടെയും വാര്‍ത്തകള്‍ ലോകമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കെയാണ് രാഖൈന്‍ സംസ്ഥാനത്തിന്റെ ഒരു വടക്കന്‍ പ്രവിശ്യയായ ഇന്‍ഡിന്നില്‍നിന്ന് വംശഹത്യയുടെ നടുക്കുന്ന നേര്‍ചിത്രം അവര്‍ പകര്‍ത്തിയത്.

കൈകളില്‍ വിലങ്ങിട്ട് വാഹനത്തിലേക്കു എറിയപ്പെടുമ്പോള്‍ വാ ലോന്‍ പറഞ്ഞു. ‘ഞാന്‍ ഭയക്കുന്നില്ല. കാരണം ഞാന്‍ തെറ്റു ചെയ്തിട്ടില്ല. നീതിയിലും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും എനിക്കു വിശ്വാസമുണ്ട്’. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി, ഇന്‍ഡിന്‍ കൂട്ടക്കൊല പൊതുസമൂഹത്തിനു മുന്നില്‍കൊണ്ടുവന്ന പത്രപ്രവര്‍ത്തകര്‍ പൊതുതാല്‍പ്പര്യമാണ് സംരക്ഷിച്ചതെന്ന് അഭിപ്രായപ്പെട്ടു. ‘മ്യാന്‍മറില്‍ ഒരാള്‍ക്കുമിനി ഭീതിയോടെയല്ലാതെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനാവില്ല. സ്വയം സെന്‍സര്‍ഷിപ്പിനു വിധേയരാവാനോ കഠിനശിക്ഷ ഏറ്റുവാങ്ങാനോ ഓരോരുത്തരും നിര്‍ബന്ധിക്കപ്പെടും’. മനുഷ്യാവകാശ സമിതി അദ്ധ്യക്ഷ മിഷേല്‍ ബാക്ലെറ്റ് മുന്നറിയിപ്പു നല്‍കുന്നു. അപ്രിയ സത്യങ്ങള്‍ എഴുതിയ പത്രപ്രവര്‍ത്തകരെ തടവറയില്‍ തള്ളുന്നത് പത്ര സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് യു കെ വിദേശ സെക്രട്ടറി ജെറമി ഹണ്ടും തുറന്നടിച്ചിട്ടുണ്ട്.

ഏഴു ലക്ഷത്തോളം രോഹിംഗ്യന്‍ വംശജരെ ദേശമില്ലാത്ത ജനതയായി ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും നാനാലോകങ്ങളിലേയ്ക്കും വിരട്ടിയോടിച്ച സൈനിക ഭീകരത നവബുദ്ധമത ഫാഷിസത്തിന്റെ ഭീകരാവിഷ്കാരമാണ്. കോളനി വാഴ്ച്ചയും പട്ടാള ഭരണവും തകര്‍ത്ത രാജ്യത്തിന്റെ ജനാധിപത്യ ജീവിതത്തിലേക്കുള്ള ഉണര്‍വ്വ് വലിയ പ്രതീക്ഷയാണ് ലോകത്തിനു നല്‍കിയിരുന്നത്. ആങ് സാങ് സൂയി എന്ന ത്യാഗനിര്‍ഭരജീവിതം സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും നാളുകള്‍ വിളയിക്കുമെന്നു കരുതി. 2017ല്‍ രാഖൈനില്‍ നടന്ന കൂട്ടക്കൊല ചരിത്രത്തെ ചോരയിലാഴ്ത്തി. ആ ചോരമണം മായ്ക്കാന്‍ റോയ്റ്റര്‍ ജേണലിസ്റ്റുകളെ ബലി നല്‍കുന്നതുകൊണ്ട് സാധ്യമാവില്ല.

സത്യം കാണുന്നവരെയും അതു വിളിച്ചു പറയുന്നവരെയും കൊല്ലുകയോ തടവില്‍ തള്ളുകയോ ചെയ്യുന്നത് ഇവിടെയും പതിവായിട്ടുണ്ട്. ദുരധികാരത്തിന്റെ ഉന്മാദമാണ് ആങ് സൂയിയിലും മോഡിയിലും തിളയ്ക്കുന്നത്. ബൗദ്ധമാവട്ടെ, ജാതിഹിന്ദുത്വമാവട്ടെ, ഇതര മത വംശീയ ഭ്രാന്തുകളാവട്ടെ, ജനങ്ങളെ യുദ്ധംചെയ്തു തകര്‍ക്കുകയാണ്. നവഫാഷിസത്തിന്റെ വരവടയാളങ്ങള്‍ പെരുകുകയാണ്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിലേയ്ക്ക് മ്യാന്‍മര്‍ വാര്‍ത്തകളും നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്. ‘ആ പത്രപ്രവര്‍ത്തകരെ വറുതെ വിടു അറിയാനും പറയാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കൂ’ എന്ന് നമുക്കും ലോകത്തോടൊപ്പം ഉറക്കെ പറയാം.

ആസാദ്
3 സെപ്തംബര്‍ 2018

3000

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )