ശശിമാര്‍ കുറ്റം ചെയ്തുവോ എന്നതിനെക്കാള്‍ പ്രധാനപ്പെട്ട ഒരു വിഷയമുണ്ട്. സ്ത്രീകള്‍ക്ക് പരാതികളുണ്ടാവുന്നു എന്ന യാഥാര്‍ത്ഥ്യമാണത്. അത്തരം പരാതികളെ മത/ സാമുദായിക / രാഷ്ട്രീയ സംഘടനകള്‍ എങ്ങനെ സമീപിക്കുന്നു എന്ന വിഷയമാണത്. രാജ്യത്തിന്റെ നിയമം സ്ത്രീകള്‍ക്കു നല്കുന്ന പരിരക്ഷയെപ്പറ്റി നമുക്കറിയാം. ഏതെങ്കിലും ഒരു പീഡന വാര്‍ത്ത അറിഞ്ഞാല്‍, അതു സംബന്ധിച്ച പരാതി ലഭിച്ചാല്‍ അതു നിയമവ്യവസ്ഥയ്ക്കു കൈമാറണമെന്നാണ് ചട്ടം. അറിഞ്ഞ വിവരം ഒളിച്ചുവെയ്ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
പലമട്ട് അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കും ഇത്തരം പരാതികള്‍ ലഭിക്കും. ജനപ്രതിനിധികള്‍, ഭരണ കര്‍ത്താക്കള്‍, സ്ഥാപന മേധാവികള്‍, സംഘടനാ നേതാക്കള്‍ തുടങ്ങി ആരുമാവട്ടെ, പരാതി ലഭിച്ചാല്‍ ആദ്യമത് നിയമപാലകര്‍ക്ക് കൈമാറുകയാണ് വേണ്ടത്. അവരുടെതായ അന്വേഷണം നടത്തി നീതി നിര്‍വ്വഹണം താമസിപ്പിക്കാന്‍ അധികാരമില്ല. പക്ഷെ, നമ്മുടെ നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും മത സാമുദായിക സംഘടനകളും പരാതി നിയമത്തിനു വിടാതെ, ‘ഞങ്ങളന്വേഷിക്കട്ടെ, എന്നിട്ടു പറയാം’ എന്നു പറയാന്‍ ധൈര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു. ഇത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. ജനാധിപത്യതത്വത്തെ അവഹേളിക്കലാണ്.
കന്യാസ്ത്രീക്കു ബിഷപ്പിനെതിരെ പരാതിയുണ്ടെങ്കില്‍ കത്തോലിക്കാസഭ അന്വേഷിക്കട്ടെയെന്നും പ്രാദേശിക വനിതാ നേതാവിന് സംസ്ഥാന നേതാവിനെതിരെ പരാതി ഉണ്ടാകുമ്പോള്‍ അത് പാര്‍ട്ടി നേതൃത്വം അന്വേഷിക്കട്ടെയെന്നും വിചാരിക്കാമോ? അറിഞ്ഞ പീഡനവിവരം പൊലീസിനു കൈമാറണമെന്ന ചട്ടം അവര്‍ക്കു മാത്രം ബാധകമല്ലെന്നു വരുമോ? ഇവിടെ ബിഷപ്പിനെതിരായ പരാതി പൊലീസിനു കൈമാറാനുള്ള ധൈര്യവും വിവേകവും കന്യാസ്ത്രീക്കുണ്ടായി. എന്നാല്‍ നേതാവിനെതിരായ പരാതി പൊലിസിനു കൈമാറാനുള്ള അറിവും ശേഷിയും ഒരു പൊതുപ്രവര്‍ത്തക ആര്‍ജ്ജിച്ചിട്ടില്ല. മതസമൂഹത്തിലെ ജനാധിപത്യ ധാരണപോലും രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇല്ലാതെ പോകുന്നു. അതു പഠിപ്പിക്കാനുള്ള ശേഷി നേതൃത്വവും കാണിക്കില്ല. രാഷ്ട്രീയ വേഷത്തിനകത്ത് ഒളിഞ്ഞിരിക്കുന്ന ക്രിമിനലിനെ കണ്ടെത്തുന്ന നിമിഷം അത് തങ്ങളുടെ രാഷ്ട്രീയത്തെ ഹനിക്കുന്ന അന്തകവേഷമാണെന്നു തിരിച്ചറിവു നല്കുന്ന പാഠം ഓരോ പ്രവര്‍ത്തകനെ(യെ)യും പാര്‍ട്ടി പഠിപ്പിച്ചിരിക്കണം.
ഇവിടെയാണ് പ്രശ്നത്തിന്റെ കാതല്‍. രാജ്യത്തെ നിയമ വ്യവസ്ഥ ബാധകമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. നിയമം ശിക്ഷിച്ചവരെ നേതൃത്വത്തില്‍ നില നിര്‍ത്തും. വഴിവിട്ട് സഹായിക്കും. കുറ്റകൃത്യങ്ങള്‍ അകത്തെ ചര്‍ച്ചകളില്‍ ഒതുക്കിയമര്ത്തും. കൊലക്കേസു പ്രതികള്‍ ജാമ്യത്തിലിറങ്ങുമ്പോള്‍ മാലയിട്ടു സ്വീകരിക്കും. ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍ നഗ്നമായി ലംഘിക്കും. ഇതൊക്കെ ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമാണോ എന്നതാണ് ചോദ്യം. അതു ചോദിക്കണമെങ്കില്‍ ഏതുസമയത്തും ആ ക്രിമിനല്‍ വാസനകളുടെ ഇരയാവാമെന്ന ഭീതിയെ ജയിക്കണം. അതത്ര എളുപ്പമല്ല. ജനാധിപത്യത്തെ പകല്‍വെളിച്ചത്തില്‍ അക്രമിക്കുന്നത് നാമെന്താണ് കാണാതെ പോകുന്നത്?
പരാതിയുയര്ത്തിയ കുറ്റകൃത്യം പതുക്കെപ്പതുക്കെ തേഞ്ഞുമാഞ്ഞു പോകുന്നത് നാം ഏറെ കണ്ടിട്ടുണ്ട്. ഒരേ സംഘടനയ്ക്കകത്തു വാദിയും പ്രതിയുമുണ്ടാകുമ്പോള് സമവായത്തിനുള്ള പ്രേരണകളും പിറക്കും. ആക്ഷേപം സംഘടനയ്ക്ക് അപമാനകരമാണെന്ന യുക്തിമതി പരാതിക്കാരിയെ നിശബ്ദയാക്കാന്‍. എല്ലാ നാവുകളും അവര്‍ക്കെതിരെ തിരിയും. എല്ലാ ക്രൗര്യവും വാ പിളര്‍ക്കും. ഞങ്ങളുടെ പാര്‍ട്ടിക്കു പാര്‍ട്ടിയുടേതായ ചില രീതികളുണ്ട് എന്ന അവകാശവാദം ഈ രഹസ്യവ്യവഹാരത്തെയാണ് ഉദ്ദേശിക്കുന്നുണ്ടാവുക. സംഘടനകള്‍ സമാന്തര റിപ്പബ്ലിക്കുകളാകുന്ന ആപത്പ്രവണതയാണത്. ശശിമാര്‍ വിചാരണ നേരിട്ടോ അല്ലാതെയോ രക്ഷപ്പെടുന്നുവോ ശിക്ഷിക്കപ്പെടുന്നുവോ എന്നുള്ളതിനെക്കാള്‍ ഗൗരവമുള്ള വിഷയം പാര്‍ട്ടികളുടെ ജനാധിപത്യ ധ്വംസനമാണ്. ഭരണഘടനാ നിഷേധമാണ്. സമാന്തര റിപ്പബ്ലിക്കെന്ന നാട്യമാണ്. അതു തിരുത്താതെ ജനാധിപത്യ സമൂഹത്തില്‍ അവയൊന്നും നിലനില്ക്കുക വയ്യ.
ആസാദ്
4 സെപ്തംബര്‍ 2018