കരിമ്പട്ടികയില്‍ പെട്ടതോ പെടാന്‍ അര്‍ഹതപ്പെട്ടതോ ആയതെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ വിധിച്ച വ്യക്തികളും സ്ഥാപനങ്ങളും നമ്മുടെ ഭരണാധികാരികള്‍ക്ക് പ്രിയപ്പെട്ടതത്രെ. ദക്ഷിണാഫ്രിക്കയില്‍ അഴിമതിക്കും നികുതിവെട്ടിപ്പിനും കൂട്ടുനിന്ന കുപ്രസിദ്ധമായ കെ പി എം ജിയെയാണ് നവകേരള നിര്‍മാണത്തിന്റെ സാധ്യതാ പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. സൗജന്യമായ സേവനമാണത്രെ അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിക്കൊണ്ടാണ് ആപല്‍ക്കാലത്ത് അവര്‍ കേരളത്തിലേയ്ക്ക് കാലെടുത്തു വച്ചിരിക്കുന്നത് എന്നത് അവരുടെ താല്‍പ്പര്യത്തിന്റെ ആഴം വ്യക്തമാക്കുന്നു.
ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡണ്ട് ജേക്കബ് സുമയിലും അന്നത്തെ ഭരണത്തിലും ശക്തമായ സ്വാധീനമുണ്ടായിരുന്ന ധനാഢ്യ കുടുംബമാണ് ഗുപ്താ കുടുംബം. ഷാഡോ ഗവണ്മെന്റ് എന്നാണ് അവര്‍ അറിയപ്പെടുന്നതു തന്നെ. സര്‍ക്കാര്‍ നയരൂപീകരണത്തിലും നടത്തിപ്പിലും അവര്‍ക്കുണ്ടായിരുന്ന പങ്ക് നിസ്സാരമല്ല. ഒന്നര ദശകമായി അവരുടെ കമ്പനികളുടെ ഓഡിറ്റിംഗ് നടത്തിവരുന്നത് കെ പി എം ജിയാണ്. 2013ല്‍ ഗുപ്താകുടുബത്തിലെ വേഗാ ഗുപ്തയുടെ വിവാഹത്തിന് നികുതിദായകരുടെ മൂന്നുകോടി രൂപ തിരിമറിചെയ്തുവെന്നും ഒാഡിറ്റിംഗില് കെ പി എം ജി അതിനു സഹായംചെയ്തുവെന്നും ആരോപണമുയര്‍ന്നു. ഗുപ്താ കമ്പനിയായ ലിങ്ക് വേ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡിലേയ്ക്ക് ഒഴുകിയെത്തിയത് പാവപ്പെട്ട കര്‍ഷകരെ തുണയ്ക്കേണ്ട പണമായിരുന്നു. വിവാഹത്തില്‍ കെ പി എം ജിയുടെ നാലു പാര്‍ട്ണര്‍മാര്‍ പങ്കെടുത്തത് വിവാദമാവുകയും ചെയ്തു. സമാനമായ പരാതികള്‍ വേറെയും ദക്ഷിണാഫ്രിക്കയില്‍നിന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. സൗത്ത് ആഫ്രിക്കന്‍ റവന്യു സര്‍വീസ് കമ്മീഷണര്‍ ടോം മൊയാനെ കഴിഞ്ഞ സെപ്തംബറില്‍ കെ പി എം ജിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആഫ്രിക്കന്‍ പാര്‍ലമെന്റ് നിയമയുദ്ധത്തിന് തുടക്കം കുറിക്കുകയും ചെയ്തു. (https://www.accountancyage.com/2017/09/27/kpmg-rocked-south-african-corruption-scandal/)
ഐക്യരാഷ്ട്ര വേദികള്‍ കരിമ്പട്ടികയില്‍ പെടുത്തിയ സ്ഥാപനങ്ങളും ഏജന്‍സികളും നമ്മുടെ നാട്ടിലും തനിനിറം കാട്ടിയിട്ടുണ്ട്. ആ അനുഭവപാഠമൊന്നും ഇത്തരം ഘട്ടത്തില്‍ ഓര്‍ക്കുന്നില്ലെന്നത് വിചിത്രമാണ്. കരിമ്പട്ടികയോടാണ് മമത എന്നുപോലും തോന്നും. എന്‍ റോണും ലാവ്ലിനുമൊക്കെ മേഞ്ഞതിന്റെ പരിക്കുകളാണ് ഇപ്പോഴത്തെ പല ദുരിതങ്ങളിലും അടയാളപ്പെടുന്നത്. എന്നിട്ടും കോര്‍പറേറ്റ് ഏജന്‍സികളുടെ താല്‍പ്പര്യം നമുക്ക് പിടികിട്ടുന്നില്ല!
പ്രളയത്തകര്ച്ച സംബന്ധിച്ച ഡിജിറ്റല്‍ വിവര ശേഖരണത്തിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വിദഗ്ദ്ധരിലുമുണ്ട് യു എന്‍ കരിമ്പട്ടികയില്നിന്നും ഒരാള്‍. ജോയ് ഇളമണ്‍. ഐക്യരാഷ്ട്ര സഭയുടെ വികസന പദ്ധതിയായ യു എന്‍ ഡി പിയാണ്, മാനദണ്ഡങ്ങള്‍ മറികടന്ന് വിഭവ സമാഹരണം നടത്തി സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ചതിന് ഇളമണിനെ കരിമ്പട്ടികയില്‍ പെടുത്തിയത്. എന്നാല്‍ അയാളെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് ഡയറക്ടറായി തുടരാന്‍ അനുവദിക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. നേരത്തേ വിദേശഫണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തെതുടര്‍ന്ന് ജോയ് ഇളമണിനെ സിപിഎം പുറത്താക്കിയിരുന്നു. അന്നത്തെ കളങ്കിത പ്രവര്‍ത്തനം ഒരധിക യോഗ്യതയായാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നതെന്നു വേണം വിചാരിക്കാന്‍.
പ്രകൃതിക്ഷോഭത്തിന്റെ ആഹ്വാനവും താക്കീതും തിരിച്ചറിഞ്ഞു ആവശ്യമായ പഠനവും കരുതലും ഉണ്ടാവേണ്ടതുണ്ട്. അത്തരമൊരു ഘട്ടത്തില്‍ മുതലാളിത്ത മത്സരങ്ങളുടെ കൊടും കെണികളിലേയ്ക്ക് നാം വഴുതിക്കൂടാ. ഉണ്ടായ ദുരന്തത്തെക്കാള്‍ ഭീകരമായ ദുരന്തത്തിന്റെ വിത്തുകള്‍ വിതയ്ക്കരുത്. അന്താരാഷ്ട്ര ധനകാര്യ താല്‍പ്പര്യങ്ങളുടെ തുറുകണ്ണുകള്‍ക്കു മുന്നിലാണ് നാം. അവരുടെ അധിനിവേശ മോഹങ്ങള്‍ പ്രളയത്തെക്കാള്‍ മോശമായ ജീവിതാവസ്ഥകളിലേയ്ക്കു നമ്മെ തള്ളിയിടും. ദുരന്തഭൂമി കരിമ്പണം വിതച്ചു കൊയ്യാന്‍ കോര്‍പറേറ്റുകള്‍ക്കും അവരുടെ കരിമ്പട്ടികക്കാര്ക്കും വിട്ടു കൊടുക്കരുത്.
ആസാദ്
2 സെപ്തംബര്‍ 2018
so nothing will happen regarding this offer. spanner in place now. this is going to repeat with every contractor
LikeLike