അടിയന്തരാവസ്ഥാ മുനമ്പിലാണ് നാമെന്ന് അരുന്ധതി റോയ്. അക്രമിക്കപ്പെട്ടിരിക്കുന്നു ജനാധിപത്യമെന്ന് സീതാറാം യെച്ചൂരിയും രാമചന്ദ്ര ഗുഹയും പ്രശാന്ത് ഭൂഷണും കാരാട്ടും. ആറെസ്സെസ്സല്ലാതെ മറ്റൊരു എന്‍ ജി ഒയും വേണ്ട, മുഴുവന്‍ ആക്റ്റിവിസ്റ്റുകളെയും തടവിലെറിയൂ എന്ന് രാഹുല്‍ഗാന്ധിയുടെപരിഹാസ ക്ഷോഭം. കഴിഞ്ഞുപോയ മണിക്കൂറുകളില്‍ ഒരേസമയം അഞ്ചോ ആറോ ഇന്ത്യന്‍ നഗരങ്ങളില്‍ അരങ്ങേറിയ റെയ്ഡും അറസ്റ്റും നല്കുന്ന സൂചനകളറിഞ്ഞു പൊട്ടിത്തെറിക്കുകയായിരുന്നു അവര്‍. എഴുത്തുകാര്‍, പത്ര പ്രവര്‍ത്തകര്‍, നിയമജ്ഞര്‍, കവികള്‍, അദ്ധ്യാപകര്‍, ദളിത് ആക്റ്റിവിസ്റ്റുകള്‍, മാര്‍ക്സിസ്റ്റ് ചിന്തകര്‍ എന്നിങ്ങനെ ഭിന്നവിഭാഗങ്ങളില്‍ ജ്വലിച്ചുനിന്ന പ്രതിഭകള്‍ വേട്ടയാടപ്പെട്ടു. ഇന്ത്യയുടെ ധൈഷണിക മുഖത്ത് അമിതാധികാരത്തിമര്‍പ്പ് ചാട്ട പതിച്ചിരിക്കുന്നു.
ഹൈദരാബാദില്‍നിന്ന് വരവര റാവുവും മുംബെയില്‍നിന്ന് വേര്ണന് ഗോണ്‍സാല്‍വസും ദില്ലിയില്‍ നിന്ന് ഗൗതം നവ്ലാഖയും ഹരിയാനയില്‍നിന്ന് സുധാ ഭരദ്വാജും താനയില്‍നിന്ന് അരുണ്‍ ഫെറേയ്റയും അറസ്റ്റു ചെയ്യപ്പെട്ടു. യു എ പി എ ചുമത്തിയാണ് കേസെടുക്കുന്നതെന്ന് വാര്‍ത്ത. ഗോവയില്‍ ആനന്ദ് തെല്‍തുംബ്തെയുടെ വീട്ടിലും ഹൈദരാബാദില്‍ റാവുവിന്റെ മകളുടെ വീട്ടിലും മുംബെയില്‍ സൂസന് എബ്രഹാമിന്റെ വീട്ടിലും റെയ്ഡുണ്ടായി. രാവിലെ ആറുമണിയ്ക്കെത്തി നീണ്ട മണിക്കൂറുകള്‍ വിവരശേഖരണത്തിന് ഉത്സാഹിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും പ്രഭാഷകരും അദ്ധ്യാപകരും പത്രപ്രവര്‍ത്തകരും തീവ്രവാദികളെന്ന് ആക്ഷേപിക്കപ്പെടുന്നു. സ്വതന്ത്രചിന്ത ശിക്ഷാര്‍ഹമാകുന്നു. വലതുതീവ്ര രാഷ്ട്രീയത്തിന്റെ ഉള്‍ഭയം ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്ന സകലരെയും ഇടതു തീവ്രവാദികളെന്നോ മാവോയിസ്റ്റുകളെന്നോ മുദ്രകുത്താന്‍ പ്രേരിപ്പിക്കുന്നുണ്ടാവും. യുക്തിചിന്തയെ പിഴുതെറിയാന്‍ രാജ്യമെങ്ങും സായുധഗുണ്ടകളും പൊലീസ് വിഭാഗങ്ങളും മത്സരിക്കുന്നു. സ്വതന്ത്രചിന്തയുടെ മരണമണി മുഴക്കി കഴിഞ്ഞിരിക്കുന്നു. നായാട്ടു നായ്ക്കളെ വിട്ടു പിറകിലവര്‍ വന്നുകൊണ്ടിരിക്കുന്നു.
ധബോല്‍ക്കറെ, പന്‍സാരെയെ, കല്‍ബുര്‍ഗിയെ, ഗൗരിയെ വെടിവെച്ചു വീഴ്ത്തിയ നായാട്ടു കൂട്ടത്തിന് പുതിയ ഇരകളെ ചാപ്പകുത്തി നല്കുന്ന ഭരണകൂട നാടകമാണ് കാണുന്നത്. ദളിതരെയും മനുഷ്യാവകാശമുയര്‍ത്തുന്നവരെയും ഇടതുപക്ഷത്തെയും ശത്രുപക്ഷത്തു സ്ഥാപിച്ചു കഴിഞ്ഞു. രാജ്യത്തു വളര്‍ന്നുവരുന്ന നവ രാഷ്ട്രീയത്തിന്റെ വേരുകളിലാണ് അവര്‍ക്കു വെട്ടേണ്ടതെന്നു വ്യക്തമാകുന്നു. ഇതൊരു നിര്‍ണായക ഘട്ടമാണ്. അടിയന്തരാവസ്ഥാ മുനമ്പെന്നു പറയാം. ഫാഷിസത്തിന്റെ തേരോട്ടത്തറ.
പ്രതിഷേധിക്കാതെ വയ്യ. മനുഷ്യര്‍ക്കു വേണ്ടി സംസാരിക്കുന്നവരുടെ വംശം കുറ്റിയറ്റുകൂടാ. പൊള്ളിപ്പിടയുന്ന അനുഭവ വാസ്തവങ്ങളെ മറച്ചുവയ്ക്കാന്‍ അതുറക്കെ വിളിച്ചറിയിക്കുന്ന ആരെയും ഇല്ലാതാക്കിയാല്‍ മതിയെന്ന മൂഢചിന്ത കോര്‍പറേറ്റ് മനുവാദ ഫാഷിസത്തിന്റെ ഉന്മാദാവേശം മാത്രമാണ്. ആ ഭസ്മാസുരവാഴ്ച്ച അതില്‍തതന്നെയൊടുങ്ങും.അഥവാ ഒടുങ്ങണം.
ആസാദ്
28 ആഗസ്ത് 2018