Article POLITICS

ജനാധിപത്യം ഭരണകൂടത്തിനു മുന്നില്‍ ഉപാധിതന്നെ

ദുരന്തമുഖത്ത് താങ്ങു നല്‍കാന്‍ ഒരുപാധിയും വേണ്ട. മനുഷ്യരാരും അതാവശ്യപ്പെടുകയുമില്ല. പുനര്‍നിര്‍മാണ ഘട്ടം വരുമ്പോള്‍ ഉപാധികള്‍ വരും. അപകടത്തിനിടയാക്കും വിധം നിര്‍മാണ പ്രവര്‍ത്തനം അരുതെന്ന് വിലക്കും. പ്രകൃതി നല്‍കിയ പാഠം ഉള്‍ക്കൊള്ളണമെന്ന് ഉപദേശിക്കും. ദുര്‍വ്യയമരുതെന്ന് അപേക്ഷിക്കും. വരുമാനത്തിന്റെ ഒരു പങ്കു തരാം പക്ഷെ ഇക്കാര്യം ശ്രദ്ധിക്കണമെന്നു പറയുന്നത് തെറ്റല്ല. പ്രത്യേകിച്ചും മത്സര മൂലധനത്തിന്റെ വികസന സങ്കല്‍പ്പം പിന്തുടരുന്ന ഭരണകൂട സംവിധാനങ്ങളോട് അതു പറയേണ്ടതുണ്ട്. വീടും സ്വത്തും തൊഴിലും നഷ്ടമായവര്‍ക്ക് ഏതുവിധം പുനരധിവാസമാണ് നടപ്പാക്കുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുന്ന ഊന്നല്‍ ജന പാരിസ്ഥിതിക ഘടകങ്ങള്‍ക്ക് മുന്‍ഗണന നല്‍കുംവിധമാവുമോ എന്നെല്ലാം വ്യക്തത വരുത്തേണ്ടതുണ്ട്. അതു സാമൂഹിക ഉത്തരവാദിത്തമാണ്. ഭരണകൂടങ്ങള്‍ സ്വീകരിച്ചുപോരുന്ന പ്രതിലോമ വികസന നയങ്ങളാണ് മിക്കപ്പോഴും ദുരന്തങ്ങള്‍ വരുത്തി വയ്ക്കുന്നതെന്നു കരുതുന്നവര്‍ ‘പക്ഷെ’ എന്ന വാക്കുച്ചരിക്കുന്നുവെങ്കില്‍ അതു രാഷ്ട്രീയ ജാഗ്രതയുടെ സൂചകമാണ്.

പക്ഷെയില്‍ തൂങ്ങി ഞങ്ങള്‍ സഹകരിക്കുകയില്ല എന്ന വാശി പ്രകടിപ്പിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് അവരുടെ വഴി. അവരെ ആരു കണക്കിലെടുക്കാന്‍! മറിച്ച് അത്തരം തെറിച്ച ഒറ്റത്തെഴുപ്പുകളെ പൊക്കി ഭരണകൂടത്തിനു മുന്നില്‍ ജനങ്ങള്‍ സമര്‍പ്പിക്കുന്ന വിലപ്പെട്ട നിര്‍ദ്ദേശങ്ങളെ തമസ്കരിക്കാമെന്നും കരുതരുത്. ദുരന്തത്തിന്റെ മുന്നില്‍ കാരുണ്യം കാശാക്കുക ആര്‍ക്കും എളുപ്പമാണ്. അതിന്റെ വിനിയോഗം എങ്ങനെയെന്ന് പറയണം. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും നഷ്ടം കണക്കാക്കി പണമായി നല്‍കുമോ? അതോ ഒരു വിഹിതം നല്‍കി ബാക്കി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനു ചെലവഴിക്കുമോ? അതു മുതലാളിത്ത വികസന പ്രവര്‍ത്തനങ്ങളുടെ പതിവു രീതിയില്‍ തീരുമോ? ഇതൊക്കെ അന്വേഷിക്കുമ്പോള്‍ കുറ്റമാവുമോ?

സഹായമഭ്യര്‍ത്ഥിക്കുന്ന ഇരകളും സഹായമഭ്യര്‍ത്ഥിക്കുന്ന ഭരണകൂടവും രണ്ടാണ്. ആദ്യത്തെ കൂട്ടര്‍ക്ക് സഹായം നല്‍കാന്‍ ഒരു വിശദീകരണവും വേണ്ട. എന്നാല്‍ ഭരണകൂടത്തിനാവുമ്പോള്‍ പുനര്‍ നിര്‍മാണ – പുനരധിവാസ പദ്ധതി സംബന്ധിച്ച ഏകദേശ ധാരണ വെളിപ്പെടുത്തണം. അല്ലാത്ത പക്ഷം ധാരാളം ‘പക്ഷെ’കള്‍ക്ക് ഇടം കിട്ടും. മുഖ്യമന്ത്രിയോടോ ഭരണ കക്ഷിയോടോ ഉള്ള മമതയോ ചായ് വോ മുതലാളിത്താനുകൂല ഭരണകൂട താല്‍പ്പര്യങ്ങളെ വെള്ളപൂശാന്‍ ഉപയോഗിച്ചുകൂടാ. വികസനത്തിന്റെ ജന പാരിസ്ഥിതിക പക്ഷ കാഴ്ച്ചപ്പാടിലൂന്നിയ പദ്ധതികള്‍ മുന്‍നിര്‍ത്തിവേണം നവകേരളം സൃഷ്ടിക്കാന്‍.

ആസാദ്
28 ആഗസ്ത് 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )