‘ഒരു മാസത്തെ ശംബളം തരൂ, കേരളത്തെ പുനര്‍ നിര്‍മ്മിക്കാം’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീര്‍ച്ചയായും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സഹകരിക്കാനാവും. സഹാനുഭൂതിക്കുള്ള യാചനയായല്ല, ഉത്തരവാദിത്തത്തെ സംബന്ധിച്ച ഓര്‍മ്മപ്പെടുത്തലായാണ് ഓരോ മലയാളിയും ആ വാക്കുകള്‍ കേള്‍ക്കേണ്ടത്. സംസ്ഥാനത്തെ നയിക്കുന്ന ഒരാള്‍ സാധ്യതകള്‍ തേടിയേ തീരൂ.
പ്രളയവും ഉരുള്‍പൊട്ടലും ജീവിതം തകര്‍ത്ത മണ്ണില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിനു നടത്തുന്ന ഏതു ശ്രമവും പ്രധാനമാണ്. താല്‍ക്കാലികമായെങ്കിലും ഒരു സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ കടന്നുപോകാന്‍ നാം നിര്‍ബന്ധിതരായി എന്നു വരാം. വരുമാനത്തിന്റെ നിശ്ചിത ശതമാനം നീക്കിവെക്കണമെന്ന് ഭരണകൂടത്തിനു നിര്‍ദ്ദേശിക്കാം. അത് ശംബളം വാങ്ങുന്നവരും അല്ലാത്തവരും അനുസരിക്കട്ടെ. അതിനപ്പുറം ശ്രദ്ധിക്കേണ്ടത് എല്ലാ മേഖലകളിലെയും ദുര്‍വ്യയം ഒഴിവാക്കാനാണ്.
ദുരന്ത സന്ദര്‍ഭങ്ങളില്‍ പൂഴ്ത്തിവെപ്പും വിലക്കയറ്റവും സൃഷ്ടിക്കാന്‍ ഇടവരുത്തരുത്. അധിക വിലയോ നികുതിയോ നല്കാന് നിര്ബന്ധിതരാവരുത്. സാമ്പത്തിക അച്ചടക്കം മുകളില്‍നിന്ന് ആരംഭിക്കണം. അടിത്തട്ടുവരെ അതിന്റെ മാര്ഗരേഖകളെത്തണം. ആഘോഷങ്ങള്‍ക്കും പൊതുചടങ്ങുകള്‍ക്കും നിശ്ചിത കാലത്തേയ്ക്കു നിയന്ത്രണം കൊണ്ടുവരണം. യാത്രകള്‍ക്കും ഉദ്ഘാടന ചടങ്ങുകള്‍ക്കും ലക്ഷങ്ങള്‍ ചെലവഴിക്കുന്ന പതിവ് ഉപേക്ഷിക്കണം. ജനപ്രതിനിധികളുടെ ചികിത്സയ്ക്ക് കോടികള്‍ പൊതു ഖജനാവില്‍നിന്നു ധൂര്‍ത്തടിക്കുന്ന ശീലമുപേക്ഷിക്കണം. ഗവണ്മെന്റ് ആശുപത്രികളില്‍ അവര്‍ക്കു സൗകര്യമൊരുക്കണം. മന്ത്രിമാര്‍ക്ക് എസ്കോര്‍ട്ടു പോകുന്നതിനല്ല, ദുരിത നിവാരണത്തിലും പുനര്‍ നിര്‍മ്മാണത്തിലുമാണ് പൊലീസ് സേന വിന്യസിക്കപ്പെടേണ്ടത്. മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം പരമാവധി കുറയ്ക്കണം. പരസ്യത്തിനു ചെലവഴിക്കുന്ന കോടികള്‍ പുനര്‍നിര്‍മാണത്തിന് വകയിരുത്തണം. ഇങ്ങനെ ഭരണതലത്തില്‍ വരുത്തുന്ന ക്രമീകരണം പരസ്യപ്പെടുത്തണം. അത് സാധാരണക്കാരുടെ ജീവിതത്തില്‍ ഇത്തരം ക്രമീകരണം വരുത്താന്‍ പ്രേരണയോ നിര്‍ബന്ധമോ ആവുകയും ചെയ്യും.
അതോടൊപ്പം, മനുഷ്യരെ പുറന്തള്ളുകയോ പ്രകൃതിയെ അപായപ്പെടുത്തുകയോ ചെയ്യുന്ന ഒരു പ്രവൃത്തിയെയും വികസനപദ്ധതിയായി അംഗീകരിക്കില്ലെന്ന് ഉറക്കെ പറയണം. ജനങ്ങളുടെ ജീവിത പുരോഗതിയിലൂന്നിയ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുകയെന്ന് ആളുകള്‍ക്ക് ബോധ്യമാകണം. മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട് വൈകിയാണെങ്കിലും അംഗീകരിക്കാന്‍ തയ്യാറാവണം. പ്രകൃതിക്കും ജീവിതത്തിനും മേലുള്ള അനിയന്ത്രിതമായ കയ്യേറ്റം തടയാതെ ദുരന്തത്തെച്ചൊല്ലി നിലവിളിച്ചിട്ടെന്ത്? താല്‍ക്കാലിക ലാഭത്തിന് ഭാവി തലമുറകളെ പണയം വെയ്ക്കരുത്.
സംസ്ഥാനത്തെ വലിയൊരുഭാഗം ജനങ്ങള്‍ ദുരിതത്തിലായിരിക്കെ എങ്ങുനിന്നും കരുണയുടെ പ്രവാഹമുണ്ടാവണം. അതു പക്ഷെ, പക്വമായ ആസൂത്രണമില്ലാത്ത മറ്റൊരു ദുര്‍വ്യയമായി തീര്‍ന്നുകൂടാ. എത്ര കോടി രൂപ ലക്ഷ്യമിടുന്നുവെന്ന്, അതെപ്രകാരമൊക്കെ പ്രയോജനപ്പെടുത്തുമെന്ന്, എത്ര കാലംകൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാമെന്ന് ഏകദേശ ധാരണയെങ്കിലും പൗരന്മാരുമായി പങ്കു വെയ്ക്കണം. വകമാറ്റി ചെലവഴിക്കുന്ന ദുശ്ശീലം സാധാരണമായിട്ടുണ്ടല്ലോ. അര്‍ഹതപ്പെട്ടവര്‍ തഴയപ്പെട്ടുകൂടാ. വീടും കൃഷിയിടവും തൊഴിലും വീണ്ടെടുക്കണം. മറുനാട്ടുകാരുടെ സഹായം ലഭിച്ചാലും ഇല്ലെങ്കിലും നമുക്ക് നമ്മുടെ കേരളത്തെ രക്ഷിച്ചേ മതിയാവൂ. അതിനുള്ള ശേഷി നമുക്കുണ്ട്. സര്‍ക്കാറിന് നേതൃത്വം നല്കാന് കഴിയും. സുതാര്യവും ആസൂത്രിതവുമായ പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കേണ്ടത്. സാമ്പത്തിക സഹായത്തിനുള്ള അഭ്യര്ത്ഥനയെക്കാള് ഉച്ചത്തില്‍ കേള്‍ക്കേണ്ടത് പ്രകൃതിയുടെ താക്കീതും ആഹ്വാനവും തിരിച്ചറിഞ്ഞുകൊണ്ടുള്ള പുതുക്കിയ നയ സമീപനങ്ങളാണ്. അതു നല്കുന്ന ആവേശത്തിലാണ് മനുഷ്യരൊന്നാവുക.
ആസാദ്
27 ആഗസ്ത് 2018