Article POLITICS

പ്രളയത്തെ നേരിട്ടുവോ ദുരന്ത നിവാരണ നിയമം?

പ്രളയ നാളുകളില്‍ വിയോജിപ്പും വിമര്‍ശനവും മാറ്റിവെച്ച് ഒറ്റ മനസ്സോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായ എല്ലാവരെയും അഭിനന്ദിക്കണം. അവര്‍ പ്രകടിപ്പിച്ച വിവേകവും പക്വതയും സ്തുതിക്കപ്പെടണം. സങ്കുചിതമായ മത സാമുദായിക രാഷ്ട്രീയ ശാഠ്യങ്ങളൊന്നും അപായ നാളുകളില്‍ തലപൊക്കിയില്ല. അതിജീവനം മാത്രമായിരുന്നു ലക്ഷ്യം. ആരുടെയും ആഹ്വാനമോ മാര്‍ഗനിര്‍ദ്ദേശമോ വേണ്ടിവന്നില്ല. എന്തിനുമേതിനും എല്ലാവരും സന്നദ്ധരായിരുന്നു.

അടിയന്തിരമായ ആശ്വാസപ്രവര്‍ത്തനഘട്ടം പിന്നിടുമ്പോള്‍ ദുരന്തത്തിലേയ്ക്കു നയിച്ച കാരണങ്ങള്‍ വിലയിരുത്തപ്പെടുക സ്വാഭാവികമാണ്. അതു നിര്‍ബന്ധവുമാണ്. സന്നദ്ധ പ്രവര്‍ത്തകരുടെ വിലപ്പെട്ടത്യാഗത്തെ സ്തുതിക്കുന്ന ലാഘവത്തോടെ അധികാര സ്ഥാനത്തിരിക്കുന്നവരെ പ്രശംസിക്കാനാവില്ല. പ്രകൃതിക്ഷോഭത്തെ നേരിടുന്നതില്‍ നല്ല ശരീരഭാഷയോ വാക്ചാതുരിയോ നേതൃപാടവമോ പ്രകടിപ്പിച്ചുവെന്ന് പ്രശംസാപത്രം കൊടുക്കുംമുമ്പ് അവരുടെ പദവി ആവശ്യപ്പെടുന്ന ഉത്തരവാദിത്ത നിര്‍വ്വഹണം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കപ്പെടണം. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ കക്ഷികള്‍ മാറിമാറി ഭരിച്ചവരാണ്.  2005ല്‍ നടപ്പായ ഒരു ദുരിത നിവാരണ നിയമത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അവരെവിടെയെത്തിച്ചു എന്ന് നോക്കണം.

പ്രകൃതിക്ഷോഭ ദുരന്തങ്ങളുടെ എണ്ണത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2015 -16 കാലത്ത്  167 ദുരന്തങ്ങളുണ്ടായി. നാല്‍പ്പത്തിയേഴ് ബില്യന്‍ ഡോളറിന്റെ നാശ നഷ്ടമെന്ന് കണക്ക്. 350 ദശലക്ഷം ആളുകളെ നേരിട്ടു ബാധിച്ചു. നാച്ചുറല്‍ ഡിസാസ്റ്റര്‍ റിസ്ക് ഇന്‍ഡക്സില്‍ മഹാരാഷ്ട്ര, ബംഗാള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിങ്ങനെ സാധ്യതാപട്ടികയുണ്ട്. ആദ്യ പേരുകളില്‍ വന്നില്ലെങ്കിലും കേരളവും അതിലുണ്ടായിരുന്നു. യു എന്‍ ഡി പി സഹായത്തോടെ ക്ലൈമറ്റ് റിസ്ക് മാനേജ്മെന്റ് പ്രോജക്റ്റുകള്‍ ആരംഭിച്ചപ്പോള്‍ കേരളത്തെയും അതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഭുവനേശ്വര്‍, ഗാങ്ടോക്, മധുര, നവിമുംബെ,ഷിംല, വിജയവാഡ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങള്‍ക്കൊപ്പം തിരുവനന്തപുരത്തെയും അതില്‍ പരിഗണിച്ചു. ആ ധനസഹായം വിനിയോഗിച്ചു. ദുരിതനിവാരണ യത്നങ്ങള്‍ എളുപ്പമാക്കാനും സന്നദ്ധപ്രവര്‍ത്തനത്തിന് പരിശീലനം നല്‍കാനും അത്തരം സന്നദ്ധ സംഘങ്ങളുടെ സേവനം ഉറപ്പുവരുത്താനും കഴിയുംവിധമുള്ള പദ്ധതിയാണ് ആവിഷ്കരിച്ചത്. ഈ പദ്ധതിയുടെ നടത്തിപ്പു ചുമതല സംസ്ഥാന റവന്യു ഡിപ്പാര്‍ട്ടുമെന്റിനും ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിക്കുമായിരുന്നു.  നടത്തേണ്ടത് തിരുവനന്തപുരം കോര്‍പറേഷനും.  അതിന്റെ ഗുണഫലം ഓഖിദുരന്തകാലത്തും ഈ പ്രളയകാലത്തും പ്രയോജനപ്പെട്ടുവോ? നമ്മുടെ പദ്ധതി നടത്തിപ്പിന്റെയും നിയമപാലനത്തിന്റെയും കണക്കെടുപ്പ് കാലം ആവശ്യപ്പെടുന്നുണ്ട്.

2005ല്‍ അംഗീകരിച്ച നിയമത്തിന്റെ ഭാഗമായുള്ള നയരൂപീകരണം വൈകിയതിന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചത് 2013ലാണ്. തുടര്‍ന്നാണ് അങ്ങനെയൊരു ശ്രമം നടക്കുന്നത്. അതിന്റെ ഭാഗമായി സംസ്ഥാന നയം രൂപപ്പെടുത്തിയിട്ടുണ്ടോ? ഓഖി കാലത്തു പറഞ്ഞവിധം സ്റ്റേറ്റ് ഡിസാസ്ററര്‍ മാനേജ്മെന്റ് അതോറിറ്റി പുനസംഘടിപ്പിക്കുകയുണ്ടായോ? അതിന്റെ കീഴില്‍ ഡിസ്ട്രിക്റ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം സജീവമാണോ? വെള്ളപ്പൊക്ക- ഭൂകമ്പ ഭീഷണികള്‍ നിലനില്‍ക്കുന്ന പ്രദേശമായി പരിഗണിക്കപ്പെടുന്ന സംസ്ഥാനത്ത് കാലാവസ്ഥാ പഠന കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുപോലും വേണ്ട മുന്‍കരുതലും ആശ്വാസ നടപടിയും സ്വീകരിക്കാന്‍  ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റിന്റെ ഗുണഫലം പ്രയോജനപ്പെടാതെപോയോ? വേണ്ട ഗൗരവത്തില്‍ ഇക്കാര്യം പരിഗണിക്കാന്‍ ഭരണ പ്രതിപക്ഷ വിഭാഗങ്ങള്‍ തയ്യാറായിട്ടുണ്ടോ?

മഴ കൂടുതലായതുതന്നെയാണ് കേരളം പ്രളയജലത്തില്‍ മുങ്ങാനിടയാക്കിയത്. മഴയുടെ ഗതി മാറ്റിവിടാനുള്ള സാങ്കേതിക വിദ്യയൊന്നും നിലവിലില്ലതാനും. പിന്നീട് സാധ്യമാകുന്നത് ആഘാതം കുറയ്ക്കാന്‍ ശ്രമിക്കുക എന്നതാണ്. വെള്ളമൊഴുകിയിരുന്ന മിക്കവഴികളും അശാസ്ത്രീയ നടത്തിപ്പും കയ്യേറ്റവും കാരണം അടഞ്ഞിട്ടുണ്ട്. അതെല്ലാം തുറക്കുക എളുപ്പവുമല്ല. പേമാരിയും ഡാമിലെ ജലനിരപ്പുയര്‍ത്തുന്ന ഭീഷണിയും നമ്മെ ഭയപ്പെടുത്തി. അണക്കെട്ടുകളുടെ ഷട്ടറുയര്‍ത്തി നേരത്തേമുതല്‍ വെള്ളമൊഴുക്കണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചുവോ എന്നറിയില്ല. പക്ഷെ, മാധ്യമങ്ങളും സന്നദ്ധ പ്രവര്‍ത്തകരും അതാവശ്യപ്പെട്ടിരുന്നു. പക്ഷെ, ആ ആവശ്യം ഗൗരവപൂര്‍വ്വം പരിഗണിക്കുകയുണ്ടായില്ല.

സ്ഥിതി നിയന്ത്രണാധീതമായ ഘട്ടത്തില്‍ എന്‍ ഡി ആര്‍ എഫിന്റെ സന്നദ്ധസൈനികര്‍ സ്ഥലത്തെത്തിയെങ്കിലും അവരുടെ സേവനം വേണ്ടവിധം ലഭ്യമായില്ലെന്ന പരാതിയുണ്ടായി. നമ്മുടെ മത്സ്യത്തൊഴിലാളികളും ഇതര തൊഴില്‍ സേവന വിഭാഗങ്ങളും യുവാക്കളും നടത്തിയ തീവ്രശ്രമം മാത്രമാണ് ദുരന്തത്തിന്റെ വ്യാപ്തി പിടിച്ചു നിര്‍ത്തിയത്. ഗവണ്‍മെന്റ് സംവിധാനങ്ങളുടെ ശേഷി ബോധ്യമാക്കുന്ന എന്തു ശ്രമമാണ് ഉണ്ടായത്?  ദുരന്ത നിവാരണ നിയമത്തിന്റെ ഒരു വ്യാഴവട്ടക്കാലത്തെ മുന്‍കരുതലും ധനവിനിയോഗവും വെള്ളത്തില്‍ വരച്ച വരപോലെയായി. അതിനാരാണ് ഉത്തരവാദി? ഇക്കാലമെല്ലാം അധികാരത്തിലിരുന്ന ആര്‍ക്കും അന്യോന്യം ചളിവാരിയെറിഞ്ഞ് രക്ഷ നേടാനാവില്ല.

വെള്ളമിറങ്ങിത്തുടങ്ങിയപ്പോള്‍ രാഷ്ട്രീയവഴക്ക് തലപൊക്കിയതു കണ്ടു. അതിനൊപ്പം രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ ലക്ഷക്കണക്കായ സന്നദ്ധ പ്രവര്‍ത്തകരെ നിരാശരാക്കുന്ന ചില നടപടികളും കണ്ടു തുടങ്ങി. ദുരിതാശ്വാസ കേന്ദ്രങ്ങളിലും തുടര്‍ പ്രവര്‍ത്തന രംഗത്തും നേതൃത്വം നല്‍കാന്‍ സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും മതി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്ഥലംവിടാം എന്ന ആജ്ഞകളുണ്ടായി. വര്‍ഗീയ സങ്കുചിത ശക്തികളുടെ ഇരച്ചുകയറ്റത്തിനു തടയിടേണ്ടതുണ്ട്. എന്നാല്‍, മതേതര ജനാധിപത്യ യുവജന കൂട്ടായ്മകളെ തുടര്‍ന്നും പരിഗണിക്കേണ്ടതുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം ആപത്കാലത്ത് നിര്‍വ്വഹിച്ചവരെ പുറംകാലുകൊണ്ട് തൊഴിക്കരുത്. അത്തരം അനുഭവങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നു.

രാഷ്ട്രീയ മുതലെടുപ്പിനല്ല, കണക്കെടുപ്പിനാണ് ധൈര്യം കാട്ടേണ്ടത്. ഓരോ ഭരണ വിഭാഗവും നിര്‍ണായക ഘട്ടത്തില്‍ എന്തു ചെയ്തു, ചെയ്തില്ല എന്നു വിലയിരുത്തപ്പെടണം. സമയോചിതമായി ഇടപെടുന്നതില്‍ വീഴ്ച്ച വന്നുവോ എന്നു നോക്കണം. അതെങ്ങനെ പരിഹരിച്ചു മുന്നോട്ടുപോകുംഎന്നാലോചിക്കണം. ഇനിയും ഇത്തരം സാഹചര്യമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലല്ലോ. തുടര്‍ന്നുള്ള പുതു കേരള സൃഷ്ടിയില്‍ എന്തു സമീപനം കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ തുറന്നു പറയണം. പരിസ്ഥിതി സൗഹാര്‍ദ്ദപരവും ജനകീയവുമായ വികസന സങ്കല്‍പ്പം മുന്നോട്ടു വയ്ക്കപ്പെടുമോ? നേരത്തേ സ്വീകരിച്ച നിലപാടിലെ തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താന്‍ രാഷ്ട്രീയ കക്ഷികള്‍ സന്നദ്ധമാവുമോ? നേതൃസ്തുതി നിര്‍ത്തി ഭാവി വികസനം എങ്ങനെ വേണമെന്നു തുറന്നു ചര്‍ച്ചചെയ്യാന്‍ എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തയ്യാറാവുമോ? ഈ പ്രളയാനുഭവത്തിന്റെ പാഠം നവകേരള സൃഷ്ടിക്കു നമ്മെ തുണയ്ക്കട്ടെ.

ആസാദ്
23 ആഗസ്ത് 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )