കാരാട്ടിന്റെ സാംസ്കാരിക ദൗത്യത്തെപ്പറ്റി
**************
സിപിഎം ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം സീതാറാം യെച്ചൂരി കേരളത്തില്‍ വന്നത് സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനാണ്. കൊല്ലത്തുവന്ന് അദ്ദേഹം മടങ്ങി. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വിശദമായ പാര്‍ട്ടി പരിപാടികളുമായി കേരളത്തിലുണ്ട്. പാര്‍ട്ടി യോഗങ്ങള്‍ക്കു പുറമേ സാംസ്കാരിക -പാരിസ്ഥിതിക പ്രവര്‍ത്തകരുമായി വിശദ ചര്‍ച്ചകള്‍ക്കും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. ഇന്നലെ കോഴിക്കോട്ട് അങ്ങനെയൊരു കൂടിച്ചേരല്‍ നടന്നു. സാധാരണ പുതിയ സെക്രട്ടറി വരുമ്പോള്‍ ഇത്തരം കൂടിച്ചേരലുകളും ചര്‍ച്ചകളും കാണാറുണ്ട്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കാരാട്ടിന്റെയും കേരള നേതൃത്വത്തിന്റെയും അമിതോത്സാഹം സംശയകരമാണ്.
ഇന്ത്യന്‍ ഭരണകൂടത്തെ ആവേശിച്ചത് ഫാഷിസമല്ലെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ബംഗാളില്‍ മമതയെ ഫാഷിസ്റ്റെന്ന് ആളുകള്‍ വിളിക്കുന്നു. അതു ശരിയല്ലല്ലോ എന്ന് കാരാട്ട് ഉദാഹരിക്കുന്നു.ഫാഷിസത്തിന്റെ അളവുകോലിനൊക്കുന്നില്ല സംഘപരിവാര ഭരണമെന്ന് ആവര്ത്തിച്ചുറപ്പിക്കാനത്രെ അദ്ദേഹം ശ്രമിച്ചത്. ഇത് യെച്ചൂരി വിശദീകരിക്കുമ്പോഴും ഇങ്ങനെത്തന്നെയാവുമോ എന്നറിയില്ല. ആ സന്ദേഹമാവാം കാരാട്ടു മതി യെച്ചൂരി വേണ്ട വിശദീകരണത്തിനെന്ന് നിശ്ചയിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
ഹൈദ്രാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ അന്തസത്തയെ തകര്‍ക്കാനും ജനറല്‍ സെക്രട്ടറിയുടെ നേതൃവീര്യത്തെ ദുര്‍ബ്ബലപ്പെടുത്താനും ബോധപൂര്‍വ്വം ഉദ്ദേശിച്ചായിരിക്കില്ല ഇതെന്നു കരുതാം. പക്ഷെ, കോണ്‍ഗ്രസ്സില്‍ രണ്ടു രാഷ്ട്രീയ പ്രമേയങ്ങള്‍ ചര്‍ച്ചയ്ക്കു വരാനും സമവായത്തിലേയ്ക്കു നീങ്ങാനും ഇടയായ സാഹചര്യത്തില്‍ ഇത്തരം നീക്കങ്ങള്‍ അത്ര ഗുണകരമാവില്ല. സാംസ്കാരിക പ്രവര്ത്തകരെയുംമറ്റും യെച്ചൂരി അഭിസംബോധന ചെയ്യട്ടെ. ഫാഷിസ്റ്റ് വിരുദ്ധ സമരത്തില്‍ നിര്‍വ്വചനങ്ങളുടെ പൊരുത്തമില്ലായ്മ ചൂണ്ടിക്കാട്ടി ആരും സംഘപരിവാര ദുഷ്ട ശക്തികളെ കുറ്റ വിമുക്തരാക്കേണ്ടതില്ല. കുറ്റകൃത്യത്തില്‍ അവര്‍ കോണ്‍ഗ്രസ്സിനു തുല്യമെന്ന് സമവാക്യം രൂപപ്പെടുത്തുകയും വേണ്ട. അങ്ങനെയുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് കാരാട്ടിനെ കരുവാക്കുന്നതും ഗുണമുണ്ടാക്കില്ല.
ആസാദ്
1 മെയ് 2018
2
സ്വകാര്യവത്ക്കരണം തുലയട്ടെ
*****
സ്വതന്ത്ര സഞ്ചാരപാത സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ എഴുതിയപ്പോള്‍ സി പി എം സുഹൃത്തുക്കളില്‍നിന്നു കേട്ട ഒരു പ്രതികരണം ‘മറ്റെന്തു വഴി , വികസനം വേണ്ടേ’ എന്ന മറുചോദ്യമായിരുന്നു. അപ്പോള്‍ രാജ്യത്തു വികസനമുണ്ടാവാന് മറ്റു വഴിയില്ലെങ്കില്‍ സ്വകാര്യവത്ക്കരണം ആവാമെന്ന് തൊഴിലാളി സംഘടനകളും കമ്യൂണിസ്റ്റു പാര്‍ട്ടികളും സമ്മതിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്? ഇതുതന്നെയല്ലേ വലതുപക്ഷ പാര്‍ട്ടികളും പറഞ്ഞു പോന്നിട്ടുള്ളത്?
ഇനി സ്വകാര്യവത്ക്കരണ വിരുദ്ധ സമരമൊന്നും അധികാരബദ്ധ ഇടതുപക്ഷത്തുനിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ലോകബാങ്ക് എഡിബി വായ്പകള്‍ക്ക് വലതുപക്ഷത്തോടു മത്സരിച്ചതുപോലെ, സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിലും തൊഴില്‍ നിയമ ഭേദഗതികള്‍ കൊണ്ടു വരുന്നതിലും നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിലും കയ്യേറ്റ ലോബികളെ തുണയ്ക്കുന്നതിലും മത്സരം തുടരുന്നു.
നവലിബറല്‍ നയങ്ങളെ ചെറുക്കുന്നവരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നോര്‍ക്കണം. ഇതൊക്കെ നവലിബറല്‍ നയങ്ങളുടെ ഭാഗമാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധിപോലും അവര്‍ക്കില്ലെന്നു വരുമോ? കോണ്‍ഗ്രസ്സോ ബിജെപിയോ ചെയ്യുമ്പോഴേ സ്വകാര്യവത്ക്കരണവും ഉദാരവത്ക്കരണവും ജനവിരുദ്ധമാവൂ എന്നുണ്ടോ? ഇവയ്ക്കൊന്നും ബദല്‍ സാധ്യമല്ലെന്ന കീഴടങ്ങലാണോ കാണുന്നത്? നിവൃത്തിയില്ലാതെ കേന്ദ്ര നയങ്ങള്‍ക്കു വിധേയപ്പെടേണ്ടി വരുന്ന ഘട്ടങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന രീതിയുണ്ടായിരുന്നു മുമ്പ്. ഇപ്പോള്‍ ഓരോ ജന സമൂഹങ്ങളിലും ഉയര്‍ന്നു വരുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസിനെ വിടുന്ന അവസ്ഥ വരെയായി. നേരത്തേ സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊലീസിനെ ഉപയോഗിക്കില്ല എന്ന നയമായിരുന്നു ഇടതുപക്ഷത്തിന്റേത്. ഇപ്പോള്‍ അതും മാറി.
ഇതൊക്കെ എഴുതുമ്പോള്‍ സിപിഎം വിരോധംകൊണ്ടാണെന്ന് തീര്‍പ്പു കല്‍പ്പിക്കുന്ന ചിലരെ കാണാം. സിപിഎമ്മിനെ രക്ഷിക്കാന്‍ അപാകം ചൂണ്ടിക്കാണിക്കുന്നവരെ അക്രമിച്ച് ഒതുക്കിയാല്മതി എന്നാവും അവര്‍ ധരിച്ചിട്ടുണ്ടാവുക. വേണ്ടത്, മേല്‍ പറഞ്ഞ വിമര്ശത്തില് കഴമ്പുണ്ടോ എന്ന പരിശോധനയാണ്. പിശകുണ്ടെങ്കില്‍ അംഗീകരിച്ചു തിരുത്താം. അതല്ല, ശരിയെങ്കില്‍ സ്വന്തം നിലപാട് പ്രവൃത്തിപോലെ തെളിച്ചു പറയണം. സ്വകാര്യവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും നടത്തിപ്പുവേലകളിലേയ്ക്ക് ഇടതുപക്ഷ പാര്‍ട്ടികളും നീങ്ങുമ്പോള്‍ ബദലിനുള്ള സമരം നിര്വ്വീര്യമാവുകയാണ്. അവര്‍ക്കൊപ്പം വിമര്‍ശരഹിതമായി നീങ്ങാന്‍ ക്ലേശമനുഭവിക്കുന്ന ജനവിഭാഗങ്ങള്ക്കാവില്ല.
സ്വകാര്യവത്ക്കരണം തുലയട്ടെ. ഉദാരവത്ക്കരണം തുലയട്ടെ. ജനകീയ ജനാധിപത്യം വിജയിക്കട്ടെ.
ആസാദ്
മെയ്ദിനപ്പിറ്റേന്ന് 2018
3
വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നേതൃത്വത്തിലേയ്ക്ക് ഉയര്‍ന്നാല്‍ പിന്നെ, താഴേക്ക് പോരുകയോ മാറിക്കൊടുക്കുകയോ പതിവില്ല. പിശകുകളോ വലിയ കുറ്റങ്ങളോ ചെയ്താല്‍പോലും മെയ് വഴക്കമുണ്ടെങ്കില്‍ പിടിച്ചു നില്ക്കുക പ്രയാസമാവില്ല. എത്ര ആത്മാര്‍ത്ഥതയുണ്ടെങ്കിലും നേതൃത്വത്തിന് അപ്രിയം വന്നാല്‍ പുറം തള്ളപ്പെടുകയും ചെയ്യും. അസാമാന്യമായ സമരസപ്പെടല്‍ വിദ്യ കൈവശമുള്ളവര്‍ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചും പാര്‍ട്ടിയില്‍ തൂങ്ങും. സൗഭാഗ്യങ്ങളൊന്നും അവരെ വിട്ടൊഴിയില്ല. പുതിയ തലമുറ അവരുടെ മരണം കാത്തിരിക്കും. പദവിക്കു മാത്രമല്ല പാര്‍ട്ടിയിലെ സമീപന- നിലപാടു മാറ്റങ്ങള്‍ക്കു വേണ്ടിയും.
മരിക്കണമെന്നില്ല എണ്പതു തികഞ്ഞാലും മാറ്റമാവാം, എന്ന നിലപാടുണ്ട് സിപിഎമ്മിന്. അതു നടപ്പാക്കാനുള്ള ക്ലേശം അവര്‍ക്കേ അറിയൂ. ക്ഷണിതാവാക്കാം എന്ന ഉപാധിയുണ്ട്. പക്ഷെ അതിനും വഴങ്ങാതെ അള്ളിപ്പിടിക്കുന്നവരോ കൂട്ടിപ്പിടിക്കപ്പെടുന്നവരോ ഉണ്ട്. തങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കുണ്ട് കാര്യം നടത്താനുള്ള ശേഷിയെന്നായി നേതൃചിന്ത. സ്ത്രീകളെ, ദളിതരെ, ആദിവാസികളെ , പ്രാന്തവല്‍കൃതരെ, യുവാക്കളെ ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്നറിയാഞ്ഞിട്ടല്ല, അതിനു മാറി നില്ക്കാം ഞാനെന്ന് ആരു പറയും?
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഒരു സ്ത്രീ സഖാവുണ്ട്. ആ പ്രാതിനിധ്യം പണ്ടേ ഉണ്ട്. അതൊന്നു കൂട്ടാമെന്നു കരുതിയാല്‍ നടക്കില്ല. ആഗ്രഹിക്കാഞ്ഞാവില്ല. ആരെ ഒഴിവാക്കും? കാണുന്നവര്‍ക്ക് തോന്നും, കേന്ദ്ര കമ്മറ്റിയിലുണ്ടല്ലോ കരുണാകരനും ശ്രീമതിയും മുതല്‍ പേര്. അവര്‍ക്ക് സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാവുന്നതുമാണ്. പുതിയവരെ കുറെകൂടി ഉള്‍ക്കൊണ്ടാല്‍ മുഖമേ മാറില്ലേ? കാസര്‍കോടുനിന്നു തുടങ്ങിയാല്‍ മൂന്നുവട്ടം ജില്ലാ സെക്രട്ടറിയായി മാറിയ സതീഷ്ചന്ദ്രനെ പോലെയുള്ളവരുണ്ട്. മാധ്യമങ്ങളുടെ പട്ടികയില്‍ പെടാത്ത നേതാക്കള്‍. മലപ്പുറത്തുനിന്ന് ന്യൂനപക്ഷ മത വിഭാഗത്തില്‍ പെട്ട ഒരു ഉശിരുള്ള സ്ത്രീ സഖാവ് ഏറെക്കാലമായി സംസ്ഥാന കമ്മറ്റിയിലുണ്ട്. പല ജില്ലകളിലും മാറ്റി നിര്‍ത്തപ്പെട്ട ‘റിസര്‍വു’കള്‍ ഏറെയാണ്. അവരെ കയറ്റാന്‍ ആനത്തലവട്ടവും മാറില്ല. അതാണ് സിപിഎം എന്നല്ല അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് പറയേണ്ടത്. മാത്രമല്ല അറയുടെ വായുവ്യവസ്ഥപോലെ കമ്മറ്റിയ്ക്കും വേണമല്ലോ ഒരു ശീതലയം.
ഓരോ പാര്‍ട്ടിയുടെയും നേതാക്കളെ നിശ്ചയിക്കേണ്ടത് അതത് പാര്‍ട്ടികളാണ്. അതില്‍ എനിക്കോ മറ്റു പുറത്തുള്ളവര്‍ക്കോ കാര്യമില്ല. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കു പക്ഷെ, പാര്‍ട്ടികളുടെ ഘടന ജനാധിപത്യ രീതികളെ എങ്ങനെ വിപുലമാക്കുന്നുവെന്നും പരിമിതപ്പെടുത്തുന്നുവെന്നും പഠിക്കാം. അത്രതന്നെ. വലതു പാര്‍ട്ടികളില്‍ നേതാക്കളുടെ ഇംഗിതങ്ങള്‍ മാറുന്ന വേഗത്തില്‍ റിക്രൂട്ട്മെന്റിലും മാറ്റംവരും. ഇരുന്നു ചടച്ചവരുടെ ചര്‍ച്ചാവേദി എന്ന നിലയില്‍നിന്നു ചില പാര്‍ട്ടികളൊക്കെ കുതറുന്നുണ്ട്. അവിടെ ചെറുപ്പക്കാര്‍ ധാരാളമായി നേതൃസമിതികളിലെത്തുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ മുമ്പത്തേതിലും മെച്ചപ്പെടുകയല്ലേ എന്ന് ബാലഗോപാലനെയും രാജീവിനെയും ചൂണ്ടി ഇവിടെ ആരോ ചോദിച്ചതു കേട്ടു. അപ്പോഴാണ് വാര്‍ദ്ധക്യമെന്നും യുവത്വമെന്നും തിരിച്ചത് വെറും വയസ്സു മുന്‍നിര്‍ത്തിയാണോ എന്നു ഞാന്‍ സ്വയം ചോദിച്ചത്. പരുവപ്പെട്ട അധീശ ധാരണകളെ അടിമുടി കുലുക്കുന്ന കമ്യൂണിസ്റ്റ് യൗവ്വനം നരച്ച ശരീരത്തിലുമുണ്ടാവാം. പക്ഷെ, ഇരുന്നു ചടച്ച പലരിലും അതു ദൃശ്യമല്ല. സമരവഴികളും സിദ്ധാന്തചോദ്യങ്ങളും മറന്നുപോയിരിക്കുന്നു. പുതിയവരെത്തുമ്പോള് അതു മാറിയാലോ! ആളുകളൊക്കെ മാറ്റത്തിന് വെറുതെ നോക്കിയിരിപ്പാണല്ലോ. ഞാനീ വഴിയിലൊരിത്തിരി നേരമിരുന്നെന്‍ കണ്ണു തിരുമ്മിക്കോട്ടെ !
ആസാദ്
3 മെയ് 2018
4
ഇന്നു ടിപി ദിനം. ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ശിരസ്സില്‍ സിപിഎം വിജയക്കൊടി കുത്തിയ ദിനം. യുദ്ധം നയിച്ച ഉപനേതാവ് കുഞ്ഞനന്തനെ നിയമം ശിക്ഷിച്ചാലെന്ത് പാര്‍ട്ടി അനുമോദിക്കുന്നു. ജയിലറയെ വല്ലപ്പോഴും സന്ദര്‍ശിക്കാനുള്ള സുഖവാസ കേന്ദ്രമാക്കാന്‍ തുണച്ചില്ലെങ്കില്‍ പിണറായിക്ക് ഭരണമെന്തിന്? ഏരിയാ കമ്മറ്റിയിലെ ജയിലംഗമായി നില നിര്‍ത്താനായില്ലെങ്കില്‍ കോടിയേരിക്ക് പാര്ട്ടിയെന്തിന്? നിങ്ങള്‍ കൊലയാളിയുടെ പാര്‍ട്ടിയെന്നോ കുഞ്ഞനന്തന്റെ പാര്‍ട്ടിയെന്നോ വിളിക്കുമായിരിക്കും. അതൊന്നും ഏശാതിരിക്കാനുള്ള ചര്‍മ്മശേഷിയും അനുചരകാവലും പാര്‍ട്ടിയെ രക്ഷിക്കും. തിരുത്താന്‍ വരുന്നവര്‍ക്കുള്ള നിത്യപാഠമായി കുഞ്ഞനന്തനും വടിവാളുകളും ബാക്കി വേണം.
ടിപി ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. കുഞ്ഞനന്തന്മാരുടെയും അധോമുഖ വാമനന്മാരുടെയും നാണംകെട്ട വിജയ കഥകള്‍. കൊന്നിട്ടും മരിക്കാത്തവന് നന്മയുടെ രാഷ്ട്രീയത്തെ കാക്കും. കൊന്നവര്‍ ജീര്ണരാഷ്ട്രീയത്തില് പുഴുക്കളായി പുളയ്ക്കും. നിങ്ങളുടെ രാഷ്ട്രീയമെന്ത് എന്നത് ആര്‍ക്കൊപ്പം എന്ന ചോദ്യമായിത്തീരും. യെച്ചൂരിയും പിണറായിയും കോടിയേരിയും ബേബിയും ജയരാജനും നയിക്കുന്ന വലിയ പ്രസ്ഥാനം കുഞ്ഞനന്തനൊപ്പം എന്ന ടാഗണിഞ്ഞാണ് നടപ്പ്. കൊലയാളികള്‍ നയിക്കണം ജനാധിപത്യ മുന്നേറ്റങ്ങള്‍!!!
ഇതു ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും. കുഞ്ഞനന്തന്റെ കുറ്റം പാര്‍ട്ടിയുടെ കുറ്റമെന്ന് ഏല്‍ക്കുംവരെ. ടിപിയോടു ചെയ്തതിലും വലിയ കുറ്റമാണ് വര്ഗരാഷ്ട്രീയത്തോടും ജനാധിപത്യ മൂല്യങ്ങളോടും ചെയ്തതെന്ന് പാര്‍ട്ടി തിരിച്ചറിയും വരെ. കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ ശബ്ദമാവാന്‍ ആ ചോരക്കറ മായണം. കൊല അറിഞ്ഞു ചെയ്തതുതന്നെ എന്ന കുഞ്ഞനന്തത്തം കളഞ്ഞ് പറ്റിപ്പോയി എന്നു ഖേദിക്കണം. അതുവരെ പാര്‍ട്ടി കൊലയാളിപ്പാര്ട്ടി തന്നെ.
രാജ്യം വലിയ ഐക്യവും സമരമുന്നേറ്റവും ആവശ്യപ്പെടുന്ന കാലത്ത് അന്തഛിദ്രമുണ്ടാക്കി രാഷ്ട്രശത്രുക്കളായ സംഘപരിവാരങ്ങളെ തുണയ്ക്കുന്ന മാടമ്പിത്തത്തിന് മാപ്പില്ല. ടിപിയുടെ രാഷ്ട്രീയം രക്തസാക്ഷികളുടെ വിശുദ്ധമായ മനുഷ്യഗീതമുയര്ത്തുന്നു. പോരാളികള്‍ അതു കേള്‍ക്കുന്നു.
അദൃശ്യനായ ടിപിയെ ഞാന്‍ മുറുകെ പുണരുന്നു. ആ മുഷ്ടിയില് മുഷ്ടി കോര്‍ക്കുന്നു. ലാല്‍സലാം സഖാവേ.
ആസാദ്
ടി പി ദിനം 2018
5
തിരുവനന്തപുരത്തെ ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന പട്ടികജാതി – പട്ടികവര്‍ഗ കമ്മീഷന്റെ ഉത്തരവ് അധികൃതര്‍ കണ്ട മട്ടില്ല. ഏപ്രില്‍ രണ്ടിന് മുപ്പത്തിയാറു ഗ്രൂപ്പ് എ തസ്തികകളിലേയ്ക്ക് (അക്കാദമിക്& അഡ്മിനിസ്ട്രേററീവ്) അപേക്ഷ ക്ഷണിച്ചപ്പോള്‍ സംവരണതത്വം ലംഘിക്കപ്പെടുന്നതായി പരാതി വന്നു. ആള് ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോലും ഭരണഘടന അനുശാസിക്കുന്ന സംവരണം പാലിക്കപ്പെടുന്നുണ്ട്. ശ്രീചിത്രയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ആനുകൂല്യം നല്കുന്ന ഉത്തരവൊന്നും ഉണ്ടായിട്ടുമില്ല. അതിനാലാണ് പട്ടികജാതി – പട്ടികവര്‍ഗ കമ്മീഷന് പരാതി ഗൗരവത്തിലെടുത്തതും സംവരണ തത്വം പാലിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചതും.
ഏപ്രില്‍ രണ്ടിന്റെ നോട്ടിഫിക്കേഷന്‍ റദ്ദു ചെയ്ത് ഭരണാഘടനാനുസൃതമായ സംവരണത്തിലൂന്നി അത് പുനപ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. കമ്മീഷന്റെ ഉത്തരവു വന്നു രണ്ടാഴ്ച്ച പിന്നിട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. നിയമനത്തിനുള്ള അഭിമുഖങ്ങള്‍ നടത്താനാണ് നീക്കമെന്നറിയുന്നു. സംസ്ഥാന- കേന്ദ്ര ഗവണ്മെന്റുകളും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ഭരണഘടനാ ബാധ്യത നിര്‍വ്വഹിക്കാന്‍ സന്നദ്ധരല്ലാത്ത സ്ഥാപന മേധാവികള്‍ തുടര്‍ന്നുകൂടാ.
ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിന് അഭിമാനകരമായ സ്ഥാപനമാണ്. അതിന്റെ പ്രവര്‍ത്തനങ്ങളിലും അതാര്‍ജ്ജിച്ച യശസ്സിലും കളങ്കം വീണുകൂടാ. സങ്കുചിതമായ താല്‍പ്പര്യങ്ങള്‍ പുരോഗതിക്കു തടസ്സമാവരുത്. പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്റെ ഉത്തരവു പാലിക്കാന്‍ വിമുഖത കാട്ടുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവികളെ നിയമവും നീതിയുമെന്തെന്ന് ഓര്‍മ്മിപ്പിക്കാന്‍ നാം ജനങ്ങള്‍ മാര്‍ച്ചു ചെയ്യേണ്ടതുണ്ട്. സാമൂഹികനീതി ജനതയുടെ അവകാശമാണ്. അതൂന്നിപ്പറഞ്ഞ അംബേദ്ക്കറുടെ ജനതയാണ് നാം.
ആസാദ്
6 മെയ് 2018
6
കൊലപാതകം ഹീനമാണ്, നിന്ദ്യമാണ്. പക്ഷെ രാഷ്ട്രീയം കലരുമ്പോള്‍ അതു മഹത്വപ്പെടുന്നു. മാധ്യമങ്ങള്‍ ആഘോഷിക്കുന്നു. എങ്ങുമുള്ള സാധാരണക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അതു മത്സരോത്സാഹം നല്കുന്നു. സ്കോര്‍ ബോര്‍ഡുകളുയരുന്നു. ഓരോ കൊലയ്ക്കുമുള്ള മികച്ച ന്യായീകരണ സൂത്രമായി രാഷ്ട്രീയം മാറിയിരിക്കുന്നു.
ജീവിപ്പിക്കുന്നതിലാണ് രാഷ്ട്രീയമുള്ളത്. ഉന്മൂലനം അരാഷ്ട്രീയ വൃത്തിയാണ്. സ്വന്തം ദര്‍ശനത്തിന്റെ നിരാകരണവും സ്വയംഹത്യയുമാണത്. അനേകരുമായി സൗഹൃദവും ബന്ധുത്വവും നല്കുന്ന പാര്‍ട്ടിയെ മരണത്തിന്റെ ഉദ്യാനമാക്കിയതാരാണ്? കണ്ണൂര്‍ ഒരു കൊലയറയാണ്. ഒരു രാഷ്ട്രീയത്തിനും മാതൃകയല്ല.
തീവ്ര വലതും തീവ്ര ഇടതും ഉന്മൂലനത്തിന്റെ രാഷ്ട്രീയമാണ്. വ്യക്തികളെ കൊന്ന് വംശ/വര്‍ഗ നാശം വരുത്താമെന്ന് മോഹിക്കുന്ന രാഷ്ട്രീയം. അവര്‍ അവരുടെ വികലദര്‍ശനം നടപ്പാക്കുന്നു. അതേ വഴിയിലേയ്ക്ക് എല്ലാവരേയും വലിച്ചടുപ്പിച്ചു ജനപക്ഷ രാഷ്ട്രീയത്തെ കളങ്കപ്പെടുത്തണം അവര്‍ക്ക്. വെള്ളം കലക്കിയുള്ള മീന്‍പിടുത്തമാണത്. വിപ്ലവത്തിന്റെ ബലപ്രയോഗം വ്യക്തിക്കു മേലുള്ള അധികാര പ്രയോഗമായി കമ്യൂണിസ്റ്റുകാരും തെറ്റിദ്ധരിച്ചിട്ടുണ്ട്. കൊലയ്ക്കു കൊല, തോല്‍ക്കുന്നിടത്തും കൊല എന്ന നിലയിലേയ്ക്ക് കമ്യൂണിസ്റ്റു പാര്‍ട്ടിയും കണ്ണൂരില്‍ വഴുതിയത് അങ്ങനെയാവാം.
തീവ്ര വലതു രാഷ്ട്രീയം അതിന്റെ ഹീനമായ അജണ്ടയാണ് നടപ്പാക്കുന്നത്. കണ്ണൂരിലെ സിപിഎമ്മോ? വിപ്ലവപ്പാര്‍ട്ടിയുടെ ചുമതലയാണോ നിര്‍വ്വഹിക്കുന്നത്? സംഘപരിവാര അജണ്ടയുടെ പിറകില്‍ അതേ ഹീന രാഷ്ട്രീയത്തില്‍ പങ്കുചേരുന്ന വിവേകരാഹിത്യത്തെ കമ്യൂണിസ്റ്റ് രാഷ്ട്രീയമെന്നു വിളിക്കാനാവില്ല. ഒന്നോ രണ്ടോ കൊല നടക്കുമ്പോള്‍ ആ കെണിയറിയാതെ പ്രതികരിച്ചുപോകുന്നത് സ്വാഭാവികമാണ്. എട്ടോ പത്തോ കൊണ്ടും അവരത് തിരിച്ചറിഞ്ഞില്ല. ഇപ്പോള്‍ ആര് എസ് എസ്സിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയം ഒന്നുതന്നെയെന്ന് ആരെങ്കിലും കണക്കാക്കിയാല്‍ കുറ്റപ്പെടുത്താനാവാത്ത സ്ഥിതിയായി. വ്യത്യസ്തമാണ് ദര്‍ശനമെങ്കില്‍ അതു പ്രയോഗത്തില്‍ തെളിയണം.
ഒരു ജനാധിപത്യ രാജ്യത്ത് നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിക്കുന്നത് ജനങ്ങളോടുള്ള യുദ്ധംതന്നെയാണ്. നിയമവും നീതിന്യായ സംവിധാനങ്ങളും ജനങ്ങളും ഉണര്‍ന്നിരിക്കുന്ന നാട്ടില്‍ നീതികിട്ടാന്‍ കവലച്ചട്ടമ്പികളോ ക്വട്ടേഷന്‍ സംഘങ്ങളോ വേണ്ട. അവരുടെ കാരുണ്യം കാത്തുകഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഓര്‍ത്തു ലജ്ജിക്കണം. കൊലപാതകികളെ സാമൂഹികമായി ഒറ്റപ്പെടുത്താനും നിയമത്തിനു മുന്നിലെത്തിക്കാനും കഴിയണം. അതാണ് പ്രതിരോധം. അഭിമാനക്കൊല എന്നൊരു പ്രതിവിധിയില്ല. ജനാധിപത്യ ഭരണകൂടത്തിന്റെ നിയമപാലകരുണ്ടായിരിക്കെ പാര്‍ട്ടി സേനകള്‍ പൊലീസോ കോടതിയോ ചമയരുത്.
എല്ലാ പാര്ട്ടികിലെയും കൊലയാളികള്‍ ഒരേ കാഴ്ച്ചപ്പാടില്‍ ഒന്നിക്കുന്നവരാണ്. അവര്‍ വേറെവേറെ പാര്‍ട്ടികളിലിരുന്ന് ജനാധിപത്യത്തെ തകര്‍ക്കുകയാണ്. സാമൂഹിക സുരക്ഷാ വലയം പിച്ചിച്ചീന്തുകയാണ്. അവരെ പോറ്റുന്നവര്‍ക്കും ഒരൊറ്റ രാഷ്ട്രീയമേയുള്ളു. ജനശത്രുക്കളുടെ ഹീന രാഷ്ട്രീയം .
ആസാദ്
9 മെയ് 2018
7
മരണം ദുഖകരമാണ്. കൊലപാതകമാകട്ടെ, ദുഖംമാത്രമല്ല അമര്ഷവുമുണ്ടാക്കുന്നു. കൊല ചെയ്യുന്നവരും അതിനെ ന്യായീകരിക്കുന്നവരും വെറുക്കപ്പെടും. മനുഷ്യനുമേല്‍ മറ്റൊരു മനുഷ്യന് അന്ത്യവിധി കല്‍പ്പിച്ചുകൂടാ എന്നതുകൊണ്ടാണ് പരിഷ്കൃതസമൂഹം വധശിക്ഷയെ എതിര്‍ക്കുന്നത്.
വിയോജിപ്പുകളും കലഹങ്ങളുമുണ്ടാകാം. അവ തീര്‍ക്കുന്നതിനാണ് ജനാധിപത്യ സംവിധാനങ്ങള്‍. പരിമിതികളുണ്ടാവാമെങ്കിലും ശക്തമായ നീതി നിയമ നിര്‍വ്വഹണ സംവിധാനങ്ങള്‍ നമുക്കുണ്ട്. അതിലുള്ള അവിശ്വാസം ജനാധിപത്യത്തിലുള്ള അവിശ്വാസമാണ്. വലതുതീവ്രവാദവും – ഇടതു തീവ്രവാദവും രാഷ്ട്രീയത്തിലെ ഒരേ തൂവല്‍ പക്ഷികളാണ്. പക വിതച്ചും ആയുധം നല്‍കിയും മനുഷ്യരെ പോരടിപ്പിക്കുകയാണവര്.
കണ്ണൂര്‍ കൊലപാതകങ്ങളില്‍ ഒരു പക്ഷത്ത് വലതു തീവ്രവാദ രാഷ്ട്രീയമാണ്. വംശശുദ്ധിയുടെ മനുവാദ വിജയമാണ് അവരുടെ സ്വപ്നം. ആയുധമെടുത്ത് ‘ധര്‍മ്മയുദ്ധ’മാവാമെന്ന് അവര്‍ കരുതുന്നു. മറുവശം ഇടതു തീവ്രവാദമല്ല. വലതിടത് സാഹസികതകളെ ഒരുപോലെ ചെറുക്കണമെന്ന് അറിയുന്ന പാര്‍ട്ടിയാണ്. പക്ഷെ, പ്രയോഗത്തിലവര് തീവ്ര നിലപാടുകളെ പിന്‍പറ്റി തങ്ങളുടെ ദര്‍ശനത്തിന്റെ വര്ഗവിവക്ഷകളുടെ നിറം കെടുത്തുന്നു.
ആയുധമെടുത്ത വലതു തീവ്രവാദത്തെ വളഞ്ഞു നിര്‍ത്തി ആയുധം താഴെ വെപ്പിക്കാന്‍ ജനങ്ങള്‍ പ്രാപ്തരാവേണ്ടതുണ്ട്. അതിനുള്ള ജനാധിപത്യ മാര്‍ഗങ്ങളാണ് തേടേണ്ടത്. കൊലയ്ക്കു കൊല എന്ന അപക്വവും നിന്ദ്യവുമായ സമീപനം വലതു തീവ്രവാദ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനാണ് സഹായിക്കുക. കണ്ണൂരില്‍ സിപിഎം ഈ തെറ്റാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഫലത്തില്‍ കൊലപാതകത്തിന് ശമനമുണ്ടാവില്ലെന്ന അവസ്ഥ വന്നു. തെറ്റായ വീക്ഷണമുള്ള നേതൃത്വം തെറ്റായ പ്രയോഗങ്ങളിലേയ്ക്കു തെളിയ്ക്കും. വിപ്ലവത്തിന്റെ ഊര്‍ജ്ജം സഹജീവികളില്‍ തീര്‍ത്ത് കൃതാര്‍ത്ഥരാവും. ലക്ഷ്യം മറക്കും.
ഇരുപക്ഷത്തുമായി വെട്ടേറ്റു വീഴുന്നത് സാധാരണ മനുഷ്യരാണ്. ജീവിക്കാന്‍ ക്ലേശിക്കുന്നവര്‍. പലമട്ട് ചൂഷണങ്ങള്‍ക്കെതിരെ ഒന്നിച്ചു പൊരുതേണ്ടവര്‍. സ്നേഹവും സമൃദ്ധിയുമുള്ള ലോകം ഒന്നിച്ചുനിന്നു പണിയേണ്ടവര്‍. ഭിന്ന ചേരികളിലായത് സാമൂഹിക സന്ദര്‍ഭങ്ങളുടെ പ്രേരണകൊണ്ടോ നിര്‍ബന്ധം കൊണ്ടോ ആണ്. അവരെ വെട്ടിക്കീറി ചൂഷകരുടെ മോഹങ്ങള്‍ക്ക് തിളക്കമേറ്റാന്‍ ആര്‍ക്കാണ് ധൃതി? അവരെ ഇല്ലാതാക്കിയാല്‍ അവരുടെ വര്‍ഗം/വംശം ഇല്ലാതാവുമോ? അവരുടെ ചോരയില്‍ ഏതു പ്രതികാരമാണ് പൂത്തുലയുന്നത്?
മരിക്കുന്നത് സിപിഎമ്മോ ആര്‍എസ്എസ്സോ എന്നത് നിങ്ങളുടെ താല്‍ക്കാലിക വിഭ്രമമാണ്. തൊഴിലെടുക്കുന്ന മനുഷ്യര്‍ ഒരേ വര്‍ഗത്തിലെ സഖാക്കളാണ്. തിരിച്ചറിഞ്ഞാല്‍ ഒന്നിച്ചു പൊരുതേണ്ടവര്‍. ചൂഷക ഭരണവര്‍ഗത്തിനെതിരെ ഒന്നിച്ചു നില്‍ക്കേണ്ടവരെ പിളര്‍ത്തേണ്ടത് വലതു തീവ്രവാദ രാഷ്ട്രീയത്തിന്റെ ലക്ഷ്യമാണ്. ഇടതു പാര്‍ട്ടികളെ ആ വഴിയിലേയ്ക്ക് വലിച്ചിറക്കുന്നതോടെ അവരതില്‍ വിജയിക്കുന്നു. ഇടതു പാര്‍ട്ടിയോ സ്വന്തം വര്ഗരാഷ്ട്രീയത്തോടു നിഴല്‍യുദ്ധം നടത്തുന്നവരായി വഴുതിപ്പോകുന്നു.
നേതാക്കള്‍ക്ക് ലജ്ജ തോന്നേണ്ടതാണ്. തങ്ങള്‍ നയിക്കുന്ന പ്രസ്ഥാനത്തിന്റെ നയവൈകല്യം അതിലെ സാധാരണ പ്രവര്‍ത്തകരുടെ ജീവനാണ് കവരുന്നത്. അറുതിയില്ലാത്ത നരബലി. ഞങ്ങളെയെടുത്ത് അവരെ വിടൂ എന്ന് ഒരു നായകനും പറഞ്ഞില്ല. ഇനി നമുക്കു നോക്കാമെന്ന് നേതാക്കളാരും അങ്കം കുറിക്കുന്നില്ല. ക്വട്ടേഷന്‍ സംഘങ്ങളെ വിട്ടുള്ള കാലാള്‍യുദ്ധം മതി എന്നവര്‍ തീര്ച്ചപ്പെടുത്തിക്കാണും. ഇപ്പോഴത്തെ യുദ്ധം ചൂഷകവര്‍ഗത്തെ മാത്രം തുണയ്ക്കുന്ന വലതു രാഷ്ട്രീയ അജണ്ടയാണ്. സിപിഎം അതു തിരിച്ചറിഞ്ഞു പ്രതിരോധ രീതി മാറ്റുകയാണ് വേണ്ടത്. ബിജെപിയ്ക്കു രീതി മാറ്റാനാവില്ല. കാരണം തീവ്ര വലതു രാഷ്ട്രീയത്തിന്റെ സഹജ ഭാവമാണത്. സിപിഎമ്മിന്റെ വഴി അതല്ല. ആവരുത്.
ആസാദ്
10 മെയ് 2018
8.
മലപ്പുറം ജില്ലയിലെ തിരുരിനടുത്ത് സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നു. താനൂര്‍ തിരൂര്‍ മേഖല കലുഷമാവുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍, ലീഗ് അക്രമം തുടര്‍ന്നാല്‍ പ്രതിക്രിയ വേണ്ടിവരുമെന്ന് മുന്നറിയിപ്പു നല്കുന്നു. അപ്പോള്‍ സിപിഎം അക്രമമെന്ന് മുറവിളി കൂട്ടരുതെന്നും ഓര്‍മ്മിപ്പിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ തിരൂരിലുണ്ടായത് ഏകപക്ഷീയമായ അക്രമമാണ്. അതിനു പ്രതിക്രിയ ചെയ്യാന്‍ സ്വാഭാവികമായും തയ്യാറെടുപ്പുണ്ടാകും. അതാണല്ലോ അനുവര്‍ത്തിച്ചു വരുന്ന ശൈലി. അതുണ്ടാവാതെ നോക്കണമെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നിയമ നടപടി സ്വീകരിക്കണം. അതു ചെയ്യേണ്ടത് ആഭ്യന്തര വകുപ്പാണ്. ആഭ്യന്തര വകുപ്പിന്റെ നിഷ്ക്രിയത്വം വലിയ സംഘര്‍ഷങ്ങള്‍ വിളിച്ചു വരുത്തും. ഭരണ കക്ഷിതന്നെ പ്രതിക്രിയയ്ക്ക് ഇറങ്ങേണ്ടി വരുന്നത് ഗവണ്മെന്റില് വിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടാണ്.
അക്രമം അമര്‍ച്ച ചെയ്യാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണം. പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല എന്നാണ് സിപിഎം പ്രവര്‍ത്തകര്‍തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഖേദിക്കുന്നത്. അക്രമം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന സൂചന ഗവണ്മെന്റിന് അവര്‍ നല്കുന്ന മുന്നറിയിപ്പാണ്.
ജനങ്ങളുടെ ജീവിതം സംരക്ഷിക്കാന്‍ സര്‍ക്കാറിനു കഴിയണം. മാഹിയിലെ കൊലയാളികളെയും തിരൂരിലെ അക്രമികളെയും പിടികൂടാന്‍ അമാന്തമരുത്. സമാധാനം ഉറപ്പു വരുത്തേണ്ടത് ഗവണ്മെന്റാണ്. അതുണ്ടാവണം.
ആസാദ്
11 മെയ് 2018
9
നഴ്സുമാര്‍ക്ക് മിനിമം വേതനം ഇരുപതിനായിരം രൂപയാക്കാന്‍ വലിയ പ്രക്ഷോഭങ്ങള്‍ വേണ്ടിവന്നു. ഇപ്പോഴും അതു നടപ്പായിയെന്നു പറയാന്‍ വയ്യ. പല മാനേജ്മെന്റുകളും തീരുമാനം അട്ടിമറിക്കാനുള്ള വഴികളാണ് തേടുന്നത്. എങ്കിലും സര്‍ക്കാര്‍ ആശ്വാസകരമായ നിലപാടെടുത്തു തുണച്ചത് അവകാശപ്പോരാട്ടങ്ങള്‍ക്ക് കരുത്തേകും.
നഴ്സുമാരെപ്പോലെ ദയനീയമാണ് സ്വാശ്രയ കോളേജ് അദ്ധ്യാപകരുടെ നില. ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടരാന്‍ കഠിനമായ ബൗദ്ധികാദ്ധ്വാനം ആവശ്യമാണ്. ഉയര്‍ന്ന ബിരുദങ്ങള്‍ നേടിയശേഷം അവരുടെ ശേഷി തുച്ഛമായ വിലയ്ക്കു നല്കി അടിമകളെപ്പോലെ ജോലി ചെയ്യേണ്ടി വരുന്നു. കുറഞ്ഞ വേതനം ഇരുപതിനായിരം രൂപയെങ്കിലും വേണമെന്ന് എല്ലാ തൊഴില്‍മേഖലയിലും ആവശ്യമുയരുമ്പോള്‍ ഇക്കൂട്ടര്‍ക്ക് അത്രയെങ്കിലും നല്‍കണമെന്ന് ഒരു മാനേജ്മെന്റിനും തോന്നിയിട്ടില്ല.
അദ്ധ്യാപകര്‍ക്ക് വെക്കേഷന് കാലത്തും വേതനം നല്‍കുന്നുണ്ട്. അതു നടപ്പാക്കിക്കിട്ടാന്‍ ഒട്ടൊന്നുമല്ല ക്ലേശിച്ചിട്ടുള്ളത്. വെക്കേഷന് സാലറി വാങ്ങുന്നതല്ലേ, രാവിലെ മുതല്‍ വൈകീട്ടുവരെ കോളേജില്‍ ഉണ്ടാവണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്കുന്ന അപൂര്‍വ്വം മാനേജ്മെന്റുകളുമുണ്ട്. ഞങ്ങള്‍ കൂലിതരുന്നുണ്ടെങ്കില് ഞങ്ങള്‍ പണിചെയ്യിക്കും സര്‍ക്കാര്‍ തീരുമാനമോ കീഴ് വഴക്കമോ ഞങ്ങള്‍ക്കു ബാധകമല്ല എന്ന ശാഠ്യമാണ് പലര്‍ക്കും. കുറ്റിപ്പുറത്തിനടുത്ത് അങ്ങനെയൊരു കോളേജ് ഉണ്ടത്രെ!
സ്വാശ്രയ കോളേജുകളിലും സേവന വേതന വ്യവസ്ഥകള്‍ ക്രമീകരിച്ചു നടപ്പാക്കേണ്ടതുണ്ട്. മാന്യമായ വേതനം നല്‍കാതെയും അദ്ധ്യയനാന്തരീക്ഷം ഉറപ്പാക്കാതെയും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കണം. വിദ്യാര്‍ത്ഥികളെ കച്ചവട കരുക്കളാക്കി മാറ്റുന്ന അപമാനവിക പ്രവര്‍ത്തനം നിന്ദ്യമാണ്.
ആസാദ്
11 മെയ് 2018
10
മുമ്പൊക്കെ ഒരു പെട്ടി തക്കാളി കൊണ്ടുവന്നാല്‍ പാതിയോളം കെട്ടതും ചീഞ്ഞതുമാവും. ഇപ്പോള്‍ അങ്ങനെയല്ല. എല്ലാം ഫ്രഷാണ്. പച്ചക്കറിക്കട നടത്തുന്ന ഒരാളുടെ വാക്കുകള്‍ നമ്മുടെ ‘വികസന’ത്തിന്റെ സാക്ഷ്യമാണ്.
ഏതാണ്ട് അതേ നിലയിലായിട്ടുണ്ട് നമ്മുടെ എസ് എസ് എല്‍ സി, +2 പരീക്ഷാ ഫലങ്ങളും. തോറ്റവര്‍ വളരെ കുറവ്. എപ്ലസ് മിനുക്കമുള്ളവര്തന്നെ ധാരാളമുണ്ട്. എല്ലാറ്റിലും മിടുക്കന്‍മാരാവുകയാണ് കുട്ടികള്‍. ചിലതിലൊക്കെ അസാധാരണ പ്രതിഭ തെളിയുമ്പോള്‍ ചിലതിലൊക്കെ പിറകിലാവുക അത്ര മോശമല്ല. അതില്‍ നാണിക്കാനോ ഖേദിക്കാനോ ഇല്ല. പക്ഷെ, അങ്ങനെ പ്രത്യേക കഴിവോ താല്‍പ്പര്യമോ വെളിപ്പെടുത്താത്ത വിജയവും തോല്‍വിയുമാണ് വര്‍ദ്ധിക്കുന്നത്. നാമതാണ് ആഘോഷിക്കുന്നത്!
ഈ എപ്ലസുകാരൊക്കെ എങ്ങോട്ടാണ് പോകുന്നത്? എന്ട്രന്സുകളെഴുതി ആരംഭിക്കുന്ന ഭാഗ്യാന്വേഷണം അവരെ എവിടെയാണ് എത്തിക്കുന്നത്? ഏതു മൂല്യബോധമാണ് അവര്‍ സമൂഹത്തില്‍ വിളയിക്കുന്നത്? ഏതുതരം മാറ്റമാണ് നമ്മുടെ സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ അതു സൃഷ്ടിച്ചത്? ദയാരഹിതമായ മത്സരങ്ങളുടെ ലോകത്ത് പുതിയ മാനവികതയുടെ പ്രകാശം പരന്നുവോ? ഇല്ലെങ്കില്‍ ഈ വിജയങ്ങളില്‍ ആഘോഷിക്കാനെന്തുണ്ട്?
എപ്ലസ്സുകാരെയല്ല, പഠനകാലം നല്കിയ ലോകവീക്ഷണവും സാമൂഹിക ബോധവും ധാര്‍മ്മികബലവും ഉത്തേജിതരാക്കിയവരെയാണ് അനുമോദിക്കേണ്ടത്. വിദ്യാഭ്യാസം അപ്പോഴാണ് സാര്‍ത്ഥകമാവുക.
ആസാദ്
12 മെയ് 2018