നസികമായ അടിമത്തത്തില്‍നിന്ന് ഫാഷിസത്തിലേയ്ക്ക് വലിയ ദൂരമില്ല
*********
നമ്മുടെ കാഴ്ച്ചയും വസ്തുതാ ഗ്രഹണവും സിദ്ധാന്തവത്ക്കരണവുമെല്ലാം എത്രമേല്‍ അപക്വവും അരാഷ്ട്രീയവും ദുര്‍ബ്ബലവുമാണെന്ന് മിക്ക പ്രതികരണങ്ങളും ഭയപ്പെടുത്തുന്നു. ചില ദര്‍ശനങ്ങളെയോ മൂല്യധാരകളെയോ പിന്‍പറ്റി തങ്ങളുടെ ലോകവീക്ഷണവും പ്രതികരണരീതിയും കരുപ്പിടിപ്പിച്ചിരുന്ന മനുഷ്യര്‍ മാനസികമായ അടിമത്തം കൈനീട്ടി വാങ്ങുകയാണ്. കടപ്പാടുകളുടെ ഏറ്റുപറച്ചിലും പൂര്‍ണമായ വിധേയത്വവും മാത്രമേ കാണുന്നുള്ളു. ഏതു സ്ഥാപനത്തിനു കീഴ്പ്പെട്ടിരിക്കുന്നു എന്നതു മാത്രമാണ് വ്യക്തികളെയും പ്രതികരണങ്ങളെയും വേര്‍തിരിക്കുന്നതും നിര്‍ണയിക്കുന്നതും.
സമുദായവും മതവും രാഷ്ട്രീയവും അതിന്റെ ധാര്‍മിക അകങ്ങളില്നിന്നും സ്ഥാപന ഘടനയിലേയ്ക്കു പരിമിതപ്പെടുന്നു. ഗുണമല്ല അളവാണ് പ്രധാനമെന്ന് വന്നിരിക്കുന്നു. ഞാന്‍ വിനീത ദാസനാണ് എന്ന് നെറ്റിയിലെഴുതാന് ആര്‍ക്കും മടിയില്ല. സ്ഥാപന ഘടനയേതും അധികാര വ്യവഹാരത്തിന്റേതാണ്. പ്രത്യയശാസ്ത്രവും മാനവിക മൂല്യങ്ങളും ഇത്തരം ഘടനകളോട് നിരന്തരം ഇടയും. അത്തരമൊരു സംഘര്‍ഷത്തിലൂടെ കടന്നുപോകുന്നതായിരിക്കും സ്വാഭാവിക ജീവിതം. എന്നാല്‍ മാനസികമായ അടിമത്തം പേറുന്നവര്‍ക്ക് അതിന്റെ കാര്യമില്ല. അവരുടെ ഭാഷയും പ്രതികരണവും അതു വെളിപ്പെടുത്തുന്നു.
സാക്ഷരതയല്ല, പൊതുസാംസ്കാരിക നിലവാരമാണ് പ്രധാനം. നിരക്ഷരര്‍ ഏറെയുണ്ടാകുമ്പോഴും നയിക്കുന്നവരുടെ ദര്‍ശനം പൊതുവായ ചില ജീവിത മൂല്യങ്ങളും സാംസ്കാരിക അവബോധവും സൃഷ്ടിക്കും. അത് ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നു. എന്നാല്‍ ദര്‍ശനം നഷ്ടപ്പെടുത്തിയുള്ള വിധേയത്വം മനുഷ്യരെ ഉള്ളുപൊള്ളയായ ആള്രൂപങ്ങളാക്കുന്നു. അവരില്‍ യുക്തിചിന്തയല്ല അന്ധമായ അനുസരണയും ഭക്തിയുമാണ് കാണുക. നായകര്‍ക്കു വേണ്ടി ഏതു ഹിംസയ്ക്കും അവര്‍ തയ്യാറാവും വിചാരമൂല്യങ്ങളോ വികാരങ്ങളോ അവരെ തടയില്ല. ആയുധംകൊണ്ടോ ഭാഷകൊണ്ടോ കൊല്ലാമെന്ന് അവര്‍ നിശ്ചയിക്കുന്നു. കൊലയാളികള്‍ മാന്യരാകുന്നു.
മനുഷ്യരെ തിരിച്ചറിയാനുള്ള ശേഷി കൈവിടുന്നതോടെ കളിക്കളത്തിലെ കരുക്കള്‍ മാത്രമായി അന്യോന്യം തിരിച്ചറിയേണ്ടി വരുന്നു. തന്റെ സ്ഥാപനം നല്കുന്ന അംഗീകാര മുദ്രയുള്ളവരേ മനുഷ്യരാകൂ അവരെ മാത്രമേ ആദരിക്കേണ്ടൂ എന്ന പൊതുതത്വം രൂപപ്പെടുന്നു. ഇത്രമേല്‍ അപമാനവീകരിക്കപ്പെട്ട കാലമുണ്ടായിട്ടില്ല. മനുഷ്യരെ അന്യോന്യം വേര്‍തിരിച്ചു നിര്‍ത്തി പുതിയ മുതലാളിത്തം അതിന്റെ അധിനിവേശ വിജയം ആഘോഷിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ പരമാവധി ഐക്യപ്പെടാനും അതിജീവിക്കാനും സഹായകമായ പ്രത്യശാസ്ത്രങ്ങളെ അവ ഞെരിച്ചമര്ത്തപ്പെടുന്ന സ്ഥാപനാധികാര ഘടനകളില്നിന്നു മോചിപ്പിക്കേണ്ടതുണ്ട്. പ്രത്യശാസ്ത്രങ്ങളുടെ സത്തയും കരുത്തും വീണ്ടെടുത്തേ നമുക്ക് ഇന്നത്തെ സ്തംഭനം നീക്കാനാവൂ. അതിനു സകലവിധ വിധേയത്വവും കുടഞ്ഞെറിയാനുള്ള സന്നദ്ധത വേണം. സ്വന്തം സ്ഥാപനങ്ങളോട് കലഹിക്കാതെ പുതിയ ലോകം നേടാനാവില്ല.
ഈ എഴുതുന്നത് എങ്ങനെ വായിക്കുമെന്ന ഭയം തീര്‍ച്ചയായും എനിയ്ക്കുണ്ട്. പ്രത്യശാസ്ത്ര വായനകളല്ല, അധികാരബദ്ധ വായനകളാണ് ഇന്നേറെയുമുള്ളത്. മനസ്സിലാവാത്തതും ഉള്‍ക്കൊള്ളാന്‍ എളുപ്പമല്ലാത്തതും തങ്ങള്‍ക്കെതിരാവും എന്നു ചിന്തിക്കാനേ പലര്‍ക്കും ശേഷി കാണൂ. എങ്കിലും ഇതു പറയേണ്ടതുണ്ട്. ഈ പ്രതിസന്ധി മറി കടക്കേണ്ടതുമുണ്ട്. ചര്‍ച്ചകള്‍ക്ക് തുടക്കമാവട്ടെ.
ആസാദ്
28 മെയ് 2018
5
എല്ലാം തകരുകയാണോ?
***************
ഊതിവീര്‍പ്പിച്ച ബലൂണുകളെല്ലാം ഒന്നൊന്നായി പൊട്ടിത്തീര്‍ന്നിരിക്കുന്നു. ഘോഷിക്കപ്പെട്ട വിരാട് രൂപങ്ങളെല്ലാം കുഞ്ഞു വാമനന്മാരായി നിലത്ത് വീണിരിക്കുന്നു. ഇനിയാരും കേരളം കേരളമെന്ന് അഭിമാനിക്കേണ്ടതില്ല. കേരള മാതൃക, സാക്ഷര കേരളം, നവകേരളം, വിപ്ലവ കേരളം, വികസ്വര കേരളം എന്നൊന്നും ആര്ത്തലയ്ക്കയുമരുത്. എല്ലാം പിഴുതെടുക്കപ്പെട്ട ഒറ്റക്കണ്ണില്‍ എരിഞ്ഞു തീര്‍ന്നിരിക്കുന്നു.
2
ചെങ്ങന്നൂരില്‍ ബിജെപി ജയിക്കുമെന്ന് കേട്ടാല്‍ സംശയിക്കേണ്ടതില്ല. കേരളത്തിലുടന് ബിജെപി അധികാരത്തിലെത്തുമെന്ന് പറഞ്ഞാലും വെറുതെയാവില്ല. തീവ്ര വലതു രാഷ്ട്രീയത്തിനും സംഘപരിവാരങ്ങള്‍ക്കും വളക്കൂറേറിയ മണ്ണായി കേരളം പരുവപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ഇനി സംശയത്തിന് എങ്ങാണിടം? മണ്ണൊരുക്കി വഴിയൊരുക്കി കാത്തുനിന്നവരെ നോക്കുവിന്‍. ഉള്ളില്‍ താമരയും വാക്കില്‍ മതേതരത്വവും.
3
പല പതാകകളും പരിപാടികളും പ്രദര്‍ശിപ്പിക്കുന്ന പാര്‍ട്ടികളെല്ലാം ഒരേ സാംസ്കാരിക നിലവാരമാണ് പങ്കുവെക്കുന്നത്. അവര്‍ നയിക്കുന്ന ജനാധിപത്യ വ്യവഹാരങ്ങള്‍ സവര്ണകോയ്മയുടെതാണ്. സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളില്‍ കക്ഷിരാഷ്ട്രീയം വിതച്ചതിന്റെ വിളവെടുപ്പാണിപ്പോള്‍ നടക്കുന്നത്. ഉള്ളില്‍ വര്ണാഭിമാനം സൂക്ഷിക്കുന്ന വിപരീത വിപ്ലവത്തെ വേര്‍തിരിച്ചറിയാന്‍ നമുക്കാവുന്നില്ല. മതാന്ധതയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിവേചനങ്ങളുടെ നടപ്പാഭാസങ്ങളും തിരിച്ചുവന്നപ്പോള്‍ ആശ്ലേഷിച്ചു സ്വീകരിച്ചവര്‍ തിന്മയുടെ വിളവുകള്‍ കൊയ്യട്ടെ.
4
ജാതിരഹിത ജീവിതമെന്ന് ഒരാളും മിണ്ടരുത്. വാഗ്ഭടനെന്നും ശ്രീനാരായണനെന്നും നവോത്ഥാനമെന്നും വാഴ്ത്തിപ്പാടരുത്. ഏത് ജാതിഹിന്ദുക്കോയ്മാ ഗ്രാമത്തിലും സംഭവിക്കുന്നത് ഇവിടെയും സാധാരണമാവുന്നു. ജാതിജീവിതം പലതട്ടുകളില്‍ പിളര്‍ന്നു പെരുകുന്നു. മതേതര പുരോഗമന ജീവിതത്തിന്റെ പരീക്ഷണങ്ങളെല്ലാം തകര്‍ന്നടിയുകയും യാഥാസ്ഥിതിക ജാതിഹിന്ദുത്വം കൊടി നാട്ടുകയും ചെയ്തിരിക്കുന്നു. രാഷ്ട്രീയ വ്യവഹാരങ്ങളൊന്നും മതേതര ജനാധിപത്യ സംസ്കൃതി ഊട്ടിയുറപ്പിച്ചില്ല.
5
കെവിന്, പൊങ്ങച്ച കേരളത്തെ പൊളിച്ചടുക്കിയ രക്തസാക്ഷിത്വം. ആ നാമപദം ഉച്ചരിക്കാന്‍ ശേഷിയുണ്ടോ മന്ത്രിശ്രേഷ്ഠര്ക്ക്? മാന്യരേ, തല താഴ്ത്തുവിന്‍. ഈ പീറപ്പോലീസിനെ ചുമന്നവരും വഴിമാറട്ടെ. സ്വന്തം വകുപ്പ് ക്രിമിനലുകള്‍ക്ക് വിട്ടുകൊടുത്ത് മറ്റുള്ളവര്‍ക്ക് മാര്‍ക്കിടുന്ന ഭരണ നേതൃത്വം അപമാനകരമാണ്. ജീര്ണതയില് അക്കമിടാന്‍ ഇനിയെന്തുണ്ട് ബാക്കി? കസ്റ്റഡി മരണം, വ്യാജഏറ്റുമുട്ടല്‍, പൊലീസ് രാജ്, ദളിത് പീഡനം, സ്ത്രീപീഡനം, ജനകീയ സമരങ്ങളുടെ അടിച്ചമര്‍ത്തല്‍….
6
നിവര്‍ന്നു നില്ക്കാന് ഇനി ഒരുപാട് കുനിയണം. ഒരു വാക്കുച്ചരിക്കാന്‍ ഒരുപാട് വിഴുങ്ങണം. ഒരു ചുവടു വെയ്ക്കാന്‍ തന്നോടുതന്നെ പൊരുതണം. പോയ നൂറ്റാണ്ടിലെ മുറിവുകളില്‍ തുടങ്ങണം. കാണാത്ത പൂണൂലഴിച്ച് കാണുന്ന ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കണം.
ആസാദ്
29 മെയ് 2018
6
പൊതുചെണ്ടയില് ആര്‍ക്കാണ് കൊട്ടാന്‍ പാടില്ലാത്തത്?
******************
മുഖ്യമന്ത്രി വഴിയില്‍ കെട്ടിയ ചെണ്ടയല്ല. കേരളത്തിലെ മുഖ്യമന്ത്രിയുടെ മാത്രം കാര്യമാണോ? ആവാനിടയില്ല. ഒരു മുഖ്യമന്ത്രിയും ചെണ്ടയാവില്ല. പ്രധാനമന്ത്രിയും ചെണ്ടയാവില്ല. വെറുതെ അവരെയെന്തിന് കൊട്ടണം? ജനങ്ങളില്ലേ ഇവിടെ?
അതെന്റെ പിഴ എന്റെ പിഴ എന്നേറ്റെടുത്ത് കുനിഞ്ഞു ഖേദിച്ച നേതാക്കന്മാരുണ്ടായിരുന്നു. ഇനിയാ കസേരയില്‍ ഞാനിരിക്കില്ല എന്നു വിട്ടൊഴിഞ്ഞവരും ഉണ്ടായിരുന്നു. തീവണ്ടി അപകടത്തില്‍ ആളുകള്‍ മരിച്ചാല്‍ അന്വേഷണമേ വേണ്ടൂ മന്ത്രി രാജി വെയ്ക്കേണ്ടതില്ലെന്ന് പാവം ലാല്‍ബഹദൂര്‍ ശാസ്ത്രിയ്ക്ക് അറിയില്ലായിരുന്നു. സ്വന്തം വകുപ്പിലെ ചെറിയൊരു പിഴവിനോ അനീതിക്കോ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മര്യാദ എന്നേ കൈമോശം വന്നിരിക്കുന്നു.
നിരപരാധിയായ ഒരാളെ പിടികൂടി ലോക്കപ്പില്‍ മര്‍ദ്ദിച്ചു കൊല്ലുന്ന ക്രൂരതയ്ക്ക് ആഭ്യന്തരവകുപ്പ് മന്ത്രിയും ഉത്തരവാദിയാണ്. പൊലീസ് സേനയുടെ നിഷ്ക്രിയത്വം ഒരാളുടെ ജീവന് നഷ്ടമാകുന്നതിന് ഇടയാക്കുമ്പോഴും അതങ്ങനെയാണ്. വലിയ ഗുണ്ടാ സംഘമായി ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ് പൊലീസെങ്കില്‍ പറയുകയും വേണ്ട. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ആള് ആ പദവിയില്‍ തുടര്‍ന്നുകൂടാ.
മുഖ്യമന്ത്രിയും മന്ത്രിമാരും പൊതു പ്രവര്‍ത്തകരും ചെണ്ടതന്നെയാണ്. ആദ്യത്തെ പ്രഹരം അവര്‍ക്കാവും. സമൂഹത്തെ മാറ്റാനും മുന്നോട്ടു നയിക്കാനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ അതിന്റെ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയോ അവയുടെ വിപരീത പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനാവാതെ സ്തംഭിച്ചു നില്‍ക്കുകയോ ചെയ്യുന്നുവെങ്കില്‍ വിമര്‍ശനമുയരും. വഴിയേ പോകുന്നവരെല്ലാം കൊട്ടുകയും ചെയ്യും. യോഗി ആദിത്യനാഥന് ചുരുങ്ങിയ നാളുകള്‍കൊണ്ട് റിക്കാര്‍ഡിട്ടു കഴിഞ്ഞു.
യോഗി ആദിത്യനാഥും പിണറായി വിജയനും ഒരുപോലെയല്ല. ആവരുത്. ഒരുപോലെയായേ തീരൂ എന്ന മത്സരത്തില്‍നിന്ന് പിണറായി പിന്മാറണം. ധാര്‍മികമായ നടപടികളും കീഴ് വഴക്കങ്ങളും തീവ്ര വലതു പാര്‍ട്ടിയായ ബിജെപിയില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഇടതുപക്ഷം പക്ഷേ, ഇപ്പോഴും ജനങ്ങളുടെ പ്രതീക്ഷയാണ്. അതു കെടുത്തിക്കളയരുത്. ജനാധിപത്യ മൂല്യങ്ങളും മര്യാദകളും കാറ്റില്‍ പറത്തരുത്. പദവിയ്ക്കു യോജിക്കും വിധം പറയുകയെങ്കിലും വേണം, എന്റെ ഭരണത്തിന് കീഴില്‍ ,ഭരണയന്ത്രങ്ങള്ക്ക് കീഴില്‍ ഒരാളെങ്കിലും ഞെരിഞ്ഞു മരിച്ചെങ്കില്‍ അതെന്റെ പിഴ എന്റെ പിഴ എന്ന്.
അത്രയും വിനയമെങ്കിലും ജനങ്ങളോടാവാം. അപ്പോഴേ ഇവിടെ ജനാധിപത്യ സര്‍ക്കാറാണ് ഉള്ളതെന്ന് മനസ്സിലാവൂ.
ആസാദ്
30 മെയ് 2018
7
ചെങ്ങന്നൂരിലെ ഇടതുപക്ഷ വിജയം
***************
ചെങ്ങന്നൂരില്‍ സിപിഎം നേടിയത് ചരിത്ര വിജയമാണ്. സജി ചെറിയാനെയും പാര്‍ട്ടിയെയും മുന്നണിയെയും അഭിവാദ്യം ചെയ്യുന്നു. നവ ഫാഷിസ്റ്റുകള്‍ ശക്തിപ്പെടുന്ന കാലത്ത് ദേശീയ സാര്‍വ്വ ദേശീയ പ്രാധാന്യമുണ്ട് ഈ വിജയത്തിന്. അതു കണക്കിലെടുക്കാതെ വയ്യ. സിപിഎം ബംഗാളിനും ത്രിപുരയ്ക്കും ശേഷം അങ്ങു കുത്തിയൊലിച്ചു പോവും കേരളത്തിലുമെന്ന ബിജെപി മോഹം ഈ ഘട്ടത്തില്‍ എന്തായാലും നടന്നില്ല. യുഡിഎഫ് മണ്ഡലമായ ചെങ്ങന്നൂരില്‍ റിക്കാര്‍ഡ് വിജയം നേടുമ്പോള്‍ ഇടതുപക്ഷം കേരളത്തിലെ രാഷ്ട്രീയബലാബലം മാറ്റി അധീശത്വമുറപ്പിക്കയാണ്.
എന്തുകൊണ്ടാണ് യുഡിഎഫും ബിജെപിയും നിഷ്പ്രഭമായത്? സിപിഎമ്മിനെതിരെ കൊച്ചു കൊച്ചു കൊതിക്കെറുവുകളല്ലാതെ ഗൗരവമുള്ള എന്തു വിമര്‍ശനമാണ് അവര്‍ക്ക് ഉന്നയിക്കാന്‍ സാധിച്ചത്? എല്‍ ഡി എഫിന്റെ അടിസ്ഥാന നയത്തെ എതിര്ക്കാനായോ? വികസന നയത്തോടു വിയോജിപ്പുണ്ടായോ? ഏതെങ്കിലും ജനകീയ സമരത്തെ സര്‍ക്കാറിനെതിരായ പ്രക്ഷോഭമായി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുവോ? മൗനംകൊണ്ടും നിസ്സംഗതകൊണ്ടും സര്‍ക്കാറിനെ പിന്തുണയ്ക്കുകയായിരുന്നു പ്രതിപക്ഷം. എന്നു മാത്രമല്ല, യുഡിഎഫും ബിജെപിയും നടപ്പാക്കാനാഗ്രഹിച്ച, അവര്‍ക്കു നടപ്പാക്കാന്‍ സാധിക്കാതെപോയ വികസന പദ്ധതികളാണ് ഇടതുപക്ഷം നടപ്പാക്കാന്‍ ശ്രയിച്ചത്. തങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്ന ഇടതു സര്‍ക്കാറിനു മുന്നില്‍ ഒരു വിമര്‍ശനവും ഉന്നയിക്കാന്‍ അവര്‍ക്കായില്ല എന്നതാണ് സത്യം.
എന്നാല്‍ പുറംതള്ളല്‍ വികസനത്തിന്റെ ഇരകള്‍ സംസ്ഥാനത്ത് പലയിടത്തും വലിയ ചെറുത്തു നില്പ്പുകള് സംഘടിപ്പിക്കുന്നുണ്ട്. പലയിടത്തും അവര്‍ ശക്തമായ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാകുന്നുണ്ട്. അസംഘടിതരും ദുര്‍ബ്ബലരുമായ ഇക്കൂട്ടര്‍ തെരഞ്ഞെടുപ്പില്‍ കക്ഷിയല്ല. പ്രതിപക്ഷ രാഷ്ട്രീയം പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയിലോ മുന്നണിയിലോ അല്ല പ്രവര്‍ത്തനക്ഷമമായത്. സമര സംഘടനകളിലാണ്. അവര്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ മുഖ്യധാരാ പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാര്‍ നയത്തിന്റെ വക്താക്കളോ സംഘാടകരോ ആയാണ് പ്രത്യക്ഷപ്പെട്ടത്. സമര സംഘടനകള്‍ക്കാവട്ടെ തെരഞ്ഞെടുപ്പു രാഷ്ട്രീയം കൈകാര്യം ചെയ്യാനുള്ള ശേഷിയോ പരിചയമോ ഇല്ലതാനും. ഇതൊക്കെ എല്‍ ഡി എഫിന് അനുകൂലമായി ഭവിച്ചിട്ടുണ്ട്.
ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണത്തില്‍ സിപിഎമ്മിന്റെ നേതൃത്വപരമായ പങ്ക് പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിയിട്ടുണ്ട്. അതിന്റെ വിളവെടുപ്പുകൂടിയാണ് സജി ചെറിയാന്റെ വിജയം. രാജ്യവ്യാപകമായി വളരുന്ന ഫാഷിസ്റ്റു വിരുദ്ധ കൂട്ടായ്മകളെ പ്രചോദിപ്പിക്കുന്ന രാഷ്ട്രീയം ഇടതുപക്ഷത്തിന്റേതാണ്. മോഡി അമിത്ഷാ കൂട്ടുകെട്ടിന്റെ കോര്‍പറേറ്റ് -ഹിന്ദുത്വ അവിശുദ്ധ സഖ്യവും അതിന്റെ ജനവിരുദ്ധ നീക്കങ്ങളും തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ചു. മോഡിക്കെതിരെ ഒരിടതുപക്ഷ സംസ്ഥാന ഗവണ്മെന്റ് നിലനില്ക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. കോര്‍പറേറ്റ് വികസന പാത പിന്തുടരുന്ന ഒരു ഗവണ്മെന്റിന് എത്രമാത്രം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം വിജയിപ്പിക്കാനാവുമെന്ന ശങ്കയൊന്നും ജനങ്ങള്‍ ചര്ച്ചചെയ്യാനിടയില്ല.
ഇന്ത്യയിലെ പൊരുതുന്ന ജന സമൂഹങ്ങള്‍ക്ക് ഒരേ സമയം ആഹ്വാനവും താക്കീതുമാണ് ഇടതു മുന്നണിയുടെ ഈ വിജയം. ബിജെപിയുടെ ജാതിഹിന്ദുത്വ ഫാഷിസ്റ്റ് വാഴ്ച്ചയെ തടയാനാവും അതിനു നിസ്സംഗത വെടിയാം എന്നതാണ് ആഹ്വാനതലം. താക്കീതാവട്ടെ, എതിരാളികളെല്ലാം ഒരേ ജനവിരുദ്ധ വികസന നയത്തിന്റെ പങ്കുകാരാണ് എന്ന ഓര്‍മ്മപ്പെടുത്തലാണ്. വിജയ ഘോഷങ്ങളൊടുങ്ങുമ്പോള് പുറം തൊങ്ങലുകളഴിയും. ഒരേ പുള്ളികളുമായി വികസനത്തിന്റെ വേട്ടമൃഗങ്ങള്‍ നമ്മെ ഭയപ്പെടുത്തും. ഇടതുപക്ഷത്തെ അതിന്റെ തനതു രാഷ്ട്രീയത്തിലേയ്ക്കു പ്രത്യാനയിച്ചുകൊണ്ടേ ഈ പ്രതിസന്ധിയെ മറി കടക്കാനാവൂ.
ആസാദ്
31 മെയ് 2018