Article POLITICS

മെയ്മാസക്കുറിപ്പുകള്‍ 3

ഹിംസയുടെ ഭാഷ കൈയൊഴിയണം
*************
എതിര്‍ പാര്‍ട്ടി നേതാക്കളെ അപഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന അഭിപ്രായ പ്രകടനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നു. ഹിംസയുടെ മറ്റൊരു രൂപമാണത്. വിയോജിക്കാനും വിമര്‍ശിക്കാനും ആര്‍ക്കും അവകാശമുണ്ട്. മനുഷ്യന്‍ മനുഷ്യനോടു കാണിക്കേണ്ട മര്യാദ മറക്കരുത്. വേറൊരാള്‍ വേറിട്ട ചിന്തയും പ്രവൃത്തിയും പുലര്‍ത്തുന്നവനാവും. നമ്മെപ്പോലെ ശരിയെന്നു കരുതുന്ന കാര്യങ്ങളാണ് അയാളും ചെയ്യുന്നത്. കാഴ്ച്ചപ്പാടിലെ വ്യത്യാസം പല അടിസ്ഥാന ജീവിത സാഹചര്യങ്ങളില്‍നിന്നും രൂപപ്പെടുന്നതാണ്. അതു മനസ്സിലാക്കിയുള്ള വിമര്‍ശനവും തിരുത്തും സ്വാഗതാര്‍ഹമാണ്.

മറ്റൊരാളെ തോണ്ടുന്നതും നിന്ദിക്കുന്നതും ആനന്ദകരമാവുന്നതെങ്ങനെ? അത് ആരോഗ്യകരമായ സംസ്കാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ലക്ഷണമല്ല. യുക്തിസഹവും ദര്‍ശനാധിഷ്ഠിതവുമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തേണ്ടത്. അതിനു കഴിവില്ലാത്തവരുടെ ആത്മാലാപം ദയനീയമാവും. നേതാക്കള്‍ ഈ സമൂഹത്തിന്റെ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. മണ്ണ് മോശമാവുമ്പോള്‍ മരത്തെ മാത്രം പഴിക്കേണ്ടതില്ല.

നവലോകം സ്വപ്നം കണ്ട പോരാളികളുടെ തലമുറകളൊന്നും ഇത്ര അധപതിച്ചില്ല. അന്യോന്യാദരവോടെ വിയോജിക്കാനും ആശയ സംവാദം നടത്താനും സാധിച്ചിരുന്നു. അന്യ മതക്കാരും ആശയക്കാരും തന്നോളം ധാരണയോ ജ്ഞാനമോ ഇല്ലാത്തവരാണെന്ന മുന്‍വിധി മാരകമായ രോഗമാണ്. അതിപ്പോള്‍ പടരുന്നു. യുക്തിസഹമായ വിമര്‍ശനവും ആദരവോടെയുള്ള സമീപനവും എന്ന നിലപാടാവും ഉചിതം. അന്യനു നേരെയുള്ള നെറികെട്ട ഭര്‍ത്സനം ഹിംസതന്നെയാണ്. ഹിംസയുടെ ഭാഷ കൈവെടിയുന്നവര്‍ക്കേ ജനാധിപത്യത്തിന്റെ വിവക്ഷകള്‍ വഴങ്ങുകയുള്ളു.

ആസാദ്
26 മെയ് 2018

2
തപാല്‍ ജീവനക്കാരുടെ സമരം തുടരുകയാണ്.
********************

അഞ്ചു ദിവസമായിട്ടും കേന്ദ്ര ഗവണ്‍മെന്റ് അനങ്ങിയിട്ടില്ല. 2016 നവംബറില്‍ സമര്‍പ്പിച്ച കമലേഷ് ചന്ദ്ര കമ്മറ്റി റിപ്പോര്‍ട്ട് ലക്ഷക്കണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷയാണ്. അതൊന്നു തുറന്നു നോക്കാന്‍ മോഡി ഗവണ്‍മെന്റ് തയ്യാറായിട്ടില്ല. അഞ്ചു ലക്ഷത്തോളം തപാല്‍ ജീവനക്കാരില്‍ അറുപതു ശതമാനത്തിലേറെവരും ഗ്രാമീണ മേഖലയിലെ ഡാക് സേവക് ജീവനക്കാര്‍. നിസ്സാര വേതനത്തിന് തൊഴിലെടുക്കുന്നവരാണ് അവര്‍. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെന്ന മഹിമ ജീവിതത്തെ തെല്ലും ആനന്ദിപ്പിക്കുന്നില്ല. തൊഴില്‍ സുരക്ഷപോലുമില്ലാതെ അമിതാദ്ധ്വാനത്തിന് നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ്.

സ്വകാര്യ കത്തുകളും സന്ദേശങ്ങളും മറ്റുപാധികള്‍ തേടിയപ്പോഴും ഔദ്യോഗിക അറിയിപ്പുകള്‍ക്കും മറ്റും ചെലവു കുറഞ്ഞ വിനിമയോപാധിയായി തപാല്‍മേഖല തുടര്‍ന്നു. സേവനത്തിന്റെ ജനകീയ തുറകളില്‍ പ്രധാനപ്പെട്ടതെങ്കിലും ആ ആദരവോ ആനുകൂല്യമോ അവര്‍ക്ക് ലഭിച്ചില്ല. മിനിമം വേതനം ലഭിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ മറ്റേതു മേഖലയിലാണുള്ളത്? അസംഘടിത മേഖലയിലെ ചൂഷണങ്ങളെക്കാള്‍ ഭീകരമായ ചൂഷണമാണ് തപാല്‍ ജീവനക്കാര്‍ അനുഭവിക്കുന്നത്.

സാങ്കേതിക വിദ്യാ വികസനത്തിന്റെ ഫലമായി വലിയ പ്രതിസന്ധി നേരിടുന്ന തൊഴിലിടമാണിത്. പല രാജ്യങ്ങളിലും ജീവനക്കാര്‍ പോരാട്ടത്തിന്റെ പാതയിലാണ്. കോര്‍പറേറ്റ് വികസനത്തിന്റെ ദല്ലാള്‍ ഗവണ്‍മെന്റുകള്‍ അടിത്തട്ട് ജീവിതത്തിലെ പ്രശ്നങ്ങള്‍ അവഗണിക്കുകയാണ്. അവരുടെ കണ്ണു തുറപ്പിക്കാനും ലക്ഷക്കണക്കായ തപാല്‍ ജീവനക്കാരുടെ ജീവിതത്തെ രക്ഷിക്കാനും പൊതു സമൂഹത്തിന്റെ പിന്തുണയാവശ്യമുണ്ട്. കടുത്ത സമ്മര്‍ദ്ദമുയരണം.

തപാല്‍ സമരത്തിന് അഭിവാദ്യം, ഐക്യദാര്‍ഢ്യം.

ആസാദ്
27 മെയ് 2018

3
അംഗീകൃത സാംസ്കാരിക നായകരുടെ പട്ടിക പുറത്തു വിടണം
**************

കേരളത്തിലെ സാംസ്കാരിക നായകരുടെ പട്ടികയുണ്ടാക്കുകയും അവരെ വിളിച്ചു ചേര്‍ക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ ഓഫീസ് വലിയൊരു കാര്യമാണ് ചെയ്തത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുന്ന കാലമാണ്. ആരൊക്കെയാണ് സാംസ്കാരിക നായകരെന്ന് ആര്‍ക്കും വലിയ തിട്ടമൊന്നുമില്ല. പല പ്രസ്താവനകളിലും അവകാശവാദങ്ങള്‍ കണ്ടിട്ടുമുണ്ട്. ഉള്ളതു പറയാമല്ലോ. ചിലപ്പോഴൊക്കെ ഞാനുമതില്‍ പെട്ടിട്ടുണ്ട്. അതൊക്കെ വ്യാജംതന്നെ. ശരിയായ പട്ടിക തയ്യാറായ സ്ഥിതിക്ക് അതു പ്രസിദ്ധീകരിക്കുന്നതു നന്നാവും. ആളുകളറിയട്ടെ. ഇനിയും തെറ്റായ പ്രചാരണങ്ങളില്‍ ആരും വീണുകൂടാ.

ജനങ്ങളുടെ അതിജീവന സമരങ്ങളില്‍ കലാ സാഹിത്യ സാംസ്കാരിക നായകര്‍ക്ക് വിശേഷിച്ചെന്തു കാര്യം? അവിടെയൊന്നും ആരും എത്തില്ല. ‘പ്രഭാഷണങ്ങള്‍ക്ക് വിളിച്ചാല്‍തന്നെ കാറുകൂലി നല്‍കാതെ വിടുന്ന’ സംഘാടകര്‍ ഏറെയാണ്. അപ്പോള്‍ സമരത്തിനെങ്ങനെ പോവും? മുഖ്യമന്ത്രി വിളിച്ചാല്‍ പോകാതെ വയ്യല്ലോ. തൃപ്തി അറിയിക്കുകയും ചെയ്യാം. ഉപദേശം തേടുന്നതല്ലേ? നോക്കാം. ഇവിടെയിനി കൊള്ളാവുന്ന പ്രാര്‍ത്ഥനാ ഗാനത്തിന്റെ കുറവേയുള്ളു. അതുടന്‍ പരിഹരിക്കും. ബോധേശ്വരനൊന്നും അല്ലെങ്കിലും ബോധരാജാക്കന്മാര്‍ക്ക് പഞ്ഞമില്ലല്ലോ.

ദീപസ്തൂപം മഹാസ്തൂപം. ഇങ്ക്വിലാബ് സിന്ദാബാദ്

ആസാദ്

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )