1
കുഞ്ഞുങ്ങളുടെ നിലവിളികള്‍ തെരുവുകള്‍ക്ക് തീ കൊടുക്കില്ലേ?
***************
പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്റ്റ് (POCSO Act) 2012 ഇന്ത്യന്‍ ബാല്യത്തിനുള്ള സുരക്ഷാ വലയമായാണ് അവതരിപ്പിക്കപ്പെട്ടത്. കര്‍ശനമായ വ്യവസ്ഥകളും കര്‍മ്മപദ്ധതികളും ഈ നിയമത്തിലുണ്ട്. അതിന്റെ ഗൗരവം പക്ഷെ, നടപ്പാക്കേണ്ട നിയമപാലകര്‍ക്ക് തീരെ മനസ്സിലാവുന്നില്ല. പ്രായപൂര്‍ത്തിയാവാത്ത ആദിവാസി വിവാഹങ്ങളെ പോക്സോ കേസില്‍ ഉള്‍പ്പെടുത്തി കേസുകളുടെ എണ്ണം തികയ്ക്കാന്‍ ഉത്സാഹിക്കുകയായിരുന്നു നേരത്തേ വയനാട്ടില്‍. ഇപ്പോള്‍ മലപ്പുറത്താകട്ടെ, പരാതി ലഭിച്ചിട്ടും സമ്പന്നര്‍ക്കെതിരെ എങ്ങനെ എഫ് ഐ ആറിട്ട് കേസെടുക്കും എന്ന ധര്‍മ്മസങ്കടത്തിലും.
നമ്മുടെ പൊലീസ് സംവിധാനം ആധുനിക സമൂഹത്തിന് ബാധ്യതയാവുകയാണ്. മലപ്പുറം ജില്ലയില്‍ ഒരു ബാലികയെ ലൈംഗിക ചൂഷണം ചെയ്തതു സംബന്ധിച്ചു തെളിവുകള്‍ സഹിതം പരാതി ലഭിച്ചിട്ടും പൊലീസ് അനങ്ങിയില്ല. രണ്ടാഴ്ച്ചയ്ക്കു ശേഷം ചാനലില്‍ ദൃശ്യം വരേണ്ടിവന്നു പൊലീസിനു കണ്ണു തെളിയാന്‍. ഇന്നു മാതൃഭൂമി ചാനല്‍ ആകാവുന്നത്ര ഒതുക്കത്തോടെയാണ് ദുഖകരമായ വാര്‍ത്തയും മറയുള്ള ദൃശ്യങ്ങളും പുറത്തുവിട്ടത്. തുടര്‍ന്ന് മണിക്കൂറുകള്‍ പിന്നിടുംമുമ്പ് പ്രതി അറസ്റ്റിലായി.
സത്യത്തില്‍ അപ്പോഴേക്കും പോക്സോ പ്രകാരം വിചാരണ ചെയ്യപ്പെടേണ്ടവരായി പൊലീസ് മാറിക്കഴിഞ്ഞിരുന്നു. കുറ്റകൃത്യം അറിഞ്ഞിട്ടും ഒളിച്ചുവെച്ചതിന് പോക്സോ വകുപ്പുകള്‍ ചുമത്തിത്തന്നെ നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍ ആ നിലയ്ക്കുള്ള നീക്കം ഉണ്ടായിക്കാണുന്നില്ല. അടിയന്തിരമായി ആ പൊലീസുകാരെ സര്‍വ്വീസില്‍നിന്നു നീക്കാനും പോക്സോ നിയമപ്രകാരം കേസെടുക്കാനും സര്‍ക്കാര്‍ തയ്യാറാവണം.
കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക ചൂഷണവും അതിക്രമവും വര്‍ദ്ധിക്കുന്നത് ആശങ്കയേറ്റുന്നു. കാശ്മീരിലെ ക്ഷേത്രത്തില്‍ പിച്ചിച്ചീന്തപ്പെട്ട ബാല്യം ഒരു മഹത്തായ രാജ്യത്തെ പാപഭാരത്തിലാഴ്ത്തി. അതിന്റെ ആഘാതം, കാശ്മീരെത്ര ദൂരെയാണ് ഇവിടെയിതു നടക്കുമോ എന്നു സമാധാനം കൊണ്ടു നാം മറികടന്നു. ഇപ്പോഴോ, നിഷ്ക്കളങ്ക ബാല്യത്തെ ഇക്കിളിപ്പെടുത്തി വീഴ്ത്തുന്ന സുഖചൂഷണത്തിന്റെ കെണികളാണ് ചുറ്റുമെന്ന് മാതൃഭൂമി വാര്‍ത്ത നമ്മെ ഞെട്ടിക്കുന്നു. നാം നമ്മുടെ കൈകളെ കണ്ണുകളെ ആശങ്കയോടെ നോക്കുകയാണ്. ഈ ചോരക്കറ പടരുകയാണ്.
കുട്ടികള്‍ ജനങ്ങളാണ്. അവരടിമകളല്ല. ആരുടെയും അടിയാളരല്ല. സുഖോപാധികളോ ഉപകരണങ്ങളോ അല്ല. ബാല്യത്തെ അക്രമിക്കുന്നവര്‍ കരുണയര്ഹിക്കുന്നില്ല. കുറ്റവാളികളെ, അതിലും നീചരായ പൊലീസുകാരെ തടവറകളില്‍ തള്ളണം. അതുവരെ ജനരോഷം കെട്ടുപോകില്ല. തെരുവുകളില്‍ തീയണയില്ല.
ആസാദ്
12 മെയ് 2018
എടപ്പാളിലെ അമ്മയുണര്ത്തുന്ന ആശങ്കകള്‍
******************
ഒരമ്മ മകളെ ബാലപീഢകര്‍ക്ക് കാഴ്ച്ചവെയ്ക്കുമെന്ന് വിചാരിക്കുക വയ്യ. എടപ്പാളിലെ തിയേറ്ററില്‍ അതാണ് സംഭവിച്ചത് എന്നു വാര്‍ത്ത. ഒന്നുകില്‍ അത്രയേറെ നിവൃത്തികേടിലാവണം ആ അമ്മ. അല്ലെങ്കില്‍ കുട്ടിയെ ഒരു തൊഴില്‍ പരിശീലിപ്പിക്കുകയാവണം. ഈ രണ്ടവസ്ഥയിലും ഇത്തരം ദുര്‍വൃത്തികള്‍ക്ക് കീഴ്പ്പെടാം. പൊലീസ് അന്വേഷണത്തില്‍ അതു വെളിപ്പെടുമായിരിക്കും.
ഒരമ്മയെ ഇങ്ങനെയൊരു കുറ്റകൃത്യത്തിലേയ്ക്കു വലിച്ചിട്ട സാഹചര്യം ഗൗരവത്തോടെ പഠിക്കണം. സമ്പന്ന വിഭാഗങ്ങള്‍ വിലപേശി നല്കുന്ന ഔദാര്യത്തിന്റെ നിര്‍ബന്ധങ്ങള്‍ അതിക്രൂരമാവാം. പഴയ മാടമ്പി രക്തത്തിന്റെ ധിക്കാരത്തള്ളലാണത്. എട്ടുകാലികളെപ്പോലെ വലവിരിച്ചു വീഴ്ത്താം ഇരകളെ. അവര്‍ക്കത് കൂലികൊടുത്താല്‍ തീരുന്ന പാപങ്ങള്‍! അതില്‍ കുരുങ്ങിപ്പോയതാവുമോ പാവം ഈ അമ്മയും? അതോ കൂട്ടിക്കൊടുപ്പും അധോലോക വൃത്തികളുമായി പെരുകുന്ന ദുര്‍വൃത്ത ഗണങ്ങളില്‍ കണ്ണിയാവുമോ അവര്‍? ഒരമ്മ നമ്മുടെ അമര്‍ഷവും സങ്കടവുമാവുകയാണ്. തിരിച്ചറിവെത്തുംമുമ്പ് പീഢിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ നിലവിളികള്‍ പക്ഷെ,ശമിക്കില്ല.
അമ്മമാര്‍ പെണ്‍കുട്ടികളെ വൈശിക കൗശലങ്ങളിലേയ്ക്ക് ആനയിക്കുന്ന കഥകള്‍ നാം ഏറെ വായിച്ചിട്ടുണ്ട്. അങ്ങനെയുമൊരു പാരമ്പര്യം നമ്മുടെ മഹത്തായ സംസ്കാരത്തിന്റെ അടരുകളിലുണ്ടെന്ന് മറന്നുകൂടാ. അതെല്ലാം മായ്ച്ചുകളഞ്ഞ് പുതിയ ബോധ്യത്തിലേയ്ക്ക് വളരണമെങ്കില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കും മാനവിക ദര്‍ശനങ്ങള്‍ക്കും തെളിഞ്ഞ മേല്‍ക്കൈ കിട്ടേണ്ടതുണ്ട്. ഒപ്പം ജീവിത സാഹചര്യം മെച്ചപ്പെടുകയും വേണം. കര്‍ശനമായ നിയമ നടപടികള്‍ക്കൊപ്പം നിര്‍വ്വഹിക്കേണ്ട ചുമതലകള്‍ ഏറെയാണ്. തിയേറ്ററിലെ ബാലികാ പീഢനത്തിന്റെ വാര്‍ത്ത നമ്മിലുണ്ടാക്കിയ നടുക്കം നാം പുലര്‍ത്തേണ്ട ജാഗ്രതയുടെയും സ്വീകരിക്കേണ്ട ലോകവീക്ഷണത്തിന്റെയും ഓര്‍മ്മപ്പെടുത്തലാകുന്നു.
ആസാദ്
മാതൃദിനം 2018
3
വോട്ടിംഗ് യന്ത്രം വിശ്വാസ്യത വീണ്ടെടുക്കണം
**********************
ബാലറ്റ് പേപ്പര്‍ തിരിച്ചെത്തിയാലേ ജനാധിപത്യ പ്രക്രിയ സുതാര്യമാകൂ. ദുരൂഹമായ അകങ്ങളുണ്ട് യന്ത്രങ്ങള്‍ക്ക്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വലിയ പരിമിതിയും അതുതന്നെ. ഭരണകൂടം ജനവിരുദ്ധമാകുമ്പോള്‍ അതിന്റെ ഹിതമാവാം യന്ത്രങ്ങളില്‍ നിറയുന്നത്. ജനാധിപത്യ മൂല്യങ്ങളും നിയമവ്യവസ്ഥയും അട്ടിമറിക്കാന്‍ ലജ്ജിക്കാത്ത ഒരു നേതൃത്വത്തിന് വളരെ നിസ്സാരമാണ് ‘പൊതുസമ്മതി നേടല്‍’ എന്നു വന്നിരിക്കുന്നു.
ത്രിപുരയിലും കര്‍ണാടകയിലും ബിജെപി നേടിയ വിജയം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ഗൂഢവൃത്തിയാണെന്ന് ആരോപിക്കാന്‍ എന്റെ കൈയില്‍ തെളിവുകളില്ല. എന്നാല്‍ ഇന്ത്യന്‍ ജനത കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണെന്ന വിചാരവും എനിയ്ക്കില്ല. ജനസമ്മതി അതിന്റെ അനുഭവതീവ്രതയോടെ അടയാളപ്പെടാതെ പോകുന്നുവെങ്കില്‍ ഇടയിലെങ്ങോ ദുരൂഹമായ മാന്ത്രിക വൃത്തികള്‍ നടക്കുന്നു എന്ന് കരുതേണ്ടി വരും. ഏതു ബട്ടനമര്ത്തിയാലും താമരയില്‍ വോട്ടു വീഴുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത്തരമൊരു സാധ്യത നില നില്ക്കുന്നു എന്നാണര്‍ത്ഥം. അതു പരിശോധിക്കപ്പെടണം.
ബാലറ്റുപേപ്പര്‍ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരട്ടിമറിയും നടക്കുകയില്ല എന്ന വാദവും ശരിയല്ല. അത്തരം അനുഭവവും ധാരാളമാണ്. അതു പക്ഷെ കുറെകൂടി എളുപ്പം കണ്ടെത്താനാവും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ നിലയതല്ല. ചോദ്യം ചെയ്യരുതാത്ത ദൈവഛായയിലാണ് അതിന്റെ നില്‍പ്പ്. അകം വിശാലമായ കളിനിലമാണ്. കരുനീക്കങ്ങളില്‍ എന്തും മാറ്റി നിര്‍ണയിക്കാം. ആരാണ് കരു നീക്കുന്നത് എന്നത് വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അടിസ്ഥാനമായിത്തീരും.
ബാലറ്റ് പേപ്പറിലേയ്ക്കു മടങ്ങാം, യന്ത്രത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുംവരെ എന്നേ പറയാനുള്ളു.
ആസാദ്
15 മെയ് 2018
4
ജനവിധി അട്ടിമറിക്കരുത്
****************
കുതിരക്കച്ചവടത്തിന് ഗവര്‍ണറുടെ പച്ചക്കൊടി. കര്‍ണാടകയില്‍ അതേയുണ്ടായുള്ളു. ഗവര്‍ണറാകുമ്പോള്‍ ഉരിഞ്ഞുകളയാവുന്ന മേല്‍ക്കുപ്പായമല്ല രാഷ്ട്രീയമെന്ന് വാജുഭായിക്ക് തെളിയിക്കണം. അതു തെളിയിക്കാന്‍ വലിയ മത്സരമാണ് പല സംസ്ഥാനങ്ങളിലും നടക്കുന്നത്.
മോഡി- അമിത്ഷാ ദ്വന്ദ്വത്തിനു മുന്നില്‍ ഭരണഘടനയും നിയമവ്യവസ്ഥയും നീതിബോധവും കീഴ് വഴക്കങ്ങളും ചവിട്ടിമെതിക്കപ്പെടുന്നു. ആ ദ്വന്ദ്വത്തിനു പ്രിയമെന്തോ അതാണ് നിയമവും ധര്‍മ്മവുമെന്ന് വന്നിരിക്കുന്നു. മോഡിയുടെയും അമിത്ഷായുടെയും ഔദാര്യം ഭക്ഷിച്ചു കഴിയുന്നവര്‍ക്ക് മഹത്തായ ജനാധിപത്യം കാല്‍ച്ചുവട്ടിലെ കളിക്കരു മാത്രം!
ഗോവയിലും മണിപ്പൂരിലും മേഘാലയത്തിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചില്ല. പകരം ബിജെപി തട്ടിക്കൂട്ടിയ മുന്നണിയെ ക്ഷണിച്ചു. കര്‍ണാടകയില്‍ ബി ജെ പി വലിയ ഒറ്റക്കക്ഷിയായി. പക്ഷെ, ഭൂരിപക്ഷമില്ല. കോണ്‍ഗ്രസ് ജെഡിഎസ് കൂട്ടുകെട്ടിന് ഭൂരിപക്ഷമുണ്ട്. എങ്കിലും ഗവര്‍ണര്‍ക്ക് ബോധ്യമായത് ബിജെപിയെയാണ്. ഭൂരിപക്ഷമുണ്ടാക്കാന്‍ പതിനഞ്ചു ദിവസവും നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവരില്‍ കുതിരക്കച്ചവടം നടത്താതെ ബിജെപിയ്ക്ക് ഭൂരിപക്ഷമുണ്ടാവില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? രണ്ടാഴ്ച്ച സമയം നല്‍കിയത് ജനാധിപത്യ ധ്വംസനത്തിന്റെ വഴികള്‍ തേടാനാണ്.
ഗവര്‍ണര്‍ ജനാധിപത്യത്തിന് കാവല്‍ നില്‍ക്കേണ്ട പദവിയാണ്. അതില്‍ ഇടപെട്ട് മാറ്റിത്തീര്‍ക്കാന്‍ അധികാരപ്പെട്ടവനല്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പോലും സംശയത്തിന്റെ നിഴലിലേയ്ക്ക് നീങ്ങുന്ന കാലമാണിത്. കേന്ദ്രാധികാരം അത്രമേല്‍ ജനവിരുദ്ധമായിരിക്കുന്നു. ദുഷിച്ച ഇടപെടലുകള്‍ ജനാധിപത്യത്തെ കളങ്കിതമാക്കുന്നു. ജനങ്ങളോടുള്ള നെറികെട്ട യുദ്ധമാണിത്.
ജനങ്ങളെയും ജനവിധിയെയും മാനിക്കണം. അതിനു ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ട മാന്യര്‍ക്ക് കഴിയുന്നില്ലെങ്കില്‍ ജനരോഷം ഉയരാതെ വയ്യ. ജനവിധി അട്ടിമറിക്കാനുള്ള ഹീനമായ നീക്കം ആഭ്യന്തര കലഹങ്ങളും അരാജകത്വവും വളരാനിടയാക്കും. തീക്കളിയാണ് ഇപ്പോള്‍ അരങ്ങേറുന്നത്.
ആസാദ്
17 മെയ് 2018
5
സമാന്തര റയില്‍പ്പാത സ്വാഗതാര്‍ഹം
*****************
അതിവേഗ തീവണ്ടിപ്പാതയല്ല, നിലവിലുള്ള പാതയ്ക്കു സമാന്തരമായി രണ്ടു വരി റെയില്‍പ്പാത നിര്‍മിക്കലാണ് മുഖ്യ പരിഗണനയിലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷ നല്കുന്നു. അഞ്ചോ ആറോ മണിക്കൂറുകൊണ്ടു കാസര്‍കോടുനിന്ന് തിരുവനന്തപുരത്ത് എത്താവുന്ന പാതയേ തല്ക്കാലം വേണ്ടൂ എന്ന അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. ജലപാതാ സംരംഭങ്ങള്‍ക്ക് വേഗം കൂട്ടുകയും വേണം.
എന്നാല്‍, മുന്‍ സര്‍ക്കാറുകള്‍ ഭയന്നു പിന്മാറിയ ദേശീയപാതാ സ്വകാര്യവത്ക്കരണം നടപ്പാക്കിയതാണ് ഇടതു സര്‍ക്കാറിന്റെ മികച്ച നേട്ടമെന്ന അവകാശവാദം സ്വയം തോല്പ്പിക്കുന്നതായി. മറ്റു നേട്ടങ്ങളുടെ നിറം കെടുത്തിയ നവലിബറല്‍ വികസനനാഭാസം മാത്രമാണത്. സ്വകാര്യവത്ക്കരണത്തിനു വിട്ടു നല്‍കാതെ പാത വികസിപ്പിക്കാന്‍ എന്തെങ്കിലും ശ്രമമുണ്ടായോ? ഏതെങ്കിലും ബദല്നിര്ദ്ദേശം സര്‍ക്കാര്‍ പരിഗണിച്ചുവോ?
കാര്‍ഷിക സംസ്കാരം വളര്‍ത്താന്‍ യത്നിച്ചു എന്ന അവകാശവാദം തള്ളിക്കളയാനാവില്ല. എന്നാല്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചതും കയ്യേറ്റ ലോബിയെ തുണച്ചതും നേട്ടങ്ങളെ തോല്‍പ്പിച്ചു. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ച അതേ വീര്യത്തില്‍ സ്വാശ്രയ മുതലാളിമാരുടെ താല്‍പ്പര്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയും ചെയ്തു. പൊതു വിദ്യാഭ്യാസ രംഗത്ത് പുതിയ വരേണ്യത ഉയര്‍ന്നു വന്നു. സ്വാശ്രയ ഫീസ് വര്‍ദ്ധന മുതല്‍ അനുകൂല ഓര്‍ഡിനന്‍സ് വരെ ചര്‍ച്ചയായി.
ഓരോന്നായി എണ്ണിപ്പറയുന്നില്ല. ഇടതു സര്‍ക്കാറുകളുടെ വ്യത്യസ്ത നയം നടപ്പാക്കാന്‍ തുനിയുമ്പോഴൊക്കെ നവലിബറല്‍ നയങ്ങളുടെ കൈപ്പിടിയിലേക്ക് കാര്യങ്ങള്‍ ചെന്നു പെടുന്ന അവസ്ഥയുണ്ടായതെങ്ങനെ എന്നു ഗൗരവപൂര്‍വ്വം ആലോചിക്കാന്‍ ഈ രണ്ടാം വാര്‍ഷിക വേള സഹായകമാവണം. നവലിബറല്‍ വികസന ആഭാസങ്ങളെ എങ്ങനെ വ്യാഖ്യാനിച്ചാലും ജനപുരോഗതിയുടെ നിദര്ശനങ്ങളാക്കാന് സാധിക്കുകയില്ല. ഇടതു സര്‍ക്കാറുകള്‍ക്ക് മാത്രം സാധ്യമായ സംഭാവനകള്‍ നല്കാന് കേരളത്തിലെ പിണറായി സര്‍ക്കാറിനു സാധിക്കണം. അല്ലെങ്കിലത് മോഡി സര്‍ക്കാറിന്റെ അനുബന്ധം മാത്രമായി ചുരുങ്ങും. ആഭ്യന്തരവകുപ്പ് ഏറെക്കുറെ അങ്ങനെ മാറിയിരിക്കുന്നുവെന്ന് വിമര്‍ശനമുണ്ട്. അതു തിരുത്തണം.
ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും പൊരുതുകയും ചെയ്യണം ഇടതു സര്‍ക്കാറുകള്‍. സമരങ്ങളെ അടിച്ചമര്‍ത്തുന്ന രീതി വലതുരാഷ്ട്രീയത്തിന്റേതാണ്.
ആസാദ്
21 മെയ് 2018
6
തൂത്തുക്കുടിയില്‍നിന്ന് കാക്കഞ്ചേരിയിലേയ്ക്ക് എന്തു ദൂരം വരും?
*************
വേദാന്ത എന്ന കോര്‍പറേറ്റ് ഖനന ഭീമന് തൂത്തുക്കുടിയിലെ മനുഷ്യരോടു നടത്തുന്ന യുദ്ധത്തിന് പൊലീസ് വെടിവെയ്പ്പോടെ പുതിയ ഘട്ടം തുടങ്ങുകയാണ്. ഒമ്പതു പേരാണ് വെടിയേറ്റു മരിച്ചത്. ചെമ്പു ശുദ്ധീകരണ പ്ലാന്റ് പുറത്തുവിടുന്ന മാരകമായ രാസമാലിന്യങ്ങള്‍ ജീവിതം ദുസ്സഹമാക്കിയതോടെ ജനങ്ങള്‍ സമരരംഗത്ത് ഇറങ്ങിയിരുന്നു. വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ സുപ്രീംകോടതിക്കുപോലും ഇടപെടേണ്ടി വന്നിരുന്നു. എന്നിട്ടും പ്ലാന്റ് മാറ്റാനോ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനോ അല്ല വിപുലപ്പെടുത്താനാണ് മാനേജ്മെന്റ് ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്താന്‍ നാട്ടുകാര്‍ നിര്‍ബന്ധിതരായത്. നൂറു ദിവസം പിന്നിട്ട സമരത്തിനു നേരെയാണ് ഇന്നു പൊലീസ് വെടിവെപ്പുണ്ടായത്.
ഭോപ്പാല്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ എന്നേ ജനങ്ങള്‍ ആവശ്യപ്പെട്ടുള്ളു. മുന്‍ അനുഭവങ്ങളില്‍നിന്നു പാഠം പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ജനങ്ങള്‍ക്കുമേല്‍ ചുടലനൃത്തമാടാന് ഏതു കോര്‍പറേറ്റ് മൂര്‍ത്തിക്കും അനുവാദപത്രം നല്കുന്ന ഏജന്റായി ജനാധിപത്യ സര്‍ക്കാര്‍ മാറുകയാണ്. ലണ്ടന്‍ കേന്ദ്രിത സ്ഥാപനമായ വേദാന്ത റിസോഴ്സസ് ഇന്ത്യയില്‍ ഒട്ടേറെ ഖനന പ്ലാന്റുകളും സ്വകാര്യ വൈദ്യുതി നിലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ചത്തീസ്ഗഢിലും ഒഡീഷയിലും രാജസ്ഥാനിലും പഞ്ചാബിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമൊക്കെയായി അതു പരന്നു കിടക്കുന്നു. മിക്കയിടത്തും മനുഷ്യാവകാശ ലംഘനം നടക്കുന്നതായി പരാതിയുമുണ്ട്.
കോര്‍പറേറ്റാശ്രിത വികസനാഭാസത്തിന്റെ രൗദ്ര മുഖമാണ് തൂത്തുക്കുടിയില്‍ കണ്ടത്. കേരളത്തിലെ പുതുവൈപ്പിനിലേയ്ക്കും കാക്കഞ്ചേരിയിലേയ്ക്കും കാതികുടത്തേയ്ക്കും അവിടെനിന്ന് ഏറെ ദൂരമില്ല. പക്ഷെ, അക്കാര്യം നമ്മുടെ നേതാക്കന്മാര് സൗകര്യപൂര്‍വ്വം വിസ്മരിക്കും. പുതുവൈപ്പിനില്‍ പൊലീസ് ശ്രമിച്ചത് ജനങ്ങളെ ആയുധംകൊണ്ടു നേരിട്ട് അവരുടെ ആശങ്കകളെ ചതച്ചരയ്ക്കാനാണ്. കാക്കഞ്ചേരിയില്‍ സ്വര്‍ണ ശുദ്ധീകരണ പ്ലാന്റ് ജനവാസമേഖലയില്‍നിന്നു മാറ്റണമെന്ന ഉത്തരവിടാന്‍ ഇവിടത്തെ സര്‍ക്കാറിനും ശേഷിയില്ല. കാത്തിരിക്കുന്നത് തൂത്തുക്കുടി അനുഭവം തന്നെയാണ്. ഗെയിലിലും ദേശീയപാതയിലും ആ മുന്നറിയിപ്പ് നാം കേട്ടതാണ്.
തൂത്തുക്കുടിയിലെ രക്തസാക്ഷിത്വം നമ്മെ എന്താണ് പഠിപ്പിക്കുന്നത്? സമരപാത വലിയ വിഡ്ഡിത്തമെന്നും ചൂഷകര്‍ക്ക് കീഴടങ്ങുന്നതാണ് ഉത്തമമെന്നുമാണോ? അതോ പോരാളികളുടെ ആ പാതയിലേ ജനകീയ വിമോചനം സാധ്യമാവൂ എന്നോ? തമിഴ്നാട്ടില്‍ ഗെയില്‍ പൈപ്പ്ലൈനിന് എതിരെ സമരം ചെയ്യുകയും കേരളത്തില്‍ സമരക്കാരെ തുരത്തി പൈപ്പ്ലൈന് സ്ഥാപിക്കുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനത്തിന് എന്തുണ്ട് പറയാന്‍?
വേദാന്ത മുതല്‍ മലബാര്‍ ഗോള്‍ഡ് വരെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാനും കൊള്ളയടിക്കാനുമുള്ള അനുവാദപത്രമായി വികസന സംരംഭത്തെ കാണുന്നു. അതില്‍നിന്നു വേറിട്ട കാഴ്ച്ച സര്‍ക്കാറുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമില്ല. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്താന്‍ തൂത്തുക്കുടിയിലെ രക്തസാക്ഷികള്‍ക്കും കഴിയുകയില്ലേ?
ആസാദ്
22 മെയ് 2018
7
തൂത്തുക്കുടിയുടെ ആഹ്വാനം
***********
രക്തത്തിന് തീ കൊടുക്കുന്നു തൂത്തുക്കുടി. കോര്‍പറേറ്റ് മുതലാളിത്തവും രാഷ്ട്രീയ മുതലാളിത്തവും കൈകോര്‍ക്കുന്ന അവിശുദ്ധ കൂട്ടിന്റെ പൈശാചികത വെളിവാകുന്നു.
ജനങ്ങള്‍ക്കെതിരായ യുദ്ധോന്മാദത്തിലാണവര്. ആരുടേതാണ് ഈ ജനാധിപത്യമെന്ന് നാം സ്വയം ചോദിക്കണം.
കോര്‍പറേറ്റ്- രാഷ്ട്രീയ കൂളസംഘത്തിന്റെ കയ്യേറ്റ താല്‍പ്പര്യങ്ങളും ആയുധപ്രഹരങ്ങളും ഏറ്റുവാങ്ങി ഒടുങ്ങണോ നാട്ടുകാര്‍ ? എല്ലാം ആരാണ് നിശ്ചയിക്കുന്നത്? മണ്ണിലും വെള്ളത്തിലും വായുവിലും വിഷം കലര്‍ത്തി രാജ്യത്തെ ‘വികസിപ്പിക്കുന്ന’വരോട് അരുതേ എന്നു വിലപിച്ചാല്‍ അപരാധമാവുമോ? അവര്‍ തീവ്രവാദികളോ മാവോയിസ്റ്റുകളുമാവുമോ? അവരുടെ ജീവിതവും ലോകവീക്ഷണവും നാളെയെക്കുറിച്ചുള്ള വിഹ്വല വിചാരങ്ങളും ജനാധിപത്യ വ്യവഹാരങ്ങളില്‍ ഉള്‍പ്പെടില്ലേ? ഈ രാജ്യവും ജനാധിപത്യ ഭരണ സംവിധാനവും അവരുടേതുകൂടിയല്ലേ? അവരുടെ ചോര വീഴ്ത്തി ഏതു വികസനം ആര്‍ക്കുവേണ്ടി നടപ്പാക്കാന്‍ സര്‍ക്കാറുകള്‍ പണിപ്പെടുന്നു?
രാജ്യത്താകെ സംഭീതരും വിഹ്വലരുമായ ചൂഷിത നിര പെരുകുന്നു. അവരുടെ ജീവനെടുക്കാന്‍ സര്‍വ്വ സൈന്യങ്ങളും തയ്യാര്‍. തൂത്തുക്കുടി ഒരു കൈയബദ്ധമല്ല. പുതിയ രാഷ്ട്രീയ മുതലാളിത്തം അധികാരം പ്രയോഗിക്കുമ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമോ ദാര്‍ശനിക സംവാദമോ ഉണരുകയില്ല. കോര്‍പറേറ്റ് വികസനത്തിന്റെ ദയാരഹിതമായ ഹിംസഭാഷയേയുള്ളു. നര്‍മ്മദാവാലിയിലും മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഹരിയാനയിലെയും കൃഷിഭൂമിയിലും ഛത്തീസ് ഗഢിലെയും ഒഡീഷയിലെയും ഖനിപ്പറമ്പുകളിലും കൂടങ്കുളത്തും കേരളത്തിലെ കാതികുടത്തും പുതുവൈപ്പിനിലും കാക്കഞ്ചേരിയിലും കീഴാറ്റൂരും ദേശീയപാതയിലും വികസനാഭാസത്തിന്റെ ഏകഭാഷയേയുള്ളു. വിശ്വാസ പ്രമാണവും അനുഷ്ഠാനവും ഒന്നുതന്നെ. എല്ലാ വികസനാഭാസവും ജനങ്ങളുടെ ചോരകുടിച്ചേ തിടംവെയ്ക്കൂ.
കോര്‍പറേറ്റ് രാഷ്ട്രീയ മുതലാളിത്തങ്ങളുടെ ഗൂഢാലോചനയും ജനങ്ങള്‍ക്കെതിരായ യുദ്ധവും നമ്മെ സഹനതീഷ്ണമായ സമരകാലം ഓര്‍മ്മിപ്പിക്കുന്നു. സ്വാതന്ത്ര്യം അകലെയാണ്. ഇത് ജനാധിപത്യവുമല്ല. ഭീരുവായ അടിമയാകാനല്ല പോയ നൂറ്റാണ്ടുകളില്‍ മനുഷ്യര്‍ പൊരുതിയത്. ജീവനെക്കാള്‍ വിലയേറിയ ഒന്നും ആര്‍ക്കും നഷ്ടപ്പെടാനുമില്ല. ഉണര്‍ന്നെതിര്‍ക്കേണ്ട നേരത്ത് പലതായി ചിതറുന്നത് എന്തിന്റെ പേരിലായാലും ഭൂഷണമല്ല. പണ്ഢിതരേ സാംസ്കാരിക നായകരേ, ഗിരിപ്രഭാഷകരേ പറയൂ, ഈ അനീതി നിങ്ങള്‍ കാണുന്നില്ലേ? തൂത്തുക്കുടിയിലും കാതികുടത്തും കാക്കഞ്ചേരിയിലും ഒരേ നിലവിളിയാണ് ഉയരുന്നതെന്ന് ശ്രദ്ധിച്ചുവോ? ഒന്നു കാണുകയും മറ്റൊന്നു കാണാതിരിക്കുകയും ചെയ്യുന്ന മാരകമായ അന്ധത നിങ്ങളെ ബാധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒരു ചെറുവാക്കുകൊണ്ടെങ്കിലും ഒന്നു തലോടൂ.
ആസാദ്
23 മെയ് 2018
8
മുതലക്കണ്ണീര്‍കൊണ്ട് തൂത്തുക്കുടിയിലെ തീ അണയുകയില്ല
*************
ജനങ്ങളുടെ ആരോഗ്യവും ജീവിത സുരക്ഷയും പുരോഗതിയുമാണ് ഒരു രാഷ്ട്രത്തിന്റെ ശക്തി. ജൈവ വൈവിദ്ധ്യവും പ്രകൃതി വിഭവങ്ങളും സംരക്ഷിച്ചുകൊണ്ടേ അതു നേടാനാവൂ. അതാണ് വികസനത്തിന്റെ അടിസ്ഥാന വീക്ഷണമാകേണ്ടത്.അത്രയും ബോധ്യമുണ്ടാവണം സര്‍ക്കാറുകള്‍ക്ക്.
ജനങ്ങളെ കൊന്നു തിന്നുന്ന സര്‍ക്കാര്‍ ജനാധിപത്യ സര്‍ക്കാറല്ല. രണ്ടു ദിവസം തുടര്‍ച്ചയായി വെടിവെപ്പു നടത്തി പതിമൂന്നു പേരെ കൊന്ന തൂത്തുക്കുടി സ്വതന്ത്ര ഇന്ത്യയിലാണെന്നത് നമ്മെ നാണിപ്പിക്കണം. അക്രമികളെയോ കൊള്ളക്കാരെയോ കയ്യേറ്റക്കാരെയോ അല്ല അവരെ പ്രതിരോധിച്ച ജനങ്ങളെയാണ് പൊലീസ് നേരിട്ടത്. സായുധ സേനകള്‍ ആരുടെ സംരക്ഷകരാണ്? സര്‍ക്കാര്‍ ആരുടെ ഇംഗിതങ്ങളാണ് നടപ്പാക്കുന്നത്? യഥാര്‍ത്ഥ വികസനത്തിന് തുരങ്കംവച്ച് ജനങ്ങളെയും പ്രകൃതിയെയും കൊള്ളയടിക്കുന്ന അധിനിവേശങ്ങളെ തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ജനശത്രുക്കളും രാജ്യദ്രോഹികളുമാണ്. തുത്തുക്കുടിയില്‍ മാത്രമല്ല രാജ്യമെങ്ങും വികസനമെന്ന പേരില്‍ അരങ്ങേറുന്ന ഭ്രാന്തന് അധിനിവേശം ചര്‍ച്ചചെയ്യപ്പെടണം. വെടിയേറ്റു വീണവരോടുള്ള സഹാനുഭൂതിയല്ല, ജനങ്ങള്‍ക്കെതിരെ യുദ്ധംനടത്തുന്ന പുത്തന്‍ അധിനിവേശ ശക്തികളോടു സ്വീകരിക്കുന്ന നിലപാടും സമീപനവുമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കേണ്ടത്.
മുതലക്കണ്ണീര്‍കൊണ്ട് തൂത്തുക്കുടിയിലെ തീ അണയ്ക്കാനാവില്ല. ഒരു ഭാഗത്ത് സൈനിക വിഭാഗങ്ങളെ നിരത്തി സമരങ്ങളെ നേരിടുന്നവര്‍ മറുഭാഗത്ത് കള്ളക്കണ്ണീരുമായി വീടു കേറേണ്ടതില്ല. രാജ്യമെങ്ങുമുള്ള സമര മുഖങ്ങളില്‍ സൈന്യം നരനായാട്ടു നടത്തിയിട്ടുണ്ട്. പ്രതിപക്ഷം പതിവു നാടകമാടിയിട്ടുമുണ്ട്. വെടിവെപ്പ് നടന്നില്ലെങ്കിലും അതിനടുത്തുവരെ എത്തിയിട്ടുണ്ട് നമ്മുടെ കേരളത്തിലെ ജനകീയ സമരമുഖങ്ങളിലും. അധികാര ബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്ക് ദല്ലാള്‍ പണി നടത്തുന്നവരാണ്. സ്വകാര്യവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും ബന്ധുക്കള്‍. തൂത്തുക്കുടിയിലെ രക്തസാക്ഷിത്വം അവരുടെ കണ്ണു തുറപ്പിക്കുകയില്ല. അതിനാല്‍ അവരുടെ അനുഭാവം കള്ളനാട്യം മാത്രം.
ജനകീയ പ്രക്ഷോഭങ്ങള്‍ പുതിയ കാലത്തെ സ്വാതന്ത്ര്യ സമരങ്ങളാണ്. ജനപ്രതിനിധികളല്ല ജനങ്ങളാണ് അധികാരികള്‍. അധികാരവും സ്വാതന്ത്ര്യവും ജനങ്ങളിലേയ്ക്ക് എത്തുന്നില്ല. പാതിവഴിയില്‍ അവ കൊള്ളയടിക്കപ്പെടുന്നു. ജന പ്രതിനിധികള്‍ സ്വന്തം ജനതയെ ഒറ്റു കൊടുക്കുന്നു. സാധാരണ ജനങ്ങളുടെ ജീവിതത്തെക്കാള്‍ വലുതായ എന്തോ ആണ് വികസനമെന്ന് അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ ഒറ്റുകാശ് വലിച്ചെറിഞ്ഞു വേണം തൂത്തുക്കുടിയിലെ നരനായാട്ട് അപലപിക്കാന്‍. രക്തസാക്ഷിത്വത്തെ അഭിസംബോധന ചെയ്യാന്‍.
വികസനഭീതിയിലാണ് ജനം. അവര്‍ തോക്കുകളെ ഭയക്കുകയില്ല. മരണത്തെക്കാള്‍ മോശമായ ജീവിതം വെച്ചുനീട്ടുന്നവര്‍ തോക്കില്ലാതെ ജനങ്ങളെ കൊല്ലുന്നവരാണ്. തീവ്ര വികസനവാദികള്‍ ജനശത്രുക്കളാണ്. തൂത്തുക്കുടിയില്‍ മാത്രമല്ല, എല്ലായിടത്തെയും ജനവിരുദ്ധ വികസനാഭാസങ്ങള്‍ ചെറുക്കപ്പെടും. അതിനു ശമനമില്ല.
ആസാദ്
24 മെയ് 2018