മാടമ്പി വംശത്തിന് സ്തുതിഗീതം?
*****************
ഉന്നതന്മാര്ക്കെതിരെയാണോ പരാതി, എങ്കില്‍ പൊലീസ് നടപടിക്ക് കാലതാമസമുണ്ടാകും. ഒത്തു തീരാനുള്ള അവസാന സാധ്യതയ്ക്കുവരെ വഴി തുറന്നിടും. നിയമം അനുശാസിക്കുന്ന നടപടിക്രമം അതാവശ്യപ്പെടുന്ന വേഗത്തിലോ ഗൗരവത്തിലോ നിറവേറ്റപ്പെടില്ല. സ്ത്രീ പീഡന പരാതിയില്‍ ജാമ്യമില്ലായിരിക്കും. അതു പക്ഷെ അറസ്റ്റിലായ ശേഷമുള്ള വിഷയമല്ലേ? ഫ്രാങ്കോപിതാവിന് അവസാന വഴിയും കൊട്ടിയടയ്ക്കപ്പെടുംവരെ സമയമുണ്ട്. ഉന്നതരാണെങ്കില്‍ (എംഎല്‍എയോ പുരോഹിതനോ ധനാഢ്യനോ ആവട്ടെ), അവര്‍ക്കു വിലപേശിയും വാഗ്ദാനങ്ങള്‍ ചൊരിഞ്ഞും ഭീഷണി മുഴക്കിയും പരാതി പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞേക്കും. അതുവരെ ക്ഷമാപൂര്‍വ്വം കാത്തിരിക്കാന്‍ സന്നദ്ധമായ പൊലീസ് സേനയാണ് നമ്മുടേത്. ജനാധിപത്യ രാജ്യത്തെ ഭരണാധികാരികളുടെ നീതിബോധം അതിലൊന്നും അസ്വസ്ഥമാകുന്നത് കണ്ടിട്ടില്ല.
സാധാരണക്കാരന് ഒരുനിയമം, ഉന്നതന് മറ്റൊരു നിയമം എന്ന് തോന്നുംവിധമാണ് പ്രവര്‍ത്തനം. നടപടിക്രമങ്ങളെല്ലാം അങ്ങനെയാണ്. ഭരിക്കുന്ന രാഷ്ട്രീയത്തിന് ധാര്‍മിക ശാഠ്യങ്ങളേയില്ല. ധനികന് സ്വര്‍ഗത്തിലേയ്ക്കു സഞ്ചരിക്കാം. ഒട്ടകത്തിന് സൂചിക്കുഴയിലൂടെ എളുപ്പം കടന്നു പോകാം. ഇത്ര മാന്ത്രിക സിദ്ധികളുള്ള രക്ഷകര്‍ മുമ്പൊന്നും പിറന്നിട്ടില്ല. അവര്ക്കനുഗ്രഹിക്കാന് ദൈവം യാചകരെയും അടിമകളെയും സൃഷ്ടിക്കുകയാണ്. അതിനാല്‍ ഈ ജനാധിപത്യ രാജ്യത്തെ ഭരണാധികാരികളെ വാഴ്ത്തുവിന്‍! അവരുടെ നീതിബോധത്തെ പുകഴ്ത്തുവിന്‍. നമ്മിലൊരാളെ പീഡിപ്പിച്ച, ഒരാളെ ഉരുട്ടിയും ചവിട്ടിയും കൊന്ന, ഒരാളെ കൊള്ളയടിച്ചു പുറന്തള്ളിയ, അടുത്ത ഇര താന്‍തന്നെയെന്ന് വിരല്‍ ചൂണ്ടുന്ന മാടമ്പികളുടെ വംശത്തിന് സ്തുതി. ഞങ്ങള്‍ക്കുള്ള അപ്പവും നീതിയും വിശക്കുന്ന ചെകുത്താന്മാര്ക്കിരിക്കട്ടെ! തുറന്നു കിടക്കുന്ന കല്ലറയില്‍ നീതിയ്ക്കൊപ്പം ഞങ്ങളെയും മൂടുവിന്‍!
ആസാദ്
29 ജൂലായ് 2018
2
ജനകീയ പ്രതിരോധം പരസ്യവാക്യമല്ല
***************
മീശ പ്രസിദ്ധീകരിക്കാന്‍ ഹരീഷിനു ഭയമില്ല. മാതൃഭൂമിയില്‍ ആ നോവല്‍ പ്രസിദ്ധീകരിക്കാനേ ഭയമുള്ളു. അഥവാ മാതൃഭൂമിയുടെ വായനക്കാര്‍ പാകപ്പെട്ടില്ലെന്നേ നോവലിസ്റ്റ് കരുതുന്നുള്ളു. പ്രസാധകര് വേറെയുമുണ്ടല്ലോ. അത്യാവശ്യം വിവാദവും വിപണിമൂല്യവും കൈവന്നാല്‍ പുസ്തകമിറക്കാന്‍ പ്രസാധകരേറെക്കാണും. എങ്കിലും കൊത്തിയെടുക്കുക ഡി സിയാവുമെന്ന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.
പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ തുണയ്ക്കാമെന്ന് ഫേസ്ബുക് കൂട്ടായ്മകള്‍ ഹരീഷിന് ധൈര്യം പകരുന്നത് കണ്ടിരുന്നു. ഒരു സുഹൃത്തു വിളിച്ച് ഐക്യപ്പെടണമെന്നു പറഞ്ഞപ്പൊഴേ, അത് ഡി സി ചെയ്യും നാം ബുദ്ധിമുട്ടേണ്ടതില്ല എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. അത്രയും പറയാന്‍ മലയാളികള്‍ക്ക് മുന്‍കാല അനുഭവം മാത്രം മതി. പിന്നീട് അതുതന്നെ സംഭവിച്ചു കണ്ടല്ലോ. പുറത്തു ഫാഷിസ്റ്റ് വിരുദ്ധ സമരോത്സാഹം ചൂടുപിടിക്കുമ്പോള്‍ അകത്തു വിലപേശലും കരാറുറപ്പിക്കലും നടക്കുകയായിരുന്നുവെന്ന് ന്യായമായും കരുതാം.
ഫാഷിസ്റ്റ് വിരുദ്ധ സമരം ചിലര്‍ക്ക് ജീവന് പണയം വെച്ചുള്ള ധാര്‍മിക യുദ്ധമാണ്. ചിലര്‍ക്കത് മൂലധനം പെരുപ്പിക്കുന്ന കച്ചവട കൗശലമാണ്. എഴുത്തുകാരന് തെരഞ്ഞെടുക്കുന്നത് ജനകീയ പ്രസാധനത്തിന്റെ ദരിദ്ര വഴികളാവില്ല. എഴുത്തിന് വരമ്പത്തു കൂലിവേണം. എഴുത്തുകാരനു വേണ്ടി വാദിക്കുകയും, ഒരു പടി കടന്ന് പണം നല്കി പ്രസിദ്ധീകരിക്കാനും ഒന്നിലേറെ പുസ്തകം വാങ്ങി സഹായിക്കാനും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തവരുണ്ട്. അവര്‍ ഫാഷിസ്റ്റ് വിരുദ്ധ സമരം ജീവിതമാക്കാന്‍ വെമ്പിയവരാണ്. ഹരീഷ് അവരെ തിരിച്ചറിയാനും അഭിവാദ്യം ചെയ്യാനും മറന്നു.
അതിനാല്‍ ഡി സി പുസ്തകമിറക്കുന്നു എന്നത്, അതിന്റെ മുഖചിത്രം ഏറെ ആവേശകരമായിട്ടും നമുക്ക് പ്രതീക്ഷിച്ച സന്തോഷം നല്‍കുന്നില്ല. നോവലെന്തെന്ന് അറിയാതെ ചില വാക്യങ്ങള്‍ അടര്‍ത്തി മതവികാരം ജ്വലിപ്പിച്ച വര്‍ഗീയവാദികള്‍ ഹരീഷിനെ ഭയപ്പെടുത്തിയില്ല എന്നറിയുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഒരെഴുത്തുകാരനും അക്രമിക്കപ്പെട്ടുകൂടാ എന്നു കരുതുന്ന വായനക്കാരും സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും ഹരീഷിനു ചുറ്റുമുണ്ടാക്കിയ സുരക്ഷാവലയം ഇന്നത്തെ ഇന്ത്യനവസ്ഥയിലെ മികച്ച പ്രതിരോധമായിരുന്നു. ആ സന്നദ്ധത പുസ്തകക്കമ്പനിക്കു പരസ്യമായി ഒടുങ്ങേണ്ട വെറും വ്യായാമമായി ചുരുക്കിക്കാണരുത്.
ആസാദ്
31 ജൂലായ് 2018