Article POLITICS

ജൂലായ് കുറിപ്പുകള്‍ 3

എഴുത്തുകാരനെ വെട്ടി വഴിയില്‍ തള്ളിയത് സംഘപരിവാരമോ മാതൃഭൂമിയോ?
**********

നോവല്‍ പിന്‍വലിച്ചത് എഴുത്തുകാരനാണ് എന്ന ധാരണയിലാണ് മുമ്പ് ഒരു കുറിപ്പിട്ടത്. മീശ എന്ന നോവല്‍ പിന്‍വലിച്ചത് മാതൃഭൂമി പത്രാധിപരുടെ നിര്‍ബന്ധംകൊണ്ടാണെന്ന് ചില വാര്‍ത്തകള്‍ കാണുന്നു. അതു ശരിയാണോയെന്ന് മാതൃഭൂമി വ്യക്തമാക്കണം. ഹരീഷും വസ്തുത തുറന്നു പറയാന്‍ സന്നദ്ധനാവണം.

സമൂഹത്തിലെ പ്രതിലോമ ശക്തികള്‍ക്കെതിരെ പൊരുതാനും പൊരുതുന്നവരെ തുണയ്ക്കാനും ഫോര്‍ത്ത് എസ്റ്റേറ്റിനു ബാധ്യതയുണ്ട്. മാതൃഭൂമി ആ കടമ മറക്കുന്നു. സംഘപരിവാരങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒരു നാടിനെയും ഭാഷയെയും ജനാധിപത്യ മതേതര പാരമ്പര്യത്തെയും ഒറ്റു കൊടുക്കുന്നു. ഞങ്ങളുറച്ചു നില്‍ക്കുന്നു എന്ന് തലയുയര്‍ത്തി പറയാനും എഴുത്തുകാരനും വായനക്കാരനും ശക്തിപകരാനും മാതൃഭൂമിക്കു സാധിക്കേണ്ടതാണ്. അതു കണ്ടില്ല. ഒരെഴുത്തുകാരന്റെ പിന്മാറ്റം ആഘോഷിക്കാനേ താല്‍പ്പര്യം കണ്ടുള്ളു.

കലയും സംസ്കാരവും തത്വചിന്തയും രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും ദേശീയബോധവും ജനാധിപത്യ മൂല്യങ്ങളും പങ്കുവെയ്ക്കാനും സംവാദങ്ങളിലൂടെ പുഷ്ടിപ്പെടുത്താനും നാളെയുടെ ലോകം പണിയാനും പ്രതിജ്ഞാബദ്ധമാണ് മാധ്യമങ്ങള്‍. അവരത് വിലപേശി പണയംവെയ്ക്കുകയാവണം. അല്ലെങ്കില്‍ ഒരെഴുത്തുകാരനെയും അയാള്‍ തുറന്നുവിട്ട അനുഭവലോകത്തെയും രൂപംനല്‍കിയ പുതു സമുദായത്തെയും അനിശ്ചിതമായ ഇരുട്ടിലേയ്ക്ക് തള്ളി കൈ തുടച്ചു വിശുദ്ധപ്പെടാന്‍ എങ്ങനെ സാധിക്കുന്നു? സമൂഹത്തിലെ ജനാധിപത്യ/ ജനാധിപത്യേതര മതേതര/ വര്‍ഗീയ ചേരികള്‍ തെളിഞ്ഞു വരുമ്പോള്‍ ജനവിരുദ്ധ ചേരി തെരഞ്ഞെടുക്കുന്നതിന്റെ യുക്തിയെന്താണ്?

എഴുത്തുകാരനെ വെട്ടി വഴിയില്‍ തള്ളി മാധ്യമത്തിനു മുന്നേറാം എന്നിനി തോന്നരുത്. മുറിവേല്‍ക്കുന്നതും വീഴുന്നതും ഒന്നിച്ചാവണം. അല്ലാത്ത മാധ്യമങ്ങളും കൂട്ടായ്മകളും വെറുതെയാണ്. എഴുത്തുകാരന്റെ ഒപ്പം നില്‍ക്കുന്നവര്‍ സര്‍ഗവൃത്തിയുടെ വീറും വേദനയും അറിയുന്നവരാണ്. അദ്ധ്വാനംകൊണ്ട് ലോകം നിര്‍മിക്കുന്നവരുടെ സഖ്യശക്തിയാണത്. കോര്‍പറേറ്റ് വാത്സല്യത്തിന്റെ ശീതളപാനീയത്തില്‍ ആ വീര്യമലിഞ്ഞുകൂടാ. വര്‍ഗീയ സംഘപരിവാരം സമൂഹത്തെ അപായപ്പെടുത്തുമ്പോള്‍ എഴുത്തുകാരുള്‍പ്പെടെയുള്ള പുതുലോക നിര്‍മാതാക്കള്‍ക്കൊപ്പമാവണം മാധ്യമങ്ങള്‍.

മാതൃഭൂമി ഹരീഷിനോടും വായനക്കാരോടും സ്വീകരിച്ച നിലപാട് തുറന്നു പറയണം. തല കുനിയ്ക്കാത്ത എഴുത്തുകാര്‍ മാധ്യമത്തമ്പുരാക്കന്മാരുടെ മുന്നില്‍ സ്വന്തം ശബ്ദത്തില്‍ അതാവശ്യപ്പെടണം. ആരുമാവാം അടുത്ത ഇര. അതോര്‍മ്മവേണം.

ആസാദ്
22ജൂലായ് 2018

2
കഥയിലെ വാസ്തവം
*********
കഥയില്‍ ചോദ്യമില്ല എന്നു കേട്ടിട്ടുണ്ട്. ഇപ്പോഴാവട്ടെ കേള്‍ക്കുന്ന ചോദ്യങ്ങള്‍ക്കു കഥയില്ല എന്നു പറയണം. കഥയില്‍ ചോദ്യമില്ലെങ്കില്‍പിന്നെ എന്തിന് കഥയില്ലാത്ത ചോദ്യങ്ങളുയര്‍ത്തണം?

കഥയുടെ വാസ്തവം കഥയിലേതു മാത്രമാണ്. എത്ര വിചിത്രവും വൈവിദ്ധ്യപൂര്‍ണവുമായ കഥാലോകമാണ് നമുക്കുള്ളത്! മനുഷ്യാനുഭവത്തില്‍ ഏതുണ്ട് അതില്‍ അടയാളപ്പെടാത്തതായി? സാധ്യ വിചാരങ്ങളെല്ലാം അതത് സന്ദര്‍ഭങ്ങളെ പകര്‍ത്തുന്നു. ശ്ലീലാശ്ലീലങ്ങളെന്നോ ധര്‍മ്മാധര്‍മ്മങ്ങളെന്നോ വേര്‍തിരിക്കാനും ജീവിതവുമായി ബന്ധപ്പെട്ട സകലതും വേണം. അനുഭവങ്ങളുടെ സാധ്യതാക്രമങ്ങള്‍ കണ്ടെത്തണം. ഒന്നും മാറ്റി നിര്‍ത്താനാവില്ല. പറയാനുള്ളത് പറയാന്‍ അതിന്റെ വിപരീതവും നിഷേധവും പ്രകടമാക്കേണ്ടിവരും. ഡോസ്റ്റോസ്കിയുടെ കുറ്റവും ശിക്ഷയും വായിച്ചാല്‍ കുറ്റവാളിയോ കൊലപാതകിയോയാവുമെന്ന് കരുതാമോ? കഥയുടെ വാസ്തവം അതിന്റെ വിപരീതത്തെയോ വായനയുടെ മാത്രമായ വ്യവഹാരഭേദങ്ങളെയോ ആശ്രയിച്ചിരിക്കും. അതേതു കഥയുടെയും അകക്രമമാണ്. അതിലെവിടെയെങ്കിലും ഒരു ശകലം പിച്ചിയെടുത്ത് ആ വാസ്തവമെന്നെ പൊള്ളിച്ചുവെന്ന് നിലവിളിക്കുന്നവര്‍ കഥമറന്ന് എന്തിനോ എണ്ണതേയ്ക്കുകയാണ്.

കഥയുടെ നിയമമറിയാതെ ജീവിതത്തിലെ സമാന സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തു വിലപിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നത് മൗഢ്യമാണ്. അതറിയാമായിരുന്നു ഏതുകാലത്തും നമ്മുടെ വായനക്കാര്‍ക്ക്. എന്നാലിപ്പോള്‍ വിപത്ക്കാല രാഷ്ട്രീയ കൗശലങ്ങളുടെ കളികളില്‍ പ്രധാനം ദുര്‍വായനകളായിരിക്കുന്നു. ചരിത്രവും സാഹിത്യവുമെല്ലാം അതിന്റെ ഇരകള്‍. താല്‍ക്കാലിക അജണ്ടകള്‍ സ്ഥാപിക്കാന്‍ അവര്‍ക്കതു വേണം.

ഒരുപുറത്ത് അനന്ത പാഠങ്ങളെ ആഘോഷിക്കുക, മറുഭാഗത്ത് ഏകപാഠത്തില്‍ സമാധിയാവുക എന്ന ദ്വന്ദ്വത്തെയാണ് അവര്‍ പേറുന്നത്. സത്യമേതെന്ന് അറിയാത്ത സത്യാനന്തര വിഭ്രമം! നമ്മുടെ പൊതുബോധത്തില്‍ പെറ്റുപെരുകുന്ന തിന്മകളും യുക്ത്യാഭാസങ്ങളും നമ്മുടെ പേരുകേട്ട മാധ്യങ്ങള്‍ ശ്രദ്ധിക്കാത്തതെന്ത്? കഥയെ നേരിടാന്‍ കഥയുടെ യുക്തികളുമായി വരൂ എന്ന് അവരാണ് ശഠിക്കേണ്ടത്. ആള്‍ക്കുട്ട വിചാരണകള്‍ക്കും വിധികള്‍ക്കും വഴങ്ങി സ്ഥാപിച്ചെടുക്കാവുന്ന വാസ്തവമല്ല കഥയുടേതെന്ന് നമുക്കൊപ്പം അവരും ഉറപ്പിച്ചു പറയട്ടെ.

ആസാദ്
22 ജൂലായ് 2018

3
അസഹിഷ്ണുത നമ്മില്‍തന്നെയാണ്
*****************
ചിലപ്പോഴൊക്കെ എന്തൊരു വീറാണ് നമുക്ക്. അനീതിക്കെതിരെ കത്തിയാളും. വൈകാതെ തെരുവുകള്‍ക്കൊക്കെ തീ പിടിച്ചെന്ന് കണ്ണുകള്‍ ചുവക്കും. നാം നമ്മെ വലിയൊരഗ്നികുണ്ഡമായി സ്വന്തം ശിരസ്സിനുമേല്‍ പ്രതിഷ്ഠിക്കും.

നാമെപ്പോഴും നീതിയുടെ കൂട്ടാളികള്‍. കാരണം നാം ചുമക്കുന്നത് മാനവികതയുടെ കൊടിക്കൂറ്. നാം പുറം തള്ളുന്നത്, നാം ഒറ്റപ്പെടുത്തുന്നത് നാം കുത്തി വീഴ്ത്തുന്നത് ‘അനീതിയുടെ ആളടയാള’ങ്ങളെ. അഥവാ നമുക്കെതിരുള്ളത് എന്തോ അതത്രെ അനീതി. അവനെ വിരുദ്ധനെന്ന് ഒറ്റവാക്കില്‍ വിളിക്കാം. ‘ഞാന്‍വിരുദ്ധ’നെന്നോ ‘ഞങ്ങള്‍വിരുദ്ധ’നെന്നോ അപരനെന്നോ പറയാം.

ഞങ്ങള്‍ മാത്രം മതിയെന്ന് പൊതുമണ്ഡലത്തെ വെട്ടിക്കീറിയത് ആരൊക്കെയാണ്? ജാതി മതം വര്‍ണം വംശം ലിംഗം എന്നിങ്ങനെ ഓരോ സ്വത്വ വിലാസങ്ങളില്‍ കുറുകിക്കൂടിയതാണ് ഞങ്ങള്‍. ആദ്യമെല്ലാം ചതഞ്ഞ് ചോര ചിന്തിയ നിലങ്ങളില്‍ സ്വത്വോണര്‍വ്വുകള്‍ ഒത്തുകൂടിയത് പൊതു സമൂഹത്തിന്റെ സത്തയും ഊര്‍ജ്ജവും ദിശാസൂചിയുമാകാനായിരുന്നു. പിന്നീടത് പൊതുവായതെല്ലാം തകര്‍ക്കുംവിധം സ്ഫോടന ശേഷി കൈവരിച്ചതെപ്പോഴാണ്? അപരദ്വേഷം വെന്ത് പൊതുയിടങ്ങള്‍ എരിഞ്ഞു തീരാന്‍ തുടങ്ങിയത് എപ്പോഴാണ്?

രാഷ്ട്രീയാധികാരം ജനാധിപത്യമെന്നേ പറയൂ. പാര്‍ട്ടികളെല്ലാം ജനങ്ങള്‍ക്കുവേണ്ടിയെന്ന് ആണയിടും. അധികാരമേറ്റാല്‍ പണക്കോയ്മാ- സ്വപക്ഷ ലീലകളായി വിലപേശലും കൊടുക്കല്‍വാങ്ങലും പൊടിപൊടിക്കും. നമ്മുടെ ജനാധിപത്യം അപകടത്തിലെന്ന് നിലവിളിച്ചവര്‍ ഞങ്ങളുടെ മാത്രം ജനാധിപത്യമെന്ന് പ്രവൃത്തികൊണ്ട് തിരുത്തും. നമ്മുടെ വേര്‍പ്പു/നികുതിപ്പണംകൊണ്ട് ചമച്ചതിനുമേലെല്ലാം ‘ഞങ്ങള്‍മൂപ്പന്മാ’രുടെ പേരു വലുതായി കൊത്തിവയ്ക്കും. ജനാധിപത്യാധികാരത്തിന്റെ സമസ്ത തുറകളിലും ജനങ്ങളുടെ സാന്നിദ്ധ്യം എന്നത് ‘ഞങ്ങളുടെ സാന്നിദ്ധ്യ’മെന്ന് തിരുത്തും. ഞങ്ങളും പ്രിയരും മാത്രമുള്ള ലോകത്തിനു മേല്‍ഇതാണ് പൊതുലോകമെന്ന് പലകവയ്ക്കും.

ഒരേജാതിക്കാരായ ഞങ്ങള്‍, ഒരേ മതക്കാരായ ഞങ്ങള്‍, ഒരേ നിറമുള്ള ഞങ്ങള്‍, ഒരേ ലിംഗക്കാരായ ഞങ്ങള്‍, ഒരേ രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ഞങ്ങള്‍ എന്നിങ്ങനെ, ഒരിക്കല്‍ ഒരേ ലക്ഷ്യമുള്ള നമ്മള്‍ എന്നഭിമാനപൂര്‍വ്വം ശിരസ്സുയര്‍ത്തി ഉറച്ച ശബ്ദത്തില്‍ സ്വീകരിച്ച ബോധ്യങ്ങള്‍ വെട്ടി പല തുണ്ടങ്ങളായി തീര്‍ത്തത് ആരൊക്കെയാണ്? എല്ലാവര്‍ക്കും ഒന്നിച്ചിരിക്കാവുന്ന ചായക്കട/ പള്ളിക്കൂട ബഞ്ചുകള്‍ ഓടയിലെറിഞ്ഞതാരാണ്?എല്ലാവര്‍ക്കും ഒന്നിച്ചുറങ്ങാവുന്ന മേല്‍ക്കൂരകളെ ഭയക്കേണ്ടാത്ത കൂരകള്‍ പൊളിച്ചു മാറ്റിയതാരാണ്? നാം എന്ന വാക്കു വെട്ടി ഞാനെന്ന് കയര്‍ത്തുകൊണ്ടേയിരിക്കുന്ന ശാഠ്യം പിറന്നതെവിടെയാണ്?

അസഹിഷ്ണുതയുടെ ലഹരിയുമായി ഒരു നാള്‍ പൊടുന്നനെ ആരെങ്കിലും വന്നിറങ്ങിയതല്ല. നമ്മില്‍ നാമറിയാതെ അതു വളരുന്നുണ്ടായിരുന്നു. അത്രമേല്‍ സ്വാഭാവികമായി അതു സംഭവിച്ചു. പൊതുവായതെല്ലാം തകര്‍ത്ത് തന്റേതാക്കുന്ന മനുഷ്യ വിരുദ്ധമായ ഉപകരണം അതിന്റെ വേല തുടര്‍ന്നു. അതേതുപകരണം, ഏതു വ്യവസ്ഥയുടെ വിജയോപാധി എന്നു തിരക്കാന്‍ നമുക്ക് നേരമില്ലാതെ പോയി. പലതായി മുറിഞ്ഞ് പല നീതികള്‍ക്കു വേണ്ടി അന്യോന്യം കൊന്നു തിന്നുന്ന നീതിമാന്മാരുടെ സംഘങ്ങളായി നാം നിലകൊണ്ടു.

ഞങ്ങളാണ്, ഞങ്ങള്‍ മാത്രമാണ് ശരി. നീതിയും നിയമവും ഞങ്ങള്‍ നിശ്ചയിക്കും. പൊതുവായ ശരികളെപ്പറ്റി എന്തിനാലോചിക്കണം? ഞങ്ങളെക്കവിഞ്ഞ ശരിയേതുണ്ട്? ഞങ്ങള്‍ക്കു പിറകില്‍ മാത്രം അണിനിരക്കുവിന്‍. ഞങ്ങളാണ് ബഹുസ്വരതയുടെ ദാര്‍ശനികരും പ്രയോക്താക്കളും. ഞങ്ങളാണ് ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണമാക്കുക. ഞങ്ങള്‍ക്കപ്പുറം ഞങ്ങള്‍ വിരുദ്ധരുടെ കാപാലിക സേനകള്‍. വരൂ ഞങ്ങള്‍ക്കൊപ്പം വരൂ.

ആസാദ്
23 ജൂലായ് 2018

4
മോഹന്‍ലാലിന്റെ നിഷ്പക്ഷത
**************
അക്രമിക്കപ്പെട്ട നടിക്കൊപ്പമോ വിചാരണ നേരിടുന്ന നടനൊപ്പമോ എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി നടിക്കൊപ്പം നിന്ന് നടനു വേണ്ടി പ്രാര്‍ത്ഥിക്കും എന്നായിരുന്നുവല്ലോ. ഇരയ്ക്കും വേട്ടക്കാരനും നീതികിട്ടണമെന്ന ലാലിന്റെ നിലപാടിനോടാണ് സര്‍ക്കാറിനു മമത.

മോഹന്‍ലാല്‍ മഹാനടന്‍തന്നെ. ആദരപൂര്‍വ്വം പക്ഷെ വിയോജിക്കാമല്ലോ. മനുഷ്യത്വം ഉണര്‍ന്നു നില്‍ക്കേണ്ട സമയത്ത് വ്യക്തി താല്‍പ്പര്യത്തിനു കീഴ്പ്പെട്ടതിനു ചെറിയ ഷോക്കു നല്‍കണമെന്ന് കലാപ്രവര്‍ത്തകര്‍തന്നെ പറയുന്നു. അതു പക്ഷെ സാംസ്കാരിക മന്ത്രി എ കെ ബാലനു മനസ്സിലാവുന്നില്ല. മോഹന്‍ലാല്‍ തന്നെ വന്നു കണ്ടപ്പോള്‍തന്നെ അദ്ദേഹം സംപ്രീതനായി. ആള്‍ദൈവങ്ങളെ പുണരാന്‍ എന്തോ അദമ്യ പ്രേരണയാണ് അദ്ദേഹത്തിന്.

ഇടതുപക്ഷ കലാ സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള നൂറിലേറെ പേരുടെ നിവേദനം ചവറ്റുകൊട്ടയിലെറിഞ്ഞ് ഞങ്ങളുടെ നയവും മോഹന്‍ലാലിന്റെ നിഷ്പക്ഷത തന്നെയെന്ന് ബാലന്‍ തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നു. നന്നായി. ആര്‍ക്കെങ്കിലും സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചു വല്ല സംശയവുമുണ്ടെങ്കില്‍ അതു തീരട്ടെ.

നടിക്കൊപ്പംനിന്ന് മോഹന്‍ലാലിന്റെ നിലപാടിനെ എതിര്‍ക്കാന്‍ ത്രാണി കാട്ടിയ എല്ലാവര്‍ക്കും അഭിവാദ്യം. അവരത് തുടരണേയെന്ന് ആഗ്രഹം. മോഹന്‍ലാലും സര്‍ക്കാറും പങ്കുവയ്ക്കുന്ന നിഷ്പക്ഷതയാണ് തങ്ങളുടെയും പക്ഷമെന്ന് ആര്‍ക്കും എളുപ്പം കൂറുമാറാവുന്നതാണ്. ഒപ്പിട്ടവരുടെ പ്രതികരണമറിയാന്‍ താല്‍പ്പര്യമുണ്ട്.

ആസാദ്
25 ജൂലായ് 2018

5
കഥയുടെ യുക്തി വേറെയാണ്
*************
കഥയുടെ യുക്തികൊണ്ട് ജീവിതത്തെയും ജീവിതത്തിന്റെ യുക്തികൊണ്ട് കഥയെയും അളന്നു നോക്കുന്നവരുടെ എണ്ണം കൂടുന്നു. വിവിധ വേലകള്‍ ചെയ്ത് ജീവിതം നയിക്കുന്ന ഹനാനെന്ന പെണ്‍കുട്ടിയെ ഏതോ കഥയിലെ കഥാപാത്രത്തെ എന്നതുപോലെ സൂക്ഷ്മ നിരീക്ഷണം നടത്തി പാഠ സാധ്യതകള്‍ നിരത്തി വ്യാഖ്യാനിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നതു കണ്ടു. അതെത്ര വേദനാകരമെന്ന് അറിയാന്‍ കഥയല്ല ജീവിതമെന്ന് തിരിച്ചറിയണം. പക്ഷെ, കഥയ്ക്കും ജീവിതത്തിനും ഇടയിലെ അതിര്‍ത്തികള്‍ ആരൊക്കെയോ മായ്ക്കുകയാണ്. നവ സാമൂഹിക മാധ്യമങ്ങള്‍ പ്രതിലോമകരവും കുറ്റകരവുമായ വായനാലീലകളില്‍ അഭിരമിക്കുന്നു. കഥയെ സമീപിക്കുമ്പോള്‍ സ്വീകരിക്കേണ്ട ഉപകരണമല്ല, ജീവിത വിശകലനത്തിനു വേണ്ടതെന്നും തിരിച്ചും മനസ്സിലാക്കാന്‍ നിര്‍ബന്ധിക്കുന്ന വിവേകം വിമര്‍ശകര്‍ക്ക് കൈമോശം വന്നിരിക്കുന്നു.

ജീവിതത്തില്‍ കഥ ചോര്‍ന്നു പോകുന്നതും കഥയില്‍ ജീവിതമില്ലാതാകുന്നതും അസഹ്യമാണ്. മുമ്പെല്ലാം അതു നമ്മെ വേദനിപ്പിച്ചിട്ടുണ്ട്. ഭിന്ന മാനദണ്ഡങ്ങളും ഭിന്നവിശകലനോപാധികളും വെച്ചായിരുന്നു അന്നത്തെ കണ്ടെത്തല്‍. എന്നാല്‍ എപ്പോഴാണ് കഥയുടെ യുക്തികൊണ്ട് ജീവിതവിചാരണ നടത്തി തീര്‍പ്പു കല്‍പ്പിക്കാമെന്ന മൗഢ്യം നമുക്കുണ്ടായത്? ഓരോ തീവ്രമായ അനുഭവത്തെയും കഥാപരിചരണത്തിലൂടെ സൗമ്യശീലമാക്കി പരിവര്‍ത്തിപ്പിക്കാനും അധീശ വ്യവഹാരങ്ങളെ കുറ്റവിമുക്തമാക്കാനും കഴിയുമെന്ന ബോധ്യം ആരു വിതച്ചതാണ്?

ഇതുതന്നെയാണ് മറുവശത്ത് കഥയെ വാസ്തവ യുക്തികള്‍കൊണ്ട് വരിഞ്ഞുകെട്ടി വിചാരണയ്ക്ക് വിധേയമാക്കുമ്പോള്‍ സംഭവിക്കുന്നതും. എന്‍ പ്രഭാകരന്റെ കളിയെഴുത്ത് എന്ന കഥയെച്ചൊല്ലി കഴിഞ്ഞ ഡിസംബറില്‍ വലിയ വിവാദങ്ങളുണ്ടായി. അദ്ധ്യാപക പരിശീലനത്തിനുള്ള കൂടിച്ചേരലുകളെ ക്രീഢാങ്കണലീലകളാക്കിയെന്ന ധ്വനിപാഠം ചമച്ച്‌ കഥാകൃത്തിനെതിരെ ഭീഷണിയുമായി ഇറങ്ങിയത് അദ്ധ്യാപകരായിരുന്നു. അവര്‍ കഥ പഠിപ്പിക്കുന്നവരും കഥയുടെ സൗന്ദര്യ വിതാനങ്ങള്‍ മനസ്സിലാക്കുന്നവരുമായിരുന്നു. പക്ഷെ സ്വന്തം വാസ്തവത്തിലേയ്ക്ക് കഥയെ ചുരുക്കി പരിമിത യുക്തികൊണ്ട് ശസ്ത്രക്രിയ നടത്തുകയായിരുന്നു അവര്‍. ഇപ്പോള്‍ എസ് ഹരീഷിന്റെ മീശയെ നേരിടുന്നവരും അതേ ദുര്‍വായനയുടെ വക്താക്കളാണ്. കഥയെ സമീപിക്കാനുള്ള ഉപാധികളോ ത്രാണിയോ അവര്‍ക്കില്ലാതെപോയി.

ദുര്‍വായനകള്‍ക്കു നിര്‍ബന്ധിക്കുന്ന സ്വപക്ഷതാല്‍പ്പര്യങ്ങളുടെ അടിമകളായി നാം മാറിയിരിക്കുന്നു. കഥയോ ജീവിതമോ ആകട്ടെ, നമുക്കെങ്ങനെ പ്രയോജനപ്പെടും എന്നേ നോട്ടമുള്ളു. നമ്മുടേതായ വായനയും വ്യാഖ്യാനവും പേശീബലംകൊണ്ടും തിണ്ണമിടുക്കുകൊണ്ടും സ്ഥാപിക്കാനാവും. സാമൂഹികമാധ്യമങ്ങളില്‍ അതിന് ആരാധകപ്പട മുതല്‍ സ്വകാര്യ സൈനിക വിഭാഗങ്ങള്‍വരെ ഉണര്‍ന്നിരിക്കുന്നുണ്ട്. അവരെ ഭയന്നേ നമുക്കു ജീവിക്കാനാവൂ. നിയമപാലകരെ ഈ വഴി കാണുന്നില്ലല്ലോ. നീതിദര്‍ശനങ്ങള്‍ നിദ്രയിലുമാവണം. എന്തു ചെയ്യണമെന്ന പുസ്തകം കിട്ടുമോ ആവോ!

ആസാദ്
26 ജൂലായ് 2018

6
അഭിമന്യുമാര്‍ ആഗ്രഹിക്കുന്നത്
******************
പണമായാലും പുസ്തകമായാലും കണക്കിലേറെ ശേഖരിക്കരുത്. എന്താണ് കണക്ക് എന്നത് എന്താണ് ആവശ്യം എന്നതിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കണം. അതു വ്യക്തമാക്കിയേ ജനങ്ങളെ സമീപിക്കാവൂ. ആവശ്യത്തിനുള്ളത് ലഭിച്ചാല്‍ നിര്‍ത്താനും ശ്രദ്ധിക്കണം.

ധനശേഖരണവും പുസ്തക ശേഖരണവും അനാവശ്യമാവില്ല. അഭിമന്യുവിന്റെ പേരിലുള്ള സമീപ ദിവസങ്ങളിലെ പിരിവ് ആവേശകരമാണ്. എന്നാല്‍ നമ്മുടെ അനുഭാവവും ആവേശവും നിശ്ചിതമായ ലക്ഷ്യത്തിനപ്പുറം കടന്ന് ദുര്‍വ്യയത്തിന് ഇടവരുത്തരുത്. അഭിമന്യുവിന് കോടികളുടെ വീടോ വട്ടവടക്കാര്‍ക്ക് ലക്ഷക്കണക്കിനു പുസ്തകമുള്ള ഗ്രന്ഥശാലയോ അല്ല വേണ്ടത്. അഭിമന്യുമാര്‍ക്ക് ഭൂമിയിലും തൊഴിലിലുമുള്ള അവകാശം സ്ഥാപിച്ചു കിട്ടണം. അതിനുള്ള മുന്നേറ്റത്തില്‍ പങ്കാളിത്തം ഉറപ്പു വരുത്തലാവണം പ്രഥമ കര്‍ത്തവ്യം.

ലക്ഷക്കണക്കിന് ഏക്കര്‍ തോട്ടം – കയ്യേറ്റ ഭൂമികളുടെ ഉടമസ്ഥത കയ്യാളുന്നവരില്‍നിന്ന് അഞ്ചേക്കര്‍ വീതമെങ്കിലും ഏറ്റെടുത്ത് തോട്ടം തൊഴിലാളികള്‍ക്ക് നല്‍കണം. അടിച്ചമര്‍ത്തപ്പെട്ടവരോ പ്രാന്തവല്‍കൃതരോ ആയ മുഴുവന്‍ പേര്‍ക്കും ഭൂമിയിലും തൊഴിലിലുമുള്ള അവകാശം സംരക്ഷിക്കപ്പെടണം. അതിനുവേണ്ടി രംഗത്തിറങ്ങേണ്ട നേരമാണിത്. അഭിമന്യു സ്മരണ അതിനുള്ള ഊര്‍ജ്ജമാകണം. ആ നിശ്ചയ ദാര്‍ഢ്യവും സമര സന്നദ്ധതയുമാണ് സഹായസംരംഭങ്ങളെക്കാള്‍ അനിവാര്യവും പ്രസക്തവുമായിട്ടുള്ളത്.

ഇതിനര്‍ത്ഥം അഭിമന്യുവിന്റെ സഖാക്കള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തെറ്റാണെന്നോ അപ്രധാനമാണെന്നോ അല്ല. അടുത്ത ചുവടായെങ്കിലും അനിവാര്യമായ പ്രക്ഷോഭമുന്നേറ്റത്തെ അടയാളപ്പെടുത്തണം എന്നു മാത്രമാണ്.

ആസാദ്
27 ജൂലായ് 2018

7
പ്രീതാഷാജി ഞാനല്ല
***************
പ്രീതാ ഷാജി ഞാനല്ലാത്തതുകൊണ്ട് എനിക്ക് അവരെ അറിയില്ല. രണ്ടു ലക്ഷം രൂപയ്ക്ക് അകന്ന ബന്ധുവിന് ജാമ്യം നിന്ന ‘കുറ്റ’ത്തിന് ശിക്ഷിക്കപ്പെട്ടത് ഞാനല്ല. സ്ഥലംവിറ്റു പകുതിയും അടച്ചുതീര്‍ത്തശേഷം ബാക്കി തുകയ്ക്ക് രണ്ടു കോടിയുടെ സ്വത്താണ് ബാങ്കു കൊള്ളയടിച്ചത്. അതെങ്ങനെയാണ് നമ്മെ ബാധിക്കുക?

എന്റേതെന്തെങ്കിലും നഷ്ടപ്പെടുവോളം ഇവിടെ എല്ലാം ഭദ്രമാണ്. അക്രമത്തിനും കൊലയ്ക്കും കൊള്ളയ്ക്കും തണല്‍വിരിക്കുന്ന ഭരണകൂടത്തെ മുന്‍നിര്‍ത്തി ഒരാശങ്കയും പുകയുന്നില്ല. ലക്ഷക്കണക്കിനു കോടി രൂപ വായ്പയെടുത്തവര്‍ മഹാത്മാക്കളായി ആദരിക്കപ്പെടുന്നു. അവരുടെ കടം എഴുതിത്തള്ളുന്നു. നിയമ നടപടികള്‍ക്കു നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തില്‍ വിദേശ ജീവിതത്തിന് അനുഗ്രഹിക്കപ്പെടുന്നു.

ഒരു ലക്ഷം രൂപയുടെ വായ്പാ ജാമ്യം ഒരാളുടെ ജീവിതം തട്ടിയെടുക്കുമ്പോള്‍ ഒരു ലക്ഷം കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തവര്‍ ദേശസ്നേഹികളായി വാഴ്ത്തപ്പെടുന്നു. ആ മഹാത്മാക്കളുടെ നാമം എന്റെ നാവിന്‍തുമ്പിലുണ്ട്. പക്ഷെ, പ്രീതാഷാജിയെ എനിക്ക് അറിയില്ല. ദേശീയ പത്രങ്ങളില്‍ അവരുടെ സുവിശേഷം കണ്ടില്ല. ചിതയൊരുക്കി സമരം ചെയ്യുന്ന ഒരു സ്ത്രീക്കു പിറകിലെ തീവ്രവാദിയാരെന്ന് ആശങ്കപ്പെട്ടിട്ടുണ്ട്. ലോര്‍ഡ് കൃഷ്ണന്‍ നിന്നിടത്ത് മീശപിരിച്ചു വലവീശുന്ന എച്ച് ഡി എഫ് സി ഭീമന്റെ വിശ്വരൂപം ആര്‍ക്കറിയണം?

വായ്പയെടുത്തവനെയും ജാമ്യം നിന്നവനെയും കശക്കിപ്പിഴിഞ്ഞെറിയുന്ന പുതു ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിയമമുണ്ടാക്കി നല്‍കുന്ന ജനാധിപത്യവും ആദരണീയം! ജനങ്ങളെ ചൂണ്ടയില്‍ കുരുക്കി കൊല്ല് കൊല്ല് എന്നലറുന്ന സാമാജികരാണ് നമ്മുടെത്. ജനങ്ങളെ കൊല്ലാന്‍ നിയമമുണ്ടാക്കുന്ന ജനപ്രതിനിധികള്‍. സര്‍ഫാസി നിയമം ആര്‍ക്കു പിണ്ഡം വെയ്ക്കാനാണെന്ന് തെരുവിലാരോ ചോദിക്കുന്നതു കേട്ടു. നേതാക്കളും ഭരണകൂടവും അതു കേള്‍ക്കില്ലല്ലോ.

2002ല്‍ വാജ്പേയ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അമിതാധികാരം നല്‍കുന്നു. ആ ശൗര്യം അവര്‍ പ്രകടിപ്പിക്കുന്നത് അടിത്തട്ടു ജീവിതങ്ങള്‍ക്കു നേരെയാണ്. തടയാന്‍ ആരുണ്ടെന്ന ചോദ്യം ജനാധിപത്യത്തെ പിടിച്ചുലയ്ക്കേണ്ടതാണ്. ലോകത്തെ സ്തംഭിപ്പിക്കാന്‍ ശേഷിയുള്ള വമ്പന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൗനം കൂട്ടിക്കൊടുപ്പിന്റെ അശ്ലീലം നിറഞ്ഞതാണ്. ജാമ്യംനില്‍ക്കുകയും വായ്പയെടുക്കുകയും ചെയ്ത സാധാരണക്കാരന് ഏതു നിമിഷവും വന്നുചേരാവുന്ന പേരും സമര ജീവിതവുമായി പ്രീതാഷാജി മാറിയിരിക്കുന്നു.

ഞാന്‍ പ്രീതാ ഷാജിയെ അറിഞ്ഞില്ല. പക്ഷെ ഞാന്‍ പ്രീതാഷാജിയായി മാറുകയായിരുന്നു എന്ന് നാളെ അനേകര്‍ എഴുതും. ആ തിരിച്ചറിവിന്റെ പ്രഖ്യാപനം മാനാരിപാടമെന്ന പേരുകൂടി ചരിത്രത്തിലേയ്ക്കു വിളക്കിച്ചേര്‍ക്കും. പക്ഷെ, ഇന്ന് എന്നെ മൂടിയ നിസ്സംഗതയുടെ ചിതല്‍പ്പുറ്റ് ഞാനെങ്ങനെ തകര്‍ക്കും?

ആസാദ്
27 ജൂലായ് 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )