പുഴുക്കളെ വിതച്ചു വിഷസര്‍പ്പങ്ങളെ കൊയ്യുന്നവര്‍
******************
വര്‍ഗീയതയെ ഭൂരിപക്ഷ ന്യൂനപക്ഷ വര്ഗീയതകളായി മുറിച്ച് വലിയ ഭാഗം പിശകെന്ന് പ്രചരിപ്പിച്ചവര്‍ ഏറെയുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയെ ഇരവാദംകൊണ്ട് വിശുദ്ധപ്പെടുത്തിയ ബുദ്ധിജീവികളുണ്ട്. അവരുടെ അതിക്രമങ്ങള്‍ കേസൊതുക്കി മാപ്പാക്കിയ ഭരണാധികാരികളുണ്ട്. തണലൊരുക്കി കാത്തവരില്‍ ഇടതും വലതുമുണ്ട്.
വര്‍ഗീയത ചെറുതായും വലുതായും പിരിക്കുക വയ്യെന്ന്, പിളര്‍ന്നാലും അവ വിരുദ്ധങ്ങളാവില്ലെന്ന് ആര്‍ക്കാണറിയാത്തത്? മതേതര ജനാധിപത്യ മുന്നേറ്റങ്ങളിലൂടെയല്ലാതെ വര്‍ഗീയത തുടച്ചു നീക്കാനാവില്ല. ഇന്ത്യയുടെ മോചനം ജാതി ഹിന്ദുത്വ – ഇസ്ലാമിക അജണ്ടകളാവേണ്ടതില്ല. ഇതര മതങ്ങളും ക്ലേശിക്കേണ്ടതില്ല. സംഘപരിവാര ഭീകരതയെ ചെറുക്കാന്‍ ചെറുഭീകരന്മാരെ വളര്‍ത്തേണ്ടതുമില്ല. ഇരകളുടെ രക്ഷകരായി വര്‍ഗീയ ഭീകരരെ പാര്‍പ്പിക്കുന്ന മാനിഫെസ്റ്റോകള്‍ തിരിച്ചറിയപ്പെടണം.
തൊണ്ണൂറുകള്‍ അവസാനിക്കുമ്പോള്‍ സംഘപരിവാര വളര്ച്ചയ്ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ ന്യൂനപക്ഷ ഏകീകരണത്തിനും വേറിട്ട കൂട്ടായ്മകള്‍ക്കും ഇടവരുത്തിയിരുന്നു. ജീവിത ശൈലിയിലും സാമൂഹിക ഇടപെടലുകളിലും മതശാഠ്യങ്ങള്‍ പിടിമുറുക്കിത്തുടങ്ങി. ഇവിടെനിന്ന് തീവ്ര വര്‍ഗീയതയിലേയ്ക്ക് വലിയ ദൂരമുണ്ടായിരുന്നില്ല. ഗുജറാത്ത് വംശഹത്യകൂടി വന്നതോടെ ഇടതു പക്ഷത്തുപോലും ചേരിതിരിവു പ്രകടമായി. ഇസ്ലാമിക കമ്യൂണിസവും ഹിന്ദു കമ്യൂണിസവും വിളിച്ചുപറയുന്നവരുണ്ടായി. ന്യൂനപക്ഷ ഭീകരത പൊറുക്കാനും അവരുടെ കേസുകള്‍ തീര്‍പ്പാക്കാനും മുന്നണികള്‍ മത്സരിച്ചു.
പാലുകൊടുത്ത കൈകള്‍ക്കെല്ലാം കടിയേല്ക്കുകയാണ്. വിതച്ചത് പുഴുക്കളെയാണെങ്കിലും വളര്‍ന്നത് ഭീകര സര്‍പ്പങ്ങളാണെന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞുവോ? വര്‍ഗീയതയെ ചെറുക്കാന്‍ മതേതര ചേരികളില്‍ ഐക്യപ്പെടുകയാണ് വേണ്ടത്. മതാധിഷ്ഠിത രാഷ്ട്രീയ പാര്‍ട്ടികള്‍ സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കണം. അവ പിരിച്ചുവിട്ട് മതേതര ജനാധിപത്യ പേരുകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും പിറകില്‍ അണിനിരക്കണം. ഒളിച്ചും തെളിച്ചുമുള്ള മത അജണ്ടകള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു വേണ്ട. സാമുദായിക സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ അജണ്ടയല്ല പൊതുരാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടതും. സമ്മര്‍ദ്ദങ്ങളുടെയും വിലപേശലിന്റെയും രാഷ്ട്രീയം തുറന്നിട്ട വിപത്താണ് നമ്മെയിപ്പോള്‍ ചോരയില്‍ മുക്കുന്നത്.
മതരാഷ്ട്രീയം എന്ന ഒന്നില്ല. മതേതര ജീവിതവും അതിന്റെ രാഷ്ട്രീയവുമാണ് പൊതുമണ്ഡലത്തിലുണ്ടാവേണ്ടത്. അതിനുവേണ്ടി വൈകിയാണെങ്കിലും ഒത്തൊരുമിക്കണം.
ആസാദ്
13 ജൂലായ് 2018
2
കൊലക്കേസു പ്രതികളെ സ്വീകരിക്കുന്ന വിധം
*****************
ജാമ്യം ലഭിച്ച കൊലക്കേസു പ്രതികള്‍ക്ക് സ്വീകരണം നല്‍കുന്നത് നീതിബോധത്തെ വെല്ലുവിളിക്കലാണ്. നിയമ വ്യവസ്ഥയെ ധിക്കരിക്കലാണ്. അവര്‍ നിരപരാധികളാവാം. അതു നിശ്ചയിക്കേണ്ടത് നീതിപീഠമാണ്. വിധി പുറപ്പെടുവിയ്ക്കും വരെ അവര്‍ സംശയത്തിന്റെ നിഴലിലാണ്. അവരുടെ മതമോ സമുദായമോ രാഷ്ട്രീയ പാര്‍ട്ടിയോ കുടുംബമോ നല്കുന്ന സാക്ഷ്യപത്രം മതിയാവില്ല സമൂഹത്തില്‍ അവരുടെ നിരപരാധിത്വം തെളിയിക്കാന്‍. വിചാരണയും വിധിയും തീര്‍ത്ത് കോടതി വ്യവഹാരം പൂര്‍ണമാകണം.
പരിഷ്കൃത സമൂഹം ഇത്തരം അപക്വ വൃത്തികള്‍ ചെയ്യരുതാത്തതാണ്. കേസ് കള്ളക്കേസാണെന്ന് വാദിക്കാം. തെളിവുകള്‍ കോടതിക്കു നല്‍കാം. എന്നാല്‍ വിസ്തരിക്കേണ്ടതും വിധിക്കേണ്ടതും ഞങ്ങളാണെന്ന് ഭാവിക്കരുത്. കേസ് തീരുംമുമ്പ് പ്രതികളെ ആദരിക്കുന്ന ചടങ്ങ് ജനങ്ങളെയും ജനാധിപത്യ വ്യവസ്ഥയെയും അപഹസിക്കലാകുന്നു. കോടതി ശിക്ഷിച്ച കൊലക്കേസ് കുറ്റവാളിയെ പാര്‍ട്ടി പദവിയില്‍ കുടിയിരുത്തുന്നവര്‍ മറ്റൊരു കൊലക്കേസിലെ പ്രതികളെ സ്വീകരിച്ചാനയിക്കുന്നതില് അത്ഭുതം തോന്നേണ്ടതില്ല.
ഓരോ പാര്‍ട്ടിയും ഈ വഴി പിന്തുടര്ന്നാല്, ഓരോ സമുദായവും ഇതാവര്‍ത്തിച്ചാല്‍ നമ്മുടെ സമൂഹം കുറ്റവാളികളുടെ അധീശത്വത്തിലമരും. കോടതി വിധിയില്‍ വിശ്വാസമില്ല, ഞങ്ങളുടെ പാര്‍ട്ടി അന്വേഷണവും വിസ്താരവും വിധിയുമേ അംഗീകരിക്കു എന്ന് ഏത് വിഭാഗത്തിനും അവകാശവാദമാവാം. അതെത്രത്തോളം അനുവദിക്കാമെന്ന് പൊതുസമൂഹം നിശ്ചയിച്ചേ തീരൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ എത്രത്തോളം തരം താഴാമെന്ന് ഈ ദുര്‍വൃത്തികള്‍ തെളിവു നല്കുന്നു. നേതൃതലത്തില്‍ ബോധവും പക്വതയുമുള്ളവരുണ്ടെങ്കില് തെറ്റു തിരുത്തട്ടെ.
ആസാദ്
15 ജൂലായ് 2018
3
കുറ്റാരോപിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാമോ?
****************
കുറ്റ വിചാരണ നേരിടുന്ന പ്രതികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതും അവരെ അനുമോദിക്കുകയോ ആദരിക്കുകയോ ചെയ്യുന്നതും കുറ്റകൃത്യത്തില്‍ പങ്കാളിത്തം വഹിക്കുന്നതിനു തുല്യമാണ്. ഞങ്ങള്‍ കുറ്റവാളികള്‍ക്കൊപ്പമെന്ന് ഒരറപ്പുമില്ലാതെ വിളിച്ചു പറയുന്നവരുടെ എണ്ണം കൂടുകയാണ്. അതൊരു പാര്‍ട്ടിയോ സാമുദായിക സംഘടനയോ ആണെങ്കില്‍ അതിനെ കുറ്റവാളികളുടെ സംഘമായി കാണേണ്ടിവരും. കൊലപാതകിയെ പോറ്റുന്ന പാര്‍ട്ടി കൊലയാളിപ്പാര്ട്ടിതന്നെ.
രാഷ്ട്രീയ ധാര്‍മ്മികത എന്നൊന്നുണ്ടോ? കൂട്ടക്കൊലയ്ക്കോ വംശഹത്യയ്ക്കോ നേതൃത്വ നല്കുന്നവര് പൊതുസമൂഹത്തിന്റെ സമ്മതംനേടി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നു. കൊള്ളയോ അഴിമതിയോ സ്വജനപക്ഷപാതമോ കാട്ടുന്നവര്‍ അതു തുടരുന്നു. രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും ക്രിമിനല്‍വത്ക്കരണം വര്‍ധിച്ചു. ദുര്വൃത്തരെ അകറ്റാനല്ല ആദരിക്കാനാണ് തിടുക്കം. അപരന് ചെയ്യുമ്പോള്‍ മാത്രം തെറ്റോ കുറ്റമോ ആകുന്ന പ്രവൃത്തികളുടെ വിശുദ്ധി പറയുന്നവരാണ് ഏവരും. ഇപ്പോഴാണ് പറയേണ്ടത്, ഏതു പാര്‍ട്ടിയുണ്ട് രാഷ്ട്രീയ ധാര്‍മികത കാക്കുന്നതായി? ഞങ്ങളുണ്ട് എന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ ആര്‍ക്കാവും?
അവസാനത്തെ തുരുത്തും കടലെടുക്കുമ്പോള്‍ ആര്‍ത്തുല്ലസിക്കുന്നവര്‍ ബോധനാശം നേരിട്ടവര്‍. അവര്‍ വര്‍ത്തമാനത്തില്‍ മാത്രം മുഴുകുന്നവര്‍. വിഴുങ്ങാനെത്തുന്ന വലിയ തിരകള്‍ കാല്ക്കല് നമിച്ചു പിന്വാങ്ങുമെന്നു ധരിക്കുന്ന വിഡ്ഡികള്‍. ദേശീയ പ്രസ്ഥാനത്തിന്റെയും അടിസ്ഥാന വര്‍ഗ രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെയുമെല്ലാം തത്വവും പ്രവൃത്തിയും തെളിച്ചുവെച്ച മാനവിക ദര്‍ശനങ്ങള്‍ പടുതിരി കത്തുകയാണ്. അതു കെടുത്താന്‍ മത്സരിക്കുന്ന ക്രിമിനല്‍ രാഷ്ട്രീയമാണ് ചുറ്റും തിങ്ങിനിറയുന്നത്.
ഇങ്ങനെയൊരു ഇരുട്ടില്‍, ഈ വിപത്ക്കാലത്ത് വാസ്തവം വാസ്തവമായി തിരിച്ചറിയപ്പെടണം. തത്വാധിഷ്ഠിത രാഷ്ട്രീയത്തിലൂന്നിയുള്ള പ്രതിരോധനിര വേണം. എല്ലാ പാര്‍ട്ടികളിലും സംഘങ്ങളിലുമുള്ള വിവേകികള്‍ വീണ്ടുവിചാരത്തിന് തയ്യാറാവണം. ജനാധിപത്യ വ്യവഹാരങ്ങളില്‍ ഞങ്ങള്‍മാത്ര വാദത്തിന് സ്ഥാനമില്ല. എല്ലാവര്ക്കും ബാധകമായ പൊതു ധാര്‍മ്മികതയും പെരുമാറ്റവുമുണ്ടാകണം. അധീശത്വത്തിന്റെയും ഹിംസയുടെയും കുടില ഭാഷ കൈയൊഴിയണം. നാം ചെയ്യുന്നതെന്തെന്ന് ഒരുവട്ടം ആലോചിക്കാനുള്ള സന്നദ്ധത കാട്ടണം.
ആസാദ്
15 ജൂലായ് 2018
4
സംസ്കൃതസംഘം ആരുടെ അനുബന്ധം?
*****************
രാമായണത്തെപ്പറ്റി പറയാന്‍ സംസ്കൃതസംഘം വേണമെന്നത്, ഓരോ പുസ്തക വിശകലനത്തിനും മൂലകൃതിയുടെ ഭാഷ അറിയണമെന്ന ശാഠ്യത്തിന്റെ ഭാഗമാവുമോ? അതോ സംസ്കൃതം അല്‍പ്പം പവിത്രമായ ഭാഷയെന്ന ഓര്‍മ്മപ്പെടുത്തലോ?
ലോകം വായിക്കുന്നത് ഏക രാമായണമല്ല. പുനരെഴുത്തുകളും ബഹുവായനകളും അനന്തപാഠങ്ങളുമായി അതു നിറഞ്ഞിരിക്കുന്നു. അതിന്റെ വളവുകളിലും ഭ്രമനിലങ്ങളിലും വിത്തു പാകി വിളവെടുപ്പു നടത്തുന്ന ലഹരി രാഷ്ട്രീയം ചിലരെയൊക്കെ മത്തു പിടിപ്പിക്കുന്നുണ്ട്. അതു മൂലധനമാക്കി പരിഷ്കൃത സമൂഹത്തിന്റെ ജനാധിപത്യ ബോധത്തെ തകര്‍ക്കാമെന്നാണ് മനുവാദികള്‍ മോഹിക്കുന്നത്. സംസ്കൃതജ്ഞാനം അതിനുള്ള ഉത്തമോപാധിയായി അവര്‍ കരുതുന്നു. ഈ താല്‍പ്പര്യത്തിന് വെള്ളവും വളവും നല്‍കാനേ സംസ്കൃത സംഘങ്ങളുടെ രൂപീകരണം സഹായമാകൂ.
രാമായണ മാസാചരണം സംഘപരിവാര നിശ്ചയമാണ്. ആ മാസംതന്നെ അതു വായിച്ചു ചര്‍ച്ചചെയ്യാമെന്ന് ഇടതു സംസ്കൃതസംഘങ്ങളും തീരുമാനിക്കുന്നതോടെ വിപരീതങ്ങളിലെന്നു നാം ധരിച്ച വായനകളുടെ ഒളിമുഖം തെളിയുന്നു. ശംബൂകന്മാര്‍ രാമായണം എഴുതിത്തുടങ്ങിയിട്ടേ ഉള്ളു. എല്ലാ മാസവും പഞ്ഞമാസമായവര്ക്ക് കര്ക്കിടകത്തിനെന്ത് പ്രത്യേകത? അതുകൊണ്ടത് കര്ക്കിടകപ്പാഴ് വേലയല്ല. വരിഷ്ഠ സംസ്കൃത ചിത്തര്‍ക്ക് അത് തിരിയുമോ ആവോ!
ആസാദ്
16 ജൂലായ് 2018
5
അഗ്നിവേശിന്റെ രക്തം ആര്‍ക്കാണ് വേണ്ടത്?
******************
അഗ്നിവേശിനെ തെരുവില്‍ നേരിടുന്ന ഗുണ്ടായിസം ഹിന്ദുരാഷ്ട്രീയമാണെന്ന് ലജ്ജയില്ലാതെ പറയണം മോഡീ. അത് അമിത്ഷാ അവതരിപ്പിച്ച ന്യൂബ്രാന്റ് രാഷ്ട്രീയ ധാര്മികതയല്ലേ? അതിന്റെ ശില്പികളോ ജാതിഹിന്ദുത്വത്തിന്റെ ചതിയന്‍ പരിവാരങ്ങള്‍. അത് ഒറ്റുകാരുടെ വംശം. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള യുദ്ധങ്ങളെ പിറകില്‍നിന്നു വെട്ടി പടിഞ്ഞാറന്‍ അധീശത്വത്തിനു മുന്നില്‍ കുനിഞ്ഞ പാരമ്പര്യം. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അതിന്റെ ആചാര്യനെത്തന്നെ വകവരുത്തിയ ദേശസ്നേഹം. ഭിന്നിപ്പിച്ചും പോരടിപ്പിച്ചും ദുര്വൃത്തികളിലാണ്ട ഗൂഢരാത്രികള്ക്കു ശേഷം അധികാരം കവര്‍ന്ന കുടിലത. തോറ്റുപോയ ഒരു ജനതയെ ഇഞ്ചിഞ്ചായി വകവരുത്തണം നരേന്ദ്രമോഡീ.
സ്വതന്ത്രമായ ശബ്ദത്തെ, നട്ടെല്ലു നിവര്‍ത്തിയുള്ള നില്പ്പിനെ, സഹോദരാ എന്നോ സുഹൃത്തേ എന്നോ ഉള്ള അഭിസംബോധനയെ, തുല്യമായി വരുന്ന എല്ലാറ്റിനെയും ഭയപ്പെടുന്ന വര്‍ണ ധര്‍മ്മികളുടെ മനുഭ്രാന്ത് പൊട്ടിയൊലിക്കുകയാണ്. ഞാന്‍ മീതെ ഞാന്‍ മീതെയെന്ന് പൂണൂല് വിറപ്പിക്കുന്ന ഭൂതജന്മങ്ങള് അഴിഞ്ഞാടുകയാണ്. യുക്തിയുടെ ലോകത്തെ കീഴ്മേല്‍ മറിച്ച് മനുരാജ്യം വീണ്ടെടുക്കാന്‍ പുറപ്പെട്ട കണ്ണുപൊട്ടിയ ഭൂതപ്പടയാണത്. അവര്‍ക്കെന്ത് ദയാനന്ദ് സരസ്വതി? എന്ത് ആര്യസമാജം? എന്ത് അഗ്നിവേശ്?
എണ്‍പതുകാരനെ തെരുവില്‍ അടിച്ചുവീഴ്ത്താന്‍ അവരുടെ ദൈവങ്ങള്‍ പറഞ്ഞിരിക്കണം. പന്‍സാരെയെ, ധബോല്‍ക്കറെ, ഗൗരിയെ, കല്‍ബുര്‍ഗിയെ, എണ്ണമറ്റ ദളിതരെ, ഇതര ന്യൂനപക്ഷങ്ങളെ, ലക്ഷക്കണക്കായ കര്‍ഷകരെ ഇന്ത്യയാകെ വേട്ടയാടി അദാനി അംബാനി മല്യ മോഡിമാരുടെ ലോകം പണിയണമെന്ന് വിചാരധാരയില്‍ വായിച്ചിരിക്കണം. മനു വന്ന് ഉറക്കം കെടുത്തിയിരിക്കണം. വിജാതീയരേ കടക്കൂ പുറത്തെന്ന് ഇന്ത്യന്‍ കവാടത്തില്‍ പലകയെഴുതി തൂക്കിക്കാണണം. സ്വാമി അഗ്നിവേശും ആര്യസമാജവും പാക്കിസ്ഥാനില്‍ പോകട്ടെയെന്ന് ഒരു അമറല്‍ കേള്‍ക്കുന്നു.
2019വരെ നാമെങ്ങനെ നടന്നെത്തും? അവിടെയും തോല്‍പ്പിക്കപ്പെട്ടാല്‍ പരാജിതരുടെ ഇന്ത്യ ഏതു പേരണിഞ്ഞാവും അകംകലങ്ങി അവസാനിക്കുക?
ആസാദ്
17 ജൂലായ് 2018
6
ജനങ്ങള്‍ക്കില്ലാത്ത അവകാശം ജനപ്രതിനിധിക്കെന്തിന്?
******************
എം എല്‍ എയ്ക്ക് ടോള്‍ കൊടുക്കേണ്ട. എം പിയ്ക്കും വേണ്ട. അതൊക്കെ ജനങ്ങളെക്കൊണ്ട് കൊടുപ്പിക്കലാണല്ലോ അവരുടെ ജോലി. ജനങ്ങളെ എന്തിന് അനാവശ്യമായി പിഴിയണമെന്ന്, എന്തിന് സഞ്ചാര സ്വാതന്ത്ര്യം പണംകൊണ്ട് നിയന്ത്രിക്കണമെന്ന് അവരാരും നിയമസഭയില്‍ ചോദിച്ചിട്ടില്ല. സഞ്ചാരപാതയാകെ സ്വകാര്യവത്ക്കരിക്കരുതെന്നോ, രണ്ടോ മൂന്നോ കൊല്ലംകൊണ്ട് ചെലവിന്റെ ഇരട്ടിയിലേറെ പിഴിഞ്ഞെടുക്കുന്ന ചുങ്കപ്പുരകള്‍ രണ്ടും മൂന്നും പതിറ്റാണ്ടു നിലനിര്‍ത്തുന്ന കരാറുകള്‍ ഒപ്പിടരുതെന്നോ ഒരു എം എല്‍ എയും വാശി പിടിച്ചിട്ടില്ല. പാലിയേക്കരയില്‍ പി സി ജോര്‍ജിന്റെ അശ്ലീലപ്രകടനം ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നുണ്ട്.
ജനങ്ങള്‍ക്കില്ലാത്ത ഒരാനുകൂല്യവും ജനപ്രതിനിധികള്‍ക്കു പാടില്ല. ജോലിക്കു കൂലിയാവാം. രാഷ്ട്രീയ പ്രവര്‍ത്തനം സേവനമാവണം. ജീവിക്കാനതു തൊഴിലാവരുത്. അഥവാ തൊഴില്വേറെ ചെയ്യുന്നവരാവണം രാഷ്ട്രീയ പ്രവര്‍ത്തകര്‍. ജനങ്ങളുടെ ചെലവില്‍ കഴിഞ്ഞുകൂടാനുള്ള മാന്യമായ ഭിക്ഷാടനമായി രാഷ്ട്രീയം മാറിക്കൂടാ. അധികാര സ്ഥാനങ്ങളില്‍ തുടരുന്ന കാലം മാത്രം അതിനുള്ള വേതനം നല്‍കണം. അതില്‍ക്കൂടുതല്‍ ഒരവകാശവും പാടില്ല.
ജനങ്ങള്‍ക്കുമേല്‍ യജമാനനെന്ന് ഭാവിക്കാന്‍ ഒരു ജനപ്രതിനിധിയെയും ജനാധിപത്യ മൂല്യങ്ങള്‍ അനുവദിക്കുന്നില്ല. മറ്റെല്ലാം പിടിച്ചുപറിയാണ്.
ആസാദ്
19 ജൂലായ് 2018
7
വായിക്കാത്തവര്‍ വിധിക്കുന്നു
*******************
വായന ശീലിച്ചിട്ടില്ലാത്തവര്‍ എഴുത്തിനു ചട്ടമുണ്ടാക്കുന്നു. സമ്പൂര്‍ണ സാക്ഷരത ഇത്ര വലിയ ഭാരമാകുമെന്ന് നാമോര്‍ത്തില്ല. വാളെടുത്തവര്ക്കെല്ലാം വെളിച്ചപ്പെടാം. അക്ഷരമറികയാല് എന്തും വായിക്കാമെന്ന്, തന്റെ ബോധ്യത്തില്‍ ലോകത്തെ എങ്ങനെയും വിധിക്കാമെന്ന് മൂഢപരിവാരങ്ങളുടെ ആഘോഷം.
ഹരീഷ് നോവല്‍ ആരംഭിച്ചേയുള്ളു. രണ്ടാം ലക്കത്തില്‍ പിടിവീണു. ആദ്യലക്കം പരിവാരങ്ങള്‍ വായിച്ചു കാണില്ല. അതത്ര എളുപ്പവുമല്ല. അക്ഷരമറിയാവുന്നതുകൊണ്ട് എല്ലാം വായിക്കാനാവില്ലെന്ന് മീശയുടെ ആദ്യത്തെ അദ്ധ്യായം പഠിപ്പിക്കേണ്ടതാണ്. പിന്നിട്ടുപോന്ന കാലവും ദേശവും വിസ്മയിപ്പിക്കുംവിധം പുതുജീവന്‍ കൈവരിക്കുകയാണ്. ചോഴിയാപ്പാറ പാടത്തിന്റെ കെട്ടുവരമ്പില് താമസിക്കുന്ന പവിയാനും തള്ള ചെല്ലയും അവരുടെ ജീവിതവും ഇനിയും നാം വായിച്ചിട്ടില്ലാത്ത ഇതിഹാസങ്ങളിലേയ്ക്കാവണം ക്ഷണിച്ചത്. പക്ഷെ വായനയുടെ ലളിതലീലകളില് അഭിരമിക്കുന്ന അലസജീവികള്ക്ക് അതു തിരിഞ്ഞുകിട്ടണമെന്നില്ല.
അതിനാലവര്‍ ലളിതമായ ആഖ്യാനങ്ങളെ, പരിചിത ചിത്രങ്ങളെ, ഒളിവികാരങ്ങളെ അന്വേഷിച്ചു കാണണം. ഏതോ കഥാപാത്രം തങ്ങളിലൊരുവനായി തങ്ങളുടെ ഭാഷയില്‍ തങ്ങളുടെ വ്യവഹാരയിടങ്ങളെ പകര്‍ത്തുന്നതു കണ്ടുപിടിച്ചിരിക്കണം. തന്റെ അനുഭവങ്ങളിലെ വികാരസ്ഫോടനത്തില് തളര്‍ന്ന് എഴുത്തുകാരനെ പഴിച്ചു കാണണം. അവരുടെ ചെറുതല്ലാത്ത വംശം ഉത്തേജിതരായി വളഞ്ഞാക്രമിക്കാന്‍ തുടങ്ങിയിരിക്കണം. അതെല്ലാം നിര്‍വ്വീര്യമാക്കാന്‍ പോന്ന രാഷ്ട്രീയ ജാഗ്രതയോ അധികാര ശീലമോ തുണയ്ക്കെത്താതെ എഴുത്തുകാരന് വല്ലാതെ ഒറ്റപ്പെട്ടു ഭയന്നിരിക്കണം. മീശമുറിച്ച് തികച്ചും സാധാരണക്കാരനായി പിന്‍വലിഞ്ഞു ജീവിക്കൂ എന്ന് പ്രിയപ്പെട്ട കുടുംബവും സൗഹൃദവും ഉപദേശിച്ചിരിക്കണം. ഇതു പഴയ കാലമല്ല, ഇരുട്ടും കൂടിക്കൂടി വരുന്നെന്ന് പത്രാധിപരും ഖേദത്തില്‍ മുഴുകിയിരിക്കണം.
വായനാവിരോധികളുടെ ലീലകള്‍ പെരുകുന്നു. രാമായണം കമ്പോടു കമ്പു വായിച്ചെന്നാണ് മേനി. പുരാണേതിഹാസങ്ങളും അവരില്‍ തുളുമ്പും. അവിടെയൊന്നും കാണാത്ത ഉടലിളക്കങ്ങളും ദുര്‍വൃത്തികളും ഹരീഷിന്റെ മീശയില്‍ കാണായോ എന്നവര്‍ പറയട്ടെ. കഥയും വാസ്തവവും കലര്‍ന്ന് സത്യമേതെന്ന് അവരെ ഭ്രാന്തു പിടിപ്പിക്കുന്ന ആഖ്യാനമായോ ഹരീഷിന്റേത്? കുറ്റം ഹരീഷിന്റേതോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിപ്പിച്ചുവെങ്കില് പൊതു വ്യവഹാരങ്ങളില്‍ ഭൂത പരിവാരയുക്തികള് നിറഞ്ഞുകഴിഞ്ഞു എന്നാണര്‍ത്ഥം. പ്രതിരോധിക്കാനിനി സെമിനാറുകളും ഗിരിപ്രഭാഷണങ്ങളും മതിയാവില്ല. വര്‍ഗീയത തുലയട്ടെ എന്നു ചുമരെഴുതിയിട്ടുമെന്ത്? തന്നെത്തന്നെ മോചിപ്പിക്കണം മതാത്മകതയുടെ സകല ശീലങ്ങളില്‍നിന്നും. തന്റെ ശീലങ്ങള്‍ക്ക് സാധൂകരണം കാണുകയും അപരന്റേതിനെ പഴിക്കുകയും ചെയ്യുന്ന മതശാഠ്യങ്ങളുടെ പ്രഛന്ന വേഷങ്ങള്‍ തുറന്നു കാട്ടപ്പെടണം. അവനവന്‍തന്നെ വാളും പരിചയുമാകുന്ന യുദ്ധത്തിനുള്ള ശേഷി ഓരോ എഴുത്തിലും എഴുത്തുകാരിലും നിറയണം.
മീശ ആരെങ്കിലും പ്രസിദ്ധീകരിക്കും. അതു വിറ്റഴിയുകയും ചെയ്യും. ഹരീഷ് എന്ന എഴുത്തുകാരന് കഥയും നോവലുമെഴുതി ഇനിയും രംഗത്തുണ്ടാകും. സംഘ പരിവാര ഭൂതഗണങ്ങള്‍ക്കു മുന്നില്‍ മുട്ടിടിച്ചു കുനിഞ്ഞു പിന്മാറിയ മലയാളിയുടെ അഭിമാനത്തിനേറ്റ മുറിവു മായുകയില്ല. ചോരപൊടിയുന്ന മുറിവായകള്‍ ഉണങ്ങാതെ കാത്തിരിക്കും. തോറ്റ ജനതയുടെ നീറ്റലെന്തെന്ന് മുറിവേറ്റ ഭാഷയും പറയട്ടെ.
ഹരിഷിനെ, കേരളത്തിലെ എഴുത്തുകാരെ, അനുഭവങ്ങള്‍ വായിക്കാന്‍ ശേഷിയുള്ള സാക്ഷരരെ, പലമട്ട് മുറിവേറ്റു കിടക്കുന്ന ജനതയുടെ ബൃഹത്തെങ്കിലും ശിഥിലമായ ആഖ്യാനങ്ങളിലേയ്ക്ക് പ്രചോദിപ്പിക്കാന്‍ ഈ സന്ദര്‍ഭത്തിനു കഴിയണം. അതു മാത്രമേ പ്രതീക്ഷയുള്ളു.
ആസാദ്
22 ജൂലായ് 2018