Article POLITICS

ജൂലായ്കുറിപ്പുകള്‍ 1

ഗൗരിയമ്മ നൂറാം വയസ്സിലേയ്ക്ക്
******************

ഗൗരിയമ്മ നൂറാം വയസ്സിലേയ്ക്ക്. നിലയ്ക്കാത്ത പോര്‍വീര്യത്തിന്റെ സ്ത്രീനാമത്തിന്, ജീവിതത്തിന് ആദരം. ഒപ്പം ചോദിച്ചുപോകുന്നു. സാധാരണ കുടുംബജീവിതം കൈവിട്ട് അശാന്തി നിറഞ്ഞ പൊതു രാഷ്ട്രീയ സമരങ്ങളിലേയ്ക്കു സ്വയം സമര്‍പ്പിക്കുമ്പോള്‍ അങ്ങ് ആഗ്രഹിച്ച സാമൂഹിക മാറ്റം അല്‍പ്പമെങ്കിലും സംഭവിച്ചുവോ? ഇപ്പോഴും അതേ ലക്ഷ്യം മുന്നില്‍ താരശോഭയോടെ കാത്തു നില്‍ക്കുന്നുവോ? എന്തു തോന്നുന്നു? തൃപ്തിയോ അതൃപ്തിയോ?

പോരാളികള്‍ക്ക് തൃപ്തിയും ശാന്തിയും കൈവരില്ല. എങ്ങുമുള്ള മനുഷ്യര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നവര്‍ അവനവനെ പോറ്റാന്‍ മറന്നുപോകും. അതിനുള്ള കൗശലംമാത്രം ഓര്‍മ്മവരില്ല. ഗൗരിയമ്മ കേരളത്തില്‍ എന്താവണമായിരുന്നുവോ അതായിട്ടുണ്ടോ? ഇല്ലെങ്കില്‍ ആരാണവരെ വീഴ്ത്തിയത്? ഏതു വ്യാമോഹത്തിലാണ് ആര്‍ക്കും രക്ഷിക്കാനാവാത്ത വിധം അവര്‍ പെട്ടുപോയത്? അതല്ലെങ്കില്‍ ശത്രുവര്‍ഗത്തിന്റെ കെണിയോ സ്വപക്ഷത്തിന്റെ ചതിയോ അവരെ വീഴ്ത്തിയത്?

കേരം തിങ്ങും കേരളനാട് ഗൗരിയമ്മയുടെ ഭരണം കൊതിച്ചിരുന്നു. കാര്‍ഷിക പരിഷ്കരണത്തിന്റെ ബില്ലവതരിപ്പിച്ച് ലോകരാഷ്ട്രീയ ശ്രദ്ധയിലേക്കു കയറുമ്പോള്‍ സ്ത്രീയെന്ന സംവരണസീറ്റീന്റെ ഔദാര്യമായിരുന്നില്ല അവരുടെ ശക്തി. പൊതുപ്രവര്‍ത്തനത്തിന് ലിംഗഭേദമില്ലയെന്ന് ജീവിതംകൊണ്ടാണവര്‍ തെളിയിച്ചത്. ഏതോ ചെറിയ പിശക് ഊതിവീര്‍പ്പിച്ചു പുറത്താക്കാനും എന്നേയ്ക്കുമായി വാതില്‍ കൊട്ടിയടയ്ക്കാനും ഒട്ടും മനക്ലേശം അനുഭവിച്ചില്ല നേതൃപ്രതിഭകള്‍! അങ്ങനെ എത്രപേരെ ഓരംനിന്നു കുതികാല്‍വെട്ടി വീഴ്ത്തിയിരിക്കുന്നു! തിരുത്താനും തിരിച്ചു കയറാനും ഒരു താങ്ങു നല്‍കിയോ?

വന്‍മരങ്ങളുടെ ശീതളഛായകളില്‍ രമണന്‍ പാടി നടക്കുകയായിരുന്നില്ല ചങ്ങമ്പുഴയ്ക്കൊപ്പം പഠിച്ച ഗൗരി. ഓടക്കുഴലല്ല ലാത്തിയാണ് ഏറെ കണ്ടത്. അതിന്റെ താണ്ഡവം ലാത്തിക്കുഞ്ഞുങ്ങളെ ത്തന്നെ സൃഷ്ടിക്കുമായിരുന്നുവെന്ന് അവര്‍ നിയമ സഭയില്‍ പറഞ്ഞിട്ടുണ്ട്. ആ മുഴക്കം മാഞ്ഞു പോയിട്ടില്ല. കൂടുതല്‍ ആസുരമായ കാലത്തും അങ്ങനെയൊരു പോരാളി ജന്മമെടുത്തിട്ടില്ല. പക്ഷെ പദവികളില്‍ കടികൂടുന്ന നേതാക്കളുടെ വംശം പെരുകിയതേയുള്ളു.

ഗൗരിയമ്മ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ മരിക്കാത്ത ജ്വാലയാണ്. അവര്‍ക്കുപോലും മായ്ക്കാനാവാത്ത വിധം അത് ചരിത്രമായിരിക്കുന്നു. പില്‍ക്കാലത്ത് എന്ത് പറഞ്ഞു ആര്‍ക്കൊപ്പം നിന്നു എന്നതൊന്നും ചരിത്രം ഓര്‍ത്തുവയ്ക്കില്ല. അവരെ വെട്ടി വീഴ്ത്തിയവരെയും ചരിത്രം കൈവിടും. കഴിഞ്ഞ നൂറ്റാണ്ടിന്റെ കേരളീയ വിപ്ലവകാരികളില്‍ മുന്‍നിരയില്‍ കെ ആര്‍ ഗൗരി കാണും. അവരെ ഓരങ്ങളിലേയ്ക്കു തള്ളി കയറിപ്പോയവര്‍ക്കും മുന്നില്‍ അവരുണ്ടാകും. സ്വയം തിരസ്കരിച്ചിട്ടും ഞാനിവിടെയുണ്ടല്ലോ എന്ന് അവര്‍ക്കുതന്നെ വിസ്മയപ്പെടാം. ചരിത്രത്തിലെ ഇടപെടലുകള്‍ വെറുതെയാവുകയില്ല.

പിറകില്‍നിന്നു വെട്ടിയും പുറംതള്ളിയും ക്വട്ടേഷന്‍ നല്‍കി ഒതുക്കിയും സ്വന്തം സഖാക്കളെ തോല്‍പ്പിക്കുന്ന അധാര്‍മ്മിക-കയ്യൂക്ക് രാഷ്ട്രീയം പക്ഷ ഭേദമില്ലാതെ വളരുകയാണ്. അതിനിടയിലും ആ പേരിന്റെ ശോഭയും രാഷ്ട്രീയവും ഇടതുപക്ഷത്തിന്റെ വിപ്ലവ മൂലധനമാകുന്നു. തിരുത്താനും മുന്നേറാനും പ്രചോദനമാകുന്നു. ഗൗരിയമ്മയ്ക്ക് പ്രായമില്ല. ചെയുടെ ചിത്രംപോലെ കേരളം ലോകത്തിന്റെ നെഞ്ചില്‍ അവരുടെ രൂപം പതിയ്ക്കുന്നു. നൂറ്റാണ്ടിന്റെ പെണ്ണഭിമാനമേ, വിപ്ലവത്തിന്റെ തീക്കണ്ണേ, ഗൗരിയമ്മേ അഭിവാദ്യം .

ആസാദ്
1ജൂലായ് 2018

2
കാമ്പസില്‍ വീണ്ടും രക്തം
*****************
കാമ്പസില്‍ വീണ്ടും ചോര വീണിരിക്കുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗം അഭിമന്യു. ദുഖവും പ്രതിഷേധവും കേരളത്തെ പൊതിയണം.

ഒരിടവേളയ്ക്കു ശേഷം കൊലക്കത്തികള്‍ കളി തുടങ്ങിയിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങളോ അതിലൂന്നിയ സംവാദങ്ങളോ അറിയാത്തവരുടെ ഭാഷയാണത്. ആയുധംകൊണ്ടു ആരെയും തോല്‍പ്പിക്കാമെന്ന് പഠിപ്പിക്കുന്ന ഗുരുക്കന്മാര്‍ പൊതുസമൂഹത്തില്‍ നിറഞ്ഞിട്ടുണ്ട്. അവരെ അഭിവാദ്യം ചെയ്യാന്‍ അധികാരം ധൃതികൂട്ടുന്നു.

ജാതി മത സങ്കുചിത അവകാശവാദങ്ങളും കൂട്ടായ്മകളും പൊതു ഇടങ്ങളെ കീഴ്പ്പെടുത്തി മുന്നേറുകയാണ്. വലിയ വര്‍ഗീയത ചെറിയ വര്‍ഗീയത എന്ന് വേര്‍തിരിവുകള്‍ സാധ്യമല്ല. വര്‍ഗീയമായ ഒരു കൂട്ടുകെട്ടും ജനാധിപത്യ വാദികള്‍ക്ക് സഹിക്കാനാവില്ല. അധികാരവും ധനക്കോയ്മയും സൃഷ്ടിക്കുന്ന അവിഹിത സഖ്യങ്ങളില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഇത്തരം ഹീനസംഘങ്ങളാണ്. കാമ്പസുകളിലേയ്ക്ക് അവ വളരുമ്പോള്‍ പൊതു രാഷ്ട്രീയം കൂടുതല്‍ ജാഗ്രത കാട്ടേണ്ടതുണ്ട്.

ഞാന്‍ മാത്ര – ഞങ്ങള്‍മാത്ര ബോധത്തിലേയ്ക്കല്ല സംഘടനകള്‍ വളരേണ്ടത്. ജനാധിപത്യം സഹിഷ്ണുത ആവശ്യപ്പെടുന്നു. ആദരവോടെ വിയോജിക്കാനും സംവദിക്കാനുമുള്ള ശേഷിയുണ്ടാവണം. രാഷ്ട്രീയത്തെ ആശയാധിഷ്ഠിതവും സര്‍ഗാത്മകവുമാക്കാന്‍ കഴിയണം. അതിനുള്ള പരിശീലനമാവണം കാമ്പസ് രാഷ്ട്രീയം.

അഭിമന്യുവിന് അന്ത്യാഭിവാദ്യം. പൊള്ളിക്കുന്ന ആ രക്തം കാമ്പസുകളെ നയിക്കട്ടെ, സര്‍ഗാത്മക രാഷ്ട്രീയത്തിലേയ്ക്ക്. മാനവികതയിലേയ്ക്ക്.

ആസാദ്
2 ജൂലായ് 2018

3
വര്‍ഗീയതയുടെ വേരുകള്‍
*****************
വര്‍ഗീയതയ്ക്കും, അതിന്റെ ഹീന രാഷ്ട്രീയ പ്രയോഗങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായി നമ്മുടെ നാട് മാറിയതെങ്ങനെയാണ്? എവിടെയെല്ലാമാണ് അതിന്റെ വേരുകള്‍? ഏതെല്ലാം സാഹചര്യങ്ങളില്‍നിന്നാണ് അത് ജീവവായു കണ്ടെത്തുന്നത്? അതെല്ലാം പരിശോധിച്ചേ മതേതര ജീവിതത്തിന്റെ സാമൂഹികാരോഗ്യം നമുക്കു വീണ്ടെടുക്കാനാവൂ.

മതേതര ജനാധിപത്യ ജീവിതത്തിന്റെ സമസ്തമൂല്യങ്ങളും പാഴാവുകയാണ്. നവോത്ഥാനത്തിന്റെയും സമജീവിതത്തിന്റെയും ആദര്‍ശങ്ങള്‍ക്കുമേല്‍ മത പൗരോഹിത്യം പിടിമുറുക്കുന്നു. കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെയും ജനാധിപത്യ കക്ഷികളുടെയും വളര്‍ച്ച അതിന്റെ ദര്‍ശനങ്ങളെ സ്വീകാര്യമാക്കിയില്ല. അകത്ത് ആശയവാദത്തിന് ഇടം കൊടുത്ത വൈരുദ്ധ്യാത്മക ഭൗതികവാദികളും മതത്തെ കുടിയിരുത്തിയ മതേതര ജനാധിപത്യവാദികളും വിപത്ക്കാലം വിരിയിക്കുകയായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ അവിശുദ്ധ വിലപേശലുകള്‍ രംഗം കൂടുതല്‍ കലുഷമാക്കി. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ മാറിമാറി പ്രീണിപ്പിച്ചു. അതൊന്നും പക്ഷെ അവര്‍ സമ്മതിക്കാന്‍പോലും ഒരുക്കമാവില്ല.

വിദ്യാഭ്യാസ രംഗം മതശക്തികള്‍ക്ക് വീതംവെച്ചത് ആരൊക്കെയാണ്? പൊതുവിഷയങ്ങളില്‍ അവരുടെ അഭിപ്രായം കാത്തുകിടന്നത് ആരൊക്കെയാണ്? അവരുടെ പാഠശാലകളും ആയുധാഭ്യാസങ്ങളും രഹസ്യകേന്ദ്രങ്ങളും പടരുമ്പോള്‍ നിയമം നിശബ്ദമായതെങ്ങനെയാണ്? പൊലീസ് സ്റ്റേഷന്‍ അക്രമക്കേസുകള്‍ പോലും പിന്‍വലിച്ചു സഹായിച്ച ഭരണാധികാരികള്‍ ആരൊക്കെയാണ്? ഓരോ തെരഞ്ഞെടുപ്പിലും മതാചാര്യന്മാര്‍ക്കും തീവ്രവാദികള്‍ക്കും മുന്നില്‍ മുട്ടുകുത്തിയ നേതാക്കള്‍ ആരൊക്കെയാണ്? ആള്‍ദൈവങ്ങള്‍ക്കും വ്യാജ ഉസ്താദുമാര്‍ക്കും ബഹുമാന്യ പദവികള്‍ നല്‍കിയത് ആരൊക്കെയാണ്? ആശ്രമങ്ങളിലും ധ്യാന കേന്ദ്രങ്ങളിലും പൊലിഞ്ഞ ജീവനുകള്‍ക്ക് നീതി കിട്ടാതെപോയത് എന്തുകൊണ്ടാണ്?

ജനകീയ സമരങ്ങളില്‍ വര്‍ഗീയവാദികള്‍ നുഴഞ്ഞുകയറുന്നു എന്ന ഏക സങ്കടമേ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുള്ളു. നുഴഞ്ഞു കയറാന്‍ പാകത്തില്‍ അവരെ വളര്‍ത്തിയല്ലോ എന്ന കുറ്റ ബോധം കാണുന്നില്ല. പൊതുസമൂഹത്തില്‍ വളരുന്ന തിന്മകളെല്ലാം ജനങ്ങളുടെ എല്ലാ പ്രവര്‍ത്തന മണ്ഡലങ്ങളിലും കാണും. ജനകീയ സമരങ്ങളില്‍നിന്ന് വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിന്മാറിയപ്പോള്‍ പലവിധ സ്വഭാവങ്ങളുള്ളവരുടെ കൂട്ടായ്മകള്‍ക്ക് വഴി തെളിയുകയായിരുന്നു. ജനങ്ങള്‍ എന്ന നിലയ്ക്ക് പൊതു സമരങ്ങളില്‍ ആര്‍ക്കും പങ്കാളികളാവാം . എന്നാല്‍ വര്‍ഗീയ തീവ്രവാദികളുടെ താല്‍പ്പര്യാര്‍ത്ഥം നടക്കുന്ന ഏതു സംരംഭത്തെയും ഒറ്റപ്പെടുത്തേണ്ടതുണ്ട്. രണ്ടിനെയും വേര്‍തിരിച്ചു കാണാനാവണം. സമരങ്ങളെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ തിരിച്ചറിഞ്ഞ് ഏറ്റെടുക്കാനോ പരിഹരിക്കാനോ ആണ് പുരോഗമന രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കേണ്ടത്. അവരുടെ ഉദാസീനമായ സമീപനം ഗൂഢ – കൂള ശക്തികളെ വളര്‍ത്തും.

ഹിന്ദുത്വ/ ഇസ്ലാമിക/ക്രൈസ്തവ കമ്യൂണിസങ്ങള്‍പോലും ലഭ്യമാണ് നമ്മുടെ നാട്ടില്‍. ചെരുപ്പിനനുസരിച്ച് കാലു മുറിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മതം പൊതു ജീവിതത്തില്‍ അപ്രസക്തമാണ്. വിദ്യാലയങ്ങളിലോ തൊഴിലിടങ്ങളിലോ ആരോഗ്യ വ്യവസായ കേന്ദ്രങ്ങളിലോ മത ഇടപെടലുകള്‍ അനുവദിക്കേണ്ടതില്ല. പ്രാര്‍ത്ഥന സ്വകാര്യമായ താല്‍പ്പര്യമാണ്. അതിന് പൊതു സമയം നഷ്ടപ്പെടുത്തേണ്ടതുമില്ല. പൊളിച്ചടുക്കേണ്ടതുണ്ട് മതാധികാര പ്രവണതകള്‍. അതിന് മതേതര ജനാധിപത്യ രാഷ്ട്രീയം സന്നദ്ധമാവണം.

ആസാദ്
4 ജൂലായ് 2018

4
രക്തസാക്ഷി ദൈവമല്ല, മരണമില്ലാത്ത മനുഷ്യനാണ്.
******************
‘വിശ്രമമറിഞ്ഞിട്ടില്ലാത്ത സഖാവേ നീയുറങ്ങൂ, ഒരു നാള്‍ നീ യുയര്‍ത്തിയ പതാകയുടെ, നിന്നെ പ്രചോദിപ്പിച്ച സമത്വദര്‍ശനത്തിന്റെ അന്തിമ വിജയമുണ്ടാകും. അന്നു കുഴിമാടത്തില്‍നിന്നു ആവേശത്തോടെ നിന്നെ വിളിച്ചുണര്‍ത്താന്‍ ഞങ്ങള്‍ വരും’. ഓരോ രക്തസാക്ഷിയോടും നാമിത് പറഞ്ഞിട്ടുണ്ട്. അതു പൊരുതുന്ന സഖാക്കളുടെ വാഗ്ദാനങ്ങളാണ്. അവയൊന്നും പൊള്ളവാക്കുകളാവരുത്. പ്രതിജ്ഞയുടെ ഭാരം നമ്മെ ഉത്സാഹികളും കര്‍മ്മധീരരും നീതിമാന്മാരുമാക്കണം. തെളിച്ചമുള്ള ഒരു ദര്‍ശനത്തെ അഭിമാനപൂര്‍വ്വം ഉയര്‍ത്തിപ്പിടിക്കാന്‍ ത്രാണി നല്‍കണം.

പ്രതികരണങ്ങളെല്ലാം അതിരുകടന്നുള്ള വികാരപ്രകടനമായി അവസാനിക്കാമോ? വേഗം പോരാ പോരായെന്ന് നമ്മെ നിര്‍ബന്ധിക്കുന്നുണ്ട് സമരമുഖങ്ങള്‍. കരയുന്ന വയലുകളും അശാന്തമായ തെരുവുകളും നമ്മെ വിളിക്കുന്നു. അനവധി രക്തസാക്ഷികളുടെ തൊണ്ടപൊട്ടുന്ന മുദ്രാവാക്യം അവിടെ മുഴങ്ങുന്നു. ചൂഷിതരും അതൃപ്തരും അകംവെന്ത് പൊട്ടിത്തെറിക്കുന്നവരുമായ ജനങ്ങള്‍. മുതലാളിത്തം വളരുന്തോറുമുള്ള കാലുഷ്യം പോര്‍ മുഖങ്ങളെ പെരുപ്പിക്കുന്നു. സമരങ്ങള്‍ക്ക് അവധി കൊടുത്ത് വിശ്രമിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് രക്തസാക്ഷിക്കല്ലുകള്‍ വെറും സ്മാരകശിലകള്‍! അവര്‍ക്ക് സോഷ്യലിസ്റ്റ് ലോകം നേടാനാവില്ല. അവര്‍ക്കു മുന്നില്‍ പുറംതള്ളപ്പെട്ടവരുടെയും പ്രാന്തവല്‍കൃത ജനവിഭാഗങ്ങളുടെയും നീതിപാത തെളിയുകയില്ല.

ഓരോ രക്തസാക്ഷിയും ഓരോ വഴിക്കല്ലാണ്. നാം എത്രദൂരം പോന്നുവെന്ന്, ഇനിയെത്ര പോകാനെന്ന് ചോരകൊണ്ടെഴുതിയ മാര്‍ഗദര്‍ശികള്‍. രണ്ടു രക്തസാക്ഷിത്വങ്ങള്‍ക്കിടയില്‍ നാം വിജയിപ്പിച്ച, വീണവരുടെ മുദ്രാവാക്യങ്ങളെപ്പറ്റി പറയണം. ഒരു തുള്ളി ചോരയും വെറുതെയായിട്ടില്ലെന്ന് ജീവനുള്ള മനുഷ്യര്‍ അന്യോന്യം ഓര്‍മ്മപ്പെടുത്തണം. എപ്പോഴുമെപ്പോഴും ഞങ്ങള്‍ക്കീ കറുത്തകൊടി ഇടതു നെഞ്ചില്‍ കുത്തി കുനിഞ്ഞിരിക്കാനാവില്ല എന്ന കവിവാക്യത്തിന് രക്തസാക്ഷികളോടുള്ള വലിയ കടമ നിര്‍വ്വഹിക്കാനുണ്ട് എന്നാണര്‍ത്ഥം. അല്‍പ്പവിഭവര്‍ കരുതുംപോലെ ആയുധം കൊണ്ടു പകരം ചോദിക്കണമെന്നല്ല.

വീണുപോയവര്‍ അവര്‍ ‘നോക്കാത്ത’ കുടുംബത്തെ നിങ്ങള്‍ നോക്കണമെന്നല്ല ആഗ്രഹിക്കുന്നുണ്ടാവുക. വീടുവിട്ടിറങ്ങുമ്പോള്‍ അതേ സങ്കടം പകുക്കുന്ന അനേകം വീടുകളെ നെഞ്ചിലേറ്റിയവരാണവര്‍. അവരുടെയെല്ലാം സങ്കടങ്ങളൊടുങ്ങുമ്പോഴേ തനിക്കു സമാധാനം വരൂ എന്നു നിശ്ചയിക്കുന്നുണ്ട് ഓരോ രക്തസാക്ഷിയും. ആ അറിവാണവരെ പോരാളികളാക്കിയത്. അവരുടെ കുടുംബത്തെ ഏറ്റെടുക്കുക എന്നതിന് അതുപോലുള്ളവരുടെ അതിജീവനത്തിന് അവര്‍ക്കൊപ്പം പൊരുതാനുറയ്ക്കുക എന്നാവണമര്‍ത്ഥം. ഭൂരഹിതരുടെയും തൊഴില്‍രഹിതരുടെയും നിരന്തരം പുറംതള്ളപ്പെടുന്നവരുടെയും ചേരിയില്‍ പോരാളിയാവൂ എന്ന് രക്തസാക്ഷികള്‍ പ്രചോദിപ്പിക്കുന്നുണ്ട്.

വീണുപോയവരൊന്നും വീണുപോയിട്ടില്ലെന്ന് നാം നമ്മുടെ കര്‍മ്മ(സമര) ശേഷികൊണ്ടും പ്രതിബദ്ധതകൊണ്ടും തെളിയിക്കണം. ആരാധന ആരെയും ദൈവമാക്കിക്കൂടാ. മനുഷ്യനാണ് മനുഷ്യനാകലാണ് പ്രധാനം.

ആസാദ്
6 ജൂണ്‍ 2018

5
വേണു ബാലകൃഷ്ണനെ വിമര്‍ശിക്കാം, കൊല്ലരുത്
*******************
വേണു ബാലകൃഷ്ണന്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ മലയാളിക്ക് നന്നായറിയാം. നമ്മുടെ ദിനാന്ത്യങ്ങളെ ചടുലചിന്തകളിലേയ്ക്കും സംവാദങ്ങളിലേയ്ക്കും പിടിച്ചണയ്ക്കുന്ന വാഗ് വൈഭവം. ദ്രുതകവനത്തെക്കാള്‍ ക്ലേശകരമാണ് വേഗ വിശകലനങ്ങള്‍. നിര്‍ണീതമായ വഴികളോ സമവാക്യങ്ങളോ തുണയ്ക്കാനുണ്ടാവില്ല. യുക്തി ചിന്ത അതിന്റെ സൂക്ഷ്മ വിപരീതങ്ങളെ അതിവേഗം മുറിച്ചുകടക്കണം. പൊടുന്നനെ ഒരു വാദമുയര്‍ത്തണം. സാമൂഹിക രാഷ്ട്രീയ വിമര്‍ശനത്തിനും നവമൂല്യ ദര്‍ശനങ്ങള്‍ക്കും പുതുവെട്ടം നല്‍കണം. ഇതൊക്കെ വിജയകരമായി നിര്‍വ്വഹിക്കുന്ന അപൂര്‍വ്വം വാര്‍ത്താ അവതാരകരേ നമുക്കുള്ളു. അതില്‍ ഒരാള്‍ വേണു ബാലകൃഷ്ണനാണ്.

ജനാധിപത്യ സംവിധാനത്തെ അതു നല്‍കിയ യുക്തികള്‍കൊണ്ട് അപഗ്രഥിക്കാന്‍ മാധ്യമങ്ങള്‍ ബാധ്യസ്ഥരാണ്. അതത്ര ലളിതമോ സുഖകരമോ ആവണമെന്നില്ല. കീറിമുറിക്കപ്പെടുകയാണ് ദൃഢവ്യവസ്ഥ. അതിന്റെ ശീലങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു. അതൊക്കെ ഉള്‍ക്കൊള്ളാന്‍ സാമ്പ്രദായിക മതബോധവും അതിന്റെ തരള വികാരങ്ങളും മതിയാവുകയില്ല. മാറുന്ന ലോകത്തെ ജനാധിപത്യ മൂല്യത്തിലൂന്നി വ്യാഖ്യാനിക്കുന്നവന്‍ കൂടിയാണ് ശരിയായ മാധ്യമ പ്രവര്‍ത്തകന്‍. ആ നിരയില്‍ നിര്‍ത്താവുന്ന അപൂര്‍വ്വം വാര്‍ത്താ അവതാരകര്‍ നമുക്കുണ്ട്. അതിലൊരാള്‍ തീര്‍ച്ചയായും വേണുവാണ്.

അമിതോത്സാഹവും എടുത്തുചാട്ടവും ചിലപ്പോള്‍ അസഹിഷ്ണുതതന്നെയും വേണുവിനെ പിടികൂടുന്നില്ലെന്നല്ല. അതൊന്നും നീചമായ പകപോക്കലിനു കാരണമാവേണ്ടതല്ല. വാര്‍ത്താ അവതരണം വര്‍ഗീയ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ഒരുമതേതര രാഷ്ട്രീയ പ്രവര്‍ത്തകനാണ് തോന്നിയതെങ്കില്‍ സംഗതി ഗുരുതരമാണ്. കടുത്ത വര്‍ഗീയവാദികള്‍ക്ക് അസഹനീയമെന്നു തോന്നാത്ത പരാമര്‍ശങ്ങള്‍ നമ്മുടെ ഇടതു മതേതര ബോധത്തെ അലോസരപ്പെടുത്തുന്നുവെങ്കില്‍ ആ വ്രണം മറ്റേതോ രോഗത്തിന്റെ ലക്ഷണംകൂടിയാണ്.

ആരുടെ സംഭാഷണത്തില്‍നിന്നും അല്ലെങ്കില്‍ പ്രഭാഷണത്തില്‍നിന്നും ചില വരികളൂരി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താന്‍ കഴിയും. അധോമുഖ വാമനര്‍ അതിനു ശ്രമിക്കുകയും ചെയ്യും. വൈക്കത്തെ പ്രതിഷ്ഠ അലക്കുകല്ലാക്കും എന്നു വിറകൂടാതെ പ്രസംഗിച്ചയാളെ നവോത്ഥാന നായകനെന്നു വാഴ്ത്തുന്നത് അതിലെ ദൈവവിരോധം മനുഷ്യോല്‍ക്കര്‍ഷ താല്‍പ്പര്യത്തിനു മുന്നില്‍ നിസ്സാരമാകുന്നതുകൊണ്ടാണ്. പറഞ്ഞ വാക്യമല്ല, അതു പറയാനിടയായ സന്ദര്‍ഭമാണ് പ്രസക്തം. അതറിയുന്ന വിവേകമതികള്‍ വാക് പിഴവുകള്‍ക്ക് മാപ്പു നല്‍കുകയും ചെയ്യും.

വേണുബാലകൃഷ്ണനെതിരെ ചുമത്തിയ കള്ളക്കേസ് ജനാധിപത്യ സമൂഹത്തിന് അപമാനകരമാണ്. അതു പിന്‍വലിക്കണം. മല്ലുയുദ്ധത്തിന് പോര്‍വിളിക്കാനല്ല ആശയ സംവാദത്തിനു സജ്ജരാവാനാണ് ശ്രമിക്കേണ്ടത്. പേശീബലമല്ല, ആശയശേഷിയാണ് സംവാദത്തിനാവശ്യം. വേണുവിനെ അദ്ദേഹത്തിന്റെ തൊഴില്‍ സ്വതന്ത്രമായി നിര്‍വ്വഹിക്കാന്‍ വിടാം. അല്ലെങ്കില്‍ നമ്മുടെ നാവും അസഹിഷ്ണുക്കള്‍ നാളെ അരിഞ്ഞു തള്ളും. ജാഗ്രത.

ആസാദ്
8 ജൂലായ് 2018

6
ടി എല്‍ സന്തോഷിന്റെ ചോദ്യം ബാക്കിയാവുന്നു
*******************
അഭിമന്യുവിന്റെ സഖാക്കളോട് ടി എല്‍ സന്തോഷ് ചോദിച്ച ചോദ്യം ബാക്കി നില്‍ക്കുന്നു. ഒരൊറ്റമുറി വീടില്‍ ജീവിതം നയിക്കുകയാണ് അനേകം അഭിമന്യുമാരുടെ കുടുംബങ്ങള്‍. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടും കേരളപ്പിറവിയുടെ ആറു പതിറ്റാണ്ടും പിന്നിട്ടിട്ടും ആദിവാസിക്കും ദളിതനും തോട്ടംതൊഴിലാളിക്കും ഈ ദുരവസ്ഥയില്‍നിന്ന് മോചനമില്ലാത്തതെന്ത്? ടാറ്റയെയും ഹാരിസനെയുംപോലുള്ള തോട്ടമുടമകളെ ലോകോത്തര സമ്പന്ന നിരയിലേക്കുയര്‍ത്താനും അഭിമന്യുമാരെ കോളനി കാലത്തെ ക്ലേശങ്ങളുടെ ആ ഒറ്റമുറിയില്‍ തളയ്ക്കാനും യത്നിച്ച വഞ്ചന ആരുടേതാണ്? തിരുത്താന്‍ മഹാരാജാസിലെയും പുറത്തെയും അഭിമന്യുവിന്റെ സഖാക്കളേ നിങ്ങള്‍ തയ്യാറാവുമോ?

അഭിമന്യുവിന്റെ കുടുംബത്തിനു വീടും ജീവിതവും നല്‍കണം. ഗ്രാമത്തിനു ഭക്ഷണവും പുസ്തകവും നല്‍കണം. വരും തലമുറകളിലേയ്ക്ക് ആ ആത്മ ത്യാഗത്തിന്റെ വെളിച്ചമെത്തിക്കണം. അതൊക്കെ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പതിവ് അജണ്ടയായി അവസാനിച്ചുകൂടാ. ആര്‍ക്കൊക്കെ വേണ്ടി ഏതൊക്കെ ചൂഷണങ്ങള്‍ക്കെതിരെ അവന് പൊരുതണമായിരുന്നുവോ ആ പോരാട്ടം ഏറ്റെടുക്കണം. അടിത്തട്ടു ജീവിതങ്ങളുടെ ക്ലേശ കാലം അവസാനിപ്പിക്കണം. ഭൂമിയിലും ഇതര വിഭവങ്ങളിലുമുള്ള അവകാശം അവന്റെ ജനതയ്ക്ക് ലഭ്യമാക്കണം. അതു സമരമുന്നേറ്റ അജണ്ടയാണ്.

വട്ടവടയില്‍നിന്ന് എറണാകുളം മഹാരാജാസിലേക്കുള്ള ദൂരം അഭിമന്യു തരണംചെയ്തു. തിരിച്ച് മഹാരാജാസില്‍നിന്ന് വട്ടവടയിലേക്കുള്ള ദൂരം കടന്നുചെല്ലാന്‍ ക്ഷുഭിത യൗവ്വനങ്ങള്‍ക്കു ശേഷിയുണ്ടാവുമോ? ആ യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യാന്‍, അതാവശ്യപ്പെടുന്ന ജീവല്‍പ്രക്ഷോഭം ഏറ്റെടുക്കാന്‍, അതുവഴി അഭിമന്യുവിന്റെ മോഹങ്ങളും മുദ്രാവാക്യങ്ങളും പിന്‍പറ്റി മുന്നേറാന്‍ സഖാക്കളേ നമുക്കു സാധിക്കുമോ?

പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു സമര അജണ്ടയുടെ ഓര്‍മ്മപ്പെടുത്തലാണ് അഭിമന്യുവിന്റെ ഓര്‍മ്മ. ടി എല്‍ സന്തോഷിന്റെ വാക്കുകള്‍തന്നെ വീണ്ടും എഴുതട്ടെ. അഭിമന്യുവിനോടുള്ള ആദരം, ആ ജീവിതം ഇങ്ങനെയായത് എന്തുകൊണ്ടെന്നും അതെങ്ങനെ മാറ്റിത്തീര്‍ക്കാമെന്നുമുള്ള ചിന്തയും ഇടപെടലുമാകട്ടെ. കേവലവികാരപ്രകടനം നിര്‍ഗുണവും അല്‍പ്പായുസ്സുമായിരിക്കും.

ആസാദ്
10 ജൂലായ് 2018

7
മതാചാരത്തിനു മതേതരപ്പകര്‍പ്പോ?
*****************
ശ്രീകൃഷ്ണ ജയന്തിക്കും ശോഭായാത്രയ്ക്കും ശിവരാത്രിക്കും രാമായണ മാസത്തിനും മതേതരപ്പകര്‍പ്പുകള്‍ ലഭ്യമാണ്. ഒറിജിനലിനെ വെല്ലും ഫോട്ടോസ്റ്റാറ്റുകള്‍. വിശ്വാസത്തെ ‘തത്വചിന്ത’യാക്കുന്ന, വെള്ളം വീഞ്ഞാക്കുന്ന മാന്ത്രികതയാണത്. ആശയവാദം തലതിരിച്ചിട്ട് ഭൗതികവാദത്തെയും, ഒന്നു കുടഞ്ഞ് വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും മറനീക്കി കാണിക്കുന്ന വിസ്മയം. ഭാരതീയ വിചാര കേന്ദ്ര ധൈഷണികന്‍ പി പരമേശ്വരനെ തിരിച്ചു നിര്‍ത്തി മാര്‍ക്സിസ്റ്റ് ധൈഷണികന്‍ രാമചന്ദ്രന്‍പിള്ളയെ കാണിക്കുന്ന മായാജാലം.

മതേതര ശ്രീകൃഷ്ണ ജയന്തിയ്ക്കു കൃഷ്ണവേഷം. മതേതര ശിവരാത്രിക്കു പരമശിവന്‍. മതേതര രാമായണം വായിക്കെ ത്രസിപ്പിക്കും ശ്രീരാമന്‍. പിന്നെ, പുറത്ത് പടയാളി. അകത്ത് പുരോഹിതന്‍./ ചുണ്ടില്‍ മന്ത്രം. മുഷ്ടിയില്‍ മുദ്രാവാക്യം. /അകത്ത് ഹോമകുണ്ഡം. പുറത്ത് രക്തസാക്ഷി സ്തൂപം./ ഒടുവില്‍ അകം പൂത്ത് വിടരുന്നത് ജാതിഹിന്ദുത്വ പൂനിലാവുകള്‍!!

നയവും പ്രയോഗവും തീരുമാനിച്ചത് ഹിന്ദു വിചാര കേന്ദ്രം. എപ്പോള്‍ കൃഷ്ണ ജയന്തി ശോഭായാത്രയാക്കണമെന്ന് അവരുടെ നിശ്ചയം. എങ്ങനെ കര്‍ക്കിടകം രാമായണ മാസമാക്കാം എന്നതും അവരുടെ തീരുമാനം. ഏറ്റെടുക്കാനോ, ഒരസ്വാസ്ഥ്യവുമില്ലാതെ ഭൗതികവാദ വിപ്ലവസംഘം!

ഭൗതികവാദം നേടിയതെല്ലാം ലജ്ജാലേശമില്ലാതെ കൈയൊഴിയുന്നത്, വികല വാദങ്ങളാല്‍ മതേതര യുക്തിചിന്തയുടെ കൂര്‍പ്പന്‍മുനകളൊടിക്കുന്നത്, ആത്മാഭിമാനവും ഇച്ഛാശക്തിയും നിലത്തെറിഞ്ഞ് കീഴടങ്ങിയേ കീഴടങ്ങിയേയെന്ന് നഗ്നരായി ചൂളുന്നത് ഹാ, കഷ്ടമെന്നേ പറയാനാവൂ. ഞങ്ങളല്ലിത് ഞങ്ങളെന്നു തോന്നിക്കുന്ന ആരൊക്കെയോ എന്ന് സംസ്കൃതസംഘം ബാനറിനു പിറകില്‍ ഒരു വിപ്ലവപ്പാര്‍ട്ടിയുടെ ജാമ്യച്ചീട്ട്! ഇതിലും ലജ്ജാകരമായി മറ്റെന്തുണ്ട്?

ആശയസമരം പകര്‍പ്പെടുപ്പല്ല. ഒളിച്ചുകളിയോ മുങ്ങാംകുഴിയിടലോ അല്ല. സ്വന്തം ദര്‍ശനം അഭിമാനത്തോടെ പ്രഖ്യാപിക്കലാണത്. അതിന്റെ യുക്തികള്‍കൊണ്ടുള്ള പടവെട്ടലാണത്. ആശയവാദ ജീര്‍ണതകള്‍ക്കുമേല്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിനു മേല്‍ക്കൈ ലഭിക്കാതെ കമ്യൂണിസമില്ല. ഭൗതികവാദ ആയുധം ഉപേക്ഷിച്ച് ആശയവാദത്തിന്റെ പൂജയും പൂണൂലും സ്വീകരിക്കുന്നവര്‍ വര്‍ഗവഞ്ചകരാകുന്നു. തത്വചിന്തയില്‍ സമവായമില്ല. സമരമേയുള്ളു.

താല്‍ക്കാലിക ആനന്ദങ്ങളുടെ ശീതളഛായ തേടുന്നവര്‍ പഴയ പോരാളികളുടെ വിജയങ്ങള്‍ പണയം വെയ്ക്കുകയാണ്. അവര്‍ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ മനുഷ്യരെ കയ്യൊഴിയുന്നു. ആശയവാദത്തെക്കാള്‍ നാറിയ വിധേയത്വം തുലയട്ടെ.

ആസാദ്
11 ജൂലായ് 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )