കുഞ്ഞുങ്ങളെ കൂട്ടിലാക്കുന്ന യു എസ് ഭീകരത
*****************
അമേരിക്കാ, എന്തൊരു നാണക്കേടാണിത്! ഒടുങ്ങാത്ത നിന്റെ ആര്‍ത്തിയും യുദ്ധക്കൊതിയും കുടില തന്ത്രങ്ങളും അധിനിവേശ കൗശലങ്ങളും ഞങ്ങള്‍ കണ്ടിട്ടുണ്ട്. പതിറ്റാണ്ടകലങ്ങളില് ജപ്പാനും വിയത്നാമും ചിലിയും എല്‍സാല്‍വദോറും ഇറാഖും പാതാളത്തിലേക്കു താഴ്ന്ന നിലവിളികളുടെ മുഴക്കങ്ങളായി ജീവിക്കുന്നവരുടെ നെഞ്ചു പിളര്‍ക്കെ, ആര്ത്തമറുന്ന നിന്റെ വിരാട്രൂപം കണ്ടിട്ടുണ്ട്. അസംഖ്യശതം കുട്ടികളെ കൂട്ടക്കൊലചെയ്ത ഹീനപാരമ്പര്യം കറവീഴ്ത്തിയ കൊടികളേ നിനക്കുള്ളു. ഏറ്റവുമൊടുവില്‍, അഭയമന്വേഷിച്ച് അതിര്‍ത്തിയറിയാതെ അലഞ്ഞെത്തിയ അഭയാര്‍ത്ഥികളുടെ കുഞ്ഞുങ്ങള്‍ക്ക് കോണ്‍സന്‍ട്രേഷന്‍ കൂടുകളൊരുക്കി നാസിഭീകരതയെയും നീ തോല്‍പ്പിക്കുന്നു.
മഞ്ഞച്ചെകുത്താന്റെ നഗരമെന്ന് നിന്നെ പഴിച്ചത് ഗോര്‍ക്കിയാണ്. കശക്കിയെറിഞ്ഞ കടലാസുപോലെ കുഞ്ഞുങ്ങള്‍ വലിച്ചെറിയപ്പെടുന്ന കാഴ്ച്ച ഗോര്‍ക്കി കണ്ടത് നിന്റെ ജനല്പ്പാളികളിലൂടെയാണ്. ഇപ്പോള്‍ മെക്സിക്കന്‍ അതിര്‍ത്തികടന്ന് ദേശകാലങ്ങള്‍ നഷ്ടമായ മനുഷ്യര്‍ പ്രവഹിക്കെ എന്റെ പിഴ എന്റെ പിഴ എന്റെ ഏറ്റവും കൂടിയ പിഴയെന്ന് നീ മുട്ടു കുത്തേണ്ടിയിരുന്നു. എല്ലാ വന്‍കരകളിലും വേരുകള്‍ വലിച്ചറുക്കപ്പെട്ട് ദേശാന്തരവാഴ് വിന് ശിക്ഷിക്കപ്പെട്ട ജനകോടികളുണ്ട്. അവര്‍ ശ്രീലങ്കന്‍ തമിഴരോ രോഹിങ്ക്യരോ ആഫ്രിക്കന്‍ വംശീയരോ ക്രോധത്തിന്റെ ലാറ്റിനമേരിക്കന്‍ പതിപ്പുകളോ ആവട്ടെ. അവിടങ്ങളിലെല്ലാം അശാന്തിവിതച്ച കുറ്റത്തിന്റെ ചറം നിന്റെ ആയുധപ്പുരകളിലും ആസൂത്രണപ്പുരകളിലും പതിഞ്ഞുകാണാം.
ഇന്ന് ലോക അഭയാര്‍ത്ഥി ദിനത്തില്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍നിന്നും വന്ന വാര്‍ത്തയും ചിത്രവും ഞങ്ങളെ നിലയില്ലാത്ത ദുഖത്തിലേക്കു താഴ്ത്തുന്നു. കുഞ്ഞുങ്ങളെ കൂട്ടിലടച്ചു പരീക്ഷിക്കുന്ന ശിക്ഷ, ഗ്വാണ്ടനാമന് പരീക്ഷണങ്ങളെയും ചെറുതാക്കുന്നു. മാതാ പിതാക്കളില്‍നിന്നും വലിച്ചു പറിച്ച് രക്തവും നിലവിളിയും തെറിക്കുന്ന കുഞ്ഞുങ്ങളെ കോഴിഫാമുകളിലെന്നപോലെ വലിയ ഇരുമ്പു കൂടുകളില്‍ അടയ്ക്കുകയാണ്. എല്ലാ വന്‍കരകളില്‍നിന്നും പ്രതിഷേധമുയര്‍ന്നപ്പോള്‍ ഞാനതു പരിശോധിക്കാമെന്ന് ട്രമ്പ് വിനയമഭിനയിച്ചതു മാത്രമാണ് ആശ്വാസം. ഏതു പരിഷ്കൃത പാഠമാണ് ലോകരക്ഷകരേ, നിങ്ങളെ നയിക്കുന്നത്? ഒബാമയില്‍നിന്ന് ട്രമ്പിലേയ്ക്കുള്ള ദൂരം തീരെ ചെറുതല്ല.
ദേശവേരുകളറ്റ ജനത അറുപത് ദശലക്ഷത്തിലും ഏറെയാണ്. സിറിയയില്‍നിന്ന് ലിബിയയില്‍നിന്ന് സോമാലിയയില്‍നിന്ന് മ്യാന്മറില്നിന്ന് മഹാനദി പോലെയാണ് പ്രവാഹം. അഫ്ഗാനും ഇറാനും ഇറാഖും പലമട്ട് അഭയാര്‍ത്ഥികളെ പുറന്തള്ളി. പുതു ലോകക്രമത്തിന്റെയും ധനാധിനിവേശ വികസനത്തിന്റെയും മതാധികാര ഭ്രാന്തിന്റെയും യുദ്ധക്കെടുതിയുടെയും ഇരകളാണവര്‍. അവര്‍ ദേശമില്ലാത്തവരുടെ ദേശീയതയും ചരിത്രമില്ലാത്തവരുടെ പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നു. അതു വായിക്കാന്‍ അമേരിക്കാ, നിനക്കു കണ്ണുകളില്ല. കുഞ്ഞുങ്ങളെ തള്ളിയ കൂടുകളില്‍നിന്ന് നാളെയുടെ പാട്ടുകളും പ്രാക്കുകളും കേള്‍ക്കാന്‍ നിനക്കു കാതുകളുമില്ല. ആകാശത്ത് സൂര്യനും സമുദ്രങ്ങളില്‍ ചുടുരക്തവുമുണ്ട്. കുട്ടികള്‍ വലുതാവും.
ആസാദ്
20 ജൂണ്‍ 2018
2
ഗസ്റ്റദ്ധ്യാപക വേതനം പുതുക്കിയത് സ്വാഗതാര്‍ഹം
****************
ഗസ്റ്റ് അദ്ധ്യാപകര്‍ക്കുള്ള വേതനം പുതുക്കി നിശ്ചയിച്ച ഗവണ്മെന്റ് തീരുമാനം സ്വാഗതാര്‍ഹം. സര്‍ക്കാറിന് അഭിനന്ദനവും അഭിവാദ്യവും.
ഗസ്റ്റ് അദ്ധ്യാപകര്‍ എന്ന വിളിപ്പേര് മാറ്റണം. കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ ചെയ്യുന്ന ജോലിയാണ് അവരെടുക്കുന്നത്. തുച്ഛമായ കൂലിക്ക് അമിതാദ്ധ്വാനം ചെയ്യുന്ന അധികയോഗ്യതയുള്ളവരാണ് അവരിലേറെയും. വേലയെടുക്കുന്നവരെ മതിയായ വേതനം നല്‍കാതെ ഗസ്റ്റ് എന്നു വിളിച്ച് അപമാനിക്കുന്നതെങ്കിലും ആദ്യം നിര്‍ത്തണം. അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന തസ്തികയിലാവണം നിയമനം. താല്ക്കാലികമോ സ്ഥിരമോ ആവട്ടെ, തുല്യജോലിയ്ക്ക് തുല്യ വേതനം നല്‍കണം. അടിമകളെപ്പോലെ ഒരാളും ആധുനിക സമൂഹത്തില്‍ അവമതിയ്ക്കപ്പെടരുത്.
വര്‍ഷങ്ങളായി ഗസ്റ്റുകളായി തുടരുന്നവരുണ്ട്. തസ്തികകള്‍ സ്ഥിരമായി ഒഴിഞ്ഞു കിടക്കുന്നു. നിയമനം നടത്താനല്ല, ആ തൊഴില്‍ ഗസ്റ്റടിമകളെക്കൊണ്ട് ചെയ്യിക്കാനാണ് സര്‍ക്കാറിന് താല്‍പ്പര്യം. ഇത് കടുത്ത ചൂഷണമാണ്. കുറഞ്ഞപക്ഷം തുടര്‍ച്ചയായി താല്‍ക്കാലിക ജോലിചെയ്യുന്ന യോഗ്യതയുള്ള അദ്ധ്യാപകരെ ആ തസ്തികയില്‍ സ്ഥിരപ്പെടുത്താനുള്ള നിയമ നിര്‍മാണം വേണം.
ഗവണ്മെന്റ്, എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു പുറത്ത് കൂടുതല്‍ ചൂഷണം നേരിടുന്ന സ്വാശ്രയ മേഖലയുണ്ട്. തൊഴിലെടുക്കുന്നവരെയും പഠിക്കാനെത്തുന്നവരെയും ഊറ്റിവലിച്ച് തടിക്കുന്ന സ്ഥാപനങ്ങളാണവ. അവിടെ സര്‍ക്കാര്‍ നിയമമൊന്നും ഏശുകയില്ല. ആ സ്ഥിതി മാറണം. അവിടെയും സമഗ്രമായ നിയമ നിര്മ്മാണമുണ്ടാവണം.
കോളേജുകളിലെ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതവും പ്രവൃത്തിഭാരം സംബന്ധിച്ച മറ്റ് അനുപാതങ്ങളും പുനര്‍ നിശ്ചയിക്കപ്പെടണം. ഭാഷാപഠനം, സാഹിത്യ പഠനം, സാമൂഹിക ശാസ്ത്ര പഠനം, ശാസ്ത്ര പഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പരമ്പരാഗത ധാരണകള്‍ ഏറെയും മാറേണ്ടതുണ്ട്. ഓരോന്നിനും ഓരോ പാഠ്യപദ്ധതിയും ഓരോ രീതിശാസ്ത്രവുമാണ്. ശാസ്ത്രം വരേണ്യവും സാമൂഹിക ശാസ്ത്രവും സാഹിത്യവും അധമവും എന്ന ധാരണ ആധുനിക സമൂഹത്തിനു ചേര്‍ന്നതല്ല. പ്രവൃത്തി വിഭജനത്തില്‍ ഈ അശാസ്ത്രീയ കാഴ്ച്ചപ്പാടാണ് ഇപ്പോഴും തുടരുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും കൂടുതല്‍ ശ്രദ്ധയും കരുതലും കിട്ടാന്‍ അവകാശമുണ്ട്. അതിനനുസരിച്ച് പുനരാലോചനകള്‍ നടക്കണം.
ഗസ്റ്റ് അദ്ധ്യാപകരെ സ്ഥിരപ്പെടുത്തി അസിസ്റ്റന്റ് പ്രൊഫസര്മാരാക്കണം. കാലോചിതമായ അനുപാതമാറ്റം നടന്നാല്‍ വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടും. അതിനു കൂടുതല്‍ അദ്ധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താനും സാധിക്കും. കൂടുതല്‍ പരിഗണനയും ശ്രദ്ധയും വേണ്ട മേഖല ഇങ്ങനെ അഴിഞ്ഞും കലുഷമായുമിരിക്കരുത്.
ആസാദ്
24 ജൂണ്‍ 2018
3
ഞാന്‍ മേരിക്കുട്ടി, വേറിട്ടൊരു സ്ത്രീയനുഭവം
***************
ഞാന്‍ മേരിക്കുട്ടി എന്ന സിനിമ കണ്ടപ്പോള്‍ താമരയെ ഓര്‍ത്തു. എലിയ കെ ഷ്നെയ്ഡറുടെ വെനിസുലാ സിനിമ. വെനിസുലയിലെ ദേശീയ അസംബ്ലിയിലേക്ക് 2015ല്‍ തെരഞ്ഞെടുക്കപ്പെട്ട താമര അഡ്രിയാന്റെ ബയോപിക് എന്നു പറയാം. ശീലങ്ങള്‍ തെറ്റുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മടികാണിക്കുന്ന സമൂഹത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയും പൊരുതിയും ലോകശ്രദ്ധയിലേക്ക് ഉയര്‍ന്നവളാണ് താമര അഡ്രിയാന്‍.
താമരയായി വേഷമിട്ട ലൂയി ഫെര്‍നാണ്ടസിന് മുന്നില്‍ ജീവിക്കുന്ന മാതൃകയുണ്ടായിരുന്നു. മേരിക്കുട്ടിയായ ജയസൂര്യയ്ക്ക് അത് തന്നില്‍തന്നെ കണ്ടെത്തേണ്ടിയിരുന്നു. രണ്ടിടത്തും തന്നിലേയ്ക്കുള്ള പ്രവേശത്തിന് തടസ്സമേറെയാണ്. ആണും പെണ്ണുമല്ലാത്ത അവസ്ഥയേ നമ്മുടെ സാമാന്യബോധത്തിനു പരിചയമുള്ളു. അതാകട്ടെ, അതില്കൂടുതലേത് എന്ന ലിംഗച്ചായ് വില്‍ വേഷമിട്ടുള്ള അപരനാട്യം മാത്രമാകുന്നു. ഈ സങ്കീര്‍ണ സ്വത്വാവസ്ഥയെ മറികടന്ന് ഒന്നു സ്വീകരിക്കാനുള്ള സന്നദ്ധതയും ഇച്ഛാശക്തിയും ഇപ്പോള്‍ കൂടിവരുന്നുണ്ട്. ആ പുതിയ ഉടലൊരുക്കത്തെ ആന്തരികമായ ഭാവ ചൈതന്യങ്ങളോടെയും ജീവോത്സാഹത്തോടെയും അടയാളപ്പെടുത്താന്‍ കേരളീയ ജീവിതവും കലയും ത്രാണി നേടിയിരിക്കുന്നു. പൊതുസമൂഹം അതിന്റെ ശീലവൈകൃതങ്ങളില് ഒന്നായി മാത്രമറിഞ്ഞ ഭിന്നലൈംഗികതാ ആവിഷ്കാരം സ്വയം കീറിമുറിക്കുന്ന അന്വേഷണങ്ങളിലേയ്ക്ക് നമ്മെ തുറന്നുവിട്ടിരിക്കുന്നു.
ഞാന്‍ മേരിക്കുട്ടി എന്ന ശീര്‍ഷകം ഞാന്‍ എന്ന പുതുസ്വത്വത്തെ പറഞ്ഞുറപ്പിക്കുന്നു. മാത്തുക്കുട്ടി മേരിക്കുട്ടിയാവുമ്പോള് തന്റെ ഉടലിനെയും ലോകത്തെയും ഉഴുതുമറിക്കുന്നുണ്ട്. ലിംഗവും സ്വത്വവും നിര്‍ണയിച്ചു മാറ്റംവരുത്തി ഇഷ്ടാനുസരണം ജീവിക്കാനുള്ള അവകാശമാണ് മേരിക്കുട്ടി നേടിയത്. സ്ത്രീയനുഭവം ജയസൂര്യയില്‍ പൊട്ടിത്തെറിക്കുന്നുണ്ടാവണം അകത്തെങ്ങും. അത്രമേല്‍ അതിന്റെയലകള്‍ പുറത്തെങ്ങും പ്രസരിച്ചു. ഉടലളവിനപ്പുറം സ്ത്രീയെ വരക്കാനറിയാത്ത മാധ്യമപരിമിതിയെയും ജയസൂര്യ മറികടക്കുന്നു. സ്ത്രീകളായ അഭിനേതാക്കള്‍പോലും പുരുഷേച്ഛയുടെ പകര്പ്പുകളാകുമ്പോഴാണ് ഈ പുതുമ ശ്രദ്ധേയമാകുന്നത്. മലയാള സിനിമയില്‍ വേറിട്ടൊരു സ്ത്രീയനുഭവമാണിത്. തന്നെ പൊള്ളിച്ചടര്ത്തിയെടുത്ത അപരസ്വത്വത്തെയാണ് ജയസൂര്യ ആവിഷ്കരിച്ചതെന്ന് ഞാന്‍ കരുതുന്നു.
താമരയെന്ന വെനിസുലാ സിനിമ കണ്ടുകൊണ്ടിരിക്കെ ഞാനറിഞ്ഞ വിസ്മയം മേരിക്കുട്ടി വീണ്ടും തന്നു. ഋതുപര്‍ണഘോഷിന്റെ ധീരമായ അന്വേഷണങ്ങളും സാഹസങ്ങളും വെറുതെയായില്ലെന്നതും സന്തോഷകരം. രഞ്ജിത് ശങ്കറിനും ജയസൂര്യയ്ക്കും സ്നേഹാഭിവാദ്യം.
ആസാദ്
24 ജൂണ്‍ 2018
4
കലിക്കറ്റ് സര്‍വ്വകലാശാലയിലെ കോഫിഹൗസ്
****************
കലിക്കറ്റ് സര്വ്വകലാശാലയിലെത്തുന്നവര്ക്ക് വീട്ടടുക്കളയുടെ അനുബന്ധമായി, ഭക്ഷണത്തിലെ വിശ്വസ്തതയായി തുണനിന്ന ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടുകയാണ്. കോഫികൂട്ടായ്മകളും വിചാരങ്ങളും പടിയിറങ്ങും. എകെജിയുടെ സമരോത്സാഹവും ഒത്തുചേരുവിന്‍ എന്ന ആഹ്വാനവും ചുമരുകളില്‍നിന്നു മാഞ്ഞുപോവും. ആ തണല്‍ കൊതിച്ചെത്തുന്ന അനേകരെ കള്ളക്കച്ചവടക്കാര്‍ റാഞ്ചിക്കൊണ്ടുപോവും. കോഫിഹൗസ് നിന്നിടത്ത് അറവുശാലകള്‍ വരുമായിരിക്കും.
ഒരു കോഫിഹൗസ് അടച്ചുപൂട്ടുന്നതില്‍ ഇത്ര വികാരംകൊള്ളാനെന്തുണ്ട് എന്ന് ശങ്കിക്കുന്നവര്‍ കാണും. എണ്‍പതുകള്‍തൊട്ട് കോഫിഹൗസ് എന്റെ ഇഷ്ടസ്ഥാപനമാണ്. എന്റെ മാത്രമല്ല പലരുടെയും. ഒരു സഹകരണ സ്ഥാപനം പടുത്തുയര്‍ത്തി ഇങ്ങനെ ജനവിശ്വാസമാര്ജ്ജിക്കുന്നത് അപൂര്‍വ്വം. ആ ചരിത്രവും അതില്‍ എ കെ ജിയുടെ മുന്‍കൈയും അവിസ്മരണീയം. അതറിഞ്ഞാല്‍ കോഫിഹൗസ് ഒരു ഭക്ഷണശാല മാത്രമല്ലാതാവും.
എകെജി പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിന് കലിക്കറ്റ് സര്‍വ്വകലാശാലാ കാമ്പസില്‍ നില കിട്ടാതായിരിക്കുന്നു. കച്ചവട സംഘങ്ങള്‍ക്കിടയില്‍ ഹ്രസ്വായുസ്സു പൂര്‍ത്തിയാക്കുന്നു. സഹകരണ പ്രസ്ഥാനം അതിന്റെതന്നെ പൂര്‍വ്വ പിതാക്കളെ പുറംതള്ളുകയാണ്. ഒരേ തണലില്‍ വളര്‍ന്നവര്‍ പൊതുനിരത്തില്‍ കലഹിച്ചു പിരിയുന്നു. ലാഭമേതെന്നാം തര്‍ക്കം.
കലിക്കറ്റ് സര്‍വ്വകലാശാലാ കാമ്പസിലെ കോഫി ഹൗസിന് ഇതൊരു ചരമഗീതം. വിശക്കുമ്പോള്‍ തന്ന ആഹാരത്തിനും നല്ല അനുഭവത്തിനും നന്ദി. തൊഴിലാളി സഖാക്കള്‍ക്ക് അഭിവാദ്യം. ഇവിടെ ‘സഹകരണം’ അതിന്റെ പഴമ്പാഠങ്ങള് വിഴുങ്ങി പുതു ചങ്ങാത്തങ്ങളിലേയ്ക്കു കുതിക്കുമ്പോള്‍ അന്ത്യാഭിവാദ്യം എന്നെഴുതേണ്ടി വരുന്നതുമാത്രം ബാക്കിയാവുന്ന സങ്കടം.
ആസാദ്
25 ജൂണ്‍ 2018
5
സമകാല കൗടിലീയം
**********************
(ഏതുകാലത്തും ഭരിക്കുന്നവര്‍ക്ക് ഒരു ന്യായസൂത്രം)
എന്തിന് വിമര്‍ശിക്കുന്നു? എല്ലാം ഇവിടെ ഉണ്ടായിരുന്നില്ലേ? ഏതുണ്ട് പുതിയ അനുഭവം? അക്രമം, ബലാല്‍സംഗം, കൊല, കയ്യേറ്റം, കുടിയിറക്ക്, വയല്‍നികത്തല്‍, നിയമ ലംഘനം, കസ്റ്റഡി മരണം, വ്യാജ ഏറ്റുമുട്ടല്‍, കള്ളക്കേസ്, പൊലീസ് രാജ്, സംവരണ അട്ടിമറി, ഓര്‍ഡര്‍ലി- അടിമപ്പണി, സ്വാശ്രയക്കൊള്ള, നിയമനക്കോഴ, സ്വജന പക്ഷപാതം, ധനവാഴ്ച്ച, ജാതിക്കോയ്മ, ധൂര്‍ത്ത്, മണലൂറ്റല്‍, പാറയിടിക്കല്, വന നശീകരണം, ജല- വായു മലിനീകരണം, ശിശുപീഡനം, ബാലവിവാഹം, ലൈംഗികാതിക്രമം. മാവോയിസ്റ്റ് ഭീഷണി, തീവ്രവാദ നുഴഞ്ഞുകയറ്റം…
ഒന്നും ഇന്നു തുടങ്ങിയതല്ല. ഭരണത്തിന്റെ കോട്ടമല്ല. എല്ലാം ഇവിടെയുണ്ടായിരുന്നു. അതു കുറച്ചുകൊണ്ടുവരികയാണ്. നോക്കൂ നടപടിയെടുക്കുന്നില്ലേ? നിങ്ങളാലോചിക്കണം, എന്തു കിട്ടിയാലും സര്‍ക്കാറിനെതിരെ തിരിയുന്നത് നല്ലതാണോ? മറ്റുള്ളവര്‍ ഭരിക്കുമ്പോള്‍ ഞങ്ങളങ്ങനെ ചെയ്തിട്ടുണ്ടോ? പണക്കാരെയും നാട്ടു പ്രഭുക്കളെയും മാനിക്കുന്നത് കുറ്റമാണോ? അവര്‍ തീര്‍ക്കും കേസുകളെങ്കില്‍ അവരെ സ്തുതിക്കേണ്ടേ? അവരല്ലേ വികസന സ്രഷ്ടാക്കള്‍? എല്ലാം പാവങ്ങളുടെ ഉന്നമനത്തിന്. മുന്നാക്ക മാടമ്പികളെ നിലയ്ക്കു നിര്‍ത്താന്‍ മന്ത്രിപദവികൊണ്ടും തളയ്ക്കാമെന്നല്ലേ കൗടില്യ ന്യായം? നമ്മുടെ പണ്ഡിതന്മാര് അതു ദൃഷ്ടാന്തം കാട്ടി സാക്ഷ്യപ്പെടുത്തുന്നില്ലേ?
ഇവിടെയുണ്ടായിരുന്നത് തുടരുന്നതല്ല വാര്‍ത്ത. ഇവിടെയില്ലാത്തതൊന്നും തുടങ്ങിയില്ലെന്നതുമല്ല. ഞങ്ങള്‍ നീതി പകുക്കുന്ന രീതി നോക്കൂ. നീതിയുടെ ത്രാസില്‍ ഓരോന്നും തൂക്കുന്നുണ്ട്. അന്നത്തെ കൊല – ഇന്നത്തെ കൊല, അന്നത്തെ കസ്റ്റഡി മരണം- ഇന്നത്തെ കസ്റ്റഡി മരണം, അന്നത്തെ കുടിയൊഴിക്കല്‍- ഇന്നത്തെ കുടിയൊഴിക്കല്‍. അന്നത്തെ വ്യാജ ഏറ്റുമുട്ടല്‍ – ഇന്നത്തെ വ്യാജ ഏറ്റുമുട്ടല്‍ അങ്ങനെ ഓരോന്നെടുക്കൂ. വലിയൊരു വ്യത്യാസം കാണുന്നില്ലേ? അതാണ് ഞങ്ങളുടെ പ്രത്യേകത. അവരെപ്പോലെയല്ല ഞങ്ങള്‍. എല്ലാം ഒരുപോലെയെന്ന് പറയുന്ന രാഷ്ട്രീയം ആര്‍ക്കാണ് മനസ്സിലാവാത്തത്? മാധ്യമങ്ങളേ, നിഷ്പക്ഷ കപട ബുദ്ധികളേ നിങ്ങള്‍ക്കു കണ്ണുകളില്ലേ? ഒന്നോ രണ്ടോ വര്‍ഷത്തിനു പിറകിലേയ്ക്കു നീളുന്ന കാഴ്ച്ചയില്ലേ?
ഞങ്ങള്‍ കണ്ടെത്തിയതിതാണ്. ലോകം സ്ഥിരമാണ്. അതിന്റെ ചലനവും നിര്‍ണീതമാണ്. എന്നാല്‍ എങ്ങനെയതു വ്യാഖ്യാനിക്കുന്നു എന്നതാണ് കാര്യം. ബോധചിന്തയലട്ടാത്ത വാഗ്ഭടന്മാരാണ് ശക്തി. വാസ്തവത്തെ അവരാണ് സൃഷ്ടിക്കുന്നത്. ആര്‍ക്കുമേലും ഞങ്ങളുടെ വിധിയുണ്ടാവാം. അതവര്‍ക്കുള്ള അനുഗ്രഹമാകും. അപ്പോള്‍ എന്തിനാണ് വിമര്‍ശിക്കുന്നത്? ആരോടാണ് കലഹം? പുതിയതായി എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇനി എന്തെങ്കിലും നേരെയാവാനുണ്ടോ?
ഞങ്ങള്‍മാത്രം കൈയേറിയ മലകളുണ്ടോ? ഞങ്ങള്‍മാത്രം തുരന്നെടുത്ത പാറമടകളുണ്ടോ? ഞങ്ങള്‍മാത്രം നികത്തിയ വയലുകളുണ്ടോ? ഞങ്ങള്‍മാത്രം ഊറ്റിയെടുത്ത ജലശേഖരമുണ്ടോ? ഞങ്ങളില്‍ മാത്രം പുരണ്ട രക്തക്കറയുണ്ടോ? ഞങ്ങളില്മാത്രം തെഴുത്ത ശവംനാറികളുണ്ടോ?
എല്ലാം ഇവിടെയുണ്ടായിരുന്നു. അഥവാ ഇവിടെ എല്ലാം ഇങ്ങനെയൊക്കെയായിരുന്നു. നിങ്ങള്‍ എന്തൊക്കെയോ കിനാവു കണ്ടു കയര്‍ക്കുന്നു. എല്ലാം ശരിയാവും, ഒന്നു കാത്തിരിക്കയേ വേണ്ടൂ.
ആസാദ്
26 ജൂണ്‍ 2018
6
കുഞ്ഞനന്തന് പാര്‍ട്ടിയില്‍ തുടരാമെങ്കില്‍ ദിലീപിന് അമ്മയിലുമാവാം. ആര്‍ക്കാണെതിര്‍പ്പ്?
**********
അക്രമിക്കപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകയ്ക്ക് താരസംഘടനയായ അമ്മ തണലായില്ല. മാനഭംഗപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ വിചാരണ നേരിടുന്ന പ്രതിയെ തിരിച്ചെടുത്തു സംഘടന തങ്ങളുടെ കൂറും ചായ് വും പ്രഖ്യാപിച്ചു. പിന്നെ അവിടെ തുടരാന്‍ ആത്മാഭിമാനമുള്ള ഒരു സ്ത്രീക്കും സാധ്യമല്ലല്ലോ. അതിനാല്‍ ഭാവനയും റീമയും ഗീതുവും രമ്യയും താര സംഘടനയില്‍നിന്നു രാജിവച്ചു.
വലിയ പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രകടമാവുന്നത്. ധീരമായ ചെറുത്തുനില്‍പ്പ് ആദരിക്കപ്പെടുന്നു. രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര നിരൂപകരും മാധ്യമ പ്രവര്‍ത്തകരും രാജി സമര്‍പ്പിച്ചവരെ പിന്തുണയ്ക്കാനെത്തി. രാജി ഒരു പ്രവര്‍ത്തനമാണെന്ന എം എന്‍ വിജയന്റെ വാക്കുകള്‍ വീണ്ടും തിരയുയര്‍ത്തി. മാറുന്ന ലോകത്തിന്റെ നായകരായി സിനിമയിലെ പെണ് കൂട്ടുകള്‍ ആഢ്യ മെഗാസ്റ്റാര്‍ കൂളസംഘങ്ങളെ പോരിനു വിളിച്ചത് ചരിത്രത്തെ പൊള്ളിച്ചിരിക്കും.
എം എബേബിയും ഐസക്കും വി കെ ജോസഫും ഈ പെണ്‍മുന്നേറ്റത്തെ അഭിവാദ്യം ചെയ്യുന്നു. ആഹ്ലാദകരമാണ് ഈ നിലപാട്. പാര്‍ട്ടി ജയിപ്പിച്ച ജനപ്രതിനിധികള്‍ മറുപക്ഷത്താണ്. ഇന്നസെന്റും മൂകേഷും ഗണേഷ്കുമാറും ഇരയ്ക്കൊപ്പമല്ല. അവരെ തുണയ്ക്കുന്ന നിലപാടാണ് മിക്കപ്പോഴും സര്‍ക്കാറിന്റേത്. ഗണേഷിനെതിരെ ഒരമ്മ നല്കിയ കേസ് പൊലീസ് കൈകാര്യം ചെയ്ത രീതി നാം കണ്ടു. സര്‍ക്കാറിന്റെ പിന്തുണയാണത്. ആ ധൈര്യമാണ് ഏതക്രമിക്കും കുടപിടിക്കാന്‍ അവരെ പ്രാപ്തരാക്കുന്നത്. അക്കാര്യത്തില്‍ ഐസക്കിനും ബേബിയ്ക്കും അഭിപ്രായമുണ്ടോ? വേട്ടയാടപ്പെടുന്ന സിനിമാതാരങ്ങളോടുള്ള ആഭിമുഖ്യം ഗണേഷിന്റെ അക്രമവും അസഭ്യവും സഹിച്ച അമ്മയുടെയും മകന്റെയും നേരെ കാണാത്തതെന്ത്?
കൊലക്കുറ്റം ചെയ്തവരെ പാര്‍ട്ടിയില്‍ നില നിര്‍ത്തുന്നവര്‍, കോടതിയില്‍ വിചാരണ നേരിടുന്നവരെ സംഘടനയിലെടുത്തതെന്ത് എന്ന് അലമുറയിടാമോ? ലൈംഗികാതിക്രമ പരാതിയില്‍ പുറം തള്ളിയവരെ കേസിനു വിടാതെ തിരിച്ചു പാര്‍ട്ടിയിലേക്കോ മുന്നണിയിലേക്കോ വരവേല്‍ക്കുന്നവര്‍ താരസംഘടനയെ പഴിക്കാന്‍ യോഗ്യരോ? ബേബിയും ഐസക്കും അതിനു മറുപടി പറയുമ്പോഴേ അവരുടെ പ്രതികരണം സത്യസന്ധമാവൂ.
കേരളീയ സമൂഹത്തില്‍ സംഘബലംകൊണ്ട് ധാര്മികനേരുകളെ കടപുഴക്കിയവര് തുറന്നു കൊടുത്ത പാതയിലാണ് താരപുരുഷര് മുന്നേറുന്നത്. താരസംഘടനയ്ക്കു മാത്രം ബാധകമായ മൂല്യ സംഹിതകളോ പെരുമാറ്റ ചട്ടങ്ങളോ ഉണ്ടാവാനിടയില്ല. ഒരിടത്തെ വേട്ടക്കാര്‍ മറ്റൊരിടത്തെ ഇരകള്‍ക്കൊപ്പം ഒച്ചവെച്ച് കേഴുന്നത് പരിഹാസ്യമാണ്. ഇരകള്‍ക്കെല്ലാം ഒരേ നീതി നല്കുന്ന ദര്‍ശനവും പ്രയോഗവും എവിടെയാണ് കൈമോശം വന്നതെന്ന് ആലോചിക്കണം.
സംഘബലത്തെ നേരിടാന്‍ ത്രാണിയില്ലാതെ കുനിഞ്ഞു നില്ക്കുന്ന തൊഴിലാളികളും യുവാക്കളും ബുദ്ധിജീവികളും പെരുകുന്ന ഒരു സമൂഹത്തില്‍ ധീരമായ നിലപാടെടുത്ത് നിവര്‍ന്നു പോരാടുന്നു എന്നതാണ് നാല്‍വര്‍ സംഘത്തിന്റെ രാജിയുടെ പ്രത്യേകത. തണുത്തുറയുകയോ വിനീത ദാസരായി ചുരുണ്ടുകൂടുകയോ ചെയ്യുന്ന ദുര്‍ബ്ബലരായ അനുയായികളില്‍നിന്ന് വേറിട്ട് ആത്മബോധവും ഇച്ഛാശക്തിയുമുള്ള ഒരു ജനാധിപത്യ കൂട്ടായ്മയിലേക്ക് വളരുകയാണ് സ്ത്രീഇടപെടലുകള് എന്നാണ് ഇവരുടെ രാജി പറയുന്നത്. അതുകൊണ്ട് ഭാവനയെയും റീമയെയും ഗീതുവിനെയും രമ്യയെയും ഡബ്ലിയുസിസിയെയും അഭിവാദ്യം ചെയ്യേണ്ടതുണ്ട്.
സിനിമയില്‍ മാത്രമൊതുങ്ങാത്ത പൊളിച്ചെഴുത്തിന്റെ അക്ഷരമാല ഞാനാ രാജിക്കുറിപ്പില്‍ വായിക്കുന്നു. വരാനിരിക്കുന്ന സ്ഫോടനങ്ങളുടെ വിദൂര നടുക്കങ്ങള്‍ നെഞ്ചിലറിയുന്നു. അവനവനെകീറി മാത്രം പൂര്‍ത്തിയാക്കാവുന്ന രാഷ്ട്രീയ ഇടപെടലുകളിലേയ്ക്ക് ഒരു വാതില്‍ പൊടുന്നനെ തുറക്കപ്പെടുകയാവണം. സഖാക്കളേ മുന്നോട്ട്.
ആസാദ്
27 ജൂണ്‍ 2018
7
പറയേണ്ടിടത്ത് പറഞ്ഞുകൊള്ളാം എന്നൊരു ന്യായവാദം കേട്ടിട്ടുണ്ട്. നിങ്ങളോട് പറയേണ്ടതില്ല എന്നാണ് അതിന്റെ ഒരര്‍ത്ഥം. നിങ്ങളോടുള്ളതില് കൂടുതല്‍ ഉത്തരവാദിത്തം മറ്റൊന്നിനോടാണെന്നും പറയാം. ഒരു ജനാധിപത്യ സമൂഹത്തില്‍ ജനങ്ങളോടുള്ളതില് ഏറെ ഉത്തരവാദിത്തം ജനപ്രതിനിധികള്‍ക്കുപോലും മറ്റാരോടെങ്കിലും ആവുന്നത് ആശാസ്യമാണോ?
ദൈവത്തിന് കണക്കു കൊടുത്തുകൊള്ളാം എന്നാണ് പ്രതാപികളായ അധികാരികളെല്ലാം മുമ്പ് അഹങ്കാരത്തോടെ മൊഴിഞ്ഞിരുന്നത്. എന്നാല്‍, ദൈവവും കര്ത്താവുമൊക്കെ പുതുനാഗരികതയുടെ തെരുവുയുദ്ധങ്ങളില്‍ മരിച്ചു വീണതോടെ ജനങ്ങള്‍ കര്‍ത്തൃ സ്ഥാനത്തേക്ക് ഉയര്‍ന്നു തുടങ്ങിയതാണ്. അതില്‍ അസഹ്യതയുള്ള ജീര്‍ണാധികാര സന്തതികള്‍ പുതിയ ദേവാലയങ്ങളും ഒളിത്താവളങ്ങളും സൃഷ്ടിച്ചു തുടങ്ങി. അവസാനത്തെ മറുപടിയോ തീരുമാനമോ ഞങ്ങളുടേത് മാത്രമാവണമെന്ന് മത- രാഷ്ട്രീയ സങ്കുചിത പൗരോഹിത്യം വിധിച്ചു തുടങ്ങി.
ജനാധികാരത്തെ അകറ്റുന്നവരൊക്കെ ജനങ്ങളെ മുന്‍നിര്‍ത്തിയും അവരുടെ പദവികള്‍ ദുരുപയോഗം ചെയ്തും കൊഴുത്തു വളര്‍ന്നു. സംഘബലവും അധികാരവുമുണ്ടെങ്കില്‍ ഏതക്രമവും ചെയ്യാമെന്നുവന്നു. ഞങ്ങള്‍ അന്വേഷിക്കും ഞങ്ങള്‍ ശിക്ഷിക്കും അതുമതിയെന്ന് സമാന്തര നിയമ സംഹിതകള്‍ പ്രവര്‍ത്തനക്ഷമമായി. ജനാധിപത്യ സ്ഥാപനങ്ങളെല്ലാം കളങ്കിതമായി.
ജനാധിപത്യം സൂക്ഷ്മവും സുതാര്യവുമാകണം. വ്യക്തിയുടെ സ്വകാര്യത സമൂഹ നിഷേധമല്ല. സാമൂഹിക വ്യവഹാരങ്ങള്‍ക്കകത്ത് രചിക്കപ്പെടുന്ന മതേതര ആത്മീയതയുടെ മണ്ഡലമാണത്. ആ സ്വകാര്യത സഹജീവികളെ ആക്രമിക്കാനോ ചൂഷണം ചെയ്യാനോ ഉള്ള അവകാശം നല്‍കുന്നില്ല. അങ്ങനെ ചെയ്യുന്ന അക്രമികളെ ഒരു കൂട്ടായ്മയുടെ ദാര്‍ശനിക ദാരിദ്ര്യത്തിലും രക്ഷപ്പെടാന്‍ അനുവദിക്കരുത്.
അനീതി കാണിച്ചവരും അതിനു കൂട്ടു നിന്നവരും മറുപടി പറയേണ്ടത് ജനങ്ങളോടാണ്. അതിന്റെ നടത്തിപ്പിനാണ് ജനാധിപത്യ സ്ഥാപനങ്ങള്‍. അല്ലാതെ ജനങ്ങളെ ഒഴിവാക്കാനോ മറി കടക്കാനോ അല്ല. അധാര്മ്മികവൃത്തി ആരുടെ പിന്തുണകൊണ്ടും ധാര്മ്മികമാവുകയില്ല. ജനങ്ങളെ പരീക്ഷിക്കുന്ന നിശ്ചയങ്ങളോട് കണക്കു തീര്‍ത്തേ തീരൂ.
ആസാദ്
30 ജൂണ്‍ 2018