Article POLITICS

ജൂണ്‍മാസക്കുറിപ്പുകള്‍ 2

അഴിമതിക്കാരന് വിശുദ്ധപട്ടം
******************

കരിംകോഴയ്ക്കല്‍ മാണി മാണി എന്ന കെ എം മാണി ഒരു കരയ്ക്കണഞ്ഞിരിക്കുന്നു. കൈനീട്ടിയ കുഞ്ഞാപ്പുവിന് നന്ദി. ഇനി കൊണ്ടു നടന്നവരും കൊല്ലിച്ചവരും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കട്ടെ. കൂട്ടു പോയി വീശി വിശുദ്ധപ്പെടുത്തട്ടെ.

കോഴക്കേസിലെ അനിശ്ചിത നാളുകള്‍ക്ക് വിട. ഒപ്പം നിന്നു പിറകില്‍ കുത്തിയ ഒരാളുടെയെങ്കിലും പേരു പറയാന്‍ മാണി വിഡ്ഡിയാണോ? ഗതി കിട്ടാതലയുമെന്നു ധരിച്ചവര്‍ പലരും കാണും. അവരെത്തന്നെ പിറകില്‍ നടത്തിക്കാനായത് ചില്ലറ കാര്യമാണോ? അന്ന് പ്രതിപക്ഷത്തിന് ഒട്ടും ദാക്ഷിണ്യമുണ്ടായിരുന്നില്ല. ബജറ്റവതരിപ്പിക്കാന്‍ റവന്യൂ മന്ത്രി പെട്ട പാട് രേഖകളില്‍ കിടപ്പുണ്ട്.
എത്ര പാടുപെട്ടാണ് ഒരു ലഡു നുണഞ്ഞത്!

നിയമസഭ ക്ഷോഭംകൊണ്ടു തകര്‍ത്തു താണ്ഡവ നൃത്തമാടിയവര്‍ പുതിയ സഭയിലെ നായകരും രക്ഷകരുമായി വേഷമിട്ടു. അവര്‍ക്കു മുന്നില്‍ ഇരുപക്ഷത്തുമില്ലാതെ മോഹിനീ വേഷമണിഞ്ഞ് മാണിക്ക് പുതുജന്മം. നാല് പതിറ്റാണ്ടിന്റെ യു ഡി എഫ് പാരമ്പര്യം വെറും പഴങ്കഥയെന്നായി. ബാര്‍ കേസില്‍നിന്നൂരുംവരെ അച്യുതാ, വിജയാ, ബാലകൃഷ്ണാ എന്നലമുറയായിരുന്നു. ,വിളിക്കൂ വരാം, വിളിക്കൂ വരാം കളിയുടെ മേളമായിരുന്നു. വിജിലന്‍സില്‍ ഇരകോര്‍ത്ത് കാത്തിരുന്ന സി പി എം, ഇരയില്ലാതെ വീഴുന്ന മാണിക്ക് കൈപടര്‍ത്തി കാത്തു. തട്ടിക്കൊണ്ടുപോകാന്‍ നേരം നോക്കി ബിജെപിയും പിറകോട്ടു വിളിക്കാന്‍ കോണ്‍ഗ്രസ്സും കരിംകോഴയ്ക്കല്‍ പടിയ്ക്കല്‍ കാത്തു കിടന്നു.

ബാര്‍കോഴ അലിഞ്ഞു. സഭയിലെ കേസു തീര്‍ക്കണേയെന്ന് ശിവന്‍കുട്ടിയും അപേക്ഷിച്ചു. ബിജുരമേശന്മാരുടെ കച്ചവടം തെഴുത്തു. സര്‍വ്വത്ര ആനന്ദം കളിയാടി. പണമെണ്ണുന്ന യന്ത്രം കൈമാറി കൈകൊടുത്തു പിരിയാന്‍ അവസരമുണ്ടായി. ഇനി എന്തിന് ജാതകം നോക്കണം? മുഖ്യമന്ത്രി സ്ഥാനം നീട്ടിയ ജോര്‍ജിന്റെ കള്ളക്കൗശലം ഉമ്മന്‍ ചാണ്ടിയെ വൈരിയാക്കാനുതകിയതു മിച്ചം. പിന്നെപ്പറയാന്‍വെച്ച ഗൂഢാലോചനക്കഥ ഇനി പറയുകയേ വേണ്ട.

കോണ്‍ഗ്രസ്സും ബിജെപിയും സിപിഎമ്മും മത്സരിച്ചു മോഹിക്കാന്‍ കരിംകോഴയ്ക്കല്‍ മാണി എന്തു മഹാത്ഭുതമാണാവോ! പൊതു വിഭവം കൊള്ളയടിച്ച കുറ്റം പൊറുത്തു കൊടുക്കാമെന്ന് എല്‍ ഡി എഫിനെ തോന്നിച്ച വൈഭവം കൊള്ളാം. കോഴ വെറും വീട്ടുപേരെന്ന് ഇപ്പോഴല്ലേ മനസ്സിലായത്! തെറ്റിദ്ധരിച്ചുപോയി. പൊറുക്കണം.

അഴിമതിരാജാക്കന്മാരെ വിശുദ്ധ രക്ഷകരാക്കുന്ന ഇടം -വലം രാഷ്ട്രീയങ്ങളുടെ നാണംകെട്ട കെട്ടിയെടുപ്പുകള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. വലത്തുനിന്ന് തെന്നി ഇടത്തെത്തി ചെളി തുടച്ച് വിശുദ്ധപ്പെട്ട് വലത്തു നീങ്ങി അമര്‍ത്തിച്ചവിട്ടി മാണി ചിരിക്കുന്നു. സമസ്ത സഭാംഗങ്ങളും കൈയടിക്കുന്നു. ദൂരെ തലകുനിക്കുന്ന ജനം. ശുഭം.

ആസാദ്
7 ജൂണ്‍ 2018

2
ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിന്റെ മാണിക്കെണി
*************
കരിംകോഴയ്ക്കല്‍ മാണിയുടെ ബ്ലാക്ക്മെയില്‍ റേഞ്ചിലായിരുന്നു നമ്മുടെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും. ഒപ്പം വന്നാല്‍ പൊറുക്കാവുന്നതേയുള്ളു ഏതഴിമതിയും എന്നല്ലേ അവരൊക്കെ വ്യക്തമാക്കിയത്! ഒപ്പം വന്നില്ല, ഒന്നു വശ്യമായി ചിരിച്ചേയുള്ളു മാണി, പിറകെ പോയല്ലോ സിപിഎംപോലും. അതു കള്ളച്ചിരി സൂക്ഷിക്കണം എന്നു പറഞ്ഞ സിപിഐയെ ചീത്ത വിളിക്കാന്‍ എന്തുത്സാഹമായിരുന്നു. മുന്നണി വിപുലീകരണത്തെപ്പറ്റി കോടിയേരി കണ്ട സ്വപ്നത്തില്‍ നായകന്‍ മാണിയായിരുന്നു. പാര്‍ട്ടി സമ്മേളന കാലത്തെ വലിയ ചര്‍ച്ച മാണിയെ കൂട്ടാം എന്നതായിരുന്നില്ലേ?

അഴിമതിക്കാരന്‍ പക്ഷം മാറിയാല്‍ വിശുദ്ധനാവും. കേസുകള്‍ ഒഴിഞ്ഞു കിട്ടും. ഉമ്മന്‍ചാണ്ടിതന്നെ ശാപമോക്ഷ സൂത്രം ഉപദേശിച്ചിരിക്കണം. ‘പുറത്തിറങ്ങി സിപിഎമ്മിനെ ഒന്നു കൊതിപ്പിച്ചു പോരൂ, അതിന്റെ പരാക്രമങ്ങളൊക്കെ ഞങ്ങള്‍ പൊറുത്തോളാം. ശാപമൊഴിഞ്ഞാല്‍ തിരിച്ച് ആനയിക്കാം’. മാണി നന്നായി കളിച്ചു. സിപിഎം വീണു. കേസൊഴിഞ്ഞു. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരിച്ചുകൊണ്ടുപോവുകയും ചെയ്തു. കൊത്തിയ പാമ്പ് വിഷമിറക്കിയ സ്ഥിതിക്ക് മറ്റപകടങ്ങളില്ല. കളത്തില്‍ നിറഞ്ഞാടാം.

ഈ കളിയില്‍ ആരുടെ മുഖമാണ് വികൃതമായത്?ബാര്‍കോഴ വലിച്ചു സ്വന്തം ചുമലിലേയ്ക്കിട്ട ഇടതുപക്ഷത്തിന്റേതല്ലേ? തങ്ങളുന്നയിച്ച് നിയമസഭയെ കലുഷമാക്കിയ ഒരാരോപണം ഭരണം കിട്ടിയിട്ടും തെളിയിക്കാനാവാതെ പിഴ പിഴയെന്ന് സ്വയം ശപിക്കേണ്ട ഗതികേടിലെത്തി. മാണിയും പറന്നുപോയി. യുഡിഎഫോ, ശാപമോക്ഷം കിട്ടി പുതിയ ഉണര്‍വ്വിലാണ്. ഉണരുമ്പോഴൊക്കെ ഒരു കലഹം അവര്‍ക്കിടയില്‍ സാധാരണമാണ്. അതു കണ്ട് കോണ്‍ഗ്രസ്സോ യുഡിഎഫോ തകരുമെന്ന് ചരിത്രമറിയുന്ന ആരും പറയില്ല. സോളാറും ബാര്‍കോഴയും നീങ്ങിയ ആനന്ദത്തിന്റെ ആഘോഷമാണത്.

കോടിയേരി ഇനിയാണ് മുന്നണി വിപുലീകരിക്കേണ്ടത്. ചെറുതും വലുതുമായ ഇടതു പാര്‍ട്ടികളും മതേതര ജനാധിപത്യ ശക്തികളും മുന്നണിയിലെത്തട്ടെ. വലതു വികസനവാദത്തെയും വലത്ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തെയും കൈയൊഴിയണം. യുഡിഎഫ് രാഷ്ട്രീയം അതിന്റെ പതിവു സ്വഭാവത്തിലേയ്ക്കും പ്രകടനത്തിലേയ്ക്കും എത്തിയിരിക്കുന്നു. അതു മനസ്സിലാക്കാനായാല്‍ അത്രയും നല്ലത്.

ആസാദ്
9 ജൂണ്‍ 2018

3
ദില്ലിയിലെ വ്യവസായങ്ങള്‍
*************
കേരളത്തില്‍ വ്യവസായ മന്ത്രി പദവി വഹിച്ചവര്‍ ദില്ലിയിലേക്ക് പോകുന്നത് പുതിയ കാര്യമല്ല. എണ്‍പതിനുശേഷം ഗൗരിയമ്മയും ഇബ്രാഹിം കുഞ്ഞും ഒഴികെ എല്ലാവരും ദില്ലിയിലേക്കു പറന്നിട്ടുണ്ട്‌. മിക്കവരും പാര്‍ലമെന്റിലേക്ക് കളം മാറ്റി. ഇ അഹമ്മദ് അവിടെയാണ് ആനന്ദമെന്ന് തിരിച്ചറിഞ്ഞു. അതിന്റെ വിളവെടുപ്പായിരിക്കുമോ കുഞ്ഞാലിക്കുട്ടിയെ മോഹിപ്പിച്ചത്? എളമരം കരീം ഏതു സ്വപ്നമാണാവോ കാണുന്നത്? വ്യവസായ മന്ത്രിമാരായിരുന്ന നേതാക്കളുടെ പ്രവാസം നമുക്ക് കൂടുതല്‍ വ്യവസായം ഉണ്ടാക്കിത്തരുമോ? ഇപ്പോഴത്തെ വ്യവസായ മന്ത്രി തീര്‍ച്ചയായും നാളത്തെ എംപിയാകും. ദില്ലിയിലേക്കു വരൂ എന്ന് വ്യവസായങ്ങള്‍ വിളിക്കുകയാവണം.

മാണിക്കും ജോസ് കെ മാണിക്കും പാലയോളം വരില്ല ഒരു ദില്ലിയും. വ്യവസായങ്ങളുടെ തമ്പുരാക്കള്‍!

4
കിം ജോങ് ഉന്‍ ജയിക്കുന്നു
*****************
അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് ട്രമ്പിനെ പതിനയ്യായിരം കിലോമീറ്റര്‍ യാത്ര ചെയ്യിച്ചു സിംഗപ്പൂരില്‍ കൊണ്ടുവന്നത് കിം ജോങ് ഉന്‍ എന്ന ഉത്തരകൊറിയന്‍ യുവ നേതാവിന്റെ മിടുക്ക്. ഒന്നിച്ചിരുത്തി സമപദവിയില്‍ സംസാരിക്കാനും സൗഹൃദം ശീലിപ്പിക്കാനും സാധിക്കുന്നത് ചെറിയ കാര്യമല്ല. ജപ്പാനിലും വിയത്നാമിലും സാധാരണക്കാരായ ജനങ്ങളെ കൂട്ടക്കൊല ചെയ്താരംഭിച്ച അധിനിവേശ യുദ്ധങ്ങളുടെ നീചനായകനെ ഞങ്ങളെക്കാള്‍ വലുതല്ല നീയെന്ന് പഠിപ്പിക്കേണ്ടിയിരുന്നു. യുദ്ധം വിതക്കുന്നവര്‍ അതു നിര്‍ത്താതെ യുദ്ധോപകരണങ്ങള്‍ ഇല്ലാതാക്കാനാവില്ലെന്ന് ഓര്‍മ്മപ്പെടുത്തേണ്ടിയിരുന്നു. യുദ്ധത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും സമദൂരമാണ് ഏതു വേണമെന്ന് നിശ്ചയിക്കൂ എന്ന് തീരുമാനമെടുക്കാന്‍ നിര്‍ബന്ധിക്കണമായിരുന്നു.

സിംഗപ്പൂര്‍ ചര്‍ച്ച കിം ജോങ് ഉന്‍ എന്ന മുപ്പത്തിനാലുകാരനായ രാഷ്ട്ര നേതാവിന്റെ നയതന്ത്ര വിജയമാണ്. കെട്ടുകഥകള്‍കൊണ്ടോ ആയുധപ്പടകള്‍കൊണ്ടോ തോല്‍പ്പിക്കാനാവില്ലെന്ന ആത്മ വിശ്വാസവും ധൈര്യവുമാണ് കിംങ് ജോങ്‌. സഹനേതാക്കളോടും രാഷ്ട്രങ്ങളോടും എങ്ങനെ പെരുമാറണമെന്നാണ് ഉത്തര കൊറിയ സിംഗപ്പൂരില്‍ പറഞ്ഞത്. ഇത് അമേരിക്കയുടെ വീണ്ടുവിചാരവും കൊറിയന്‍ ഉപദ്വീപിന്റെ ഐക്യവും ശക്തിപ്പെടുത്തട്ടെ.

ആസാദ്
12 മെയ് 2018

5
ഷാജഹാന്‍ ബച്ചുവിന് അന്ത്യാഭിവാദ്യം
******************
കവിയും പ്രസാധകനും മതേതരവാദിയും കമ്യൂണിസ്റ്റുമായ ഷാജഹാന്‍ ബച്ചുവിനെ ബംഗ്ലാദേശില്‍ മതതീവ്രവാദികള്‍ കൊലപ്പെടുത്തി. കുറച്ചുകാലമായി മതേതരവാദികളും എഴുത്തുകാരും തെരുവില്‍ അക്രമിക്കപ്പെടുകയാണ്. നമ്മുടെ രാജ്യത്ത് കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും ഗൗരി ലങ്കേഷുമൊക്കെ വധിക്കപ്പെട്ട സാഹചര്യത്തിനു സമാനമാണ് ബംഗ്ലാദേശിലെ സ്ഥിതി. ഇവിടെ തീവ്രഹിന്ദുത്വമാണെങ്കില്‍ ബംഗ്ലാദേശില്‍ തീവ്ര ഇസ്ലാമികതയാണ് അഴിഞ്ഞാടുന്നത്.

2015 ഫെബ്രുവരിയില്‍ അവിജിത് റായ് വധിക്കപ്പെട്ടപ്പോള്‍ എഴുതിയ കുറിപ്പാണ് ചുവടെയുള്ളത്. അവിജിത്തിനു പിറകെ ഫൈസല്‍ അര്‍ഫിന്‍ ദീപനും നസിമുദ്ദീന്‍ സമദും വധിക്കപ്പെട്ടു. സ്വതന്ത്ര ചിന്തകരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിര്‍ബന്ധമാണ് തീവ്രവാദികള്‍ക്കുള്ളത്. എന്നിട്ടും ഏകാന്തവും അസാധാരണവുമായ ചെറുത്തുനില്‍പ്പുകളുണ്ടാവുന്നു. ഷാജഹാന്‍ ബച്ചു എന്ന സൗമ്യനായ കമ്യൂണിസ്റ്റുകാരന്‍ നേരത്തേതന്നെ ഭീഷണികള്‍ക്കു നടുവിലൂടെയാണ് കടന്നുപോന്നത്. ഒരിക്കലും ഭയന്നു പിന്മടങ്ങിയില്ല. മതേതര ജീവിതം കടുത്ത ഭീഷണി നേരിടുന്നിടത്തെല്ലാം ഷാജഹാന്‍ ബച്ചു പ്രതിരോധത്തിന്റെ ഊര്‍ജ്ജമാവും. അകലെനിന്ന് അഭിവാദ്യം ചെയ്യുമ്പോള്‍ ലാല്‍സലാം എന്ന പ്രത്യഭിവാദ്യം ഞാനറിയുന്നു.

6
പൊലീസേമാന്മാരേ, കേരളം അടിമരാജ്യമല്ല.
********************************
ഉയര്‍ന്ന പൊലീസ് ഏമാന്മാര്‍ക്കെല്ലാം വീട്ടുപണിയ്ക്കും പരിചരണത്തിനും താഴ്ന്ന തസ്തികകളിലുള്ള പൊലീസുകാരെ നിയോഗിക്കുന്ന പതിവ് നിര്‍ബന്ധമായും അവസാനിപ്പിക്കണം. ഡിജിപിയുടെയോ എഡിജിപിയുടെയോ ഐജിയുടെയോ വീട്ടുകാരെ പരിചരിക്കാനും പുറംപണിക്കും കൂലികൊടുത്ത് ആളെ നിര്‍ത്തണം. അതിന് ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കാനും പൊലീസുകാരുടെ ആത്മവീര്യം തകര്‍ക്കാനും ഇടവരുത്തരുത്. ഒരു ജനാധിപത്യ സര്‍ക്കാറിന് ഒട്ടും ഭൂഷണമല്ലാത്ത കാര്യമാണ് അടിമവേല ചെയ്യിക്കല്‍.

മന്ത്രിമാര്‍ക്ക് പൊലീസ് സേനയും ഉയര്‍ന്ന പൊലീസുകാര്‍ക്ക് അടിത്തട്ടു പൊലീസുകാരും അവര്‍ക്കൊക്കെ ജനങ്ങളും അടിമകളാകുന്ന കൊളോണിയല്‍ അധികാര ഘടന ഇനിയും പൊളിച്ചെഴുതിയിട്ടില്ല. ജനങ്ങള്‍ക്ക് നീതികിട്ടാന്‍ എളുപ്പമല്ലാത്ത വ്യവസ്ഥയാണത്. അത് ജനാധിപത്യപരമാവാന്‍ വലിയ പൊളിച്ചെഴുത്ത് വേണം. ഇന്നത്തെ രണ്ടു വാര്‍ത്തകള്‍ നോക്കൂ. ഒന്ന് എഡിജിപിയുടെ മകള്‍ ,തന്നെ കനകക്കുന്നിലേയ്ക്ക് പ്രഭാത നടത്തത്തിന് പൊലീസ് വാഹനത്തില്‍ കൊണ്ടുപോവാന്‍ നിര്‍ബന്ധിതനായ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവമാണ്. മറ്റൊന്ന് ഒരു എം എല്‍ എ, വഴിമാറിക്കൊടുക്കാന്‍ നിര്‍ബന്ധിതരായ ഒരമ്മയെയും മകനെയും നേരിട്ട രീതിയാണ്. രണ്ടും അധികാരത്തിമര്‍പ്പായിരുന്നു.

ഇവിടെ ഏകാധിപതികളായ രാജാക്കന്മാര്‍ വേണ്ട. വിനീത പ്രജകളോ അടിമകളോ ആവാന്‍ നാമാരും പഴയ നൂറ്റാണ്ടില്‍ കഴിയുന്നവരുമല്ല. ലജ്ജയോ വിവേകമോ ഇല്ലാത്ത അധികാര ധാര്‍ഷ്ട്യത്തിന്റെ ആള്‍ രൂപങ്ങളെ നിലയ്ക്കു നിര്‍ത്താനായില്ലെങ്കില്‍ നമ്മുടെ പ്രബുദ്ധത കെട്ടുകഥയാവും. അധികാര പ്രമത്തത പുതിയ വരേണ്യ വിഭാഗങ്ങളെ സൃഷ്ടിക്കുന്നു. അതു നിലനിര്‍ത്താനോ അതിന്റെ തണലില്‍ താല്‍പ്പര്യങ്ങള്‍ നേടാനോ ശ്രമിക്കുന്ന രാഷ്ട്രീയം ജനവിരുദ്ധമാകും. പൊതുസമൂഹം ഒന്നിച്ചെതിര്‍ത്തേ പറ്റൂ.

ആസാദ്
14 മെയ് 2018

7

ദൈവത്തിനെന്തിനാണ് പാറാവ് എന്നു ചോദിച്ച ഒരു മുഖ്യമന്ത്രിയെ ഓര്‍ക്കുന്നു. ജനാധിപത്യ രാജ്യത്ത് ജനനേതാവിന് എന്തിനാണ് പാറാവ് എന്നുകൂടി ഇന്നു ചോദിക്കേണ്ടിയിരിക്കുന്നു. ജന നേതാക്കളും ഭരണാധികാരികളും പല കാറ്റഗറിയിലുള്ള സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയില്‍ മാത്രം എഴുന്നെള്ളുന്നവരായിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്കു ലഭ്യമല്ലാത്ത ഒരു സൗജന്യവും തനിക്കു വേണ്ടെന്നു പറയാന്‍ കെല്‍പ്പുള്ള നേതാക്കളാരും നമ്മുടെ നാട്ടിലില്ല. അകമ്പടിയില്‍ അഭിരമിക്കുന്ന പൊങ്ങച്ചത്തമ്പുരാക്കന്മാരാണ് ‘ജനങ്ങള്‍ക്കു വേണ്ടി’ ജീവിതം ഉഴിഞ്ഞിരിക്കുന്നത്.

ജനങ്ങളെ നിയമപാലനത്തിന് തുണയ്ക്കാനാണ് പൊലീസ്. നിയമം ലംഘിക്കാനും ജനങ്ങളോടു യുദ്ധം ചെയ്യാനും തയ്യാറാവുന്ന സേനകള്‍ വെറും തെമ്മാടിക്കൂട്ടങ്ങളാണ്. ഒരു വേഷവും തിന്മയെ നീതീകരിക്കില്ല. ഒരധികാരവും തിന്മയെ വിശുദ്ധ കൃത്യമാക്കില്ല. പൊലീസ്, ഭരണാധികാരികളുടെ ആശ്രിതന്മാരോ ദാസന്മാരോ അല്ല. ആത്മാഭിമാനം മുറുകെ പിടിക്കുന്ന ഒരു പൊലീസുകാരനും ഏമാന്മാരുടെ അടിമകളാവരുതെന്ന് ജനാധിപത്യം ശഠിക്കുന്നുണ്ട്.

ജനങ്ങളാണ് വിധിക്കേണ്ടത്. ജനങ്ങള്‍ക്കുമേല്‍ വിധിക്കാന്‍ ഒരു ഭരണാധികാരിക്കുമാവില്ല. ജനങ്ങളെ പരിരക്ഷിക്കേണ്ട പൊലീസ് സേനയെ തങ്ങളുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്കു വിനിയോഗിക്കുന്നത് മന്ത്രിയായാലും ഉന്നത ഉദ്യോഗസ്ഥനായാലും തെറ്റുതന്നെ. ദാസ്യവേല ചെയ്യിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടണം. സുരക്ഷാ സംഘങ്ങളുടെ അകമ്പടിയില്ലാതെ പുറത്തിറങ്ങാന്‍ ഭയമുള്ള നേതാക്കളും ഭരണാധികാരികളും ജനസേവനം നിര്‍ത്തണം. നിങ്ങള്‍ രാജ്യത്തിന് ബാധ്യതയാണ്.

ദാസ്യവേല പൊലീസില്‍ മാത്രമല്ല. ചെറുതും വലുതുമായ രീതിയില്‍ നമ്മുടെ അധികാര ശ്രേണിയില്‍ പലയിടത്തുമുണ്ട്. അധികവേലയോ ദാസ്യവേലയോ ആയി തിരിച്ചറിയപ്പെടാത്ത തൊഴില്‍ ചുഷണം നിരവധിയാണ്. ഉയര്‍ന്ന ജനാധിപത്യ ബോധംകൊണ്ടും മാനവിക ദര്‍ശനം കൊണ്ടും മാത്രമേ അതു മനസ്സിലാക്കാനും തിരുത്താനുമാവൂ. അധികാര വ്യവഹാരങ്ങളുടെ ഇഴകളിലൂടെ കണ്ണുകള്‍ നീളണം. ചൂഷണം സൂക്ഷ്മവും വ്യാപകവും ദൗര്‍ഭാഗ്യവശാല്‍ സമ്മതവുമാകുന്നതെങ്ങനെയെന്ന് വിശകലനം ചെയ്യണം. അപ്പോഴേ, നമ്മുടേത് ഒരു ജനാധിപത്യ സമൂഹമാകൂ.

ആസാദ്
17 ജൂണ്‍ 2018

8
കോടതിയ്ക്ക് സുരക്ഷാ ഭീഷണി?
******************
കോടതിയുടെ സുരക്ഷ അപകടത്തിലെന്ന് ഹൈക്കോടതിയാണ് നിലവിളിക്കുന്നത്! ഹര്‍ജികളും ഫയലുകളും അപ്രത്യക്ഷമാകുന്നു. നീതിയുടെ ദേവാലയത്തില്‍ ചെകുത്താന്മാര്‍ വിഹരിക്കുന്നു. ജനങ്ങള്‍ക്ക് സമാധാനവും നിയമ പരിരക്ഷയും നല്‍കേണ്ട സ്ഥാപനം അധാര്‍മിക വൃത്തികളിലേക്കു വഴുതുന്നു.

ഭയപ്പെടുത്തുന്നുണ്ട് വാര്‍ത്തകള്‍. മലബാര്‍ സിമെന്റ്സുമായി ബന്ധപ്പെട്ട അഴിമതി വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ചാക്കുകച്ചവടവുമായി തിണ്ണകള്‍ കയറിയിറങ്ങി ഉപജീവനം കഴിച്ചുപോന്നവര്‍ കോടികളുടെ ആസ്തിയിലേക്കു കുതിച്ചുയര്‍ന്നു. ചുറ്റിപ്പറ്റി നിന്നവരെല്ലാം രക്ഷപ്പെടുന്നു. തൊഴിലെടുത്ത മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും മരണത്തിലേക്ക് എടുത്തെറിയപ്പെട്ടു. അത് ആത്മഹത്യയായിരുന്നുവെന്നും അതല്ല കമ്പനിയിലെ അഴിമതികളുടെ ഭാഗമായ ദുരൂഹ സംഭവമാണെന്നും വാദങ്ങളുണ്ടായി. ഇതു സംബന്ധിച്ച് ജോയ് കൈതാരത്തിന്റെയും ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെയും പരാതികള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും അവ കാണാതായി. കമ്പനി മുന്‍ ചെയര്‍മാന്മാരെ കുറ്റവിമുക്തരാക്കി വിജിലന്‍സ് കേസുകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെയും ജോയ് ഹരജി നല്‍കിയിരുന്നു. ആദ്യം നല്‍കിയ ഹര്‍ജിയും കാണാതായത്രെ.

അഴിമതിക്കാരെ സംരക്ഷിക്കാന്‍ ആര്‍ക്കൊക്കെയാണ് താല്‍പ്പര്യം? ആ ശൃംഖലയുടെ കണ്ണികള്‍ എത്ര ആഴത്തിലും പരപ്പിലുമാണ് വളര്‍ന്നിരിക്കുന്നത്! ചെറുക്കാന്‍ വലിയ പ്രസ്ഥാനങ്ങളെ കാണുന്നില്ല. നേതാക്കന്മാരെല്ലാം അവിഹിത സമ്പാദ്യങ്ങളുടെ കാവല്‍ക്കാരാവുന്നു. കള്ളപ്പണക്കാരുടെ കുഴലൂത്തുകാരാവുന്നു. ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകളെ ഏതു ഹീനമാര്‍ഗം ഉപയോഗിച്ചും ഇല്ലാതാക്കുന്നു. അനീതിക്കെതിരെ പൊരുതി നില്‍ക്കുന്നവര്‍ നിരന്തരം അപമാനിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യും. ജോയ് കൈതാരം ഒറ്റപ്പെട്ട പ്രതിരോധമാണ്. പണവും അധികാരവും തിമര്‍ക്കുന്ന ലോകത്ത് ജീവന്‍പണയംവെച്ചാണ് പോരാട്ടം. സംഘടിത ശക്തിയല്ലാത്തതിനാല്‍ നിയമ പോരാട്ടമേ വഴിയുള്ളു. അവിടെയും തിന്മയുടെ ശക്തികളാണ് പിടിമുറുക്കുന്നത്. ആശങ്കയും ഭയവുമുണ്ടാക്കുന്ന വാര്‍ത്തയാണ് ഇന്നു വായിക്കേണ്ടിവന്നത്.

നന്മയും തിന്മയും തമ്മില്‍, ധര്‍മ്മവും അധര്‍മ്മവും തമ്മില്‍, ചൂഷിതരും ചൂഷകരും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ നാമൊക്കെ എവിടെ നില്‍ക്കുന്നുവെന്ന് ഉറക്കെ പറയേണ്ടതുണ്ട്. നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്ക് ജനങ്ങളുടെ നികുതിപ്പണം ഒഴുക്കി വിടുന്നവര്‍ ആദ്യം ചെയ്യേണ്ടത് അവിടത്തെ ചോര്‍ച്ചയടക്കുകയാണ്. പൊതു സമൂഹത്തിന് നഷ്ടമുണ്ടാക്കില്ലെന്ന് ഉറപ്പിക്കണം. പിന്‍വാതിലില്‍ പണം ചോര്‍ത്തുന്നവരെ വണങ്ങുന്ന അധികാരികള്‍ ജനങ്ങളെ പിഴിഞ്ഞൂറ്റി അഴിമതിക്കു വളമിടുകയാണ്. കോടതിയുടെ നിലവിളി വീണ്ടും ജനങ്ങള്‍ക്കു മുന്നിലെത്തുമ്പോള്‍ അത് ഒരാഹ്വാനമാകുന്നുണ്ട്.

ആസാദ്
19 ജൂണ്‍ 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )