ഈ ചിത്രങ്ങള്‍ ഇന്ത്യയെ വരയ്ക്കുന്നു.
———————–
ഇന്ത്യന്‍ കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ പോരാട്ടമാണ് നയിക്കുന്നത്. ജൂണ്‍ ഒന്നിന് ആരംഭിച്ച ദശദിന സമരം സംസ്ഥാനങ്ങള്‍ തോറും പടരുകയാണ്. ഉത്പന്നങ്ങള്‍ക്ക് മതിയായ വില നല്‍കുക, വായ്പകള്‍ എഴുതിത്തള്ളുക, സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം.
മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലാണ് ഇപ്പോള്‍ സമരമാളുന്നത്. മധ്യപ്രദേശിലെ മണ്ട്സോളില് ആറു കര്‍ഷകരെ കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിന് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. ആ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികാചരണം അന്നത്തെ സമരത്തിന്റെ കൂടുതല്‍ ശക്തമായ തുടര്‍ച്ചയായി മാറി. നഗരങ്ങളിലേയ്ക്കു പാലും പഴവും പച്ചക്കറിയും പ്രവഹിച്ചില്ല. തെരുവുകളില്‍ പാലൊഴുക്കിയും പച്ചക്കറികള്‍ വിതറിയും ആത്മപീഢയുടെ സഹനതീഷ്ണമായ സമരമാര്‍ഗം തുറന്നു. രാജ്യത്തിന്റെ ആത്മാവിനെ എരിയിക്കുന്ന ഈ പീഢാനുഭവത്തിന് ആത്മഹത്യ ചെയ്ത കര്‍ഷക ലക്ഷങ്ങളുടെ അനുഭവത്തുടര്ച്ചയുണ്ട്. വെടിയേറ്റു വീണവരില്‍ മുറിഞ്ഞു തൂങ്ങിയ മുദ്രാവാക്യങ്ങളുടെ മുഴക്കമുണ്ട്. പത്താം ദിവസം ഭാരത് ബന്ദു നടത്തിയാവും സമരം തീരുക.
ആത്മഹത്യകളില്‍നിന്ന് ദീര്ഘസമര യാത്രകളിലേക്ക് ഗ്രാമങ്ങളുണരുന്നു. വിവേചനങ്ങളുടെ പലമട്ടനുഭവങ്ങളിലേയ്ക്ക് ചിതറിത്തെറിച്ച മനുഷ്യര്‍ പുതുതും അനിവാര്യവും ആയ നിര്‍ബന്ധത്തില്‍ ഐക്യപ്പെടുന്നു. പതിറ്റാണ്ടുകളായി കെട്ടി നിര്‍ത്തപ്പെട്ട വീര്യത്തിന്റെ കുത്തൊഴുക്കാണിത്. ഈ പ്രക്ഷോഭത്തില്‍ ഐക്യപ്പെടാം. കാര്‍ഷിക ഇന്ത്യയെ വിഴുങ്ങുന്ന കോര്‍പറേറ്റ് ഭീകരസത്വങ്ങളെ നേരിടാം. ഒപ്പം അകത്തെ വൈരുദ്ധ്യങ്ങളില്‍ ഞെരിയുന്ന വിലാസമില്ലാത്ത അനേക ലക്ഷങ്ങളുടെ ക്ഷോഭങ്ങള്‍ക്കും കൂട്ടാകാം.
ആസാദ്
5 ജൂണ്‍ 2018
2
പൊലീസിനെ നയിക്കുന്നതാരാണ്?
*******************
മലപ്പുറം ജില്ലയിലെ എടപ്പാളില തിയേറ്ററില്‍ പത്തുവയസ്സുകാരി പീഢിപ്പിക്കപ്പെട്ട സംഭവത്തില്‍ പരാതി കിട്ടിയിട്ടും രണ്ടാഴ്ച്ച അതു മൂടിവെച്ച പൊലീസ്, പീഢന വിവരം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന എടപ്പാളിലെ തിയേറ്റര്‍ ഉടമയെ പരാതി നല്കാന് വൈകിയെന്ന കുറ്റത്തിന് അറസ്റ്റുചെയ്തിരിക്കുന്നു. രണ്ടാഴ്ച്ചക്കാലം പരാതി മുക്കിയ എസ് ഐയെ അറസ്റ്റു ചെയ്യാന്‍ ഒട്ടും താല്‍പ്പര്യമില്ല. പരാതി നല്‍കിയതിലെ അപാകതയാണ് നടപടി വൈകിച്ചത് എന്ന മട്ടിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ പീഢന വിവരം അറിയിച്ച തിയേറ്റര്‍ ഉടമ പോക്സോ നിയമം ശ്രദ്ധയോടെ പഠിച്ചില്ല എന്നത് തെറ്റു തന്നെ. നാളെ ഇത്തരം കുറ്റങ്ങള്‍ പരാതിപ്പെടുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണിത്. ആദ്യം നിയമം പഠിക്കൂ എന്നിട്ടാവാം പരാതി എന്ന് നിയമത്തിന്റെ സത്തയെ വെല്ലുവിളിക്കുന്നത് നന്നല്ല.
പത്തു വയസ്സുകാരിയെ പീഢിപ്പിച്ചവരെയും അവര്‍ക്ക് കൂട്ടു നിന്നവരെയും നിയമത്തിനു മുന്നില്‍ വിചാരണയ്ക്കെത്തിക്കാനാണ് പൊലീസ് ഉത്സാഹിക്കേണ്ടത്. അപ്പോഴേ ജനങ്ങള്‍ക്ക് ആശ്വാസമാകൂ. പകരം പരാതിപ്പെട്ടവരെ നേരിട്ടുകളയാം എന്നു തോന്നുന്നുവെങ്കില്‍ പൊലീസ് കുറ്റവാളികളുടെ സേനാവിഭാഗമാണ് എന്നേ ധരിക്കാനാവൂ. ‘ഞങ്ങളുടെ കൃത്യവിലോപം പുറത്തു കൊണ്ടുവന്നവരെ പാഠം പഠിപ്പിക്കാനുള്ള ധൃതി’ ജനങ്ങളുടെ ചെലവില്‍ വേണ്ട.
ഈ പൊലീസിനെ നയിക്കുന്നതാരാണ്? ഉത്തരവാദിത്ത ബോധവും കര്‍മ്മശേഷിയുമുള്ള ആരെങ്കിലുമുണ്ടോ മേലധികാരിയായി? തുടര്‍ച്ചയായി ദുര്വൃത്തികള്മാത്രം നടത്തുന്ന കൂളസംഘമായി പൊലീസ് മാറിയിരിക്കുന്നു. ഇത്രയും ജീര്‍ണിച്ച പൊലീസിനെ മുമ്പ് കണ്ടിട്ടില്ല. തിരുത്താന്‍ സാധിക്കണം. അതിന് ഇച്ഛാശക്തിയും ശേഷിയുമുള്ള ആരെങ്കിലും വേണം തലപ്പത്ത്. പിണറായി വിജയന് കരുത്തനായ നേതാവോ നല്ല മുഖ്യമന്ത്രിയോ ആവാം. എന്നാല്‍ നല്ല ആഭ്യന്തരമന്ത്രിയല്ല. ആ വകുപ്പുപോലെ കുത്തഴിഞ്ഞതും ദിശതെറ്റിയതുമായ മറ്റൊരു വകുപ്പുമില്ല. ദിവസവും ജനങ്ങളെ നേരിട്ടതിന്റെ വീരസ്യമാണ് ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പൊലീസിന് പറയാനുള്ളത്! ജനാധിപത്യ സര്‍ക്കാറിന്റെ സേനയാണ് കേരള പൊലീസെന്ന് ഭരിക്കുന്നവരും മതിമറന്ന ആ സേനാവിഭാഗവും മറക്കേണ്ട.
ആസാദ്
5 ജൂണ്‍ 2018
3
നിപ പ്രതിരോധം; സര്‍ക്കാറിന് അഭിവാദ്യം
*******************
നിപ വൈറസിന്റെ വ്യാപനത്തിനെതിരായ യുദ്ധത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കാണിച്ച ജാഗ്രതയും ശുഷ്ക്കാന്തിയും അഭിനന്ദനീയമാണ്. ജനങ്ങളുടെ സഹകരണം എല്ലാ വേര്‍തിരിവുകളെയും അപ്രസക്തമാക്കും വിധമായിരുന്നു. ഉണര്‍ന്നു പ്രവര്‍ത്തിച്ച എല്ലാവരെയും ആദരിക്കുന്നു. അഭിവാദ്യം ചെയ്യുന്നു.
പ്രതിരോധ പ്രവര്‍ത്തനം നാളെയുടെ വ്യവസായ താല്‍പ്പര്യമായി വളര്‍ത്താന്‍ ശേഷിയുള്ള ഔഷധ മുതലാളിത്തം നോക്കിനില്പ്പാണ്. ഭീതിയെ പണമാക്കി പരിവര്‍ത്തിപ്പിക്കുന്ന രാസവേല പിറകെ വന്നേയ്ക്കും. നമ്മുടെ ജാഗ്രത അങ്ങോട്ടും നീളണം. ഒന്നും തനിയെ വരുന്നില്ലെന്ന് കുറെ കാലമായി നമുക്കറിയാം. ഒരു ശ്രേണീബന്ധം എന്തിനുമുണ്ട്. രോഗത്തിന്റെ വേരുകള്‍ പലയിടത്താവാം. അതു കണ്ടെത്താന്‍ സാമൂഹിക ശാസ്ത്രജ്ഞന്മാര്ക്കും ഉത്തരവാദിത്തമുണ്ട്.
ആരോഗ്യ മേഖലയിലെ സ്വകാര്യവത്ക്കരണവും കോര്‍പറേറ്റ് കേന്ദ്രീകരണവും നമ്മുടെ രാജ്യത്തേയ്ക്കും സംക്രമിച്ചത് എണ്‍പതുകള്‍ തൊട്ടാണ്. പുതിയ ലോകക്രമം മുന്നോട്ടുവെച്ച നവലിബറല്‍ അജണ്ടയുടെ ഭാഗമായിരുന്നു അത്. ഭരണകൂടങ്ങളെ സഹായികള്‍ മാത്രമാക്കി ആഗോള മൂലധനം നടത്തിയ വലിയ വേട്ടയില്‍ നമ്മുടെ ജനകീയ ആരോഗ്യ ചിന്തകളും പ്രവര്‍ത്തനങ്ങളും അട്ടിമറിക്കപ്പെട്ടു. ചെറുകിട ആരോഗ്യ കേന്ദ്രങ്ങളെ വിഴുങ്ങി വന്‍കിട ആരോഗ്യ വ്യവസായ സ്ഥാപനങ്ങള്‍ തലപൊക്കി. തീപോലെ പടര്‍ന്നുയര്‍ന്ന ഔഷധവില നമ്മെ പൊള്ളിച്ചു. അവയെ നിയന്ത്രിക്കാനാവാതെ നമ്മുടെ പൊതു ആരോഗ്യരംഗം ക്ലേശിച്ചു.
ആശുപത്രികളുണ്ടാക്കാനല്ല ഇല്ലാതാക്കാനാണ് നമ്മുടെ ദീര്‍ഘകാല പദ്ധതികള്‍ ലക്ഷ്യമിടേണ്ടത്. രോഗത്തെയല്ല രോഗകാരണത്തെയാണ് നേരിട്ടു തോല്‍പ്പിക്കേണ്ടത്. അതിന് ഔഷധം മാത്രം മതിയാവില്ല. രോഗം വിതച്ചു മൂലധനം പെരുപ്പിക്കുന്ന ദയാരഹിതമായ മത്സര മുതലാളിത്തം നമ്മുടെ ജീവിതത്തെ എത്രമേല്‍ മാറ്റിയെന്നു മനസ്സിലാക്കണം. മൂലകങ്ങളുടെ വ്യത്യസ്ത ചേരുവകള്‍കൊണ്ട് പലവിധ ഔഷധങ്ങള്‍ കണ്ടെത്തുകയും അതു മനുഷ്യരില്‍ പരീക്ഷിക്കുകയും ചെയ്യുന്ന ശക്തികള്‍ രോഗവും പ്രതിവിധിയും ഒറ്റ പാക്കേജില്‍ ലഭ്യമാക്കാന്‍ ശേഷിയുള്ളവരാണ്. യുദ്ധവും യുദ്ധോപകരണവും ഒന്നിച്ചു നല്കുന്ന നയതന്ത്രത്തിന്റെ മറ്റൊരു മുഖമാണിത്.
രോഗത്തിനു കാരണം ജീവിത ശൈലിയെന്നു പറയാറുണ്ട്. ജീവിതശൈലിയിലെ മാറ്റം സ്വാഭാവികമെന്ന് ധരിയ്ക്കാമോ? . അത് മുതലാളിത്ത അട്ടിമറിതന്നെയാണ്. ജനകീയ ആരോഗ്യ പ്രവര്‍ത്തനം അടിത്തട്ടില്‍ ബദല്‍ ജീവിത വ്യവസ്ഥയ്ക്കുള്ള പോരാട്ടമാകണം.
വേട്ടക്കാരെയും ഇരകളെയും ഒപ്പം തൃപ്തിപ്പെടുത്തുന്ന മാന്ത്രിക വിദ്യകളാണ് ഭരണകൂങ്ങള് തിരക്കുന്നത്. അത് വേട്ടക്കാരെ മാത്രമേ സഹായിക്കൂ. ഈ യുദ്ധത്തില്‍ നിഷ്പക്ഷത അസാധ്യമാണ്. ആരോഗ്യരംഗത്തെ പുതു മുതലാളിത്ത കടന്നു കയറ്റങ്ങളെ പിടിച്ചു കെട്ടാതെ ജനകീയ ആരോഗ്യ പ്രവര്‍ത്തനം ഫലം കാണില്ല. അത്രയും പ്രാധാന്യത്തോടെ കാണേണ്ട മറ്റൊന്ന് മൂല്യരഹിതവും അന്ധവുമായ മത്സരങ്ങളിലേയ്ക്ക് ജീവിതത്തെ പിടിച്ചുകെട്ടുന്ന തുറന്ന വിപണിയുടെ മാരകമായ വളര്‍ച്ചയാണ്. മാലിന്യമേറുന്നു എന്നു വിലപിക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുള്‍പ്പെടെ ശേഖരിച്ചു സംസ്ക്കരിക്കാന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന തിരക്കില്‍ എപ്പോള്‍ എങ്ങനെ ഇത്തരം മാലിന്യങ്ങള്‍ പെരുകിയെന്നും അതെങ്ങനെ നിയന്ത്രിക്കാമെന്നും ഓര്‍ക്കാന്‍ മറന്നുപോകുന്നു. ആരെ എവിടെ നിയന്ത്രിച്ചാല്‍ അതിനറുതിയുണ്ടെന്ന് പഠിക്കണം. പുതിയ മുതലാളിത്തത്തം പരിസ്ഥിതി സൗഹൃദപരമായ ബദലുകള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതമാകണം. അതിനു വേണ്ട പ്രേരണയും കര്‍ശനമായ താക്കീതും നല്കാന് ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് കഴിയണം. ദൗര്‍ഭാഗ്യവശാല്‍, വലതുപക്ഷ രാഷ്ട്രീയം മൂലധന വ്യവഹാരങ്ങളില്‍ നിന്നു മുക്തമല്ല. ആ വഴി മോഹവഴിയായി കാണുന്ന വഴിത്തെറ്റില്നിന്ന് നമ്മുടെ ഇടതുപക്ഷ മുന്നണി മോചിക്കപ്പെടണം.
ആരോഗ്യരംഗത്തെ വര്‍ഗസമരം അജണ്ടയിലെ മുഖ്യിനമാവുകയാണ്. അതവഗണിച്ചാല്‍ വലിയ വില നല്‍കേണ്ടിവരും.
ആസാദ്
6 ജൂണ്‍ 2018
4
അര്‍ജന്റീനാ നന്ദി, അഭിവാദ്യം .
***************
റഷ്യയില്‍ ലോകകപ്പിന് പന്തുരുളാന്‍ ഒരാഴ്ച്ച മാത്രം ശേഷിക്കെ കാല്‍പ്പന്തുകളിയുടെ രാഷ്ട്രീയ ധാര്‍മ്മികത എന്താണെന്ന്, അതെങ്ങനെ ഉയര്‍ത്തിപ്പിടിക്കണമെന്ന് അര്‍ജന്റീന കാണിച്ചു. ജറുസലേമെന്ന അധിനിവേശ മണ്ണില്‍ സൗഹൃദ മത്സരം നടത്താനുള്ള ഇസ്രായേലിന്റെ ക്ഷണം നിഷ്കളങ്ക സ്നേഹത്തിന്റേതല്ല, കുടില രാഷ്ട്രീയ കൗശലത്തിന്റേതാണെന്ന പലസ്തീന്റെ നിലവിളി അവര്‍ കേട്ടിരിക്കുന്നു. കയ്യേറി സ്ഥാപിച്ച ജറുസലേമിലെ തലസ്ഥാനത്തിന് അമേരിക്ക മാത്രമാണ് പിന്തുണ നല്‍കിയത്. സിഐഏ മൊസാദിക് ഗൂഢാലോചന പതിറ്റാണ്ടുകളിലൂടെ തിടംവെയ്ക്കുന്നത് ആര്‍ക്കും കാണാം. ആ മണ്ണിലേയ്ക്ക് ഒരു സൗഹൃദഗെയ്മിന് ഞങ്ങളില്ലെന്ന് അര്‍ജന്റീന പ്രഖ്യാപിച്ചിരിക്കുന്നു. അതോടെ ജൂണ്‍ പത്തിന് ടെഡി സ്റ്റേഡിയത്തില്‍ നടക്കേണ്ട കളി റദ്ദായി.
കളി നടന്നാല്‍ മെസിയുടെ ജഴ്സികള്‍ കത്തിച്ചു പ്രതിഷേധിക്കുമെന്ന് പലസ്തീന് മുന്നറിയിപ്പു നല്‍കിയിരുന്നു. ക്രൂരവും പൈശാചികവുമായ ശിശുഹത്യയുടെയും രക്തച്ചൊരിച്ചിലിന്റെയും തുടര്‍ച്ചയില്‍ ഇസ്രായേല്‍ വളഞ്ഞു പിടിച്ചത് പലസ്തീന്റെ ആസ്ഥാനമാണ്. അവിടെത്തന്നെ വേണം കളിയെന്ന ഇസ്രായേലിന്റെ നിര്‍ബന്ധത്തിനു പിന്നില്‍ അധിനിവേശത്തിന് ലോകസ്വീകാര്യത നേടുകയെന്ന ലക്ഷ്യമാണുള്ളത്. അതാണ് ആ സൗഹൃദ മത്സരം നടക്കരുതെന്ന് പലസ്തീനും ലോകമെങ്ങുമുള്ള സമാധാന പ്രേമികളും ആഗ്രഹിക്കാന്‍ കാരണം.
ഇസ്രായേലിന് അംഗീകാരം നല്കാന് നരസിംഹ റാവു ഗവണ്മെന്റിനും ഇസ്രായേലുമായി ദൃഢ ബന്ധം പുലര്‍ത്താന്‍ മോദി ഗവണ്മെന്റിനും എളുപ്പമാവാം. അമേരിക്കന്‍ ദാസ്യത്തിന്റെ വിനയം വെളിപ്പെട്ടുവെന്നേ കരുതേണ്ടു. ലാറ്റിനമേരിക്കക്ക് അത്ര എളുപ്പം തല കുനിക്കാന്‍ കഴിയുമോ?. ഗുവേരയുടെ ജന്മനാടാണത്. പിന്നെ പെറോണ്‍ വാഴ്ച്ചയിലെ തീവ്ര കളിബോധ്യങ്ങളും മെസിയോളം വളര്‍ന്ന കുതിപ്പുകളുമുണ്ട്. കളിയും സംസ്കാരവും രാഷ്ട്രീയവുമെല്ലാം അവിടെ സമരോത്സുകമാണ്. എങ്കിലും കലുഷവും നവലിബറല്‍ വ്യവസ്ഥയാല്‍ സമരസപ്പെട്ടതുമായ പൊതുജീവിതത്തിലേക്കാണ് ഒഴുക്കത്രയും. അതിനാലാവണം ജെറുസലേമിലെ കളിയാവാമെന്ന ആദ്യസമ്മതം വന്നത്.
കളി തികച്ചും മതാത്മകമായ ഒരനുഷ്ഠാനമായി പഴയ വിമോചന ദൈവചിന്താ തെഴുപ്പുകളെ നുള്ളുന്ന തിരിച്ചുപോക്കാവുന്നു എന്ന വിമര്‍ശനമുണ്ട്. പുരോഗമനവാദിയായ പോപ്പിന്റെ സ്വീകാര്യതയാവും അത്തരം ആലോചനകളെ ഉണര്‍ത്തുന്നത്. കളിക്കാരുടെ ജീവനു ഭീഷണിയുണ്ടാകുമെന്ന് ഭയന്നാണ് രാഷ്ട്രീയ ധാര്‍മികത മുന്‍ നിര്‍ത്തിയല്ല അര്‍ജന്റീന പിന്മാറുന്നതെന്ന വാദത്തിന് ഇതു പശ്ചാത്തലമാകുന്നു. മതബോധവും വിമോചന യുക്തികളും കുഴഞ്ഞു മറിയുന്ന അര്‍ജന്റീനയുടെ അകം ഈ പ്രശ്നത്തില്‍ പ്രകടമായെന്നു പറയേണ്ടതുണ്ട്.
തെക്കനമേരിക്കയില്‍ എല്ലാറ്റിനും വിമോചനാത്മക പ്രത്യയശാസ്ത്രത്തിന്റെ ഭേദപാഠങ്ങളുണ്ട്. കാല്‍പ്പന്തു കളിയുടെ രാഷ്ട്രീയ പാഠങ്ങള്‍ അര്‍ജന്റീനയും ബ്രസീലും കൊളംബിയയും ഉറുഗ്വേയുമെല്ലാം രക്തംകൊണ്ട് എഴുതി ചേര്‍ത്തതാണ്. അതുകൊണ്ട് വാസ്തവത്തില്‍ അവര്‍ക്ക് പലസ്തീന്റെ നിലവിളി കേള്‍ക്കാതിരിക്കാനാവില്ല. എന്നിട്ടും അധികാര കേന്ദ്രങ്ങളില്‍നിന്ന് രാഷ്ട്രീയ നിലപാട് പുറത്തു വരാന്‍ വൈകിയെന്നത് ആശങ്കയുണ്ടാക്കുന്നു.
മറഡോണയും മാര്‍ക്വേസും ഫിദെലും ചേരുന്ന അപൂര്‍വ്വ ലാറ്റിനമേരിക്കന്‍ സൗഹൃദം വ്യക്തിനിഷ്ഠമെന്ന് ചുരുക്കാനാവില്ല. അതു വീറെഴുന്ന മനുഷ്യരുടെ വിമോചന സ്വപ്നത്തെ നയിക്കുന്ന ഐക്കണും ദര്‍ശനവുമാണ്. കളിയും കലയും രാഷ്ട്രീയവും ഒരേ അതിജീവന സ്രോതസ്സായി ആളുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പൊതുവെ പങ്കുവെയ്ക്കുന്ന അടിത്തട്ടു പോരുകളുടെ സമാനതകള്‍ ഏറെക്കാലം അധികാരത്തിലിരുന്ന പലമട്ട് അധിനിവേശ രാഷ്ട്രീയ ധാരകളെ തുറന്നു കാട്ടുന്നതുകൂടിയാണ്. മാര്‍ക്വേസ് തന്റെ നോബല്‍ പ്രഭാഷണത്തില്‍ ഊന്നുന്നതും അതത്രെ. അതെല്ലാം പുതിയ നവോദാര കുത്തൊഴുക്കില്‍ അസ്തമിച്ചുവോ എന്ന് ആശങ്കപ്പെടുന്ന സന്ദര്‍ഭത്തില്‍ അര്‍ജന്റീനയുടെ വിട്ടുനില്‍ക്കല്‍ പ്രഖ്യാപനം വന്നത് ആശ്വാസകരമാണ്.
ശരിയായ രാഷ്ട്രീയ നിലപാടെടുത്തു കാല്‍പ്പന്തു കളിയെ, അതിന്റെ സത്യദര്‍ശനത്തെ ലോകനെറുകയില്‍ സ്ഥാപിച്ച അര്‍ജന്റീനാ, അഭിവാദ്യം , അഭിവാദ്യം .
ആസാദ്
6 ജൂണ്‍ 2018