Article POLITICS

ഏപ്രില്‍ കുറിപ്പുകള്‍

 

1
ഇപ്പാഴാണ് യെച്ചൂരി സെക്രട്ടറിയായത്.
****

അടുത്തൊന്നും നടക്കാനിടയില്ലാത്ത വിപ്ലവത്തിന്റെ ഇടവേളാലീലകള്‍ ദുഷിപ്പിച്ച, വര്‍ത്തമാനത്തെ അഭിസംബോധന ചെയ്യാന്‍ ശേഷിയറ്റ ഒരു മഹാ പ്രസ്ഥാനത്തെ കുലുക്കിയുണര്‍ത്തി അയാള്‍ ജീവന്‍ പകര്‍ന്നിരിക്കുന്നു. ഈ രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് അയാള്‍ ലക്ഷ്യം പ്രഖ്യാപിക്കുന്നു. സകലവിധ ചൂഷണങ്ങള്‍ക്കുമെതിരായ പോരാട്ടത്തിനിടയില്‍ ഇങ്ങനെയൊരു നിര്‍ബന്ധിത ഘട്ടമുണ്ടെന്ന് പാര്‍ട്ടിയിലെ തത്വജ്ഞാനികളെ ഓര്‍മ്മിപ്പിക്കുന്നു.

മുറിഞ്ഞുപോയ കാര്‍ഷിക വിപ്ലവങ്ങളുടെ വേരുകളില്‍ ജീവന്‍ ത്രസിപ്പിക്കുന്ന പുതുമുന്നേറ്റം പൊട്ടിത്തുടങ്ങുന്നു. അശരണരും പ്രാന്തവല്‍കൃതരുമായ മനുഷ്യരുടെ കുതിപ്പുകളെ ഉയിര്‍ത്തെണീററ അനേകര്‍ അഭിവാദ്യം ചെയ്യുന്നു. തീര്‍ച്ചയായും ഈ കെട്ടകാലത്ത് ശുഭപ്രതീക്ഷയാകുന്നു സിപിഎമ്മിന്റെ ഇരുപത്തിരണ്ടാം കോണ്‍ഗ്രസ്.

ഇത്തിരിവട്ടങ്ങളില്‍ കറങ്ങിക്കൊണ്ടേ നിന്ന മെരുക്കപ്പെട്ട ജീവിയെ തുടലു പൊട്ടിച്ചൊന്ന് അമറുകയെങ്കിലും ചെയ്യൂ എന്നാരോ പ്രോത്സാഹിപ്പിക്കും പോലെ. തുടലുകള്‍ സുഖമായിത്തീര്‍ന്ന പരുവപ്പെടലിന് ഒരു പടക്കംകൊണ്ട് നടുക്കമുണ്ടാക്കിയതുപോലെ. ഇന്നലെ വരെ ശീലവും വഴക്കവുമായി നേതാവും വിധേയരുമായി ജീവിച്ചവരെ ഒരുള്‍ക്കിടിലത്തിലേയ്ക്ക് തുറന്നു വിട്ടതുപോലെ. ഈ സമ്മേളനത്തില്‍ അങ്ങനെയെന്തോ സംഭവിച്ചുവെന്ന് കിനാവു കാണുകയാവാം ഞാന്‍.

ഒന്നുമുണ്ടായിട്ടില്ല. അവസാനത്തെ പൂക്കാലവും കഴിഞ്ഞുപോയെന്ന ബംഗാളിന്റെ ഖേദം മാത്രം. തങ്ങള്‍ വെറുത്ത അര്‍ദ്ധ ഫാഷിസ്റ്റ് ശങ്കര്‍ റേ കാലത്തിന്റെ മുതലാളിത്ത വ്യാമോഹങ്ങളാണ് തങ്ങളെയും നിലംപരിശാക്കിയതെന്ന് ഇപ്പോഴും സമ്മതിച്ചിട്ടില്ല. അതേ വഴിയുടെ അന്ധഭക്തിയിലാണ് കേരളമെന്നു കണ്ടിട്ടും അവര്‍ അക്കാര്യം മാത്രം ഓര്‍മ്മിപ്പിച്ചുമില്ല. മൈനാകശൃംഗം ഉയര്‍ന്നു വന്നത് കാലൂന്നി കുതിയ്ക്കാനാണെന്ന് ഇടശ്ശേരി ഓര്‍മ്മിപ്പിച്ചിരുന്നു. ആ തണുപ്പില്‍ സ്ഥിരതാവളമൊരുക്കല്ലേ എന്ന് നിലവിളിച്ചിരുന്നു. താല്‍ക്കാലിക അജണ്ടകള്‍ക്കപ്പുറം ശ്രമകരമായ ദൗത്യം ബാക്കി കിടക്കും.

എങ്കിലും ഒളിച്ചേ, കണ്ടേ കളി അവസാനിക്കുമെങ്കില്‍ നന്നായി. ചെയ്യുന്നത് പറയാനും പറയുന്നതു ചെയ്യാനുമുള്ള ത്രാണിയുണ്ടാവട്ടെ. ഈ പ്രസ്ഥാനത്തിന് ഒരു കരുത്തനായ നേതാവുണ്ടാകുന്നുവെന്ന് തോന്നി. വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട എഞ്ചിന് ഹൈദ്രാബാദില്‍ പുതിയ ഊര്‍ജ്ജം കൈവന്നതുപോലെ.

ലാല്‍സലാം സിപിഎം സഖാക്കളേ, ലാല്‍സലാം സഖാവ് സീതാറാം യെച്ചൂരീ.

ആസാദ്
22 ഏപ്രില്‍ 2018

2.
എം.എന്‍ വിജയന്‍ മാഷ് ഇങ്ങനെ പറഞ്ഞു;
****

ഇന്ത്യന്‍ നവോത്ഥാനത്തെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്നും നവോത്ഥാനത്തിന്റെ ഫലങ്ങളെ എങ്ങനെ കവര്‍ന്നെടുക്കാം എന്നുമുള്ള വളരെ ആസൂത്രിതമായ അന്വേഷണത്തിലാണ് ഫാസിസം ഇന്നെത്തിച്ചേര്‍ന്നിരിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തില്‍ ഒരിക്കലും പങ്കെടുക്കാതിരുന്ന ആളുകള്‍, സ്വതന്ത്രമായ ഇന്ത്യയില്‍നിന്ന് പിരിഞ്ഞു പോയ മുസ്ലീങ്ങള്‍ മാത്രമല്ല ഇവിടെയുള്ള മുസ്ലീങ്ങളും ഇന്ത്യക്കാപത്താണെന്ന് വിളിച്ചു പറയുന്നത്. സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുസ്ലീങ്ങളെ ഈ നാട്ടില്‍നിന്ന് ആട്ടി പായിക്കണം എന്നു പറയുന്നത്. മുസ്ലീങ്ങള്‍ വംശവര്‍ദ്ധനയുള്ള ഒരു ജനുസ്സായതുകൊണ്ട് അവര്‍ കുറച്ചു കാലംകൊണ്ട് ഭൂരിപക്ഷമായി തീരുമെന്ന്, ഭൂരിപക്ഷത്തിന്റെ ഭരണമുള്ള ഒരു മുടിഞ്ഞ ജനാധിപത്യ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ഭരിക്കും എന്നുമുള്ള പ്രചാരണം ഒരു ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമായി ഫാസിസ്റ്റുകള്‍ ഇവിടെ അടിച്ചു വിടുന്നു. ഒരു പക്ഷെ, ഇവിടെ നടക്കുന്ന ഫാസിസ്റ്റ് രീതിയിലുള്ള വര്‍ഗ ശുദ്ധീകരണം – വര്‍ഗങ്ങളെ നശിപ്പിക്കുക എന്ന വര്‍ഗ ശുദ്ധീകരണം – വിയറ്റ്നാമില്‍ അമേരിക്കന്‍പട ചെയ്തതുപോലെ ഒരു മാസ് റേപ്പ് സിദ്ധാന്തം അര്‍ജ്ജുനന്‍ ഗീതയില്‍ ഭയപ്പെട്ട ഒരു വര്‍ഗ സങ്കരത്തിന്റെ രൂപാന്തരം മാത്രമാണ് എന്നുകൂടി ഓര്‍ക്കേണ്ടതാണ്. സ്ത്രീകളെ ദുഷിപ്പിച്ചാല്‍ വര്‍ണ സങ്കരമുണ്ടാകുമെന്നും മുസ്ലീം സ്ത്രീകളെ ദുഷിപ്പിച്ചാല്‍ മുസ്ലീം സമുദായത്തെ നശിപ്പിക്കാമെന്നും അവര്‍ കരുതുന്നു. ഇതാണ് വാസ്തവത്തില്‍ മുസ്ലീം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതിന്റെ പ്രത്യയ ശാസ്ത്രം. ഇത്തരം ഒരു പ്രത്യയശാസ്ത്രം വെച്ചുകൊണ്ടാണ് ഹിന്ദുഫാസിസം പ്രവര്‍ത്തിക്കുന്നത്.
ഇത് വളരെ ‘മാന്യമായ’ ഒരു കാര്യമാണ്. കാരണം, പെട്ടെന്നുള്ള ക്ഷോഭംകൊണ്ട് ആണിനോ പെണ്ണിനോ തോന്നുന്നതല്ല. മറിച്ച് ബലാല്‍ക്കാരത്തെ രാഷ്ട്രീയ പ്രവര്‍ത്തനമാക്കിത്തീര്‍ക്കുന്നു എന്നതാണ് ഇതിന്റെ വ്യത്യാസം…………..

(കാവിയും കപാലമാലയും)

3.
കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാവില്ല എന്ന പ്രഖ്യാപനത്തെക്കാള്‍ വീറോടെ പറയേണ്ടത് നവലിബറല്‍ നയങ്ങളോട് ഒട്ടും സന്ധി ചെയ്യില്ലെന്നാണ്. കോര്‍പറേറ്റ് അഴിഞ്ഞാട്ടങ്ങളെ അധികാരമുള്ളയിടത്ത് ചങ്ങലയ്ക്കിടുമെന്നാണ്. സ്വകാര്യവത്ക്കരണത്തിന് തടയിടുമെന്നാണ്. ഇത്രയും ചെയ്യുമെങ്കില്‍ വലതുപക്ഷ പ്രസ്ഥാനങ്ങളില്‍നിന്നുള്ള അകലം ജനങ്ങള്‍ക്കു ബോധ്യമാകും. ഒരു ഭാഗത്ത് സ്വകാര്യവത്ക്കരണ – ഉദാരവത്ക്കരണ നയങ്ങള്‍ക്ക് കൂട്ടുനിന്നുകൊണ്ട് അവയുടെ നടത്തിപ്പുകാരെന്ന് മറ്റുള്ളവരെ ചൂണ്ടി എത്രകാലം പറയാനാവും?

നവലിബറല്‍ നയങ്ങളുടെ മുഖ്യ നടത്തിപ്പുകാരായ ബിജെപി, കോണ്‍ഗ്രസ് കക്ഷികളോടുള്ള എതിര്‍പ്പ് സത്യസന്ധമാണെങ്കില്‍ ആ പാര്‍ട്ടികളെ മാത്രമല്ല, അവര്‍ പിന്‍തുടരുന്ന നയങ്ങളെയും അകറ്റി നിര്‍ത്താന്‍ സാധിക്കണം. സംസ്ഥാനത്ത് കോര്‍പറേറ്റ് പ്രീണന നയവും സ്വകാര്യവത്ക്കരണ ത്വരയും ഉപേക്ഷിക്കുമോ?

ഹൈദ്രാബാദിന്റെ ആഹ്വാനം മുമ്പെന്നപോലെ ഏട്ടില്‍തന്നെ കിടക്കുമോ? അതോ ഒരു തിരുത്തും ഗംഭീരമായ മുന്നേറ്റവും വരും വരുമെന്നെങ്കിലും കരുതാമോ? ഇന്ത്യന്‍ ഇടതുപക്ഷവും സമരോത്സുകമായ സാമൂഹിക ഇടതുപക്ഷവും ഒന്നിച്ചു മുന്നേറുമെന്ന് ആശിക്കാമോ?

ആസാദ്
23 ഏപ്രില്‍ 2018

4.
ജോയ് ഇളമണ്‍ കരിമ്പട്ടികയില്‍. സര്‍ക്കാര്‍ വിശദീകരിക്കണം
****
സാമ്രാജ്യത്വ സാമ്പത്തികാസൂത്രണവും പണവും വികസ്വര രാജ്യങ്ങളിലേയ്ക്ക് കുത്തിയൊഴുക്കാരംഭിച്ച കാലത്ത് പലവിധ ശങ്കകളും ചെറുത്തുനില്‍പ്പും നമ്മുടെ നാട്ടിലുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളില്‍ പുരോഗതിയുടെ ആസൂത്രണം സോവിയറ്റ് യൂണിയനില്‍നിന്നു പകര്‍ത്താമെന്ന് ഇടതുപക്ഷവും അതുതന്നെ ഭേദമെന്ന് കോണ്‍ഗ്രസ്സും തീര്‍പ്പിലെത്തിയിരുന്നു. നാലു പതിറ്റാണ്ട് പിന്നിടുമ്പോള്‍ വികസനം അമേരിക്കയില്‍നിന്നു പഠിക്കാമെന്ന് കോണ്‍ഗ്രസ്സും അതുതന്നെ ഭേദമെന്ന് ഇടതുപക്ഷവും മറ്റൊരു നിശ്ചയത്തില്‍ സന്ധിക്കുന്നതും നാം കണ്ടു. ആദ്യത്തേത് സോഷ്യലിസ്റ്റ് പരീക്ഷണത്തിന്റെ അപക്വ മുഖമായിരുന്നെങ്കില്‍ രണ്ടാമത്തേത് ജനാധിപത്യത്തെ അഗാധമാക്കുന്ന പങ്കാളിത്തമുഖംമൂടിയുള്ള വികസനമായിരുന്നു.

സോഷ്യലിസ്റ്റ് സ്വപ്നം വികസനത്തിനു തടസ്സമായെന്ന് പടിഞ്ഞാറന്‍ ബുദ്ധിജീവികളും കേരള മാര്‍ക്സിസ്റ്റു ബുദ്ധി ജീവികളും ഒന്നിച്ചു പറയുന്നതു കേട്ടു. പകരം കെട്ടിയിറക്കപ്പെട്ട പങ്കാളിത്ത സോഷ്യലിസത്തിന്റെ പ്രവാചകരും ശിക്ഷ്യരും, ഫണ്ടും പദ്ധതികളുമായി ഗ്രാമങ്ങളെ തൂയിലുണര്‍ത്തി. അക്കൂട്ടത്തില്‍ പലശ്രമങ്ങളും തള്ളിക്കളയാതെ വയ്യെന്ന് സിപിഎം വിമ്മിട്ടപ്പെട്ട നേരങ്ങളുണ്ടായി. അങ്ങനെയൊരു നേരത്തു പുറം തള്ളപ്പെട്ടവരില്‍ ഒരാളാണ് ജോയി ഇളമണ്‍. അയാള്‍ക്ക് അമേരിക്കന്‍ ഫൗണ്ടേഷനുകളുടെ നിര്‍ലോഭമായ പ്രോത്സാഹനമുണ്ടായി. വികസനത്തിന്റെ അന്താരാഷ്ട്ര വിതാനങ്ങളില്‍ അയാള്‍ പറന്നു നടന്നു.

പുറത്താക്കിയതെന്തിനെന്ന് സിപിഎമ്മിനോ നാട്ടുകാര്‍ക്കോ അറിയാനാവാത്ത വിധം സാഹചര്യം മാറി. എത്ര അനായാസമായാണ് ജോയ് കിലയുടെ തലപ്പത്തേയ്ക്ക് ഉയര്‍ന്നത്. സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥ്, മന്ത്രിയായി പങ്കാളിത്ത വികസനത്തിന്റെ പൗരസ്ത്യ കാര്‍മ്മികന്‍ തോമസ് ഐസക്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ മേധാവിയായി ജോയ് ഇളമണ്‍, നടത്തിപ്പിന്പരിഷകള്‍ എന്നിങ്ങനെ വിശാലമാണു പുതിയ അമേരിന്ത്യന്‍ വികസന സഖ്യം.

ജോയ് ഇളമണ്‍ പ്രവര്‍ത്തനങ്ങളിലെ ദുരൂഹതയാണ് 2004ല്‍ സിപിഎമ്മിനെ വലച്ചത്. ഇപ്പോള്‍ ഐക്യരാഷ്ട്ര സംഘടനാ ഏജന്‍സികള്‍തന്നെ അയാളെ കരിമ്പട്ടികയിലേക്കു ചേര്‍ത്തിരിക്കുന്നു. ഗൂഢവൃത്തിയും വഞ്ചനയും കാണിച്ചതിന് വിലക്ക്. യുഎന്‍ ഡിപിയുടെ മാനദണ്ഡങ്ങള്‍ മറികടന്ന ആവേശത്തിനുള്ള ശിക്ഷ. മംഗളം പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിന്റെ വാസ്തവം അന്വേഷിക്കാനും വെളിപ്പെടുത്താനും ഗവണ്‍മെന്റിന് ബാധ്യതയുണ്ട്.

ജോയ് ഇളമണ്ണിന്റെ കൂടെ മറ്റൊരു മലയാളിയുടെ പേരും പട്ടികയില്‍ കാണുന്നു. ശിവന്‍ അമ്പാട്ട്. എന്റര്‍പ്രിണര്‍ഷിപ്പ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഫാക്കല്‍റ്റി അംഗം. സ്ത്രീ ( കുടുംബശ്രീ) ശാക്തീകരണ -യുവജന ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും കേരള ഗവണ്‍മെന്റിനെ സഹായിച്ചയാള്‍. അമേരിക്ക ഇന്ത്യന്‍ ഫൗണ്ടേഷന്‍, ഐകെഇഎ ഫൗണ്ടേഷന്‍, റാബോബാങ്ക് ഫൗണ്ടേഷന്‍ എന്നിവയുമായി ഉറ്റ ബന്ധമുള്ളയാള്‍.

ഈ രണ്ടു പ്രഗല്‍ഭരും ഏതു പദ്ധതികളുടെ നടത്തിപ്പിലാണ് അപാകം വരുത്തിയതെന്ന് നാമറിയണം. നമ്മുടെ ആസൂത്രണത്തിന്റെ കേന്ദ്ര സ്ഥാനങ്ങളിലുള്ളവരെ അന്താരാഷ്ട്ര ഏജന്‍സികള്‍ അവിശ്വസിക്കുകയോ തട്ടിപ്പുകാരെന്നു വിധിയ്ക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ ഉത്ക്കണ്ഠകള്‍ വര്‍ദ്ധിക്കുന്നു. അതു മാറ്റാനുള്ള ബാധ്യതയുണ്ട് ഗവണ്‍മെന്റിന്.

ആസാദ്
24 ഏപ്രില്‍ 2018

5
നേപ്പാളില്‍നിന്ന് പഠിക്കാനെന്ത്?
************
നേപ്പാളില്‍നിന്നും ഇന്ത്യന്‍ ഇടതുപക്ഷത്തിന് പഠിക്കാനുണ്ടോ? സഹോദര കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സമ്മേളനത്തില്‍ യെച്ചൂരി നേപ്പാളിലേയ്ക്ക് വിരല്‍ ചൂണ്ടിയത് എന്തിനാവും? പ്രതിനിധികളിലുയര്‍ന്ന ഹര്‍ഷാരവത്തിന്റെ പൊരുളെന്താവും?

നേപ്പാളില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ഐക്യം അവരെ അധികാരത്തില്‍ എത്തിച്ചു. അന്യോന്യം പഴിച്ചും വാഗ്വാദങ്ങളിലേര്‍പ്പെട്ടും മത്സരിച്ച കമ്യൂണിസ്റ്റു പാര്‍ട്ടികളെയും ഗ്രൂപ്പുകളെയും ഒരു കുടക്കീഴിലെത്തിച്ച രാഷ്ട്രീയ നയതന്ത്രം വാഴ്ത്തപ്പെടട്ടെ. ദില്ലിയില്‍നിന്ന് യെച്ചൂരിയും പോയിരുന്നു. ജെഎന്‍ യുവിലെ പഴയ തീപ്പൊരികളെ ഒറ്റപ്പോരില്‍ ഒരുമിപ്പിക്കാന്‍. ആ കൗശലത്തിന് ഇന്ത്യയില്‍ ഇടം കാണുമോ? നവമുതലാളിത്തത്തിന്റെ ഫാഷിസ്റ്റ് വാഴ്ച്ചയ്ക്കെതിരെ കമ്യൂണിസ്റ്റുകളെ ഒരുമിപ്പിക്കാനും ഒപ്പം മതേതര ജനാധിപത്യ കക്ഷികളെ കൂട്ടു നിര്‍ത്താനും ആഗ്രഹിക്കുന്നവര്‍ പെരുകുകയാണ്‌. അങ്ങനെയൊരു ദൗത്യത്തിലേയ്ക്കുള്ള ആഹ്വാനമായിരിക്കുമോ സിപിഎം സെക്രട്ടറി ഉയര്‍ത്തിയത്?

ലയനവും പുനരേകീകരണവും സ്വപ്നം കാണുന്നവരോ അനിവാര്യമായ രാഷ്ട്രീയ ലക്ഷ്യമായി കരുതുന്നവരോ ഉണ്ടാവാം. അതൊന്നും അത്ര പെട്ടെന്ന് സാധ്യമാവുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികളും ഗ്രൂപ്പുകളും അനുഭാവികളും കൂടിച്ചേരുന്ന ഒരു പൊതുവേദി സാധ്യമാണ്.ഫാഷിസ്റ്റു കാലത്തെ ചെറുത്തുനില്‍പ്പുകള്‍ക്ക് അതു നല്‍കുന്ന ഊര്‍ജ്ജം ചെറുതാവില്ല. രാജ്യത്തു വളര്‍ന്നു വരുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരായ പലമട്ടു സമരങ്ങളെ സാമൂഹിക ഇടതുപക്ഷ ഉണര്‍വ്വുകളായി തിരിച്ചറിയാനും അതില്‍ കൂട്ടുചേരാനും കഴിയണം. ഇന്ത്യന്‍ ഇടതുപക്ഷത്തിന് ആ വഴിയില്‍ നീങ്ങാനാവുമോ? യെച്ചൂരി ഉദ്ദേശിച്ചതും അതാവുമോ?

നേപ്പാള്‍ പഠിപ്പിക്കുന്നതെന്ത്? നമുക്കത് തുറന്നു ചര്‍ച്ച ചെയ്യുകയെങ്കിലും വേണം. തുടക്കം കുറിച്ച യെച്ചൂരിക്ക് അഭിവാദ്യം.

ആസാദ്
27 ഏപ്രില്‍ 2018

6
ഇമ്പിച്ചിബാവ പാലോളിയെ അഭിവാദ്യം ചെയ്തതെങ്ങനെ?
********
രാഷ്ട്രീയാധികാര ക്രമങ്ങളോടും ധനാധികാര വ്യവഹാരങ്ങളോടും ഒട്ടിനിന്നാണ് മതം തിരിച്ചു വന്നിരിക്കുന്നത്. ആഴമേറിയ ജനാധിപത്യ ബോധത്തിനു നല്‍കാനാവാത്ത ഒരു നൈതികബോധവും മതം വച്ചു നീട്ടുന്നില്ല. മണ്ണടിഞ്ഞ വ്യവസ്ഥകളുടെ സുഖഛായകളിലേയ്ക്ക് തിരിഞ്ഞു നില്‍ക്കുന്നത് വര്‍ത്തമാനത്തെ നേരിടാന്‍ ശേഷിയില്ലാത്തവരാണ്. അവരെ സായുധരാക്കേണ്ടത്, അവരുടേതുകൂടിയാണ് ലോകം എന്നു പൊരുതി നേടിക്കൊണ്ടാണ്.

അന്യോന്യം അഭിവാദ്യം ചെയ്യുന്നത് എങ്ങനെയെന്ന് നിശ്ചയിക്കുന്നത് നില്‍ക്കുന്ന ഇടവും സന്ദര്‍ഭവുമാണ്. ഇമ്പിച്ചിബാവ പാലോളി മുഹമ്മദു കുട്ടിയെ കാണുമ്പോഴും മുസഫര്‍ അഹമ്മദ് ക്വാസി നസ്രുല്‍ ഇസ്ലാമിനെ കാണുമ്പോഴും എങ്ങനെയാണ് അഭിവാദ്യം ചെയ്തിട്ടുണ്ടാവുക? അവരുടെ കാലത്തില്ലാത്ത ഏതു നൈതിക നിര്‍ബന്ധമാണ് കെഇഎന്നും പി ടി കുഞ്ഞിമുഹമ്മദിനും ഇടയില്‍ സംഭവിച്ചിരിക്കുക?

ഫാഷിസം ശക്തമാകുമ്പോള്‍ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയ ബദലാണ് പ്രതിരോധ ശക്തി കൈവരിക്കേണ്ടത്. ഫാഷിസത്തിനെതിരെ ജനകീയമുന്നണി നയിക്കേണ്ടത് തൊഴിലാളി വര്‍ഗമാണെന്നല്ലേ ദിമിത്രോവിയന്‍ തീസിസ് ? ബദല്‍ സാമ്പത്തിക- രാഷ്ട്രീയ വ്യവസ്ഥ മുന്നോട്ടു ലയ്ക്കുന്നത് തൊഴിലാളി വര്‍ഗ രാഷ്ട്രീയമായതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. മുതലാളിത്തത്തെ നേരിടേണ്ടത് മതരാഷ്ട്രീയംകൊണ്ടല്ല.

അതിക്രമങ്ങളെയും ഉന്മൂലന നീക്കങ്ങളെയും നേരിടുന്ന ന്യൂനപക്ഷ വിഭാഗങ്ങളെല്ലാം ജനാധിപത്യ മതേതര ബദലാണ് അന്വേഷിക്കേണ്ടത്. സംഘപരിവാരങ്ങളുടെ യുക്തിവാദം തന്നെ മറ്റൊരൂന്നലില്‍ ആവര്‍ത്തിക്കുന്നത് അപകടകരമാണ്. നാളെ മുതല്‍ എന്നോടു മതപരമായ അഭിവാദ്യമാവാം ,ഞാന്‍ തയ്യാറായിരിക്കുന്നു എന്നത് ഫാഷിസ്റ്റു വിരുദ്ധ സമരമുഖത്തുനിന്നുള്ള അറിയിപ്പായി കരുതുക വയ്യ. അങ്ങനെ ചിതറുകയാണ് വിപ്ലവ രാഷ്ട്രീയമെന്നത് ഖേദവും നിരാശയുമുണ്ടാക്കും. ഇടതുപക്ഷ രാഷ്ട്രീയം അകത്തു വലിയ വിള്ളലുകള്‍ വീണു വെപ്രാളപ്പെടുകയാണെന്ന് ആളുകള്‍ കരുതും.

ജീവിത സാഹചര്യങ്ങളുടെയും വിശ്വാസ പ്രമാണങ്ങളുടെയും വ്യതിരിക്തതകളും ബഹുസ്വരതയും ആദരവോടെ അംഗീകരിക്കുന്നു. അവയെല്ലാം വ്യക്തി ജീവിതത്തിന്റെ സൂക്ഷ്മതയില്‍ തുടരുകയോ വിശദമായ സംവാദങ്ങളിലേര്‍പ്പെടുകയോ ചെയ്യട്ടെ. ഫാഷിസ്റ്റധീശത്വത്തെ ചെറുക്കുന്ന കാലത്ത് സൂക്ഷ്മഭേദങ്ങളുടെ കലഹം പൊതുസമരമുഖത്തെ ദുര്‍ബ്ബലപ്പെടുത്തുന്നത് ശരിയല്ല. മുതലാളിത്തത്തെ എതിര്‍ക്കാന്‍ പ്രാപ്തമായ ഒരു സിദ്ധാന്തം എന്ന നിലയിലാണ് തൊഴിലാളിവര്‍ഗം മാര്‍ക്സിസം ഉയര്‍ത്തിപ്പിടിക്കുന്നത്. പരാജയപ്പെട്ട ശ്രമങ്ങളും പരീക്ഷണങ്ങളും കാട്ടി ഇനിയൊരു വിജയം അസാധ്യമാണെന്ന് മുതലാളിത്ത പ്രചാരകര്‍ വിധിക്കാം. അതിനു വഴങ്ങി പൊതുപോരാട്ടങ്ങള്‍ മാറ്റിവയ്ക്കാന്‍ നമുക്കാവില്ല.

മതങ്ങള്‍ക്ക് സാധൂകരണമുണ്ടാക്കാന്‍ പഴയ മാര്‍ക്സിസ്റ്റുകളെ തേടുന്ന രീതിയുണ്ട്. ഗരോദി കേരളത്തിലെത്തിയത് അങ്ങനെയാണ്. നാം ജാഗ്രത പുലര്‍ത്തിയേ പറ്റൂ.

ആസാദ്
29 ഏപ്രില്‍ 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )