Article POLITICS

ആഗസ്ത് കുറിപ്പുകള്‍ 2

 

അധികമന്ത്രി അധികച്ചെലവാണ്. ദുരിതപ്പേമാരികളുടെ കാലത്ത് വിശേഷിച്ചും.
***********

ആരൊക്കെ മന്ത്രിയാവണമെന്ന് ഭരിക്കുന്ന മുന്നണി തീരുമാനിക്കട്ടെ. പക്ഷെ എത്ര മന്ത്രിമാര്‍വരെയാവാമെന്നത് പൊതു സമൂഹം ചര്‍ച്ച ചെയ്യണം. നൂറ്റിയിരുപത്തിയാറു നിയമ സഭാംഗങ്ങളുണ്ടായിരുന്ന 1957ല്‍ പതിനൊന്ന് മന്ത്രിമാരേ ഉണ്ടായിരുന്നുള്ളു. പിന്നെ പതിനാലും ഇരുപതും ഇരുപത്തിനാലുമൊക്കെ ആയിട്ടുണ്ട്.

ഒരു മന്ത്രി വരുമ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരുണ്ടാകും. ശംബളം, മറ്റാനുകൂല്യങ്ങള്‍, യാത്രാചെലവ്, വാടക, ബത്ത എന്നിങ്ങനെ പൊതുഖജനാവ് ചോര്‍ത്തുന്ന ഏര്‍പ്പാടുകള്‍ ഏറെയാണ്. സുരക്ഷാ സംവിധാനങ്ങളുടെ ചെലവ് വേറെ. ചെലവു ചുരുക്കലിന് നിര്‍ബന്ധിതമാകുന്ന കാലത്ത് എത്ര മന്ത്രിമാര്‍ വരെയാവാം എന്ന് ആലോചിക്കാതെ വയ്യ.

നിയമസഭാംഗങ്ങളുടെ എണ്ണത്തിന്റെ പത്തോ പന്ത്രണ്ടോ ശതമാനംവരെ എന്നൊരഭിപ്രായം പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തില്‍ പതിനേഴോ പതിനെട്ടോ മതി. വലതുപക്ഷ ഗവണ്‍മെന്റുകള്‍ സ്വീകരിക്കുന്ന മാനദണ്ഡം, പ്രശ്നങ്ങളൊടുക്കാന്‍ എത്ര മന്ത്രിമാരെയും ഉള്‍ക്കൊള്ളാമെന്നതാണ്. ഇടതുപക്ഷം വേറിട്ടൊരു നിലപാട് പ്രഖ്യാപിച്ചു കേട്ടിട്ടുണ്ട്. അതു തത്വാധിഷ്ഠിത നിലപാടായി വാഴ്ത്തപ്പെട്ടിട്ടുമുണ്ട്.

ഓരോ മുഖ്യമന്ത്രിയും തനിക്കു ചേര്‍ന്നവരെ മന്ത്രിസ്ഥാനത്തേക്കു തെരഞ്ഞെടുക്കും. ആ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ ഇംഗിതവും സമീപനവും അടയാളപ്പെടും. സാധാരണ ജനം ഇത്തരം ദൃഷ്ടാന്തങ്ങളിലൂടെ സര്‍ക്കാറിനെപ്പറ്റി അഭിപ്രായരൂപീകരണം നടത്തുന്നുണ്ടാവാം. അതൊന്നും അങ്ങനെ ഉയര്‍ന്നു കേട്ടെന്നു വരില്ല.

ഭരണകക്ഷിയുടെ രാഷ്ട്രീയ ചിന്തയും സമീപനവും ഓരോ പ്രവൃത്തിയിലും കാണും. അതു പക്ഷെ, പൊതു സമൂഹത്തെ പൊള്ളിക്കുംവിധമാവുന്നത് നന്നാവില്ല. അധികമന്ത്രി അധികച്ചെലവാണ്. ജനങ്ങള്‍ക്ക് ബാധ്യതയാണ്. അക്കാര്യം മുഖ്യമന്ത്രിയും ഭരണകക്ഷിയും ഓര്‍ക്കുന്നത് നന്ന്.

ആസാദ്
10 ആഗസ്ത് 2018

2
വികസന ദൈവങ്ങളേ, ബുള്‍ഡോസറുകളുമായി ഇനിയും ഈ വഴി വരുമല്ലോ അല്ലേ?
****************
പ്രകൃതിക്ഷോഭം എത്രമേല്‍ ഭീകരമാവാമെന്ന് സമീപ ദിവസങ്ങളില്‍ നാമറിഞ്ഞു. ശമനമില്ലാത്ത മഴയായും തിരിമുറിയാത്ത ഉറവയായും ജലം. ജലം മാത്രം നിറഞ്ഞു. നനഞ്ഞുറച്ചു പോന്നതെല്ലാം കുതിര്‍ന്നടര്‍ന്നു തുടങ്ങി. നഷ്ടപ്പെട്ടതേറെയും നിസ്വരായ മനുഷ്യര്‍ക്ക്.

പ്രകൃതിക്ഷോഭങ്ങളെ തടഞ്ഞുനിര്‍ത്താന്‍ മനുഷ്യര്‍ക്ക് സാധ്യമായെന്നു വരില്ല. പക്ഷെ, അതിന്റെ കാഠിന്യം കൂട്ടാതിരിക്കാനാവും. പ്രകൃതിയെ പരിഗണിച്ചുള്ള വികാസക്രമം വേണം. പൊതുവിഭവങ്ങള്‍ തോന്നുന്നതുപോലെ കൊള്ളയടിച്ചു ചീര്‍ക്കുന്ന നവമുതലാളിത്തത്തെ പിടിച്ചുകെട്ടണം. ജനാധിപത്യ ശീലങ്ങള്‍കൊണ്ട് മെരുക്കണം. കൊള്ളമുതലാളിത്തത്തിന് കയ്യേറ്റ സംഘങ്ങളുടെ കൂട്ടുകാണും. ദല്ലാള്‍ രാഷ്ട്രീയത്തിന്റെ തണല്‍ കാണും. അതപഹരിക്കുന്നത് പൗരജീവിതത്തിന്റെ സുരക്ഷിതത്വമാണ്.

വലിയവര്‍ വെള്ളത്തിനു മുകളിലൂടെ നടക്കും. ആകാശത്തിലൂടെ സഞ്ചരിക്കും. അന്യനാടുകളില്‍ മാളിക വച്ച് താമസിക്കും. കാണാവ്യവഹാരം പൊലിപ്പിക്കുന്ന ഡിജിറ്റല്‍ ധനധന്യത അവര്‍ക്ക് ഉള്‍ബലമേകും. ഏറ്റവും അടിത്തട്ടിലെ മനുഷ്യരോ, അവര്‍ക്ക് പോകാനിടമില്ല. ഇത്തിരിമണ്ണില്‍ കരുപ്പിടിപ്പിച്ചതെല്ലാം ജലം വിഴുങ്ങുന്നു. അവര്‍ക്കൊന്നും ബാക്കിയില്ല. ആര്‍ക്കും തുണയ്ക്കാനാവുന്നില്ല. ചാടിവീണുരക്ഷിക്കാന്‍ ദൈവങ്ങളുടെ മത്സരമില്ല.

വെള്ളത്തിന്റെ ഇരിപ്പിടങ്ങള്‍ കുത്തിക്കീറി മണ്ണുകൊണ്ടും പാറകൊണ്ടും ജലംകൊണ്ടും ധൂര്‍ത്തുകാട്ടിയവരെ ആരും വേട്ടയാടിയില്ല. പ്രകൃതിക്ഷോഭം അവരെ തെരഞ്ഞുപിടിച്ചില്ല. ഒരക്ഷരം മിണ്ടാനാവാതെ എല്ലാം കണ്ടു നിന്നവരെ ജലം കൊണ്ടുപോകുന്നു.

ശിക്ഷിക്കപ്പെടുന്നതെപ്പോഴും അടിത്തട്ടു ജനതയാണ്. അവരുടെ മണ്ണുകൊണ്ടും പാറകൊണ്ടും ജലംകൊണ്ടും അദ്ധ്വാനംകൊണ്ടും പുതു നഗരങ്ങള്‍ വെട്ടിപ്പിടിച്ചവര്‍ക്ക് കാരുണ്യത്തിന്റെ ഉറവ പൊട്ടുന്നതു ഭാഗ്യം! വീണുപോയവരെ ഊട്ടാന്‍ വീഴ്ത്തിയവരുടെ കാരുണ്യം! അവരൊഴുക്കുന്ന ലക്ഷങ്ങളും കോടികളും മാധ്യമങ്ങളില്‍ നിറയും. അവരുടെ ആര്‍ത്തിയും കൊള്ളയുമാണ് നദികളെ വഴിമാറ്റിയതെന്ന്, വയലുകള്‍ നികത്തിയതെന്ന്, പാറമടകള്‍കൊണ്ട് ഭൂവടരുകളെ വിഭ്രമിപ്പിച്ചതെന്ന് അവരാരും പറയില്ല.

കുന്നുകളിടിക്കാന്‍, പാറകള്‍ പിളര്‍ക്കാന്‍, വയലുകള്‍ നികത്താന്‍, പുഴകളും കായലുകളും സമതലങ്ങളും കയ്യേറാന്‍ വികസനത്തിന്റെ ദൈവഗണം ഇനിയും കാത്തിരിക്കുന്നു. അവര്‍ക്ക് യാഗസേവയുമായി കൂടെയുണ്ട് ഭരണകൂടം. കാരുണ്യത്തിന്റെ വിശുദ്ധനദി തുറന്നുവിടുംമുമ്പ് പറയണം പ്രഭുക്കളേ, ഇനിയും ബുള്‍ഡോസറും ടിപ്പറുമായി ഈ വഴി വരുമോ? ഉള്ള നിയമങ്ങള്‍ തിരുത്തിയെഴുതി എല്ലാം തങ്ങളുടേതാക്കുന്ന ആര്‍ത്തി അടക്കുമോ? മനുഷ്യ ദ്രോഹത്തിന്റെ കറയും രക്തവും പുരണ്ട കൈകളുടെ ദാനം മരണത്തെക്കാള്‍ ഭീകരമത്രെ.

എങ്കിലും എല്ലാ ന്യായവാദങ്ങള്‍ക്കും അപ്പുറമാണ് നിസ്വരായ മനുഷ്യരുടെ നിലവിളി. ഇപ്പോള്‍ കരുതലും കരുണയുമാണ് അവര്‍ക്കു വേണ്ടത്. ആദ്യമത് നല്‍കണം. ഞാനും നമ്മളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കരുത്തേകണം. ജലമൊഴുകിത്തീരും. അപ്പോഴും ദുരിതം ബാക്കിയാവും. അതിനിടവരുത്തിയ അതിക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വേണം. ജനപക്ഷ വിചാരവും പ്രവൃത്തിയും വീണ്ടെടുക്കണം. കൊള്ളമൂലധനത്തിന്റെ കപട കാരുണ്യമല്ല ജനാധിപത്യ സംവിധാനങ്ങളുടെ സാന്ത്വനവും സഹായവുമാണ് ഏറെ പ്രയോജനപ്പെടുക. അതിനാല്‍ ദൂരിതാശ്വാസ നിധിയിലേക്കുള്ള നമ്മുടെ ചെറിയ അനുഭാവംപോലും വിലപ്പെട്ടതാണ്.

ആസാദ്
12 ആഗസ്ത് 2018

3
ആര് ആരെ ചോദ്യം ചെയ്തു?
******************
ആര് ആരെയാണ് ചോദ്യം ചെയ്തത്? ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ കേരള പൊലീസിനെ? ക്രിമിനല്‍ ബുദ്ധിയുടെ ഉപശാലകള്‍ കേരളീയ പൊതുബോധത്തെ?

ഇന്നലെ ബിഷപ്പ് ഹൗസിനു മുന്നില്‍ അഞ്ചു മണിക്കൂര്‍ കാത്തുനില്‍ക്കുകയായിരുന്നു കേരള പൊലീസ്. അതിനു മുമ്പ് ഒന്നര മാസവും കാത്തു നില്‍പ്പായിരുന്നു. ഭരണഘടനയും നിയമ സംഹിതകളും പറഞ്ഞത് ഈ ജനാധിപത്യ രാജ്യത്ത് എല്ലാവരും സമന്മാരാണെന്നായിരുന്നു. പ്രത്യേകിച്ച് നിയമത്തിനു മുന്നില്‍.

സമന്മാരോ സമത്വത്തിന്റെ പോരാളികളോ ജീവിച്ചിരിപ്പില്ല. അല്ലെങ്കില്‍ അനീതി നടക്കുന്നിടം കത്തിച്ചാമ്പലാവുമായിരുന്നു. അക്രമവും മാനഭംഗവും കൊലയും കൊള്ളയും കയ്യേറ്റവും സ്വജന പക്ഷപാതവും തെറ്റാവാം. പക്ഷെ, അതാരു നടത്തുന്നു എന്നതു നോക്കിയേ ശിക്ഷയുള്ളു. അവര്‍ണനെ മാത്രം ശിക്ഷിക്കുന്ന ‘പോറ്റിയുടെ’ നീതിസംഹിത നിലനില്‍ക്കുന്നു. അവര്‍ണന്റെ നിര്‍വചനത്തിലേ മാറ്റമുള്ളു. കണ്‍മുമ്പില്‍ വാദി പ്രതിയും പ്രതാപിയായ കുറ്റവാളി നിരപരാധിയും ആകുന്നു. മനുവാദ ബ്രാഹ്മണ്യത്തിന്റെ പുതിയ അവതാരങ്ങള്‍.

കുടുമയും കിരീടവും വാലും ചെങ്കോലും പള്ളിയും പാര്‍ട്ടിയും നോക്കിയേ കുറ്റവിചാരണയുള്ളു. ഉറങ്ങിക്കിടക്കുന്നവനെ വാതില്‍ പൊളിച്ചകത്തു കയറി പിടിച്ചുകൊണ്ടുപോയി കുരുതി കൊടുക്കുന്ന ശൗര്യം മുട്ടുകാലില്‍ വിറയ്ക്കുന്നുണ്ട് പ്രമാണിമാരുടെ അള്‍ത്താരയില്‍. ജനാധിപത്യം ലജ്ജിക്കുകയാണ്. ഭരണകൂടമേ,നാണിക്കൂ.

ആസാദ്
14 ആഗസ്ത് 2018

4
സ്വാതന്ത്ര്യം എന്ന അനുഭവം
*****************
എഴുപത്തിയൊന്നു വര്‍ഷം മുമ്പ് നടന്നത് കേവലം അധികാരക്കൈമാറ്റം മാത്രമാണെന്ന് ഇപ്പോള്‍ നമുക്കറിയാം. അത് കമ്യൂണിസ്റ്റുകാര്‍ അന്നേ പറഞ്ഞിരുന്നു. അതിന്റെ പേരില്‍ അവര്‍ ധാരാളം പഴി കേട്ടിട്ടുമുണ്ട്. മുപ്പതുകളോടെ വലിയ പ്രതിസന്ധിയിലായ മുതലാളിത്തം പുതുവഴി തേടുകയായിരുന്നു. അതിനനുകൂലമായ അധികാരമാറ്റമേ രാജ്യത്തുണ്ടായുള്ളു.

തടിച്ചുകൊഴുത്തു മേദസ്സാര്‍ന്നത് മുതലാളിത്തത്തിനു മാത്രം. സകല വിഭവങ്ങളേയും അതൂറ്റിയെടുത്തു. അദ്ധ്വാനത്തെ, അപാരമായ മനുഷ്യശക്തിയെ അതു ചൊല്‍പ്പടിയില്‍ നിര്‍ത്തി. ചിന്താശേഷിക്കും വിവേകത്തിനുംമേല്‍ ലാഭചിന്തയുടെയും മത്സരാവേശത്തിന്റെയും ഞാന്‍മാത്ര ബോധത്തിന്റെയും യുക്ത്യാഭാസം നിറച്ചു. ഏകപക്ഷീയ കൊള്ളയുടെ ഉത്സവമായി ജനാധിപത്യത്തെ പരുവപ്പെടുത്തി.

സോഷ്യലിസ്റ്റു ബദലിന്റെ ഒരു മറുലോകം ഉണര്‍ന്നിരുന്നതിനാലാവണം തുടക്കത്തില്‍ മിശ്ര സമ്പദ്ഘടനയും ചേരിചേരാ നയവും ഉയര്‍ത്തി രാജ്യത്തെ തൊഴിലാളി അടിത്തട്ടു സമരങ്ങളെ നിര്‍വീര്യമാക്കിയിരുന്നു. അതൊരു പ്രീണനം മാത്രമായിരുന്നുവെന്ന് വൈകാതെ ബോധ്യപ്പെട്ടു. കുഴിച്ചു മൂടിയ സകലതിനും പുറത്തു വരാവുന്ന ജീര്‍ണ സന്ദര്‍ഭങ്ങളാണ് പെരുകിയത്. അതിന്റെ സ്വാഭാവിക പരിണതിയാണ് റിവൈവലിസവും തീവ്രമതവത്ക്കരണവുമായി നമ്മെ വേട്ടയാടുന്നത്.

ജാതിഹിന്ദുത്വത്തിനെതിരായ പോരാട്ടജീവിതം നയിച്ച ഒരാളുടെ നേതൃത്വത്തിലെഴുതിയ ഭരണഘടന ദളിതര്‍ക്കും ആദിവാസികള്‍ക്കും ഇതര പ്രാന്തവല്‍കൃതര്‍ക്കും അനുവദിച്ച നീതി നടപ്പായില്ല. ഓരോ തെരുവിലും തൊഴിലിടത്തിലും അവര്‍ വേട്ടയാടപ്പെടുന്നു. ഒടുവില്‍ അംബേദ്ക്കറെത്തന്നെ എഡിറ്റുചെയ്യാന്‍ അഥവാ വെട്ടിക്കീറാന്‍ മനുവാദികള്‍ ശ്രമിക്കുന്നു. ജാതിഹിന്ദുത്വത്തിനെതിരായ ലേഖനങ്ങളും പരിശ്രമങ്ങളും വെട്ടിമാറ്റി പുതുമുഖമായി അംബേദ്ക്കറെ അവതരിപ്പിക്കുന്നു!

എല്ലാ ദുഷ്ടാധികാര ശക്തികളും ഉണര്‍ന്നിരിക്കുന്നു. ബ്രിട്ടീഷുകാരില്‍നിന്നു കൈമാറ്റം ചെയ്യപ്പെടുന്ന സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുന്ന ജനതയുടെ വിമോചനത്തിന് ഉപകരിക്കുമോ എന്ന പഴയ ആശങ്കയുടെ പൊരുള്‍ ഇന്നു നമുക്കു മനസ്സിലാവുന്നു. സ്വതന്ത്ര ഇന്ത്യ നേടിയ നേട്ടങ്ങളെയാകെ തള്ളിപ്പറയാനല്ല അത് ധനാധികാര – മതാധികാര ശക്തികളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നുവെന്ന ഖേദകരമായ വാസ്തവം മനസ്സിലാക്കാനാണ് ശ്രമം. മാറ്റം ഏറ്റവും അടിത്തട്ടില്‍നിന്നാണ് രൂപപ്പെടേണ്ടത്.

എല്ലാവരുടേതുമായ ഒന്നും ചിലരുടെ മാത്രമായി ചുരുങ്ങരുത്. ഒരു ശബ്ദവും അപ്രസക്തമല്ല. ഒരു ജീവിതവും നിന്ദ്യവുമല്ല. ഒരാളെയെങ്കിലും ബലിനല്‍കി നേടുന്ന നേട്ടം രാജ്യത്തിന്റെ വികസനം ആവുകയില്ല. ജനാധിപത്യവും സ്വാതന്ത്ര്യവും സ്വാതന്ത്ര്യദിന പ്രഭാഷണത്തിന്റെ വിഷയവുമല്ല. ധനമുതലാളിത്തവും മതപൗരോഹിത്യവും രാഷ്ട്രീയാധികാരവും കൂടിച്ചേരുന്ന അവിശുദ്ധ സഖ്യത്തിന്റെ അക്രമവും അധിനിവേശവും ചെറുക്കാതെ ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാവുകയില്ല.

ആസാദ്
15 ആഗസ്ത് 2018

5
സജിചെറിയാന്‍, ഞങ്ങളൊപ്പമുണ്ട്
****************
സജി ചെറിയാന്‍, ഒരു ജനത താങ്കളിലൂടെ നിലവിളിക്കുന്നത് കേള്‍ക്കുന്നു. ഈ രാജ്യം താങ്കള്‍ക്കു മുന്നില്‍ നിശബ്ദമാവട്ടെ. ദേശീയ ദുരന്തമെന്ന് അറിഞ്ഞംഗീകരിക്കാന്‍ മടിക്കുന്ന കേന്ദ്ര ഭരണകൂടം ആയിരങ്ങളെ മരണജലത്തില്‍ ആഴ്ത്തുകയാണ്. അതിന്റെ ഭരണാധികാരികള്‍ താങ്കളുടെ നിലവിളിക്ക് മറുപടി പറയണം.

ആയിരങ്ങള്‍ മരണത്തെ അഭിമുഖീകരിക്കുന്നു എന്നാണ് എം എല്‍ എ പറഞ്ഞത്. ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കുമേല്‍ മഴയും വിലാപവും കുതിര്‍ന്ന് രോഗത്തെയും വിശപ്പിനെയും മരണത്തെയും വരിക്കുന്നു. എന്ത് തടസ്സമാണ് സൈന്യത്തെ വിന്യസിക്കാന്‍ ഭരണകൂടത്തിനുള്ളത്? വിലകെട്ട രാഷ്ട്രീയ വൈരത്തിന് ഒരു നാടിനെ ശ്വാസംമുട്ടിച്ചു കൊല്ലുന്ന അധികാര രാഷ്ട്രീയം തുലയട്ടെ.

കേരളം അതിന്റെ ചെറുതും വിനീതവുമായ ശേഷി മുഴുവന്‍ പ്രകടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ക്കും കൊച്ചു ബോട്ടുകള്‍ക്കും ചെയ്യാവുന്നതിന് പരിധി കാണും. പ്രളയജലത്തോട് പൊരുതാന്‍ കേവുവള്ളങ്ങളും ഇച്ഛാശക്തിയും മാത്രം പോരാ. എല്ലാ സംരക്ഷണോപാധികളും അതിവേഗം വിന്യസിക്കേണ്ട രാഷ്ട്രഭരണകൂടമെവിടെ? സംസ്ഥാന സര്‍ക്കാറിനെയും മൂന്നരക്കോടി ജനങ്ങളേയും ആശ്വസിപ്പിക്കേണ്ട കേന്ദ്ര കാബിനറ്റെവിടെ?

ഈ വലിയ രാജ്യത്തിന് ഏറ്റവുമേറെ സമ്പത്തു നല്‍കുന്ന കൊച്ചു സംസ്ഥാനമാണിത്. ഞങ്ങളുടെ വിയര്‍പ്പാണ് മറ്റു ഭാഗങ്ങളിലേക്കും ജീവന്റെ പച്ച പകര്‍ന്നത്. ഇപ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരാപത്തു വന്നു പതിക്കുമ്പോള്‍ കേന്ദ്രഭരണത്തിന് അന്ധത ബാധിക്കുന്നു. അവര്‍ നൂറുകോടി നീട്ടി അപമാനിക്കുന്നു. അവരുടെ മാധ്യമങ്ങള്‍ ദുരിതപ്പേമാരി കാണുന്നില്ല. കേരളത്തിന്റെ പച്ച ജീവന്‍ അവര്‍ പറിച്ചെറിയുകയാണ്.

സജിചെറിയാന്‍ ഞങ്ങളാണ്. ചെങ്ങന്നൂര്‍ ഞങ്ങളുടെ ദേശമാണ്. ചാലക്കുടിയും ആലുവയും വയനാടും ചെങ്ങന്നൂരാണ്. സജിചെറിയാനൊപ്പം ആ നിലവിളിക്കും ചോരകുതിര്‍ന്ന ആഹ്വാനത്തിനുമൊപ്പം. ജീവനു തുടിക്കുന്ന പിടയ്ക്കുന്ന പതിനായിരങ്ങള്‍ക്കൊപ്പം.

ആസാദ്
17 ആഗസ്ത് 2018

6
ദുരിത നിവാരണം; നിയമ പരിരക്ഷ കിട്ടിയോ?
**********************
ആഗോള ദുരിത നിവാരണ കോണ്‍ഫ്രന്‍സില്‍ ഏറെ സ്തുതിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. 2017 മെയ്മാസത്തില്‍ കാന്‍കണില്‍ ചേര്‍ന്ന യു എന്നിന്റെ ഡിസാസ്റ്റര്‍ റിസ്ക് റിഡക്ഷന്‍ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്. ദേശീയ നയവും പദ്ധതിയുമുള്ള, 2030ലേക്കു ദീര്‍ഘകാല പദ്ധതിയും 2020ലേക്കു ഹ്രസ്വകാല പദ്ധതിയുമുള്ള ഏക പ്രതിനിധി സംഘമെന്ന നിലയില്‍ ഇന്ത്യ പ്രശംസ നേടി. 2015ലെ പാരീസ് കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിനു ശേഷമുള്ള വളര്‍ച്ചയായി അതു വിലയിരുത്തപ്പെട്ടു.

ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമം(2015) നടപ്പാക്കി ഒരു വ്യാഴവട്ടം പിന്നിട്ടപ്പോഴാണ് ഒരു നയവും പദ്ധതിയും അംഗീകരിക്കാന്‍ സാധിച്ചത്. ഇങ്ങനെ വൈകുന്നതിനെതിരെ നേരത്തേ ചിലര്‍ കോടതിയെ സമീപിച്ചിരുന്നു.ഈ അലംഭാവത്തെ സുപ്രീം കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. അതിന്റെ സമ്മര്‍ദ്ദമാണ് നയരൂപീകരണം നിര്‍ബന്ധമാക്കിയത്. നിയമത്തിന്റെ ഭാഗമായി നേരത്തേ രൂപംകൊണ്ട National Disaster Management Authorityയും അതിന്റെ കീഴിലുള്ള സംസ്ഥാന ജില്ലാ അതോറിറ്റികളും ചലനാത്മകമായി. National Disaster Response Force കൂടുതല്‍ സജീവമാകുമെന്ന് നാം പ്രതിക്ഷിച്ചു.

2015ല്‍ ചെന്നെ വെള്ളപ്പൊക്കത്തിലും നേപ്പാളിലെ ഭൂകമ്പത്തിലും 2016ല്‍ യു പി, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്കങ്ങളിലും ഈ സൈന്യം വലിയ സഹായമാണ് ചെയ്തത്. ഇപ്പോള്‍ പന്ത്രണ്ട് ബറ്റാലിയനുകള്‍ പല സംസ്ഥാനങ്ങളിലായി വിന്യസിക്കപ്പെട്ടിരിക്കുന്നു. ഇതിനിടെ യു എന്‍ ഡി പി പദ്ധതികള്‍ കോടിക്കണക്കിനു രൂപ ദുരിത നിവാരണം മുന്‍നിര്‍ത്തി ഇന്ത്യയില്‍ ചെലവഴിക്കുകയുമുണ്ടായി. മുന്‍കരുതലും സുരക്ഷാ പരിശീലനവും ദുരന്താനന്തര ക്ഷേമ പ്രവര്‍ത്തനവും എങ്ങനെ വേണമെന്ന് പരിശീലിക്കപ്പെട്ടു.

ഇതിന്റെയൊക്കെ ഗുണം കേരളത്തിലെ പ്രളയ ദുരിതത്തെ നേരിടുന്നതില്‍ പ്രകടമായോ? ദേശീയ നയവും പദ്ധതിയും പ്രതിഫലിക്കേണ്ട ദേശീയ ദുരന്തമായി കേരളത്തിലേത് അംഗീകരിക്കപ്പെട്ടുവോ? ലോകമാധ്യമങ്ങള്‍ കണ്ട ദുരിത ദൃശ്യങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം ആ ഗൗരവത്തില്‍ കാണാന്‍ തയ്യാറായില്ല എന്നതല്ലേ വാസ്തവം? കേരളത്തിനു കൂടി ലക്ഷ്യമിട്ട യു എന്‍ പദ്ധതിയുടെ ഗുണഫലം എവിടെയാണ് കണ്ടത്? മറുപടി പറയേണ്ടത് ഇന്ത്യാ ഗവണ്‍മെന്റല്ലേ? കാന്‍കണ്‍ സമ്മേളനത്തില്‍ പ്രശംസ വാങ്ങിയ ശേഷമുള്ള ആദ്യവെല്ലുവിളിയായിരുന്നു കേരളത്തിലേത്. അത് കേരളത്തിലെ പിണറായി ഗവണ്‍മെന്റിന്റെയും മത്സ്യത്തൊഴിലാളികളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ബഹുജന രാഷ്ട്രീയ സംഘടനകളുടെയും സന്നദ്ധവൃത്തിയ്ക്കപ്പുറം ദേശീയ ശ്രമമായി വിജയിച്ചില്ല. പലസഹായങ്ങള്‍ ലഭിച്ചില്ലെന്നല്ല ദേശീയ ദുരിത നിവാരണ അതോറിറ്റിയുടെ നേതൃത്വപരമായ ഇടപെടലുണ്ടായില്ല എന്നതാണ് വിമര്‍ശം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയരുന്നതിന്റെ അടിസ്ഥാനമതാണ്.

കേരളം ആവശ്യപ്പെട്ടത് ദുരിത നിവാരണ സേനയുടെ സഹകരണമാണ്. അത് ലോകം മുഴുവന്‍ വാഴ്ത്തിയ നയത്തിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും നമുക്ക് ആഗ്രഹിച്ചവിധം ഉപകരിക്കപ്പെട്ടില്ല. ചെങ്ങന്നൂരിന്റെ നിലവിളി അതിന്റെ സാക്ഷ്യപത്രമാണ്. കേരളത്തിനു പഠിക്കാന്‍ ഏറെയുണ്ടാവാം. കേന്ദ്രത്തിന് തിരുത്താനാണ് ഏറെയുള്ളത്. കേരളത്തിലെ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അവരതിന് തുടക്കമിടട്ടെ.

ആസാദ്
19 ആഗസ്ത് 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )