Article POLITICS

ആഗസ്ത് കുറിപ്പുകള്‍ 1

കീഴാറ്റൂരിനെ കളിനിലമാക്കരുത്
*********************
കീഴാറ്റൂരിലെ നിലവിളി മാത്രമേ കേന്ദ്രം കേള്‍ക്കൂ. കേരളമാകെ ഉയരുന്ന നിലവിളികളുടെ സ്ഫോടനമാണ് അവിടെ നടന്നതെന്ന് അവര്‍ സമ്മതിക്കില്ല. കീഴാറ്റൂരിനെ രണ്ടു കക്ഷികള്‍ തമ്മിലുള്ള കിടമത്സരങ്ങളുടെ കളിനിലമായി പരിവര്‍ത്തിപ്പിക്കരുത്. ഞെക്കിയും നക്കിയും കൊല്ലുന്ന ഒരേതൂവല്‍ പക്ഷികളെ തിരിച്ചറിയാതെ വയ്യ.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവത്ക്കരണ സംരംഭം, ഒരു നെടുനീളന്‍ സവിശേഷ സാമ്പത്തിക മേഖല കേരളത്തില്‍ സ്ഥാപിക്കുകയാണ്. മണ്ണും ജലവും മറ്റ് പൊതു വിഭവങ്ങളും ആവാസ വ്യവസ്ഥയും സ്വകാര്യ മൂലധന ശക്തികളുടെ നീരാളിക്കൈകളിലമരുകയാണ്. അതാണ് വികസനമെന്ന കാര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി ഗവണ്‍മെന്റിനോ കേരളം ഭരിക്കുന്ന സി പി എം ഗവണ്‍മെന്റിനോ സംശയമില്ല. പക്ഷെ പുറംതള്ളപ്പെടുന്ന മനുഷ്യരാകെ ധനകേന്ദ്രിതമായല്ല ജനകേന്ദ്രിതമായാണ്, പ്രകൃതി നാശകമായല്ല, പ്രകൃതി സൗഹാര്‍ദ്ദപരമായാണ് വികസനം വേണ്ടതെന്ന് വാദിക്കുന്നു. ധന – ജന വാദങ്ങളുടെ ഈ വൈരുദ്ധ്യത്തെ മൂടിവെയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നിക്കുന്നുവെന്നത് കൗതുകകരമായ കാഴ്ച്ചയാണ്. ഈ ധനക്കോയ്മാ നിലപാടുകളാണ് ഫാസിസത്തോളം മൂര്‍ച്ചിക്കുന്ന സ്വേഛാധികാരങ്ങളുടെ പൊതു അടിത്തറയെന്ന് പുറംതള്ളപ്പെടുന്നവരും സദാ അടിച്ചമര്‍ത്തപ്പെടുന്നവരുമായ സമസ്ത ജന വിഭാഗങ്ങളും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

കീഴാറ്റൂരിനു മാത്രമായി ഒരു മോചനമില്ല. ബിജെപി അവരുടെ ഭാഗം ഭംഗിയായി അഭിനയിക്കുന്നു. അതില്‍ താല്‍ക്കാലിക വിജയങ്ങളുടെ തിളക്കം പ്രതീക്ഷിക്കുന്നത് ജനപക്ഷ വികസനം സംബന്ധിച്ച പൊതു നിലപാടുകളുടെ അഭാവം മാത്രമാണ് പുറത്തു കൊണ്ടുവരുന്നത്. റോഡ് വികസനം മാരകമായ സ്വകാര്യവത്ക്കരണവും സഞ്ചാര സ്വാതന്ത്ര്യ നിഷേധവുമായി മാറരുതെന്ന് പറയണം. രാജ്യത്തെ റോഡ് ഗതാഗത വാഹന നികുതികളുടെ വലിയൊരു പങ്ക് അടക്കുന്ന കേരളത്തിന് അതിന്റെ അര്‍ഹമായ പങ്ക് അനുവദിച്ച് റോഡ് വികസനം സാധ്യമാക്കണം. കേരളത്തില്‍നിന്ന് ഈ ഇനത്തിലുള്ള നികുതിവരവും ചെലവും സംബന്ധിച്ച ധവള പത്രമിറക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിക്കേണ്ടതുണ്ട്. കേരളം ആരുടെയും കോളനിയല്ല. വികസനത്തിന്റെ ഗുണഫലം എല്ലാവര്‍ക്കുമുള്ളതാണ്. ചിലര്‍ക്കുമാത്രം ഗുണമാകുന്ന, ഭൂരിപക്ഷവും ഇരകളാകുന്ന വികസനം വികസനമല്ല.

കീഴാറ്റുര്‍ ഒരു മുദ്രാവാക്യത്തെ, ഒരു ജനപക്ഷ നിലപാടിനെ ധീരമായി അവതരിപ്പിച്ചു. ഉജ്വലമായ പ്രക്ഷോഭമായി അതിനെ വളര്‍ത്തി. നീര്‍ത്തടം സംരക്ഷണ നിയമം കൊണ്ടുവന്നവരെ അതെന്താണെന്ന് ഓര്‍മ്മിപ്പിച്ചു. ജനപുരോഗതിക്കു തടസ്സമാകുന്ന ഒന്നിനും നാടിന്റെ വികസനമാകാന്‍ ആവില്ലെന്ന് ഉറക്കെ പറഞ്ഞു. ഭരിക്കുന്നവരുടെ നയവൈകല്യങ്ങള്‍ തിരുത്തി ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്തം പാലിക്കാന്‍ ശ്രമിച്ചു. അതൊക്കെ ആവേശകരമാണ്. ആ സമരം പരാജയപ്പെടാനും പാടില്ല. അതേസമയം കീഴാറ്റൂരില്‍ മാത്രം പരിഹരിക്കാവുന്ന വിലപേശല്‍ ഇനി സാധ്യമാവില്ലെന്ന് പറയാന്‍കൂടി അവര്‍ പ്രാപ്തരാകേണ്ടതുണ്ട്. പൊതുപാതകള്‍ മൂലധന ശക്തികള്‍ക്കു പതിച്ചു നല്‍കാന്‍ ഒരു ജനതയ്ക്കു വിലപ്പെട്ടതെന്തും ത്യജിക്കുമെന്ന സര്‍ക്കാറിന്റെ ധിക്കാരത്തെ തോല്‍പ്പിക്കുംവരെ സമരം അവസാനിക്കില്ല. കീഴാറ്റൂര്‍, എന്തും നശിപ്പിക്കുന്ന സ്വകാര്യവത്ക്കരണത്തിനെതിരായ ജനകീയ സമരത്തിന്റെ തീക്കനല്‍നിലമാണ്. ആകണം. അത് ഭരണക്കാരുടെ കളിനിലമല്ലെന്ന് ഉറച്ച ശബ്ദത്തില്‍ പറയണം.

ആസാദ്
3 ആഗസ്ത് 2018

2
പാര്‍ട്ടികള്‍ വേര്‍തിരിയുന്നതെങ്ങനെ?
*******************
രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെ വേര്‍തിരിയുന്നു? അവ തമ്മിലുള്ള വ്യത്യാസം എങ്ങനെ മനസ്സിലാക്കാനാവും? കൊടികൊണ്ടോ വേഷംകൊണ്ടോ ഭാഷകൊണ്ടോ ആണോ? തീര്‍ച്ചയായും അങ്ങനെയൊരു സാധ്യതയുണ്ട്. അതാവുമോ പ്രധാന വ്യത്യാസം?

മുമ്പ് രാഷ്ട്രീയദര്‍ശനവും അതിന്റെ സവിശേഷ പ്രയോഗ പദ്ധതികളും മുന്‍ നിര്‍ത്തിയുള്ള സംവാദങ്ങളുണ്ടായിരുന്നു. ചേരിയേതെന്ന് വെളിപ്പെടുത്താന്‍ ആവേശമായിരുന്നു. ജീവിത സാഹചര്യങ്ങളെ എങ്ങനെ കൂടുതല്‍ മാനവികവും സര്‍ഗാത്മകവുമാക്കാം എന്ന അന്വേഷണത്തിന്റെ രാഷ്ട്രീയമായിരുന്നു അത്. കോണ്‍ഗ്രസ്സോ സോഷ്യലിസ്റ്റോ മാര്‍ക്സിസ്റ്റോ ആവട്ടെ സ്വന്തം രാഷ്ട്രീയ ദര്‍ശനത്തിലൂന്നിയുള്ള പ്രയോഗങ്ങളേ കണ്ടിരുന്നുള്ളു. അവരുടെ യോജിപ്പും വിയോജിപ്പും പ്രത്യയശാസ്ത്രനിഷ്ഠമായിരുന്നു എന്നര്‍ത്ഥം.

സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ജൈവബന്ധം തകര്‍ന്നതെപ്പോഴാണ്? രാഷ്ട്രീയം അധികാരലീലയായി നിറംകെട്ടത് എങ്ങനെയാണ് ? മൂല്യബോധത്തെ മുറുകെപ്പുണര്‍ന്നേ പുരോഗതി കൈവരിക്കാനാവൂ എന്ന അടിസ്ഥാന പ്രമാണം എവിടെയാണ് ഉപേക്ഷിച്ചത്? അന്യോന്യ ഭേദം നഷ്ടപ്പെട്ട കേവല വികസനവാദത്തിന്റെ കൂട്ടുസംഘങ്ങളായി അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സങ്കോചിച്ചിരിക്കുന്നു. ഓരോ പ്രശ്നത്തോടും ഓരോ രാഷ്ട്രീയ കക്ഷികള്‍ സ്വീകരിക്കാനിടയുള്ള നിലപാട് അവരുടെ പ്രത്യയശാസ്ത്രവുമായി തട്ടിച്ചുനോക്കി മുന്‍കൂട്ടി കണ്ടെത്താനുള്ള ഉത്സാഹം മുമ്പ് ജനങ്ങളില്‍ ദൃശ്യമായിരുന്നു. ഇപ്പോഴത് അസാദ്ധ്യമാണ്. കാരണം, രാഷ്ട്രീയ സിദ്ധാന്തം കടലാസില്‍ ഉറങ്ങുകയാണ്.

കമ്യൂണിസ്റ്റുകാരുടെ വികസന സങ്കല്‍പ്പം നമുക്ക് ഊഹിക്കാനാവും. എന്നാല്‍ ഇന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വികസന സങ്കല്‍പ്പം നേര്‍ വിപരീതം. വലത് ഇടതു ഭേദമില്ലാതെ മുതലാളിത്ത വികസനം അംഗീകരിച്ചു നടപ്പാക്കുകയാണ്. മുതലാളിത്ത വികാസത്തിന്റെ വളര്‍ച്ചാഘട്ടങ്ങളിലെല്ലാം കടുത്ത വെല്ലുവിളിയുയര്‍ത്തിയത് തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും അവയുടെ രാഷ്ട്രീയ കക്ഷികളുമാണ്. സോഷ്യലിസ്റ്റ് നിര്‍മാണത്തിന്റെ അടിസ്ഥാന സൂത്രമായി അവര്‍ വര്‍ഗസമരത്തെ സ്ഥാപിച്ചു. എന്നാല്‍ മുതലാളിത്തം ഏറ്റവും വികസിച്ച സമകാല സാഹചര്യത്തില്‍ വര്‍ഗസമരത്തെപ്പറ്റി നിശബ്ദത പുലര്‍ത്തുന്ന സമര വിമുഖ പ്രസ്ഥാനങ്ങളായി ഇവിടത്തെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ മാറിയിരിക്കുന്നു. മുതലാളിത്ത വികസനത്തില്‍ കവിഞ്ഞ ഒരജണ്ടയും അവര്‍ക്കില്ല. പുറംതള്ളപ്പെടുന്ന ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത് എന്ന വര്‍ഗപ്രേരണ അവരെ അലോസരപ്പെടുത്തുന്നില്ല. മൂല്യബോധം കൈയൊഴിഞ്ഞ പൊള്ളരൂപമായി കമ്യൂണിസ്റ്റു പാര്‍ട്ടിയും മാറാമെന്ന് തെളിയിക്കുകയാണവര്‍. സിദ്ധാന്തമില്ലാത്ത പ്രയോഗം വന്ധ്യമാണെന്ന് തിരിച്ചറിയാനുള്ള ശേഷിയും നേതൃത്വത്തിനില്ല.

സമാനമാണ് ഗാന്ധിയന്മാരുടെയും ഇതര സോഷ്യലിസ്റ്റുകളുടെയും ജനാധിപത്യ മുഖംമൂടിയിട്ട പാര്‍ട്ടികളുടെയും നില. സ്വന്തം രാഷ്ട്രീയ ദര്‍ശനം കുഴിച്ചുമൂടി പൊള്ളവാക്കുകളുടെ ഏറുമത്സരം നടത്തുകയാണവര്‍. തനിക്കപ്പുറം കാണാന്‍ ശേഷിയില്ലാത്ത വാമനരൂപങ്ങളേ അവയുടെ നേതൃത്വങ്ങളിലുള്ളു. ഉള്ളുപൊള്ളയായ ഇത്തരം പാര്‍ട്ടികളെയാണ് നവമുതലാളിത്തം താലോലിക്കുന്നത്. എങ്ങനെയും പരുവപ്പെടാന്‍ സജ്ജമായ വഴക്കമാണ് ബിജെ പിയുടെ വിജയ ത്തിനു നിദാനം. കോര്‍പറേറ്റുകളുടെ അടിയാള കാര്യസ്ഥരായി ഭരണ നേതൃത്വം മാറുന്നത് അങ്ങനെയാണ്.

നവമുതലാളിത്തം എതിര്‍ക്കാന്‍ ശേഷിയുള്ള സകലതിന്റെയും ഉള്ളു ചോര്‍ത്തിയിരിക്കുന്നു. വീര്യമൂറ്റിയിരിക്കുന്നു. ഒരേ ഛായയില്‍ പല കൊടിക്കീഴിലമറുന്ന രാഷ്ട്രീയ ജീവികളെയാണ് അത് സൃഷ്ടിച്ചിരിക്കുന്നത്. നവമുതലാളിത്തത്തിന് ആവശ്യമായ അത്ര ജനസേവനമേ നടക്കൂ. അതിനപ്പുറം അനങ്ങാനുള്ള ആത്മധൈര്യം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. പിന്നെ, വീടു തന്നില്ലേ, പെന്‍ഷന്‍ തന്നില്ലേ, ഭിക്ഷ തന്നില്ലേ എന്നൊക്കെ ചില പ്രീണന ശബ്ദം കേള്‍ക്കാം. അതു മുതലാളിത്തത്തിന്റെ ‘മനുഷ്യമുഖത്ത്’ ഉദിക്കുന്നതാണ്. നാം കേള്‍ക്കുന്നത് എതിരാളികളായ പാര്‍ട്ടികളുടെ വീരവാദമായാണ് എന്നേയുള്ളു. യഥാര്‍ത്ഥത്തില്‍ മുതലാളിത്തം എന്ന ബൃഹദ്രൂപമല്ലാതെ മറ്റൊന്നും ദൃശ്യമല്ല. ചെറിയ പ്രതിരോധങ്ങളെ ജനശത്രുക്കള്‍ മുക്കിക്കളയുന്നു. ജനകീയ പ്രതിരോധത്തിന്റെ ശിഥില മുന്നേറ്റങ്ങളല്ലാതെ മറ്റെന്തുണ്ട് നമുക്ക് നാളെയെക്കുറിച്ച് പ്രതീക്ഷ നല്‍കാന്‍?

ആസാദ്
5 ആഗസ്ത് 2018

3
സര്‍ഫാസി നിയമം ആരുടെ രക്ഷയ്ക്ക്?
****************
പൗരന്മാരുടെ ജീവിതസുരക്ഷ ജനാധിപത്യത്തില്‍ സര്‍ക്കാറിന്റെ ബാധ്യതയാണ്. ജീവനും തൊഴിലിനും രക്ഷ നല്‍കാത്തവര്‍ക്ക് ഭരിക്കാന്‍ അര്‍ഹതയില്ല. അധര്‍മ്മം അഴിഞ്ഞാടുമ്പോള്‍ അക്രമം തടയാന്‍ സര്‍ക്കാറിന് എളുപ്പം സാധിച്ചെന്നു വരില്ല. അതു മനസ്സിലാക്കാം. എന്നാല്‍ ത്വരിതഗതിയില്‍ നടപടി സ്വീകരിക്കണം. പകരം പൗരതാല്‍പ്പര്യം മറന്ന് അനീതിയുടെ പക്ഷം ചേരുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിനും ഭൂഷണമല്ല.

സര്‍ഫാസി നിയമം സാധാരണ പൗരന്മാരെ മാത്രം വേട്ടയാടുകയാണ്. മല്യയും മോദിയുമെല്ലാം രക്ഷ നേടും. സാധാരണ മനുഷ്യര്‍ മരണത്തിലേക്കാണ് എടുത്തെറിയപ്പെടുന്നത്. ജപ്തിക്കെതിരെ പ്രീതാ ഷാജി ചിതയൊരുക്കിയാണ് പൊരുതുന്നത്. ജനപ്രതിനിധികളും നേതാക്കളും അഭിവാദ്യമര്‍പ്പിച്ച് മടങ്ങുന്നുണ്ട്. അവരാഘോഷിക്കുന്നുണ്ട്. പക്ഷെ, അവരുടെ ശക്തിയോ സര്‍ക്കാറിന്റെ സന്മനസ്സോ പ്രീതയ്ക്കും അതുപോലുള്ളവര്‍ക്കും വേണ്ടി ഉണരുന്നില്ല. ഇരകളെ ഭീകരവാദികളെപ്പോലെ ആട്ടിയോടിക്കാനാണ് ശ്രമം. അല്ലെങ്കില്‍ പ്രീതയെപ്പോലെ ഒരു വീട്ടമ്മ ഇങ്ങനെ നിരാഹാര സമരം അനുഷ്ഠിക്കേണ്ടി വരില്ലായിരുന്നു. എല്ലാ മൂലധന വികസനത്തിലും പുറം തള്ളപ്പെടുന്നത് ഈ രാജ്യത്തെ പൗരന്മാരാണ്. അവരുടെ ജീവിതം കണക്കിലെടുക്കാത്ത സര്‍ക്കാറുകള്‍ ആരുടെ പാദസേവകരാണ്? പ്രീതിക്കുള്ള നീതി വൈകിക്കുന്നതില്‍ എന്ത് നീതീകരണമാണുള്ളത്?

ജീവനും തൊഴിലിനും സംരക്ഷണം വേണമെന്ന് വിലപിക്കുന്നവരെ പുറംകാലുകൊണ്ട് തൊഴിക്കുക, പൊലീസ് ഭീകരവേട്ടയ്ക്കു വിധേയമാക്കുക, തീവ്രവാദികളെന്നോ രാജ്യദ്രോഹികളെന്നോ അധിക്ഷേപിക്കുക- ഇങ്ങനെയെല്ലാം നേരിടുന്നത് ഒരു സര്‍ക്കാറിനും ഭൂഷണമല്ല. സ്വന്തം ജനതയെ ഒറ്റുകയോ കൊല്ലുകയോ ചെയ്യുന്ന ക്രൂരതയാണത്. ജനാധിപത്യ ഭരണകൂടം പണാധികാര സ്വേഛാ വാഴ്ച്ചയായി മാറുമ്പോള്‍ പൗരജീവിതം അപകടത്തിലാവുന്നു. പൗരന്മാര്‍ക്കൊപ്പം നില്‍ക്കാനും , ഏതാപത്തിലും ഓടിയെത്തി പുണരാനും സന്നദ്ധമാകുമ്പോഴേ ജനാധിപത്യം ഏല്‍പ്പിച്ചദൗത്യം നിര്‍വ്വഹിക്കാന്‍ സര്‍ക്കാറുകള്‍ പ്രാപ്തിനേടൂ.

ആസാദ്
5 ആഗസ്ത് 2018

4
എന്തിനിങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നു?
************
ആരോ ചോദിച്ചു. എന്തിനാണ് ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നത്? കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നുണ്ടോ? പോകട്ടെ, ഇരകള്‍ക്കെങ്കിലും സഹായമാകുന്നുണ്ടോ? വെറുതെ ഓരോന്നെഴുതി നേരം പോക്കുന്നു. അല്ലാതെന്ത്?

ഞാന്‍ പറയാന്‍ ശ്രമിച്ചു. എല്ലാം നേര്. പൊതുബോധത്തിന്റെ വയലുകള്‍ ഉഴുതുകൊണ്ടേ ഇരിപ്പാണ് ഞാന്‍. ജീര്‍ണ പാരമ്പര്യത്തിന്റെ പിന്‍ കുടുമകളും അകം നഷ്ടപ്പെട്ട ഉടലുകളുടെ മലിനവേഷങ്ങളും കത്തിച്ച ചാരമതില്‍ വിതറുന്നു. വരാനിരിക്കുന്ന നവലോകത്തിന്റെ വിത്തെറിയാന്‍ പിറകെയാരോ വരാനുണ്ട്. ഞാന്‍ വെറും ഉഴവുകാരന്‍.

ഞാന്‍ സംസാരിച്ചുകൊണ്ടിരിപ്പല്ല. വാക്കിനും യുക്തിക്കും വഴങ്ങാതെ തെന്നിത്തെറിക്കുന്ന അനുഭവങ്ങളിലേയ്ക്കു ഭാഷയെ മെരുക്കുകയാണ്. അധീശ ശീലങ്ങളിലമര്‍ന്ന് ഗ്വാഗ്വാവിളികളും സ്തുതിഗീതാലാപനവുമായി തിമര്‍ത്താടുന്നവരെ ക്ഷമാപൂര്‍വ്വം ജീവിതത്തിലേയ്ക്ക് വിളിക്കയാണ്.

ഓര്‍ക്കുന്നതിങ്ങനെയൊക്കെ. ചോദ്യരൂപങ്ങള്‍. ഒറ്റയ്ക്കിരുന്ന് കരയുന്നവളുടെ സമുദായമേത്? പിച്ചിച്ചീന്തപ്പെട്ട അയല്‍ക്കാരിക്ക് തുണയാര്? കുടിയൊഴിയ്ക്കപ്പെട്ടവര്‍ക്ക് അഭയമേകുന്ന ജനാധിപത്യ സ്ഥാപനമേത്? തൊഴിലും ഭൂമിയും നഷ്ടമായവര്‍ക്ക് വിളിപ്പുറത്തേത് ദൈവം? നിരന്തരം കൊള്ളയടിക്കപ്പെടുന്ന ജനതയെ ദേശീയഗാനമൂട്ടി അവരുടെ ശ്മശാനത്തിലേയ്ക്ക് യാത്രയാക്കുന്നതാര്?

ആയുധം കരുണയോടെ പറയുന്നു. നിന്റെ രക്തം വേണം നീയൊഴിച്ചുനിര്‍ത്തപ്പെടുന്ന ലോകത്തിന് . ആയുധം പിടിച്ച കൈകള്‍ അവസാനത്തെ ആലിംഗനത്തില്‍ അവനെ/ അവളെ വിശുദ്ധപ്പെടുത്തുമായിരിക്കും. ഓരോന്നു ചൊല്ലിപ്പറയാതെ പക്ഷെ, എനിക്ക് ജീവിതമില്ല. ഉച്ചരിച്ച വാക്കുകൊണ്ട് മണ്ണിളക്കുന്ന ഉഴവുകാരന് ഉച്ചരിക്കാത്ത വാക്കുകളുടെ വിളനിലം കാണാം.

ആസാദ്
6 ആഗസ്ത് 2018

5
ഓര്‍മയും അനുഭവവും
***************
‘ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നതല്ല, നിങ്ങള്‍ എന്ത് ഓര്‍ക്കുന്നു, എങ്ങനെ ഓര്‍ക്കുന്നു എന്നതാണ് പ്രധാനം’. ദേശാഭിമാനി അതിന്റെ ക്യാമ്പസ് പേജില്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന ഉപദേശമാണിത്. ചുവടെ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് എന്നെഴുതി വാക്യത്തെ മഹത്വപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സത്യത്തില്‍ ആ വാക്യം നമ്മോടു പറയുന്നതെന്താണ്?

‘ജീവിതത്തിന്റെ സത്യം അപ്രധാനമാണ്. അതിന്റെ വ്യാഖ്യാനമാണ് പ്രധാനം’. ചരിത്രത്തെ കെട്ടുകഥയും കെട്ടുകഥയെ ചരിത്രവുമായി പരിവര്‍ത്തിപ്പിക്കുന്ന ഫാഷിസ്റ്റുകളുടെ മുദ്രാവാക്യമാണത്. ഞങ്ങള്‍ പറയുന്നതാണ് സത്യം എന്നത് രണ്ടാംലോക യുദ്ധാനന്തരം അമേരിക്ക വികസിപ്പിച്ച ശീതയുദ്ധത്തിന്റെ അടിസ്ഥാന പ്രമാണമായിരുന്നു. ഹിറ്റ്ലറില്‍നിന്നാണ് അവരത് സ്വീകരിച്ചത്. ഇപ്പോള്‍ ഇന്ത്യാ ചരിത്രം മാറ്റിയെഴുതുന്നവരും അതുതന്നെ പറയുന്നു. പക്ഷെ ഒരു കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുഖപത്രം ജീവിതത്തെക്കാള്‍ പ്രധാനം അതിന്റെ ഏതോ തരത്തിലുള്ള ഓര്‍മ്മയാണ് എന്നു പറയുന്നതിന്റെ യുക്തി പിടികിട്ടുന്നില്ല.

ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നതാണ് പ്രധാനം. കേട്ടും കണ്ടും അറിഞ്ഞതിനപ്പുറമാണ് അനുഭവപാഠം. പണ്ഢിതന്മാര്‍ ലോകത്തെ വ്യാഖ്യാനിക്കട്ടെ, പക്ഷെ ലോകത്തെ (ജീവിതത്തെ) മാറ്റുക എന്നതാണ് പരമപ്രധാനം എന്നൊരാള്‍ മുമ്പ് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അഭിമന്യു സ്മരണയ്ക്കു മുന്നില്‍ മാര്‍ക്വേസിന്റെ പേരില്‍ ഒരബദ്ധവാക്യം കൊത്തിവെയ്ക്കേണ്ടായിരുന്നു.

അഭിമന്യുവിനെ വര്‍ഗീയത തുലയട്ടെ എന്നെഴുതിയ പോരാളിയായോ പുസ്തക പ്രണയിയായോ കാണുന്നത് ഭാഗികമായ കാഴ്ച്ചയാണ്. അഭിമന്യുവിന്റെ ജീവിതം നമ്മെ വിചാരണ ചെയ്യുന്നത് ഭൂപരിഷ്ക്കരണ നിയമം കൊണ്ടുവന്ന് പതിറ്റാണ്ടുകളായിട്ടും ഒരു തുണ്ട് ഭൂമികിട്ടാതെ പിടയുന്ന തോട്ടം തൊഴിലാളി ജീവിതത്തിന്റെ കനല്‍സ്പര്‍ശംകൊണ്ടാണ്. അവര്‍ക്ക് ഭൂമിയിലും തൊഴിലിലുമുള്ള അവകാശം പൊരുതി നേടാനാണ്, അങ്ങനെ അനേകം അഭിമന്യുമാരുടെ ജീവിതത്തെ രക്ഷപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. അങ്ങനെയൊരു ചുമതല മുന്നില്‍ നില്‍ക്കുമ്പോള്‍ വര്‍ഗീയതയ്ക്കെതിരായ മുദ്രാവാക്യമായി ആ ജീവിതത്തെ ചുരുക്കരുത്. അങ്ങനെ ഒരോര്‍മ്മയെ ജീവിതത്തെക്കാള്‍ പ്രധാനമെന്ന് മഹത്വവല്‍ക്കരിക്കരുത്.

മാര്‍ക്വേസിനെയും മാര്‍ക്സിനെയും അറിയാത്തവര്‍ ജീവിതത്തിനുമേല്‍ അവരുടെ പേരില്‍ കെട്ടുകഥകളെ സ്ഥാപിക്കുന്നു. തീവ്ര വലതുപക്ഷവത്ക്കരണത്തിന്റെ കാലത്ത് അതിര്‍ത്തികള്‍ മായും. ജാഗ്രത വേണം പോരാളികള്‍ക്ക്. ഉച്ചരിക്കുന്ന വാക്കുകളും ലോകത്തെ മാറ്റാനാവണം.

ആസാദ്
7 ആഗസ്ത് 2018

6
കരുണാനിധി വിട വാങ്ങുമ്പോള്‍
*****************
കരുണാനിധി വിടവാങ്ങുമ്പോള്‍ നാം ഓര്‍ക്കേണ്ടത് ഇ വി രാമസ്വാമിയിലാരംഭിച്ച ആത്മാഭിമാന പ്രസ്ഥാനത്തിനും അതിന്റെ തുടര്‍ച്ചയില്‍ രൂപപ്പെട്ട ദ്രാവിഡ ദേശീയതയ്ക്കും എന്തു പരിവര്‍ത്തനം നേരിട്ടുവെന്നാണ്. സംഘപരിവാര ബ്രാഹ്മണിക്കല്‍ അധിനിവേശങ്ങളെ ദക്ഷിണേന്ത്യയില്‍ എക്കാലത്തേയ്ക്കും തടഞ്ഞു നിര്‍ത്തിയ ആശയഗോപുരമായിരുന്നു ഇ വി ആര്‍.

ആ തണലിലാണ് ഇ വിയുടെ ദ്രാവിഡ കഴകത്തില്‍നിന്ന് ദ്രാവിഡ മുന്നേറ്റ കഴകമുണ്ടാക്കി അണ്ണാദുരെ രാഷ്ട്രീയ ഭാഗ്യാന്വേഷണം ആരംഭിച്ചത്. പ്രാന്തവല്‍കൃത ജനതയെ അഭിമാന ശക്തിയാക്കി വളര്‍ത്താന്‍ ദൈവചിന്തയെപ്പോലും യുക്തികൊണ്ടെതിര്‍ത്താണ് പെരിയോര്‍ ഒരു സാംസ്കാരിക ശക്തിയെ വളര്‍ത്തിയത്. മുപ്പതുകളിലെ യൂറോപ്യന്‍ സന്ദര്‍ശനത്തിനു ശേഷം കറുത്ത പതാകയില്‍ ഒരു ചുവപ്പു വൃത്തമിടാന്‍ അദ്ദേഹം തയ്യാറായി. ചിന്തയില്‍ മാര്‍ക്സിസത്തെ ഒരളവോളം സ്വീകരിക്കാനും ഇന്ത്യന്‍ കമ്യൂണിസ്റ്റുകളോട് സഹകരിക്കാനും ശ്രദ്ധിച്ച ഇ വി ആറില്‍ നിന്ന് അണ്ണാദുരെയിലെത്തുമ്പോള്‍ പതാകയില്‍ ചുവപ്പു നിലനിന്നു.

കറുപ്പും ചുവപ്പുമെന്ന നിറക്കൂട്ട് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിവേര് വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ അധികാര രാഷ്ട്രീയം അതിന്റെ സാധ്യതകള്‍ തകര്‍ത്തു. അടിത്തട്ടു ജനതയുടെ അകവും പുറവും യുദ്ധോത്സുകമാക്കി നിലനിര്‍ത്തിയ നവോത്ഥാനാനന്തര സാംസ്കാരിക രാഷ്ട്രീയത്തെ അധികാരരാഷ്ട്രീയത്തിന്റെ മൂലധനമായി മാറ്റുകയായിരുന്നു പില്‍ക്കാല നേതൃത്വം. ഹിന്ദി വിരുദ്ധ- ബ്രാഹ്മണിക്കല്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ അന്തസ്സത്തയെ പുരോഗമന രാഷ്ട്രീയ ഉള്ളടക്കത്തോടെ വിപുലപ്പെടുത്താന്‍ അവര്‍ക്കായില്ല. എങ്കിലും ആ ഇ വി ആറില്‍നിന്ന് ഊര്‍ജ്ജംകൊണ്ട രാഷ്ട്രീയത്തിന്റെ അവസാന നായകനാണ് വിടവാങ്ങുന്നതെന്ന് പറയണം. ഒപ്പം കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലെ സാംസ്കാരികോണര്‍വ്വുകളുടെ രാഷ്ട്രീയത്തെ നാമെങ്ങനെ പിന്തുടര്‍ന്നുവെന്നു് ആത്മപരിശോധന നടത്തുകയും വേണം.

ആസാദ്
8 ആഗസ്ത് 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )