Article POLITICS

രാഷ്ട്രീയനയം ആപല്‍ക്കാലത്തെ വഴിവെളിച്ചം

 

കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാന്‍ സിപിഎമ്മിനെന്നല്ല ഒരു കമ്യുണിസ്റ്റു പാര്‍ട്ടിക്കും വര്‍ഗരാഷ്ട്രീയത്തില്‍ ഊന്നുന്ന കാലത്തോളം സാധ്യമല്ല. എന്നാല്‍ താല്‍ക്കാലികമായ ധാരണകളും നീക്കുപോക്കുകളും സഹകരണവും ആവശ്യമായി വരാം. തീവ്ര വലതുപക്ഷം ഹിംസാത്മകമായി വളരുന്ന കാലത്ത് അതിന് അറച്ചു നില്‍ക്കുന്നത് വര്‍ഗതാല്‍പ്പര്യത്തിനും ജന താല്‍പ്പര്യത്തിനും എതിരാവും. ആ ഒരു തിരിച്ചറിവും ഉത്തരവാദിത്ത ബോധവും സി പി എം കോണ്‍ഗ്രസ്സില്‍ യെച്ചൂരി അവതരിപ്പിച്ച ‘ന്യൂനപക്ഷ രേഖ’യ്ക്കുണ്ടായിരുന്നു. അതിന്റെ അന്തസത്ത അംഗീകരിക്കപ്പെട്ടത് ഭാവി രാഷ്ട്രീയത്തെപ്പറ്റി പ്രതീക്ഷയേറ്റുന്നു.

കഴിഞ്ഞുപോയ മാസങ്ങളില്‍ സിപിഎമ്മില്‍ ഉരുണ്ടുകൂടിയ കാലുഷ്യം ഇടതുപക്ഷ അനുഭാവികളെയാകെ ആശങ്കപ്പെടുത്തിയിരുന്നു. ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയാധികാര കേന്ദ്രത്തെ എങ്ങനെ ജനാധിപത്യ മതേതര നിലപാടുകളിലേയ്ക്കു തിരിച്ചു കൊണ്ടുവരാം എന്നു ചിന്തിക്കേണ്ട നേരത്ത് കോണ്‍ഗ്രസ്സിനെ എങ്ങനെ മാറ്റി നിര്‍ത്താം എന്നു കലഹിച്ചു നേരം കളയുകയായിരുന്നു ആ പാര്‍ട്ടി. കോണ്‍ഗ്രസ്സുമായി ഒരു സഖ്യവുമില്ല എന്ന് ചില പിബി അംഗങ്ങളും കേരള ഘടകവും പലവട്ടം ആവര്‍ത്തിക്കുന്നതു കേട്ടു. ആര്‍ക്കുള്ള മറുപടിയായിരുന്നു അത്? ആരാണ് സഖ്യം വേണമെന്നു പറഞ്ഞത്? യെച്ചൂരി അങ്ങനെ വാദിച്ചുവോ? ഇല്ലല്ലോ. അപ്പോള്‍ ആ പ്രഖ്യാപനം യാഥാര്‍ത്ഥ്യത്തെ മറയ്ക്കുകയായിരുന്നു. അതോടൊപ്പം ആപല്‍ക്കാരിയായ ശത്രുവിന് ആശ്വാസമനുവദിക്കുകയുമായിരുന്നു.

വിഭാഗീയ പ്രവണതകളുടെ ജീര്‍ണത ഇപ്പോഴും സംസ്ഥാന ഘടകത്തില്‍നിന്ന് ഒഴിഞ്ഞു പോയിട്ടില്ല. അതുകൊണ്ടാണ് ചരിത്രം ആവശ്യപ്പെടുന്ന ധാരണയും അധാര്‍മികമായ സഖ്യവും തമ്മിലുള്ള വ്യത്യാസം അവര്‍ക്കു മനസ്സിലാവാതെ പോയത്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ പോലും വ്യത്യസ്താഭിപ്രായമുണ്ടാകാം. ആരോഗ്യകരമായ സംവാദങ്ങള്‍ നടക്കാം. അതുപോലും സംഖ്യാബലം ഉപയോഗിച്ച് അട്ടിമറിക്കാമെന്ന ബുദ്ധി വിഭാഗീയ രാഷ്ട്രീയത്തിന്റേതാണ്. കേരളഘടകത്തില്‍ വ്യത്യസ്താഭിപ്രായമില്ലെന്ന വാദം വിഭാഗീയ നേതൃത്വത്തിന്റെ അധികാര പ്രയോഗമാണ്. കേരളത്തിലെ ഭിന്നാഭിപ്രായമുള്ളവരുടെ ശബ്ദം കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നില്ല. മഹത്തായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് നിരക്കുന്നതായോ അത്? സംസ്ഥാന നേതൃത്വത്തിലേയ്ക്കു കേന്ദ്രീകരിക്കുന്ന ഏകാധിപത്യ പ്രവണത പ്രകടമായതുകൊണ്ടാണ് രഹസ്യ ബാലറ്റ് വേണം എന്ന വാദം ഇതര സംസ്ഥാനക്കാര്‍ ഉയര്‍ത്തിയത്. ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു കൈപൊക്കിയാല്‍ അതോടെ തീര്‍ന്നു രാഷ്ട്രീയ ഭാവിയെന്നു ഭയക്കാത്ത ആരുണ്ട് കേരളത്തില്‍?

പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നയരേഖ സ്വീകാര്യമാവുമ്പോഴും അതിന്റെ നടത്തിപ്പ് ഇത്തരം ഘടകങ്ങളുടെ മുന്‍ കൈയില്‍ എങ്ങനെയാവുമെന്ന് പറയുക വയ്യ. നവലിബറല്‍ നയങ്ങള്‍ക്കെതിരെ വിട്ടുവീഴ്ച്ച കൂടാതെ പോരുതാനും ജനകീയ പോരാട്ടങ്ങളോട് ഐക്യപ്പെടാനും ആഹ്വാനം ചെയ്യുന്നുണ്ട് മുമ്പെന്നപോലെ ഈ കോണ്‍ഗ്രസ്സും. കേരളത്തില്‍ ഏതു ജനകീയ സമരത്തെയാണ് സിപിഎം പിന്തുണയ്ക്കുന്നത്? അഞ്ചേക്കര്‍ കൃഷിഭൂമിയെങ്കിലും വേണമെന്ന് സമരം നയിക്കുന്ന ദളിതര്‍ക്കും ആദിവാസികള്‍ക്കുമൊപ്പം കേരളത്തിനു പുറത്തു സിപിഎമ്മുണ്ട്. ഇവിടെയോ? പാര്‍ട്ടിനയം സ്വകാര്യവത്ക്കരണത്തിനെതിര്. ദേശീയപാത മുഴുനീളെ പ്രത്യേക സാമ്പത്തിക മേഖലപോലെ സ്വകാര്യവത്ക്കരിക്കുകയല്ലേ കേരളത്തില്‍? വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും ഭൂമാഫിയയ്ക്കും കയ്യേറ്റ മാഫിയയ്ക്കും തണലൊരുക്കി കാക്കുകയല്ലേ സര്‍ക്കാര്‍? വലതുപക്ഷ സര്‍ക്കാറിനെക്കാള്‍ എന്തു വ്യത്യാസമാണ് പൊലീസ് നയത്തിലുള്ളത്? നവലിബറല്‍ മുതലാളിത്ത വികസനമല്ല ജനകീയ വികസനമെന്ന് തിരിച്ചറിയാന്‍പോലും കേരള നേതൃത്വത്തിന് കഴിയുന്നില്ല. അവര്‍ക്ക് അന്ധമായി പിന്തുണയ്ക്കുന്ന ആള്‍ക്കൂട്ടമേ വേണ്ടൂ. മാര്‍ക്സിസം അവര്‍ക്കു ബാധ്യതയാണ്.

മുതലാളിത്തത്തെയും ഉദാരവത്ക്കരണ നയങ്ങളെയും ചെറുക്കാന്‍ കോണ്‍ഗ്രസ്സിനെയും ബിജെപിയെയും അകറ്റി നിര്‍ത്തിയാല്‍ മാത്രം പോരാ, സ്വന്തം ആശയങ്ങളിലേയ്ക്കും ആഭിമുഖ്യങ്ങളിലേയ്ക്കും പ്രവര്‍ത്തനങ്ങളിലേയ്ക്കും അവ കടന്നു കയറാതെ സൂക്ഷിക്കുകയും വേണം. അങ്ങനെ വിധേയപ്പെട്ടു പോയോയെന്ന് ആത്മ പരിശോധന നടത്തണം. ആവശ്യമെങ്കില്‍ തിരുത്തണം. ഇരുപത്തിരണ്ടാം കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നയത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കാന്‍ കഴിയുന്ന വലിയ മാറ്റത്തിന് കേരളം തടസ്സമാവരുത്. ഇടതുപക്ഷത്തെ തീണ്ടിയ നവലിബറല്‍ നയങ്ങളുടെ കെട്ടമണം പുറത്തെ പോരാട്ടങ്ങളുടെ വീറിനെ ബാധിച്ചുകൂടാ. കേരളം സമൂലമായ തിരുത്തലിന് വിധേയമാവണം.

ആസാദ്
21 ഏപ്രില്‍ 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )