വികസന പദ്ധതികള്‍ക്ക് ആരും എതിരല്ല. അതുമൂലമുണ്ടാകുന്ന ആഘാതത്തെക്കുറിച്ചാണ് ഉത്ക്കണ്ഠ.
ട്രാക്ടറും കമ്പ്യൂട്ടറും വന്നപ്പോള്‍ എതിര്‍പ്പുണ്ടായിരുന്നു. അത് യന്ത്രവത്ക്കരണത്തോടും വികസനത്തോടുമുള്ള എതിര്‍പ്പായി ഏറെക്കാലം വ്യാഖ്യാനിക്കപ്പെട്ടു. കമ്യൂണിസ്റ്റു പാര്‍ട്ടികളെ വികസന വിരുദ്ധരായി ചിത്രീകരിച്ചത് അങ്ങനെയാണ്. സത്യത്തില്‍, യന്ത്രവത്ക്കരണം പുറംതള്ളുന്ന തൊഴിലാളികളുടെ ജീവിതത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും അവരെ പുനരധിവസിപ്പിച്ചുകൊണ്ടേ ഇത്തരം വികസനം നടപ്പാക്കാവൂ എന്നുമത്രെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ നിലപാട് സ്വീകരിച്ചത്. പക്ഷെ, മുതലാളിത്ത വലതു രാഷ്ട്രീയവും മാധ്യമങ്ങളും അതു കണ്ടില്ല. അന്ധമായ വികസന സങ്കല്‍പ്പം ജനവിരുദ്ധമാകുമെന്ന അറിവും അവര്‍ക്കില്ല.
പുറംതള്ളപ്പെടുന്നവരുടെ പ്രശ്നം പറയുമ്പോള്‍, വികസന വിരുദ്ധരെന്ന് ചാപ്പകുത്തുന്ന രീതി ഇപ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാറും പിന്തുടരുന്നു. ദുര്‍ബ്ബല വിഭാഗങ്ങളോടു നീതി പുലര്‍ത്തുന്ന വികസന സങ്കല്‍പ്പം അവര്‍ക്കു നഷ്ടം വന്നിരിക്കുന്നു. ഏതു വികസനത്തിനും ഇര കാണുമെന്ന മുതലാളിത്ത യുക്തി പുലമ്പാന്‍ അവര്‍ മടിയ്ക്കുന്നില്ല.
മണ്ണിനു വേണ്ടി എന്ന പുസ്തകത്തില്‍ എ കെ ജി പറഞ്ഞത് ഓര്‍ക്കാതെ വയ്യ. ‘ഏതൊരു വികസന പ്രവര്‍ത്തനത്തിന് ചെലവാകുന്ന തുക നിശ്ചയിക്കുമ്പോഴും ആ വികസന പ്രവൃത്തിമൂലം നഷ്ടമനുഭവിക്കുന്ന ആളുകളെ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളിലേയ്ക്ക് പുനരധിവസിപ്പിക്കാനുള്ള ചെലവുകൂടി വകയിരുത്തണം’. ഇത് അക്കാലത്തെ ജനപക്ഷത്തുനിന്നുള്ള വികസന നിര്‍ദ്ദേശമാണ്. ഇപ്പോഴാകുമ്പോള്‍ പാരിസ്ഥിതികവും മറ്റുമായ ഘടകങ്ങളും പരിഗണിക്കേണ്ടി വരും.
വികസനത്തിന് എത്ര ഭൂമി ഏറ്റെടുക്കുന്നു എന്നതല്ല വിഷയം. ജനസാന്ദ്രതയേറിയ നമ്മുടെ സംസ്ഥാനത്തിന്റെ സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണോ പദ്ധതി ആസൂത്രണം ചെയ്തത് എന്നതാണ്. സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തമുള്ള പദ്ധതിയാണെങ്കില്‍ പൊതുസമൂഹവും പരിസ്ഥിതിയും കനത്ത കൊള്ളയ്ക്ക് ഇരയാവേണ്ടി വരുമോ എന്നതാണ്. അതിനാല്‍ വരുംവരായ്കകള്‍ പഠിച്ചു ജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ ആസൂത്രകര്‍ക്ക് കഴിയണം.
ദേശീയപാതാ വികസനത്തിനും ആരും എതിരല്ല. സ്വതന്ത്രവും സൗജന്യവുമായ സഞ്ചാര പഥത്തിന്റെ കച്ചവടം അഥവാ സ്വകാര്യവത്ക്കരണം, കൂടുതല്‍ മെച്ചപ്പെട്ട ജീവിതാവസ്ഥയിലേയ്ക്കുള്ള പുനരധിവാസ നടപടിയുടെ അഭാവം, കൂടുതല്‍ അനിവാര്യമായ തെക്കു വടക്കു പാതയുടെ സാധ്യത തേടേണ്ട സമയത്ത് താരതമ്യേന അനാവശ്യമായ ഭൂമി ഏറ്റെടുപ്പ്, ശാസ്ത്രീയവും ഫലപ്രദവുമായ ഗതാഗതനയംകൊണ്ടു ഹൈവേയിലെ ഇപ്പോഴത്തെ ക്ലേശം അല്‍പ്പമെങ്കിലും കുറയ്ക്കാനാവും എന്ന തിരിച്ചറിവില്ലായ്മ തുടങ്ങിയവയോട് ഭിന്നാഭിപ്രായമുണ്ട്. മുതലാളിത്ത താല്‍പ്പര്യങ്ങളുടെ ഉത്സവ ഘോഷത്തില്‍ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ നിലവിളികള്‍ മുങ്ങിപ്പോകുന്നുണ്ടാവാം. പക്ഷെ, ആ നിലവിളികള്‍ക്കൊപ്പം നില്‍ക്കാതെ വയ്യ.
ഗവണ്മെന്റ് നടത്തുന്ന പ്രവൃത്തിയും സ്വകാര്യ ഏജന്‍സികള്‍ ഏറ്റെടുത്തു നടത്തുന്ന വികസന പ്രവൃത്തിയും ഒരുപോലെയല്ല. ഒന്നാമത്തേതിലെ സേവനത്തില്‍നിന്ന് രണ്ടാമത്തേതിലെ വ്യവഹാരത്തിലേയ്ക്ക് ഏറെ അകലമുണ്ട്. ലാഭം മാത്രമാണ് കോര്‍പറേറ്റുകളുടെ ലക്ഷ്യം. അതിന് രണ്ടോ മൂന്നോ പതിറ്റാണ്ട് ജനങ്ങളെ കോള്ളയടിക്കാനുള്ള അധികാരമാണ് ബിഒടി പദ്ധതി. അഞ്ചു വര്‍ഷം കൊണ്ട് മുടക്കു മുതലിന്റെ ഇരട്ടിയാണ് പാലിയേക്കരയില്‍ പിരിച്ചെടുത്തത്. അങ്ങനെ മുപ്പതാളം ടോള്‍ബൂത്തുകള്‍ ദീര്‍ഘകാലം നമ്മെ കൊള്ളയടിക്കും. വികസനം വഞ്ചനയായിത്തീരും. പണംപോലെ ഭൂമിയും ഈ വികസനത്തിലെ (ബിഒടി കച്ചവടത്തിലെ) നിക്ഷേപമായി കാണാന്‍ ഗവണ്മന്റ് തയ്യാറാവണം. ഭൂമി നല്‍കുന്നവരെ ടോള്‍ വിഹിതത്തില്‍ ( ലാഭ വിഹിതത്തിലും) പങ്കാളികളാക്കണം. അതാണ് ബിസിനസ്സിലെ മര്യാദ. ഗവണ്മെന്റ് ഏറ്റെടുത്തു നടത്തുമ്പോള്‍ ഈ അവകാശവാദത്തിന് ഇടമില്ല.
ദേശീയപാതയ്ക്കു ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസത്തിനുള്ള ഭൂമികൂടി അതതു പ്രദേശത്ത് ഏറ്റെടുക്കാത്തതെന്ത്? ഗവണ്മെന്റ് നിശ്ചയിക്കുന്ന പ്രതിഫലത്തില്‍ ആ ഭൂമികൂടി ലഭ്യമാവണ്ടേ? പുറം തള്ളപ്പെടുന്നവരെ ലക്ഷങ്ങളുടെ വിലപേശലിന് വിട്ടു കൊടുക്കണോ? ഇരകളുടെ ഭൂമി ലാഭക്കച്ചവടത്തിന് നിക്ഷേപമായി വേണം. പക്ഷെ നിക്ഷേപത്തിന്റെ ലാഭവിഹിതമോ പകരം മെച്ചപ്പെട്ട സൗകര്യമോ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തുക വയ്യ. അവിടെയാണ് പ്രശ്നം.
നായനാര്‍ ഗവണ്മെന്റിന്റെ കാലത്താണ് തെക്കു വടക്കു പാതയുടെ അനിവാര്യത ചര്‍ച്ചയായത്. സാധ്യതാ പഠനം നടത്തുകയും ചെയ്തു. നിലവിലെ ദേശീയപാതയുടെ വികസനം എത്രമാത്രം അപര്യാപ്തമാണെന്ന് ആ പഠനം ചൂണ്ടിക്കാട്ടി. അടുത്ത ഗവണ്മെന്റ് എക്സ്പ്രസ് ഹൈവേയായി പദ്ധതിയിലേക്കു കടന്നെങ്കിലും അയുക്തികവും അശാസ്ത്രീയവുമായ പദ്ധതി കനത്ത എതിര്‍പ്പുകള്‍ക്കിടയാക്കി. മണ്ണിട്ടുയര്‍ത്തി കേരളത്തെ നെടുകെ വിഭജിച്ചു പോകുന്ന വന്മതിലായാണ് വിഭാവനം ചെയ്തത്. അത് നീരൊഴുക്കിനെയും പ്രദേശത്തെ സ്വതന്ത്ര സഞ്ചാരത്തെയും തടയുമെന്ന് ആളുകള്‍ ഭയന്നു. പിഴവുകള്‍ പരിഹരിച്ച് മുന്നോട്ടു പോകാന്‍ ഒരു ഗവണ്മെന്റും തയ്യാറായില്ല. വരുന്ന കാല് നൂറ്റാണ്ടിനിടെ അത്തരമൊരു പാത അനിവാര്യമാകും. അതു റോഡോ റെയിലോ ആവാം. ലോകത്തില്‍ കുറച്ചുമാത്രം സ്ഥലമെടുത്ത് ഇന്ഫ്രാസ്ട്രക്ചറൊരുക്കി അതിവേഗയാത്രയ്ക്കു സഹായകമാവുന്ന യാത്രാ സംവിധാനം പരീക്ഷിക്കപ്പെടുന്നുണ്ട്. വിശാലമായ റോഡുകളെന്ന സങ്കല്‍പ്പം വാഹന വ്യവസായത്തിന്റെ മാത്രം താല്‍പ്പര്യമായി ചുരുങ്ങുകയാണ്. ഭാവി പാത എന്തായാലും ഇപ്പോഴത്തെ വളഞ്ഞുപുളഞ്ഞുപോകുന്ന ഹൈവേകളാവില്ല.
വികസനം മുതലാളിത്ത പദ്ധതികള്‍ക്ക് കീഴടങ്ങലല്ല. ജനകീയ വികസനമാക്കി പരിവര്‍ത്തിപ്പിക്കേണ്ട ചുമതല ജനാധിപത്യ ഗവണ്മെന്റുകള്ക്കുണ്ട്. മുതലാളിത്ത വികസനത്തിന്റെ ജനവിരുദ്ധതയെ എതിര്‍ക്കുന്നവരെല്ലാം വികസന വിരുദ്ധരല്ല. ജനങ്ങളും പരിസ്ഥിതിയും ആയിരിക്കണം ഒന്നാം പരിഗണന എന്നേ വാദിക്കുന്നുള്ളു. വികസനം= മുതലാളിത്ത വികസനം എന്ന് നിശ്ചയിച്ചവര്‍ക്ക് മറ്റൊരു യുക്തിയും മനസ്സിലാവുകയില്ല.
ആസാദ്
14 ഏപ്രില്‍ 2018
,