Article POLITICS

ഇരകളില്ലാത്ത സര്‍വ്വകക്ഷിയോഗം വെറും വീതംവെപ്പ് സഭ

 

ദേശീയപാതാ വിഷയത്തില്‍ ചര്‍ച്ചയില്ല എന്ന സര്‍ക്കാര്‍ ശാഠ്യം തിരുത്തിയത് നന്നായി. മാര്‍ച്ച് 11ന് സര്‍വ്വകക്ഷി യോഗം ചേരുമെന്ന് കേള്‍ക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ കൂടിയിരിപ്പാണത്‌. പ്രശ്നത്തില്‍ കക്ഷികളായവരുടെ യോഗമല്ലേ വിളിക്കേണ്ടത്? ദേശീയപാതാ ആക്ഷന്‍ കൗണ്‍സിലും ദേശീയപാതാ സംരക്ഷണ സമിതിയും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ ഒഴിച്ചു നിര്‍ത്തി ചര്‍ച്ച ചെയ്താല്‍ പ്രശ്നം പരിഹരിക്കാനാവുമോ?

ഇങ്ങനെ ഒഴിച്ചുനിര്‍ത്തുന്നതില്‍തന്നെ ഒരു അധികാരപ്രയോഗമുണ്ട്. ഞങ്ങള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യും എന്ന ധാര്‍ഷ്ട്യമാണത്. പലവട്ടം സര്‍ക്കാറത് ചെയ്തതാണ്. പക്ഷെ, ദേശീയപാതയില്‍ പ്രതിഷേധം ഇല്ലാതാവുകയല്ല വര്‍ദ്ധിക്കുകയാണ് ചെയ്തത്. ജനവികാരവും പ്രതികരണവും മനസ്സിലാക്കാനും അതനുസരിച്ച് തീരുമാനമെടുക്കാനും രാഷ്ട്രീയ കക്ഷികള്‍ക്കു സാധിച്ചില്ല. ബിഒടി മുതലാളിമാരുടെ വാഗ്ദാനങ്ങള്‍ മോഹിപ്പിക്കുന്നതായിരിക്കാം. വികസനമെന്നത് അവര്‍ കൊണ്ടുവരുന്ന ഏതോ നിധിയാണെന്ന് ധരിച്ചു വശായതാവണം.

നിധി കിട്ടാന്‍ സ്വന്തം കുഞ്ഞുങ്ങളെ ബലി കൊടുക്കുന്ന അജ്ഞാനികളായ അതിമോഹികളെപ്പോലെ വികസന മുതലാളിത്തത്തിന് സ്വന്തം ജനതയുടെ രക്തവും ജീവനുമെടുത്തോളൂ എന്ന് വച്ചു നീട്ടുകയാണ് ഭരണകൂടവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും. അവര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്താല്‍ ഇരകളുടെ കലഹം തീരില്ല. ഇരകളെ കേള്‍ക്കുകയും അവരുടെ പ്രശ്നം അവരില്‍നിന്നു മനസ്സിലാക്കി പരിഹാരം കാണുകയുമാണ് വേണ്ടത്. അതിന്റെ ആദ്യ പടിയായി ചര്‍ച്ചയില്‍ ഇരകളുടെ സംഘടനകളെ പങ്കെടുപ്പിക്കണം. ജനാധിപത്യ സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണത്.

നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മഹത്വം നിങ്ങള്‍ വിളിച്ചു പറയാറുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്തതുകൊണ്ടുള്ള മേനി പറച്ചിലാണത്. എന്തും അനുസരിക്കയും സാധൂകരിക്കയും ചെയ്യുന്ന അന്ധഭക്തരുടെ പിന്തുണ നിങ്ങളെ അഹങ്കാരികളാക്കുന്നു. പക്ഷെ, നിര്‍ണായകമായ ജീവല്‍പ്രശ്നങ്ങളെ നേരിടുമ്പോള്‍ എല്ലാം തകിടം മറയും . ഇന്നലെ വരെ ഒന്നുമല്ലാതിരുന്ന ജനതയുടെ മുന്നേറ്റമുണ്ടാകും. ഏകാധിപതികള്‍ക്കെല്ലാം ഒരു വിപത്കാലവും പിറകിലുണ്ട്. നിയമസഭാ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം മതി എന്നത് ജനാധിപത്യത്തിന്റെ രീതിയോ ശബ്ദമോ അല്ല. വിലപേശലിന്റെയും വീതംവെപ്പിന്റെയും കണക്കു പറച്ചില്‍ മാത്രമാണ്. ജനങ്ങളെ മുന്‍ നിര്‍ത്തിയുള്ള ആ വീതംവെപ്പ് ഇനി വേണ്ട. പൊതുവിഭവങ്ങള്‍ നിങ്ങള്‍ക്കു വിറ്റു തുലയ്ക്കാനുള്ളതല്ല. പാവപ്പെട്ട ജനങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് അമ്മാനമാടാനുള്ളതുമല്ല.

റോഡ് വീതികൂട്ടുകയാണോ മറ്റൊരു പാതയുണ്ടാക്കുകയാണോ എന്നു പോലും സര്‍ക്കാറിന് വ്യക്തതയില്ല. ഏറ്റവും കുറഞ്ഞ ചെലവിലും പരിക്കിലും ഏറ്റവും മികച്ച റോഡ് എങ്ങനെ സാധ്യമാക്കാമെന്ന് നോക്കിയില്ല. തോന്നുന്നതുപോലെ അലൈന്‍മെന്റ് നിശ്ചയിക്കുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏതൊക്കെയോ താല്‍പ്പര്യങ്ങള്‍ക്ക് വശംവദരാവുന്നു. പലയിടത്തും പല പ്രശ്നങ്ങളുയര്‍ത്തി ജനങ്ങള്‍ പോരിനിറങ്ങേണ്ടി വരുന്നു. മുപ്പതു മീറ്റര്‍ വീതിയില്‍ മുക്കാല്‍പങ്ക് നീളവും റോഡിന് ഏറ്റെടുത്തിട്ടു മൂന്നു പതിറ്റാണ്ടിലേറെയായി. ബാക്കിയുള്ള ഹ്രസ്വ ദൂരമേ സ്ഥലമെടുപ്പ് ആവശ്യമുള്ളു. അതിനാല്‍ ചെലവും ക്ലേശവും കുറയും ഗവണ്‍മെന്റിന് നല്ല ബുദ്ധി തോന്നിയ രണ്ടു സന്ദര്‍ഭത്തില്‍ ഇതംഗീകരിച്ചിട്ടുണ്ട്. 2010ല്‍ വി എസ് നേതൃത്വത്തിലും 2014ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുമാണ് ഇതംഗീകരിച്ചത്. പക്ഷെ, പണക്കൊതിയന്‍ ഗൂഢസംഘങ്ങള്‍ തുരങ്കം വെച്ചു. അവര്‍ വലിയ പാര്‍ട്ടികളുടെ നേതാക്കളായതിനാല്‍ സര്‍വ്വ കക്ഷികളും അതിന്റെ നടത്തിപ്പുകാരായി.

ദേശീയപാതയുടെ വികസനം അതോറിറ്റി തന്നെ നടത്തണമെന്നില്ല. 2014ല്‍ സംസ്ഥാന സര്‍ക്കാര്‍തന്നെ അതു വ്യക്തമാക്കി. മുപ്പതു മീറ്ററിലെ ആറുവരിപ്പാതയ്ക്കു പണമുണ്ടാക്കാന്‍ സര്‍ക്കാറിനു പ്രയാസമില്ലെന്നും അന്നു പ്രഖ്യാപിച്ചു. പിന്നെയും കോര്‍പറേറ്റ് എച്ചിലുകള്‍ വ്യാമോഹിപ്പിച്ചു. ജനങ്ങളെക്കാള്‍ വലുത് ആ എച്ചിലാണെന്നു കരുതിയവര്‍ കോര്‍പറേറ്റ് ബിഒടി മാഹാത്മ്യം വാഴ്ത്തി. ദേശീയപാതാ അതോറിറ്റി ചോദ്യം ചെയ്യാനാവാത്ത ദൈവമാണെന്ന് പ്രചരിപ്പിച്ചു. അവര്‍ പറഞ്ഞതേ നടക്കൂ എന്ന് ഇരകള്‍ക്കു മുന്നില്‍ നിസ്സഹായത നടിച്ചു.

ഇപ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കള്ളക്കളി വെളിച്ചം കണ്ടു തുടങ്ങി. കീഴാറ്റൂരില്‍ അലൈന്‍മെന്റ് മാറ്റത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന് ഒന്നും ചെയ്യാനില്ലെന്നായിരുന്നു വാദം. മലപ്പുറം ജില്ലയില്‍ കലഹമുയര്‍ന്നപ്പോള്‍ ലീഗ് പറയുന്നു സംസ്ഥാന സര്‍ക്കാറിനു മാറ്റം വരുത്താമെന്ന്. അതംഗീകരിച്ചു യോഗം വിളിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യറാവുന്നു. പങ്കുകാര്‍ക്കിടയിലെ പ്രശ്നം പറഞ്ഞു തീര്‍ക്കാനുള്ള ഉത്സാഹമാണത്. സര്‍വ്വകക്ഷിയോഗം അതില്‍ കവിഞ്ഞ ഒന്നുമല്ല. ലക്ഷക്കണക്കായ ഇരകള്‍ക്ക് ആ കൂടിയിരിപ്പ് നീതി നല്‍കുകയില്ല. ഇരകളുടെ ശബ്ദം കേള്‍ക്കാനെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ പ്രതിനിധികളെക്കൂടി വിളിക്കുമായിരുന്നൂ. തല്‍പ്പര കക്ഷികളുടെ കൂടിയിരിപ്പ് ജനങ്ങളോടുള്ള വെല്ലുവിളി തന്നെ.

ആസാദ്
7 ഏപ്രില്‍ 2018

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )