കേന്ദ്രവും സംസ്ഥാനവും ഇത്രമേല്‍ മയപ്പെട്ടു പൊരുത്തപ്പെട്ടു കഴിഞ്ഞ കാലമുണ്ടായിട്ടില്ല. ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഏകമനസ്കരും അന്യോന്യം പൂരിപ്പിക്കുന്നവരുമായ മറ്റൊരുകാലം ആര്‍ക്ക് ഓര്‍ത്തെടുക്കാനാവും? ഒരു ജനതയുടെ ഭാഗ്യം എന്നാണോ പറയേണ്ടത്?
എന്താണ് ഈ ഒരുമയുടെയും ഐക്യത്തിന്റെയും അകക്കാമ്പ്? വികസനം എന്ന മാന്ത്രിക പദം. അതിന്റെ ഭ്രമക്കാഴ്ച്ച. ശീതളഛായ. മറ്റുള്ളവര്‍ക്ക് എന്തു നഷ്ടപ്പെടട്ടേ, നമുക്കു സ്വര്‍ഗലോകം എന്നത് മുതലാളിത്തത്തിന്റെ അതിജീവന സൂത്രമാണ്. അതു പൊതുവില്‍ പങ്കുവയ്ക്കും വിധം വളര്‍ന്ന രാഷ്ട്രീയ മുതലാളിത്തം രംഗം കീഴടക്കിയിട്ടുണ്ട്. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും വര്‍ഗതാല്‍പ്പര്യം ഒന്നുതന്നെ. കോര്‍പറേറ്റ് ധന മുതലാളിത്തത്തിന്റെ ഉപശാലയാണ് രാഷ്ട്രീയ മുതലാളിത്തം. അവരുടെ കൊടുക്കല്‍വാങ്ങലുകളെ സാധൂകരിക്കുന്ന ഗൂഢപദമാണ് വികസനം. പുരോഗതിയെന്ന ജനകീയ ലക്ഷ്യം മറച്ചുവയ്ക്കാനും ജനങ്ങള്ക്കമേല് ധനാധികാരവാഴ്ച്ച ഉറപ്പിക്കാനും അതിനു കഴിയുന്നു.
സര്‍വ്വതും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍, സ്വകാര്യവത്ക്കരണം ഊര്‍ജ്ജിതമാക്കാന്‍, വിദ്യാഭ്യാസവും ആരോഗ്യവും കച്ചവടവത്ക്കരിക്കാന്‍, നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്താന്‍, വന്‍കിട കയ്യേറ്റ ലോബികളെ സംരക്ഷിക്കാന്‍, തൊഴില്‍ നിയമങ്ങള്‍ മുതലാളിത്താനുകൂലമായി പൊളിച്ചെഴുതാന്‍, ദളിതരും ആദിവാസികളും ഭൂരഹിത കര്‍ഷകരും തോട്ടംതൊഴിലാളികളും നടത്തുന്ന ഭൂസമരം തകര്‍ക്കാന്‍, ജനകീയ സമരങ്ങളെ പൊലീസ് രാജ്കൊണ്ടു നേരിടാന്‍, ജനങ്ങള്‍ക്കും ഭരണകൂടത്തിനുമിടയില്‍ ധനമുതലാളിത്ത- രാഷ്ട്രീയ മുതലാളിത്ത- ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ ഹീനസഖ്യം രൂപപ്പെടുത്താന്‍ അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒറ്റമനസ്കരായിരിക്കുന്നു.
വേദനിക്കുന്ന സ്വാശ്രയ മുതലാളിമാരെ രക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കി നിയമ നിര്‍മാണം നടത്താന്‍ അവര്‍ ഒട്ടും ലജ്ജിക്കുന്നില്ല. സുപ്രീം കോടതിപോലും വിദ്യാര്‍ത്ഥി വിരുദ്ധമാകും ഞങ്ങളേ രക്ഷിക്കാനുള്ളൂ എന്ന നിയമസഭാ വ്യാഖ്യാനം മിതമായ ഭാഷയില്‍ അല്‍പ്പത്തമാണ്. ഇത് രാഷ്ട്രീയ മുതലാളിത്തത്തിന്റെ കൂറു പ്രഖ്യാപനത്തില്‍ കുറഞ്ഞ ഒന്നുമല്ല. പുതുവൈപ്പിനിലും വിഴിഞ്ഞത്തും ഗെയില്‍ പൈപ്പ് ലൈനിലും ദേശീയപാതാ സ്വകാര്യവത്ക്കരണത്തിലും നീര്ത്തടനിയമ ഭേദഗതിയിലും ഈ കൂട്ടുകച്ചവടം സകല മറകളും പൊളിച്ചു പുറത്തു ചാടുന്നുണ്ട്.
എവിടെപ്പോയി വര്‍ഗസമരത്തിന്റെ രാഷ്ട്രീയം? വര്‍ഗസഹകരണ വാദമാണ് യഥാര്‍ത്ഥ കുലംമുടിപ്പെന്ന് അവരോര്ക്കാത്തതെന്ത്? ഇവിടെയിതേ നടക്കുകയുള്ളു എന്ന് കുനിയുകയാണ് ശിരസ്സുകള്‍. മാറ്റും ഞങ്ങള്‍ ചട്ടങ്ങളെ എന്നു തിളച്ചു മറിഞ്ഞ ചോരയോട്ടത്തിനെന്തുപറ്റി? ആ പാരമ്പര്യം ഇപ്പോഴേതായാലും മുതലാളിത്തത്തിനു കീഴടങ്ങിയ പാര്ട്ടികള്ക്കല്ലെന്ന് തീര്‍ച്ച.
കോര്‍പറേറ്റ് മുതലാളിത്തത്തിന് എതിരായ ജനങ്ങളുടെ സമരം രാഷ്ട്രീയ മുതലാളിത്തത്തിനെതിരായ സമരംകൂടിയാവുകയാണ്. ഏതു താല്‍പ്പര്യങ്ങള്‍ക്കൊപ്പം, ആരുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം എന്ന ചോദ്യം ഓരോരുത്തരുടെയും പിറകേയുണ്ട്. വാക്കും പ്രവൃത്തിയും അതു വെളിപ്പെടുത്തുകതന്നെ ചെയ്യും. ഒളിയജണ്ടകള്‍ നീണ്ടു വാഴില്ല.
ആസാദ്
5 ഏപ്രില്‍ 2018