മാര്‍ക്സിസത്തെ വീണ്ടെടുക്കാനും സങ്കീര്‍ണമായ സൈദ്ധാന്തിക കുരുക്കുകളഴിക്കാനും പ്രാപ്തിയുള്ള മാര്‍ക്സിസ്റ്റ് പണ്ഡിതര്‍ നമുക്കുണ്ട്. അവരത് ചെയ്യുന്നുമുണ്ട്. മഹാഗ്രന്ഥങ്ങളുണ്ട് സാക്ഷ്യവും ദൃഷ്ടാന്തവുമായി. പക്ഷെ, നിത്യജീവിതത്തിന്റെ ‘ദുഷ്ക്കര പദ പ്രശ്നം’ വരുമ്പോള്‍ അവര്‍ക്ക് മിണ്ടാട്ടമില്ല. അവരപ്പോള്‍ ആയുധം പിറകിലൊതുക്കുന്നു! ജ്ഞാനിയുടെ പക്ഷനിരപേക്ഷമായ ചിരി പകരുന്നു!
ഇന്ത്യന്‍ ഫാഷിസം പോലെ വലിയ ശത്രുക്കളെ അവരെത്ര ധീരമായാണ്, യുക്തിതീവ്രമായാണ് നേരിടുന്നത്! വേദേതിഹാസങ്ങളെയും പുരാണങ്ങളെയും എത്ര സൂക്ഷ്മമായ ചരിത്ര ബോധത്തോടെയും ആര്ജ്ജവത്തോടെയുമാണ് കീറി മുറിച്ച് അപഗ്രഥിക്കുന്നത്! ഞാനവരെ ആദരവോടെ നമിക്കുന്നു. എങ്കിലും എനിക്കു സംശയം ബാക്കിയാണ്. വികസനത്തിന്റെ ഋതുവില്‍ മനുഷ്യന് വിശന്നു മരിക്കുമ്പോള്‍, മണ്ണില്‍നിന്നും തൊഴിലില്‍നിന്നും നിഷ്ക്കരുണം പുറം തള്ളപ്പെടുമ്പോള്‍, ഒരേ വേദനയിലും രോഷത്തിലും സഖാക്കളാവേണ്ടവര് അന്യോന്യം വെട്ടി വീഴ്ത്തുമ്പോള്‍ ഈ ദുരന്ത ബൃഹദാഖ്യാനത്തിന്റെ വായനയും വിശകലനവും നടത്താന്‍ പണ്ഡിതരേ നിങ്ങള്‍ക്ക് എന്താണ് തടസ്സം? കോര്‍പറേറ്റ് ചൂഷണത്തിന്റെ നാട്ടു കൈയേറ്റങ്ങളും കൊള്ളയും ഹിംസയും അസഹ്യമാകുമ്പോള്‍ പുറംതള്ളപ്പെടുന്ന ഒരു ജനത പലമട്ട് പ്രതിരോധിക്കാന്‍ പണിപ്പെടുന്നത് എന്തുകൊണ്ടാണ് നിങ്ങള്‍ കാണാത്തത്? എന്തുകൊണ്ടാണവരെ ഒപ്പമുണ്ടെന്ന വാക്കു നീട്ടി തുണയ്ക്കാത്തത്?
വര്‍ഗസമരത്തിന്റെ സൂക്ഷ്മ നടുക്കങ്ങളെ അഭിസംബോധന ചെയ്യാതെ ഫാഷിസത്തിനെതിരായ സമരമുന്നണി സാര്‍ത്ഥകമാവുമോ? ഫാഷിസം ഒരു സാംസ്കാരിക പ്രശ്നവും അതിന്റെ പ്രകടനം വെറും മേല്ത്തട്ടന്യോന്യവുമാകുമോ?
പൊതുവിഭവങ്ങളില്‍നിന്ന് നിര്‍ദ്ദയം ആട്ടിയകറ്റപ്പെടുന്നവരുടെ ദീനമായ നിലവിളി കേള്‍ക്കേ, ഇതു ഭീകരവാദത്തിന്റെ ആര്പ്പുകളല്ലേ എന്ന് ശങ്കിച്ചതാരൊക്കെയാണ്? ഇരകളില്ലാത്ത പുരോഗതി സാധ്യമാണെന്നിരിക്കെ, ഇരകള്‍ ഏതു വികസനത്തിലും അനിവാര്യമെന്ന നിക്ഷേപകരുടെ വാദത്തെ പൊതു സിദ്ധാന്തമായി അവതരിപ്പിച്ചത് ആരൊക്കെയാണ്? വിഖ്യാതരായ മാര്‍ക്സിസ്റ്റു ധൈഷണികരേ നിങ്ങള്‍ക്കിതില്‍ പക്ഷമുണ്ടോ? വര്‍ത്തമാനത്തിന്റെ ഇതിഹാസം നിങ്ങളുടെ പഠനവിഷയമാകുന്നുണ്ടോ?
വലിയ വലിയ ധൈഷണിക വ്യാപാരങ്ങള്ക്കിടയില്നിന്ന് നിങ്ങളെ പേരുചൊല്ലി വിളിച്ചത് അപരാധമാവുമോ? ജീവിതത്തിന്റെ തറ ഫാഷിസം വിഴുങ്ങുമ്പോഴാണ് മേല്പ്പുരയില് നിങ്ങള്‍ വാദിച്ചും വിസ്തരിച്ചും വിജയിക്കുന്നതെന്നു ഓര്‍മ്മപ്പെടുത്താന്‍ താഴെ വീണുപോയ ഞങ്ങളെ അനുവദിച്ചാലും.
ആസാദ്
5 മാര്‍ച്ച് 2018