ആശയമാണ് ജനങ്ങളുടെ ആയുധമെന്ന് ഫിദെല്‍ ഇടയ്ക്കിടെ സഖാക്കളെ ഓര്‍മ്മിപ്പിച്ചിരുന്നു. ആശയരംഗത്തെ വര്‍ഗസമരം ആദ്യകാല കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും നമ്മുടെ നാട്ടിലും പരമപ്രധാനമായി കരുതിയിരുന്നു. സംവാദങ്ങളിലൂന്നി വേണം വളരാനെന്ന് അവര്‍ കരുതി. മാര്‍ക്സിസം അനവധി ആശയവാദ ധാരകളെ നേരിട്ടത് വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന വീക്ഷണോപകരണം വികസിപ്പിച്ചുകൊണ്ടാണ്.
മാര്‍ക്സിസ്റ്റ് സംവാദം എന്നതിപ്പോള്‍ വല്ലപ്പോഴും കാണുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ പേരു മാത്രമാണ്. തായാട്ടു ശങ്കരനുമായും കെ വേണുവുമായും ഇതുപോലുള്ള മറ്റു ചിന്തകരുമായും ഇ എം എസ് സാര്‍ത്ഥകമായ സംവാദത്തിന് നേതൃത്വം കൊടുത്തിട്ടുണ്ട്. മാര്‍ക്സിസത്തിന്റെ വികാസ ചരിത്രം ഇത്തരം സംവാദങ്ങളുടേതുമാണെന്ന് അറിയുന്ന നേതാക്കളെല്ലാം സൈദ്ധാന്തിക സംവാദത്തിലൂടെ മാര്‍ക്സിസത്തെ വികസിപ്പിച്ചിട്ടുമുണ്ട്. എന്നാലിപ്പോള്‍ അതിനുള്ള സന്നദ്ധതയോ പ്രാപ്തിയോ പ്രകടിപ്പിക്കപ്പെടുന്നില്ല. പകരം ഭിന്നാഭിപ്രായങ്ങളെ ബഹളത്തില്‍ മുക്കിക്കൊല്ലാനാവുമോ എന്നാണ് ശ്രമം. തെറിവിളി സംഘങ്ങളെ ആശയരംഗത്തെ ക്വട്ടേഷന്‍ സംഘങ്ങളായി പോറ്റിവളര്‍ത്തുന്നുമുണ്ട്.
മാര്‍ക്സിസം പ്രായോഗിക രാഷ്ട്രീയത്തെ സംബന്ധിച്ച പൊതുധാരണകളെ പിന്‍പറ്റുന്നതല്ല. പുതുക്കിപ്പണിയാന്‍ യത്നിക്കുന്നതാണ്. എന്നാല്‍ മാര്‍ക്സിസ്റ്റുകള്‍ എന്നു വിളിപ്പേരുള്ള സംഘങ്ങള്‍ തങ്ങളുടെ സംഘചിന്തയ്ക്കും ബലപ്രയോഗത്തിനുമപ്പുറം മാര്‍ക്സിസം ഒന്നുമല്ലെന്നാണ് ധരിച്ചിട്ടുള്ളത്. അതുകൊണ്ട് മാര്‍ക്സിസ്റ്റ് വിശകലനങ്ങളെപ്പോലും പാര്ട്ടിവിമര്ശനമായും അതു നടത്തുന്നവരെ പാര്‍ട്ടി/മാര്‍ക്സിസ്റ്റ് വിരുദ്ധരായും അവര്‍ കാണുന്നു. പാര്‍ട്ടി = മാര്‍ക്സിസമെന്ന സമവാക്യമുണ്ടാക്കി ഒളിച്ചിരിക്കുകയാണ് നേതൃത്വം. പാര്ട്ടിവിമര്ശകരെല്ലാം പാര്ട്ടിവിരുദ്ധരല്ല. എന്നിട്ടും അവരെ പാര്ട്ടിവിരുദ്ധരായും മാര്‍ക്സിസ്റ്റ് വിരുദ്ധരായും ചാപ്പകുത്താനുള്ള ഉത്സാഹം സിദ്ധാന്തഭീതിയില്നിന്ന് രൂപപ്പെടുന്നതാണ്. തങ്ങളുടെ പിഴവും പരിമിതിയും മാര്‍ക്സിസത്തില്‍ ചാര്‍ത്തുന്ന ദുര്വൃത്തികൂടിയാണത്.
തെറിവിളിച്ചും ബഹളംവെച്ചും സ്വന്തം കൊടിയുടെ ചരിത്രത്തെയും അതിന്റെ സൈദ്ധാന്തിക സംവാദ സാദ്ധ്യതകളെയും തകര്‍ത്തുകളയുന്ന പുത്തന്‍കൂറ്റുകാര്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു ഭൂഷണമല്ല. അവരെ പരിശീലിപ്പിച്ച് ഇറക്കി വിടുന്ന നേതൃത്വം വലതുചിന്തയുടെ (ആശയവാദത്തിന്റെ) വ്യാഖ്യാതാക്കളും പ്രയോക്താക്കളുമാണ്. അവര്‍ സമൂഹത്തെ നയിക്കുന്നതും ആ പാതയിലാണ്. മാര്‍ക്സിസത്തെ അറിയാന്‍ ശ്രമിക്കൂ എന്ന് അവരോട് അപേക്ഷിക്കേണ്ടിവരുന്നു.
ആസാദ്
5 മാര്‍ച്ച് 2018