( മാര്‍ച്ച് മൂന്നിന് ത്രിപുര തെരഞ്ഞെടുപ്പു ഫലം വന്നു. രണ്ടരപ്പതിറ്റാണ്ടിന്റെ സി പി എം ഭരണം അവസാനിപ്പിച്ച് ബി ജെ പിയെ അധികാരത്തിലെത്തിക്കുന്ന വിധി വന്നു. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ബി ജെ പി അഴിച്ചുവിട്ട അക്രമ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. അതിനിടയിലാണ് ത്രിപുരയിലെ ലെനിന് പ്രതിമ തകര്‍ക്കപ്പെട്ടത്. അതേക്കുറിച്ച് ഒരാലോചന)
ലെനിന്.
ദഹിച്ചു തീരാത്ത ശരീരം.
ഉറവ വറ്റാത്ത വിമോചനാഹ്വാനം. അമിത്ഷായുടെ കണ്ണുപൊട്ടാത്ത കുഞ്ഞുങ്ങള്‍ ശ്രമിച്ചുനോക്ക്. ആ ശരീരം ദഹിപ്പിക്കാനാവുമോ എന്ന്. ആ ഉറവ അടച്ചുവെയ്ക്കാനാവുമോ എന്ന്.
ഗാന്ധിയെ വെട്ടി കൊലയാളിയെ പ്രതിഷ്ഠിച്ചവര്‍ ലെനിനെ സഹിക്കുമെന്ന് ആരു കരുതി? നിങ്ങള്‍ക്കു മനുഷ്യരെല്ലാം അന്യരാണ്. നിങ്ങളുടെ റിപ്പബ്ലിക്കില്‍ കൊള്ളക്കാരും നരഭോജികളുമേയുള്ളു. ഒരു കളവുമുതലാണ് നിങ്ങള്‍ക്കീ രാജ്യം. അതു വിചാരധാരകൊണ്ടും കാവിക്കീറുകൊണ്ടും ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഞങ്ങളുടെ ഇന്ത്യ വളരെ വലുതാണ്. എവിടെ കാതോര്‍ത്താലും മാര്ട്ടിന് ലൂതറും അംബേദ്ക്കറും നേരില്‍ നടത്തിയിട്ടില്ലാത്ത സംഭാഷണം കേള്‍ക്കാം. ഗാന്ധിയും മാര്‍ക്സും തമ്മിലെ നീണ്ട സംവാദം കേള്‍ക്കാം. ബുദ്ധനെയോടിച്ച കുറുവടിയൊച്ചകള് കേള്‍ക്കാം. സ്പാര്ട്ടക്കസിന്റെയും ബേബൂഫിന്റെയും മുഴക്കമുള്ള ശബ്ദവും ബൊളിവിയന്‍ വനഗര്ജ്ജനവും കേള്‍ക്കാം. ഒപ്പം, മനുഷ്യരെയാകെ ഒറ്റുകയും അടിമകളാക്കുകയും ചെയ്ത പിന്നടത്തക്കാരുടെ നാണംകെട്ട മാപ്പപേക്ഷകള്‍ കേള്‍ക്കാം. നന്മയെന്നും തിന്മയെന്നുമേ നാം അതിരിട്ടിട്ടുള്ളു. പിറകോട്ടോ മുന്നോട്ടോ എന്നേ നാം തിരക്കിയിട്ടുമുള്ളു. എല്ലാ ദേശവും ഇന്ത്യയിലായിരുന്നു.
ആരാണ് ചവിട്ടിയാഴ്ത്തുന്നത്, ആരാണ് കൈതന്നു കയറ്റുന്നത് എന്നു വേര്‍തിരിവു തന്നവര്‍ ഏറെയുണ്ട്. നിങ്ങള്‍ക്കിപ്പോള്‍ ബുദ്ധനേയും ഗാന്ധിയെയും ലെനിനെയും ഓടിക്കണം. ഒറ്റുകാരുടെ പടം ലോകസഭയില്‍ തൂക്കണം. ഭഗത്സിങ്ങിനെ മടയനും സവര്‍ക്കറെ സമര്ത്ഥനുമാക്കുന്ന മാന്ത്രിക ജലം തളിയ്ക്കണം.!! അംബേദ്ക്കറെ ചെരിപ്പുമാല അണിയിക്കുന്നവരും ലെനിനെ കടപുഴക്കുന്നവരും ഞങ്ങളുടെ ദേശീയതയെന്തെന്ന് അറിഞ്ഞിട്ടില്ല.
ലോകത്തിലെ ഓരോ രാജ്യവും ഞങ്ങള്‍ക്ക് ഇന്ത്യയിലെന്നപോലെ. ഓരോ വിശ്വപൗരനും ഇന്ത്യക്കാരന്. ആശയവും വിപ്ലവവും ഞങ്ങളെ ഉഴുതു മറിച്ചു. നാം എല്ലാവര്ക്കും ശബ്ദമായി. നിസ്വരുടെ ലോകത്തിന് അതിരുകളില്ലാതായി. സാര്‍വ്വദേശീയ വീക്ഷണത്തിന്റെ ഉപലബ്ധികൂടിയാണ് ഞങ്ങളുടെ ദേശിയത.
പിന്നെ എപ്പോഴാണ് ഇന്ത്യയിത്ര ചെറുതായത്? ഇപ്പോഴാരൊക്കെയാണ് ഇന്ത്യയെ കൂടുതല്‍ ചെറുതാക്കുന്നത്? ആര്‍ക്കാണ് അസഹിഷ്ണുവിന്റെ അടഞ്ഞ ലോകം വീണ്ടെടുക്കേണ്ടത്? ആര്‍ക്കാണ് എക്കാലത്തേയ്ക്കുമുള്ള ഊര്‍ജ്ജം പ്രസരിപ്പിച്ച സൂര്യശില്പ്പം തൊട്ട് കൈ പൊള്ളേണ്ടത്?
ആസാദ്
5 മാര്‍ച്ച് 2018