കൊന്നു തീര്‍ക്കാമോ വിശപ്പിനെ? എല്ലായിടത്തുനിന്നും ഒഴിപ്പിക്കപ്പെട്ട വിഭവങ്ങളുടെയെല്ലാം ഉടമകളെ?
എല്ലാം തട്ടിയെടുത്ത് സ്വന്തമെന്ന് അഹങ്കരിക്കുന്ന മൗഢ്യത്തെ, ചൂണ്ടുവിരല്‍കൊണ്ട് ഒന്നു കുത്തിയതേയുള്ളു. അത് കയ്യേറ്റവും മോഷണവുമായി. വന്‍കിട കയ്യേറ്റങ്ങളോടും കൊള്ളകളോടും പൊറുക്കുന്ന മധ്യവര്‍ഗ നീതിബോധം വിശക്കുന്നവന്റെ അന്നമോഷണത്തോട് പൊറുത്തില്ല.
ആദിവാസിയെ തല്ലിക്കൊന്നുവെന്ന് അലമുറയിടുന്ന മാനവികതയ്ക്ക് പലമുഖങ്ങളാണ്. ചിലപ്പോള്‍ വിശപ്പെവിടെ വിശപ്പെവിടെയെന്ന് നാടിന്റെ സമൃദ്ധി വിളംബരം ചെയ്യും. അദിവാസികളുടെ ഭൂമി തിരിച്ചു കൊടുക്കാമെന്ന ദശകങ്ങള്‍ പഴക്കമുള്ള വാഗ്ദാനം ആവര്‍ത്തിക്കും. ഭൂരഹിതരും ഭവന രഹിതരും തൊഴില്‍ രഹിതരും നിരാലംബരുമായ ഒരു വലിയ ജനസമൂഹത്തെ ചവിട്ടിച്ചവിട്ടി മണ്ണില്‍ താഴ്ത്തിക്കൊണ്ടിരിക്കും.
നമുക്ക് വന്‍കിട- ഇടത്തരം സാമ്പത്തിക ശക്തികളുടെ കേരളവും ഇന്ത്യയും മതി. കയ്യൂക്കുകൊണ്ട് അതിജീവിക്കുന്നവരുടെ സമുദായം മതി. പുറംതള്ളപ്പെടുന്നവരും പരാജിതരും നിസ്സഹായരുമാകുന്ന മനുഷ്യര്‍ തുലയട്ടെ! പലലക്ഷം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. രാഷ്ട്രീയ നേതൃത്വത്തിന്റെ സാന്ത്വനക്കൊലകള്. പലലക്ഷം ഗോത്രവിഭാഗങ്ങളാണ് സ്വയം മാഞ്ഞുപോയത്. പരിഷ്കൃത സമൂഹത്തിന്റെ അഭിമാനക്കൊലകള്‍.
നമുക്കിപ്പോള്‍ ഒരാദിവാസി അടികൊണ്ടോ ഏറേറ്റോ മരിച്ചാല്‍ ഏതാനും പ്രതികളെ വേണം. ജനാധിപത്യ സമൂഹത്തിലെ മധ്യവര്ഗാഭിമാനം കാക്കണം! കൊന്നുകൊണ്ടേയിരിക്കുകയാണ് നാമെന്ന യാഥാര്‍ത്ഥ്യം ഒളിക്കണം. തിരുത്തല്‍, ആദിവാസികള്‍ക്ക് അവര്‍ക്കവകാശപ്പെട്ട വിഭവങ്ങള്‍ നല്‍കിക്കൊണ്ടാവണമെന്ന് പറയാനാവുന്നില്ല. ദളിതരുടെയും ആദിവാസികളുടെയും അടിത്തട്ടു തൊഴിലാളികളുടെയും പലമട്ട് പുറംതള്ളപ്പെടുന്ന മനുഷ്യരുടെയും നിലവിളികളില്‍ പങ്കുചേരാനാവുന്നില്ല. ആ സമരങ്ങള്‍ വിജയിപ്പിക്കാനാവുന്നില്ല.
ആദിവാസി മധുവിനെ അക്രമിച്ചുകൊന്ന ആള്‍ക്കൂട്ടത്തില്‍ നാമെല്ലാവരുമുണ്ട്. നമ്മെ പങ്കുചേര്‍ത്ത് ഭരണവര്‍ഗം ആസൂത്രണം ചെയ്ത ബൃഹദ്നാടകത്തിന്റെ ഒരു രംഗം മാത്രമാണത്. ഇനി കണ്ണീരോ ഒപ്പാരിയോ ആവാം. അക്രമത്തിനും കൊലപാതകത്തിനും ന്യായീകരണം ചമച്ച് പൊതുസമ്മതം നേടിയ ആധുനിക സമൂഹമാണല്ലോ. ആര് ആരെയാണ് പഴിക്കുന്നത്?
മനുഷ്യന്റെ ഉള്ളുചോര്ത്തി വെറും ഉപകരണമാക്കുന്ന ഭരണവര്‍ഗ ആസൂത്രണങ്ങളെ ചെറുക്കാനുള്ള ഭാവിദര്ശനമാണ് നമുക്കുണ്ടാവേണ്ടത്. നാം നമ്മെത്തന്നെ വിചാരണചെയ്തു പുതുക്കണം. മനുഷ്യര്‍ക്ക് തുല്യനീതി നല്കുന്ന ദര്‍ശനം സ്വാംശീകരിക്കണം. അതിനുവേണ്ടി പൊരുതുന്ന രാഷ്ട്രീയം വീണ്ടെടുക്കണം. രക്തം പുരണ്ട കൈകള്‍ എവിടെയും ഒളിപ്പിക്കാനാവില്ല.
ഭരണകൂടം വെടിവെച്ചു കൊല്ലും. ഭരണകൂട പ്രേരണയില്‍ ആളുകള്‍ അടിച്ചു കൊല്ലും. അങ്ങനെയൊരു കൊലഭ്രമത്തിലോ ഭ്രാന്തിലോ വഴുതിത്തീരരുത് മഹത്തായ മാനവികതയെന്ന് സമസ്ത ജീവജാലങ്ങളും ചിലപ്പോള്‍ നമ്മോടു നിലവിളിക്കുന്നുണ്ടാവണം.
ഞാന്‍ തല കുനിയ്ക്കുന്നു. ഈ രക്തത്തില്‍ എന്റെ പങ്ക് ഏറ്റു പറയുന്നു.
ആസാദ്
23 ഫെബ്രുവരി 2018