എഴുത്തുകാര്‍ അക്രമിക്കപ്പെടുന്നത് ഏതു ചേരിയിലെന്ന പഴയ ചോദ്യത്തിന് എഴുത്തുകൊണ്ടും ജീവിതംകൊണ്ടും ഉത്തരം നല്കാന് ശ്രമിക്കുമ്പോഴാണ്. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാന്‍ വിസമ്മതിക്കുമ്പോഴാണ്. പദവികളിലും പുരസ്കാരങ്ങളിലും കുനിയാന്‍ മടിക്കുമ്പോഴാണ്. ഭരണകൂടത്തിന് സൗവര്ണപ്രതിപക്ഷമായി സ്വയം അടയാളപ്പെടുത്തുമ്പോഴാണ്. മനുഷ്യരുടെ നിലവിളികളേറ്റ് തിളച്ചു മറിയുമ്പോഴാണ്.
സമീപകാലത്ത് നമ്മുടെ ഭാഷയിലെ എഴുത്തുകാരിലേറെപ്പേരും പൊട്ടിത്തെറിച്ചത് ടി പി വധത്തിന്റെ ഞെട്ടലിലായിരുന്നു. വെട്ടുവഴിയില്‍ കവിതയും സാഹിത്യവും വന്നു. അന്നു നടുങ്ങിയവരില് പലരും ശാന്തരായി. സ്വാസ്ഥ്യത്തിലേയ്ക്കു പുനരധിവാസം ലഭിച്ചു. പുരസ്കാരങ്ങളും പദവികളും പൊന്നാടകളുമണിഞ്ഞു. മേളകളില്‍ എഴുന്നള്ളത്തുകളുണ്ടായി.
അക്രമവും കൊലപാതകവും നിലച്ചില്ല. ചോരയൊഴുക്കിന് വേഗമേറി. അതു തടയാനാവാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി. സ്കോര്‍ബോര്‍ഡുകള്‍ നിരത്തിയായി മത്സരം. നിങ്ങളെന്തിന് കൊന്നു എന്നു ചോദിക്കുമ്പോള്‍ അവരും കൊന്നില്ലേ എന്നു മറുപടി. മനുഷ്യ ജീവന് അരിഞ്ഞും വെട്ടിയുമെടുക്കുന്ന നരഭോജികളും ശവഭോജികളും പെരുകി. അവര്‍ക്കായി ലജ്ജിപ്പിക്കുന്ന ന്യായീകരണങ്ങള്‍ നിരത്തുന്നവരുണ്ടായി. കൊലയാളികള്‍ അഴിഞ്ഞാടി. അവര്‍ പാര്‍ട്ടിയിലും ജയിലിലും ഒരേപോലെ ആദരിക്കപ്പെട്ടു. മഹത്തായ ജനാധിപത്യമൂല്യവും പൗരജീവിതവും രാജ്യത്തെ നിയമ വ്യവസ്ഥയും നിരന്തരം അപമാനിക്കപ്പെട്ടു.
മധ്യയുഗത്തിലെ മതാന്ധതയില്‍ നടന്ന നരവേട്ടയും കൊലയും എത്ര നിസ്സാരമെന്നു തോന്നിപ്പിക്കുംവിധം ആധുനിക ജനാധിപത്യ യുഗത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലയാളി സംഘങ്ങളായി. ആരോഗ്യകരമായ സംവാദത്തിന്റെയും തെളിഞ്ഞ സൗഹൃദത്തിന്റെയും ജനഭാഷ അവര്‍ക്ക് ആര്‍ജ്ജിക്കാനായില്ല. ഗുണ്ടാ തലവന്മാരില്നിന്നോ മാഫിയാ അധോലോക മാടമ്പിമാരില്നിന്നോ ക്വട്ടേഷന്‍ ഏജന്റുമാരില്‍നിന്നോ ഏറെ അകലമില്ല, പല പാര്‍ട്ടി നേതാക്കളിലേയ്ക്കും.
ഈ വാസ്തവം എഴുത്തുകാരുടെ ഉറക്കം കെടുത്തുന്നില്ലെങ്കില്‍ അവരെ ആരും ഉപദ്രവിക്കുകയില്ല. സുഖകരമായ ആലസ്യമാവാം. ഗൗരി, പന്‍സാരെ, കല്‍ബുര്‍ഗി എന്നെല്ലാം അനുസ്മരണക്കുറിപ്പുകളെഴുതാം.
ഇത്രയുമെഴുതിയത് വായിച്ചാല്‍ നിങ്ങള്‍ക്കു തോന്നും നമ്മുടെ എഴുത്തുകാര്‍ അക്രമിക്കപ്പെടാത്തതില് എനിയ്ക്കെന്തോ സങ്കടമുണ്ടെന്ന്. അതേ അത്രയേ തോന്നൂ. അല്ലാതെ ജനവിരുദ്ധമായ അധികാര ലീലകളോട് കലഹിക്കുന്ന മനുഷ്യ സ്നേഹവും വിമോചക ദര്‍ശനവും നമ്മുടെ എഴുത്തുകാരിലെന്തേ ഇങ്ങനെ ചോര്‍ന്നുപോകുന്നു എന്ന ഖേദം തിരിച്ചറിയപ്പെടണമെന്നില്ല.
മനുഷ്യര്‍ തെരുവില്‍ വെട്ടിയരിയപ്പെടുന്ന കാലത്ത്, ഇതാ രക്തം, വരൂ കാണൂ എന്നലറി വിളിക്കാന്‍ നമുക്കും വേണ്ടേ ഒരു നെരൂദ? തെരുവില്‍ ചോദിക്കാന്‍ ഒരു ഹാഷ്മി?
ആസാദ്
15 ഫെബ്രുവരി 2018