Article POLITICS

കൊലപാതക രാഷ്ട്രീയം അറബിക്കടലില്‍

ആസൂത്രണം ചെയ്തുള്ള കൊലപാതകമേതും ഭീകരപ്രവര്‍ത്തനമാണ്. അത് സ്വത്തു തര്‍ക്കത്തിന്റെയോ വര്‍ഗീയ വിദ്വേഷത്തിന്റെയോ രാഷ്ട്രീയ പകയുടെയോ പേരിലാവട്ടെ, വ്യത്യാസമില്ല. പൗരന്മാര്‍ക്ക് അന്യോന്യം വിധി നടപ്പാക്കാമെങ്കില്‍ പിന്നെ എന്തിനാണ് ജനാധിപത്യ ഭരണകൂടവും നിയമവും നീതിപാലനോപാധികളും?

പക്ഷെ, അതാരും ചോദിക്കാത്തതെന്ത്? നിയമവും പൊലീസും കോടതിയും അറവുകാരും സ്വന്തമായുള്ള സംഘടിത വിഭാഗങ്ങള്‍ വര്‍ദ്ധിക്കുന്നു. രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കു സമാന്തരമായി അതെല്ലാം പ്രവര്‍ത്തിക്കുന്നു. അവയ്ക്കു മുന്നില്‍ ഭീതരായി നിസ്തേജരായി സ്തംഭിച്ചു നില്‍പ്പാണ് പൗരസമൂഹം.

ഓരോ കൊലപാതകവും അതിരറ്റ അസഹിഷ്ണുതയുടെ പ്രഖ്യാപനമാണ്. ജനാധിപത്യ മൂല്യത്തിനും ജീവിതത്തിനും നേരെയുള്ള കടന്നാക്രമണമാണ്. സമഭാവനയും സമജീവിതവും അസാധ്യമാക്കുന്ന ഹീനതാല്‍പ്പര്യങ്ങളുടെ വിളവെടുപ്പാണ്. അധസ്ഥിത സമൂഹങ്ങളുടെ കൂട്ടായ്മകളെയും  വിമോചനപ്പോരാട്ടങ്ങളെയും അകറ്റി നിര്‍ത്തലാണ്. ഒന്നിച്ചു നില്‍ക്കേണ്ട, ഒരേ വ്യവസ്ഥയുടെ ഇരകളെ അന്യോന്യ ശത്രുക്കളാക്കി ഭരണവര്‍ഗത്തിന്റെ പാദസേവയനുഷ്ഠിക്കലാണ്. രാഷ്ട്രീയമെന്ന വിശേഷണം ഒരു കൊലപാതകത്തെയും മാന്യമാക്കില്ല. അതതിന്റെ ഭരണവര്‍ഗ ഒളിസേവ മറച്ചു പിടിക്കയുമില്ല.

കൊലയാളികള്‍ ശിക്ഷിക്കപ്പെട്ടാല്‍  രാഷ്ട്രീയത്തടവുകാരാവുകയില്ല. കാരണം,  കൊല രാഷ്ട്രീയ പ്രവര്‍ത്തനമല്ല. കൊലയാളികള്‍ മനുഷ്യരുമല്ല. അവരെ മനുഷ്യരായി വീണ്ടെടുക്കാനാണ് ശിക്ഷാവിധികള്‍. അതിനാണ് നിയമവ്യവസ്ഥയും നടത്തിപ്പുപാധികളും.  അത് പ്രവര്‍ത്തനക്ഷമമാവണം. ജനപ്രതിനിധികളും സര്‍ക്കാറും അതു ചെയ്യണം. ഒരു മനുഷ്യനെങ്കിലും ജീവഹാനിയുണ്ടായാല്‍ ആ നാട്ടില്‍ ജനാധിപത്യ സര്‍ക്കാര്‍ ഇല്ലെന്നേ കരുതാനാവൂ. ഹീനമായ നരഹത്യ  തടയാനാവാത്ത ഭരണാധികാരി സ്ഥാനത്ത് തുടര്‍ന്നുകൂടാ. ലജ്ജയോ കുറ്റബോധമോയില്ലാത്തവന്‍ കോമാളിയോ ഉന്മാദിയോ ആവണം. അങ്ങനെയാരാന്‍  തുടരുന്നുവെങ്കില്‍ അവരോളം കുറ്റവാളികളാരുണ്ട്? അവരെ അവസാനവിധിയിലേയ്ക്കു നയിക്കാന്‍ ജനങ്ങള്‍ക്കു കഴിയണം. അല്ലെങ്കില്‍ ആ നാട് എരിഞ്ഞു തീരട്ടെ.

കൊടും കുറ്റവാളികളെപ്പോലും തൂക്കിലേറ്റരുതേയെന്ന് കരഞ്ഞഭ്യര്‍ത്ഥിക്കുന്ന മാനവികതയും നീതിബോധവും നമുക്കുണ്ട്. വധശിക്ഷാ വിരുദ്ധ നിലപാടുള്ള പാര്‍ട്ടികളുണ്ട്. കുറ്റവാളികള്‍ക്ക് തൂക്കുമരം നല്‍കേണ്ടെന്നു വാദിക്കുന്ന പാര്‍ട്ടികള്‍ നിരപരാധികളെ തല്ലിയോ വെട്ടിയോ കൊല്ലാമെന്ന് പഠിപ്പിക്കുന്നു. ആ രാഷ്ട്രീയത്തെക്കുറിച്ച് എന്തു പറയാന്‍?!

അക്രമത്തെ അക്രമംകൊണ്ടു നേരിടും എന്നു നിശ്ചയിക്കുന്നത് ധീരതയല്ല. കമ്യൂണിസ്റ്റുകാര്‍ക്ക് അതാവുകയുമില്ല. യഥാര്‍ത്ഥ സമരത്തിന്റെ സഖ്യ ശക്തികളെ അകറ്റാനും  പോര്‍വീര്യമൂറ്റാനുമുതകുന്ന ഭരണകൂട കൗശലങ്ങളോട് ഒരു കമ്യൂണിസ്റ്റുകാരനും രാജിയാവുകയില്ല. നിര്‍ണായകവും അനിവാര്യവുമായ ഘട്ടത്തില്‍ ഭരണകൂടത്തോട് ബലപ്രയോഗമാവാം എന്നല്ലാതെ വേറൊരു  ബലതന്ത്രവും കമ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുകയില്ല. ഭണകൂടത്തിന്റെ കളിപ്പാവകളോ കോമാളികളോ ആവുന്നതിനെ അവര്‍ വെറുക്കുന്നു. കമ്യൂണിസ്റ്റുകാരാവുക എന്നത് മനുഷ്യരാവുക എന്നതില്‍നിന്നു ഭിന്നമല്ലെന്ന് ചെങ്കൊടി പ്രസ്ഥാനങ്ങള്‍ മറന്നുകൂടാ. കൊലയാളി സംഘങ്ങളെ നിയമത്തിനും പൊതു സമൂഹത്തിനും മുന്നില്‍ എത്തിക്കുക മാത്രമേ വേണ്ടൂ. നീതിയുടെ വിധി നടന്നുകൊള്ളും.

കൊലയാളികളെ ഒപ്പംകൂട്ടുകയോ നേതൃസ്ഥാനത്തിരുത്തുകയോ ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ കൊലയാളി സംഘങ്ങള്‍തന്നെയാണ്. അവര്‍ക്ക് ജനങ്ങള്‍ക്കുവേണ്ടിയെന്ന പ്രതിജ്ഞയുടെ പൊരുളറിയില്ല. ആ ഇത്തിരിവിഷം അതിന്റെ ഉടലിനെ എരിച്ചുതീര്‍ക്കും. ഉള്ളു പൂതലിക്കുന്നത് അറിയാത്ത മഹാ വൃക്ഷംപോലെ അത് പതനകാലത്തെ കാത്തുകിടക്കും. തിരുത്താവുന്നത് തിരുത്താനുള്ള ആര്‍ജ്ജവമുണ്ടാവട്ടെയെന്ന് വളരെ വൈകിയ വേളയിലും ഞാനാശിക്കുന്നു.

ആസാദ്
14 ഫെബ്രുവരി 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )