കേരള ലളിത കലാ അക്കാദമിയുടെ കീഴിലുള്ള എറണാകുളം ദര്‍ബാര്‍ ഹാളില്‍ എന്തൊക്കെ നടത്തണമെന്ന്, ഏതു ഭക്ഷണം കഴിയ്ക്കണമെന്ന് നിശ്ചയിക്കേണ്ടത് സമീപത്തെ ക്ഷേത്ര സമിതിയോ മനുവാദി സംഘങ്ങളോ അല്ല. അവകാശപ്പെട്ട ഇടങ്ങളില്‍ മതി അധികാരപ്പേച്ച്. ജനാധിപത്യ മതനിരപേക്ഷയിടങ്ങളിലേയ്ക്ക് മധ്യയുഗത്തിലെ മാടമ്പിത്തരവുമായി എഴുന്നള്ളേണ്ട. ചരിത്രബോധമോ കര്‍മ്മശേഷിയോ ഉള്ള ഒരാള്‍മതി അരുതെന്ന് വിലക്കുവാന്‍. ദൗര്‍ഭാഗ്യവശാല്‍ ഭരണാധികാരികളുടെ തൊണ്ടയില്‍ എല്ലു കുരുങ്ങിയിരിക്കുന്നു.
പ്രശ്നമതാണ്. മനുവാദികളുടെ ഒളിപ്പുരകളായി വിപ്ലവ ജീവിതങ്ങള്‍ മാറുന്ന വിപര്യയം . മനുവിന് മതേതര വ്യാഖ്യാനമോ ജാതിഹിന്ദുത്വത്തിന് ഇടതുപക്ഷ ഹിന്ദുത്വ സമാന്തരമോ സാധ്യമെന്ന് വന്നിരിക്കുന്നു. പാശ്ചാത്യ സെക്കുലറിസം മതനിഷേധമാണെന്നും ഇന്ത്യന്മതനിരപേക്ഷത മതധാര്മികതകളെ ആശ്ലേഷിക്കലാണെന്നും മാര്‍ക്സിനെ വണങ്ങി വിശദീകരിക്കുന്നവരുണ്ട്. കൃത്രിമ ഹിന്ദുത്വത്തെ തള്ളി യഥാര്‍ത്ഥ ഹിന്ദുത്വത്തെ പുല്കൂ എന്ന ആഹ്വാനവും ഉയരുന്നുണ്ട്. രാഷ്ട്രീയാധികാരത്തിന്റെ ഭാഗമാകുമ്പോഴേ ഹിന്ദുത്വം അപായകാരിയാവുന്നുള്ളു എന്നും പ്രതിരോധത്തിനൊപ്പമാകുമ്പോള് അതു പുരോഗമനപരമാവുമെന്നും വിശദീകരണവുംവരുന്നുണ്ട്.
മതം സ്വയം ഒരധികാരശക്തിയാണെന്ന മത വിമര്‍ശനത്തിന്റെയും നവോത്ഥാനത്തിന്റെയും ബാലപാഠം നാം മറക്കുകയാണ്. അത് ശാസ്ത്രയുഗത്തെ നിഗൂഢതകള്കൊണ്ടു മൂടി അന്ധകാരചര്യകളെ പുനരാനയിക്കുന്നു. അകന്നു നില്‍ക്കേണ്ടത് ആരൊക്കെയെന്നംം ഏതേതളവുകളിലെന്നും പുതിയ കല്പ്പനകളുണ്ടാവുന്നു. ഞങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളും അതു ചെയ്യുക, എഴുന്നള്ളുമ്പോള്‍ വഴിമാറി നടക്കുക, നോമ്പെടുക്കുമ്പോള്‍ ജലപാനമുപേക്ഷിക്കുക, ഞങ്ങളുടെ വിശുദ്ധ ഭ്രാന്തുകളെ പിന്തുടരുക എന്നിങ്ങനെ ഭൂതബാധിതര്‍ കല്‍പ്പിച്ചുകൊണ്ടിരിക്കും. ജനാധിപത്യത്തില്‍ അവര്‍ക്കുള്ള ചികിത്സയുണ്ട്. അത് നല്കാന് ആശയവ്യക്തതയും ഇച്ഛാശക്തിയും വേണം.
കരുണയും വിപ്ലവവും കൈകോര്‍ക്കുന്ന ദര്‍ശന സീമയില്‍ ബുദ്ധനും മാര്ക്സുമേയുള്ളു. അവര്‍ക്കിടയിലെ കാലം കുടിലാധികാര വാഴ്ച്ചയും വേഴ്ച്ചയും നടത്തി നായാടിയ മനുവാദികളുടെ ശങ്കര ഭാഷ്യത്തിന്റേതാണ്. അതിന്റെ ,പിന്കുടുമകളില് തൂങ്ങി മനുവാദികളൂടെ വസന്തം വന്നെത്തുമെന്ന് ആരും കിനാവു കാണേണ്ട. രണ്ടറ്റത്ത് ബുദ്ധനും മാര്‍ക്സും സ്ഥാപിച്ച സമജീവിത ദര്‍ശനത്തിന്റെ തീവ്രപ്രേരണകള് ജ്വലിക്കുന്നുണ്ട്. മാര്‍ക്സിനെ പൂണൂലിടുവിച്ചും ബുദ്ധനെ ശങ്കരവേഷമിടുവിച്ചും കാലത്തോടിടയുന്ന പുതു കൗടില്യന്മാര് വെറും കോമാളിവേഷങ്ങളാണ്.
ബുദ്ധനിലും മാര്‍ക്സിലും സ്പര്‍ശിച്ചേ വിമോചനമേതും സാധ്യമാകൂ. ഗാന്ധിയും അംബേദ്ക്കറും തൊട്ടതവിടെയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ അനാക്രമണ സന്ധികളിലിരുന്ന് വൈസ്രോയിക്ക് ഒരു നാള് ഗാന്ധി എഴുതിയത് ആത്മരക്ഷയ്ക്കുള്ള വെടിക്കോപ്പ് പോരാളിയുടെ അവകാശമെന്നാണ്. എല്ലാസ്വത്തും പൊതുവെന്ന ചിന്തയില്‍ ബുദ്ധനും മാര്‍ക്സും ഒന്നെന്ന് ആവേശംകൊള്ളുന്നുണ്ട് അംബേദ്ക്കര്‍. ദൈവങ്ങളില്ലാത്ത സമജീവിതത്തിന്റെ ദര്‍ശന ദീപ്തിയും അദ്ദേഹം അവിടെ കണ്ടു. ഒന്നേ എതിര്‍ത്തുള്ളു. മാര്‍ക്സിസത്തിലെ ബലപ്രയോഗത്തെ.
പുതിയ കാലം അതൊക്കെ അറിയുകയും അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. സ്വത്തധികാരത്തിന്റെയും വെട്ടിപ്പിടുത്തത്തിന്റെയും കൗശലങ്ങളെ ആശ്ലേഷിച്ചേ എന്നും വ്യവസ്ഥാപിത മതങ്ങള്‍ നിന്നിട്ടുള്ളു. ബുദ്ധന് തള്ളിയ ധനാഢ്യതയുടെ അധികാരമാണ് ജാതിഹിന്ദുത്വവും ഇതര മതസങ്കുചിത വാദങ്ങളും എഴുന്നള്ളിക്കുന്നത്. ജാതിഹിന്ദുത്വം കോര്‍പറേറ്റ് ധനക്കോയ്മയുടെ സഖ്യശക്തിയാകുന്നു. അത് വളര്‍ന്നു തിടംവെച്ച് ഫാഷിസമാകുമ്പോള് പ്രതിരോധം ബുദ്ധനിലും മാര്‍ക്സിലും ഊന്നിയേ സാധ്യമാകൂ.
അതിനാല്‍ വിഢ്ഢിവേഷം കെട്ടിയവര്‍ അതഴിച്ചു തുടങ്ങണം. മാര്‍ക്സിനെ പൂണൂല് ധരിപ്പിച്ചവര്‍ വീണ്ടുവിചാരത്തിനൊരുങ്ങണം. മതയുക്തികളുടെ കാലം കഴിഞ്ഞിരിക്കുന്നു. ആത്മീയതയുടെ നവോന്മേഷം ഉന്നതമായ മാനവികതയില്‍ മാത്രം തളിര്ക്കുന്നതാണ്. മതയുക്തികള്‍ കുടഞ്ഞെറിയുന്ന ജനാധിപത്യ ജീവിതമാണ് ആ ആത്മീയതയുടെ ആസ്പദമാവുക. അതാണ് സെക്കുലറിസം. സര്‍വ്വ മത ധര്‍മ്മങ്ങളെയും അകാലത്ത് പുല്കിയുണര്ത്തുന്ന ഭ്രാന്തന്കിനാവല്ല മതേതരത്വം. ജനാധിപത്യത്തിന്റെ ധര്‍മ്മവും കര്‍മ്മവും കണ്ടെടുക്കലാണത്.
അതിനാല്‍ ഭൂതബാധിതരുടെ ജല്പ്പനങ്ങളെ നേരിടാന്‍ ജനാധിപത്യത്തിന്റെ ഉപാധികള്‍ ശക്തിപ്പെടണം. അനീതികളോടു സന്ധി ചെയ്യാത്ത സമരമുഖങ്ങളിലേ വിമോചന ആശയങ്ങള്‍ പൊടിക്കുകയുള്ളു. ഫാഷിസത്തിനെതിരായ സമരം കെട്ടുകാളയെഴുന്നെള്ളിപ്പല്ല. പ്രത്യയ ശാസ്ത്ര ധാരണയോടെയുള്ള അച്ചടക്കപൂര്‍ണമായ സമരമാണ്. മനുഷ്യത്വത്തെയും പ്രകൃതിയെയും ജീവിതത്തിന്റെ വൈവിദ്ധ്യങ്ങളെയും വെല്ലുവിളിക്കുന്ന എല്ലാറ്റിനെയും നാം നേരിട്ടേ പറ്റൂ. ജാതിമതിലുകളോ അയിത്തഫത്വകളോ അനുവദിക്കുന്ന പ്രശ്നമേയില്ല. ഭരണകൂടം മടിച്ചുനിന്നാല്‍ ജനങ്ങളെന്തു ചെയ്യണമെന്ന് മേല്‍സൂചിപ്പിച്ച മഹാന്മാര് കാണിച്ചുതന്നിട്ടുണ്ട്. അതിനിനി ആരും ആഹ്വാനം ചെയ്യണമെന്നില്ല.
ആസാദ്
1 ഫെബ്രുവരി 2018