Article POLITICS

വര്‍ഗ രാഷ്ട്രീയവും വലതു രാഷ്ട്രീയവും

red

കമ്യൂണിസ്റ്റുകാര്‍ സാധാരണ നിലയ്ക്ക് മത വിശ്വാസികളല്ല. വൈരുദ്ധ്യാത്മക ഭൗതിക വാദികളാണ്. അതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഘടകങ്ങളില്‍ മതപ്രാതിനിധ്യം എന്ന വിഷയം ഉദിക്കുന്നില്ല. വര്‍ഗ പങ്കാളിത്തം പരിശോധിക്കപ്പെടുകയും ചെയ്യും.

മത വിശ്വാസികള്‍ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ട് അംഗത്വം സ്വീകരിയ്ക്കുന്നത് സ്വാഭാവികമാണ്. പാര്‍ട്ടിയുടെ വ്യവഹാര ഘടനയില്‍ അത്തരക്കാതെ ആന്തരിക പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന ദര്‍ശനവും വര്‍ഗരാഷ്ട്രീയവുമുണ്ട്. ഈ രാസപരിണാമങ്ങളിലൂടെ കടന്നു പോകുന്നവരാണ് പാര്‍ട്ടിയുടെ നേതൃഘടകങ്ങളിലേയ്ക്ക് എത്തുന്നത്.

എന്നാല്‍, മതവിശ്വാസത്തിന് ഇടമുള്ള, കമ്യൂണിസ്റ്റ് നാമധാരിയായ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടികളില്‍ അതല്ല സ്ഥിതി. അവിടെ വിശ്വാസികള്‍ക്ക് എല്ലാ ഘടകങ്ങളിലും ഇടമുണ്ടാകും. വൈരുദ്ധ്യാത്മക ഭൗതികവാദവും വര്‍ഗ രാഷ്ട്രീയവും ഏട്ടിലെ പശുക്കളാകും. ബൂര്‍ഷ്വാ രാഷ്ട്രീയത്തിലെ ചേരുവകളെല്ലാം അവിടെക്കാണും. വിവിധ മതാചാരങ്ങളും അനുഷ്ഠാനങ്ങളും പുലര്‍ത്തുന്ന ഭൗതികവാദ ദര്‍ശനമുള്ള പാര്‍ട്ടി എന്ന പരസ്യപ്പലക അതിന്റെ മുഖത്തുണ്ടാകും. ഹിന്ദു കമ്യൂണിസ്റ്റോ മുസ്ലിം കമ്യൂണിസ്റ്റോ ആയി വിശേഷിപ്പിക്കുന്നതില്‍ എന്തെങ്കിലും അനൗചിത്യം അവര്‍ക്കു തോന്നില്ല. മതാധിഷ്ഠിത പരിപാടികളും ഘോഷയാത്രകളും ചുമര്‍ച്ചിത്രങ്ങളും പതിവാകും. അത്തരമൊരു പാര്‍ട്ടിയുടെ വര്‍ഗഘടനയ്ക്കൊപ്പം അതിന്റെ മത, ജാതി നില വിശകലന വിധേയമാവുക സ്വാഭാവികമാണ്.

വര്‍ഗവത്ക്കരണത്തിന്റെ തീവ്ര വ്യവഹാരങ്ങളില്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഉപരിവര്‍ഗത്തിന്റെയും അതിനു പ്രിയങ്കരമായ ഭൂരിപക്ഷമതത്തിന്റെയും സ്വഭാവങ്ങളിലേയ്ക്ക് തലകുത്തി വീഴും. കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടികളില്‍ അതു സംഭവിച്ചിട്ടുണ്ടോ എന്ന് ആര്‍ക്കും നോക്കിക്കാണാം. താല്‍ക്കാലികമോ സാന്ദര്‍ഭികമോ ആയ പ്രേരണകളാല്‍ മാത്രം കിട്ടുന്ന സൗഭാഗ്യമായി ന്യൂനപക്ഷ പിന്തുണ മാറുന്നത് മതാധിഷ്ഠിത വിലപേശല്‍ അകത്തു നിലനില്‍ക്കുന്നതിനാലാണ്. അതിനപ്പുറം കടക്കാനുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികളിലെ സമസ്ത സാധ്യതകളും അടച്ചുവച്ച് ഇരുട്ടാഘോഷിക്കുകയാണ് നേതൃത്വം.

എങ്ങനെ നല്ല കമ്യൂണിസ്റ്റാകാമെന്നും എന്താണ് കമ്യൂണിസ്റ്റ് സദാചാരമെന്നും പാര്‍ട്ടി പാഠശാലയിലെ ആദ്യനാളുകളില്‍ കേള്‍ക്കേണ്ടതാണ്. അതറിഞ്ഞവരാരെങ്കിലും പാര്‍ട്ടിയെ നയിക്കാനുണ്ടോ എന്നറിയില്ല. ഏതു വലതു പാര്‍ട്ടിയോടും താരതമ്യം ചെയ്ത് സ്വയം ചെറുതാവുന്ന നേതൃത്വത്തിന് കമ്യൂണിസ്റ്റ് മൂല്യങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലെന്നേ കരുതാനാവൂ. കമ്യൂണിസ്റ്റെന്ന വിശേഷണവും ചെങ്കൊടിയും അതുള്‍ക്കൊള്ളുന്ന വൈരുദ്ധ്യാത്മക ഭൗതിക ദര്‍ശനവും ഇങ്ങനെ അവമതിയ്ക്കപ്പടണോ എന്ന് ശേഷിയുള്ളവര്‍ ചിന്തിക്കട്ടെ.

കാലത്തിനൊപ്പം മാറേണ്ടേ എന്നൊരു ചോദ്യം ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എല്ലാകാലത്തും ഉപരിവര്‍ഗവും അതിന്റെ ഭ്രമിപ്പിക്കുന്ന സാധ്യതകളും നിലനിന്നിരുന്നു. അവയോടു പൊരുതിയാണ് പാര്‍ട്ടി വര്‍ഗനില കൈവരിച്ചിരുന്നത്. ഇപ്പോഴും കമ്യൂണിസ്റ്റുകാരെല്ലാം മേല്‍ത്തട്ടു ജീവിതത്തിന് ആര്‍ത്തിപൂണ്ടവരല്ല. മണിക് സര്‍ക്കാറിനെപ്പോലെ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെത്തന്നെ ചൂണ്ടിക്കാണിക്കാനുണ്ട് നമുക്ക്. ത്രിപുരയില്‍ നൃപന്റെയും ദശരഥ് ദേബിന്റെയും പാരമ്പര്യം മണിക് സര്‍ക്കാറിന് പിന്തുടരാനാവുന്നു. കേരളത്തില്‍ കൃഷ്ണപിള്ളയുടെയും ഇ എം എസിന്റെയും എ കെ ജിയുടെയും പാരമ്പര്യം ഉപേക്ഷിക്കപ്പെടുന്നു. ഒരേ പാര്‍ട്ടി രാജ്യത്തിന്റെ വടക്കും തെക്കും രണ്ടു കാലത്തിലൂടെയും പരിപാടിയിലൂടെയുമാണോ കടന്നു പോകുന്നത്? കമ്യൂണിസ്റ്റ് വഴികളില്‍നിന്ന് വ്യതിചലിക്കുന്ന പാര്‍ട്ടിയെ കൂടുതല്‍ അപായങ്ങളിലേയ്ക്കും ജീര്‍ണതകളിലേയ്ക്കും നയിക്കാനേ അന്ധ ഭക്തര്‍ക്കാവൂ. ധീരമായ ഇടപെടലുകളും തിരുത്തലുകളുമാണ് വേണ്ടത്. പാര്‍ട്ടി തകര്‍ന്നടിയുംവരെ കിട്ടിയ സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാം എന്നു കരുതുന്നവരെ യുക്തികൊണ്ട് ഒന്നും ബോധ്യപ്പെടുത്താനാവില്ല. അടിത്തട്ടില്‍നിന്നേ മാറ്റത്തിന്റെ ചുഴലികള്‍ രൂപപ്പെടൂ.

ആസാദ്
31 ജനവരി 2018

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )