Article POLITICS

ദുഷിച്ച നഗരം ; അദ്ധ്വാനത്തിന്റെ നാടകസൗന്ദര്യം

img01

 

തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തില്‍ ഇന്നേ എത്തിയുള്ളു. ഒരു നാടകമേ കണ്ടുള്ളു. പോളണ്ടില്‍നിന്നുള്ള തിയേറ്റര്‍ ബ്യൂറോ പൊഡ്രോസി എന്ന ഗ്രൂപ്പിന്റെ Bad City ( ദുഷിച്ച നഗരം )- പാവേല്‍ സ്കോതകാണ് സംവിധായകന്‍.

വ്യാവസായിക പുരോഗതിയുടെ ആദ്യകാലാനുഭവങ്ങളില്‍ അന്നവും കൂലിയും തൊഴില്‍ സുരക്ഷയും മുന്‍തിര്‍ത്തിയുള്ള പിടച്ചിലുകളും പോരുകളുമുണ്ട്. മുതലാളിത്തം എപ്പോഴും ജീവന്‍ നിലനിര്‍ത്താന്‍ മാത്രം പോന്ന ആനുകൂല്യങ്ങളില്‍ തൊഴിലാളികളെ തളച്ചു. വിശപ്പും അദ്ധ്വാനവും ഭാവനയും കലഹിച്ച നാളുകള്‍ പിന്‍ സ്ക്രീനിലെ യന്ത്രപ്പകര്‍ച്ചയ്ക്കും അതിന്റെ വേഗമേറുന്ന മുരള്‍ച്ചയ്ക്കുമൊപ്പം അരങ്ങിലെത്തി. അദ്ധ്വാനത്തിന്റെ മെയ് വഴക്കങ്ങള്‍ ചലനത്തിന്റെ വേറിട്ട ഉടലെഴുത്തായി. അതിന് നിറപ്പകിട്ടും വഴുവഴുപ്പും വിഭ്രമിപ്പിക്കാത്ത സ്ഥൈര്യമുണ്ടായിരുന്നു. കറുപ്പും വെളുപ്പും നിറഞ്ഞ, ഇരുളും വെളിച്ചവുമിടഞ്ഞ കലാപത്തിന്റെ പ്രത്യശാസ്ത്രം തെളിയുന്നുണ്ടായിരുന്നു.

അന്നവും സ്വാസ്ഥ്യവും നിഷേധിക്കപ്പെട്ട കാലത്തുനിന്ന് ആത്മാവുതന്നെ ചോര്‍ത്തുന്ന കാലത്തേയ്ക്കുള്ള അദ്ധ്വാനത്തിന്റെ പരിണാമം സംഭവ പരമ്പരകളോ സംഭാഷണമോ ഇല്ലാതെ അരങ്ങില്‍ തെളിഞ്ഞു. വിഭജിത വര്‍ഗാവസ്ഥയുടെ മേല്‍ കീഴ് ജീവിതങ്ങളെ ഇരുവിതാനങ്ങളില്‍ വരച്ചു. തൊഴിലാളിയുടെ മാത്രമായ ഭാഷയില്‍ അപരവര്‍ഗത്തെ, (തിരിച്ചല്ല) എഴുതിയെന്നത് നാടകത്തിന്റെ വ്യത്യസ്തതയായി. അദ്ധ്വാനത്തിന്റെ നാടകവേദി എന്നൊന്നുണ്ടെന്നും അതിന് സ്വന്തമായ സിദ്ധാന്തവും രീതിശാസ്ത്രവുമുണ്ടെന്നും അതെന്നെ ബോധ്യപ്പെടുത്തി. തൊഴിലിടവും ഉപകരണവും കാലവും മാറുന്നുണ്ടാകാം. ചൂഷണവും വര്‍ഗവേര്‍തിരിവും അതിന്റെ സംഘര്‍ഷങ്ങളും എപ്പോഴും ഒന്നുതന്നെയെന്ന് ഏറ്റവും പുതിയ കാലത്ത് യൂറോപ്പിലെ ഒരു നാടകവേദി ഓര്‍മ്മപ്പെടുത്തുന്നു.

മാര്‍ത്ത സ്ട്രസാല്‍ക്കോ, ബര്‍ത്താസ് ബോറോസ്കി, ലൂക്കാസ് കവാള്‍സ്കി, ജറോസ്ലാ സിജ്കോവ്സ്കി, തോമാസ് വ്രസാലിക് എന്നിവരായിരുന്നു അരങ്ങത്ത്. അഞ്ചുപേര്‍ അനേകരുടെ ഉത്സാഹം പകുത്തു. ഒഴിഞ്ഞ ചട്ടിയില്‍നിന്നും എങ്ങനെ കഞ്ഞി കുടിക്കും നാം എന്ന ആ പഴയ ഗാനത്തിന്റെ ഒലിഭേദവും പാഠമാറ്റവും അറിഞ്ഞു.

ദില്ലിയില്‍ സഫ്ദര്‍ ഹാഷ്മി ഹല്ലാ ബോല്‍ പരിക്ഷിക്കുന്ന കാലത്താണ് പോളണ്ടില്‍ പാവേല്‍ തന്റെ നാടകക്കമ്പനി രൂപീകരിക്കുന്നത്. ലേ വലേസയുടെ കൊട്ടാര വിപ്ലവവും ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയും ഉണ്ടാക്കിയ പൊട്ടിത്തെറികള്‍ക്കിടയിലും അടിച്ചമര്‍ത്തപ്പെടുന്നവരുടെ തിയേറ്റര്‍ വളര്‍ന്നിരിക്കണം. അതല്ലെങ്കില്‍ ഇത്ര സൂക്ഷ്മമായി ആവിഷ്ക്കരിക്കാന്‍ പ്രാപ്തമായ ശ്രമവും ശ്രദ്ധയും പാവേല്‍ നട്ടു വളര്‍ത്തി. ദുഷിച്ച നഗരം ഉജ്വലമായ നാടകമാണോ എന്നു പറയേണ്ടത് ഞാനല്ല. ഞാനത്ര വിദഗ്ദ്ധനല്ല. ഞാന്‍ ആ നാടകം എങ്ങനെ കണ്ടു എന്നേ എനിയ്ക്കു പറയാനാവൂ. പാവേലിനും അദ്ദേഹത്തിന്റെ നാടക ട്രൂപ്പിനും അഭിവാദ്യം.

ആസാദ്
26 ജനവരി 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )