Article POLITICS

തൊഗാഡിയയ്ക്കും മീതേയാണ് ഹിംസ്രഹിന്ദുത്വം

 

പ്രവീണ്‍ തൊഗാഡിയ വിശ്വ ഹിന്ദു പരിഷത്തിന്റെ അന്തര്‍ദേശീയ അദ്ധ്യക്ഷനാണ്. വെറുപ്പും വൈരവും തിളയ്ക്കുന്ന പ്രഭാഷണങ്ങളിലൂടെ രാജ്യമെങ്ങും ഹിംസ്ര ഹിന്ദുത്വത്തെ കുത്തിയുണര്‍ത്തിയിട്ടുണ്ട്. പക്ഷെ, സ്വന്തം ഭരണകൂടത്തിനു മുന്നില്‍ അദ്ദേഹമിതാ ഭയന്നു നില്‍ക്കുന്നു. താന്‍ വേട്ടയാടപ്പെടുകയാണെന്ന് നിലവിളിക്കുന്നു. ഒരു വ്യാജ ഏറ്റുമുട്ടലില്‍ താനെപ്പോഴും കൊല്ലപ്പെടാമെന്ന് തുറന്നടിക്കുന്നു. ഇസെഡ് കാറ്റഗറി സുരക്ഷ തനിക്കു ഭീഷണിയാവുകയാണ്. ഗുജറാത്ത്- രാജസ്ഥാന്‍ പൊലീസുകള്‍ ഒരു ദശകം പഴക്കമുള്ള കേസു പൊക്കി പിറകേയുണ്ട്. രക്ഷിക്കൂ എന്ന് രാജ്യത്തോടു അപേക്ഷിക്കുന്നത് പ്രവീണ്‍ തൊഗാഡിയയാണ്.

വിശ്വഹിന്ദു പരിഷത്തില്‍ മൂന്നര പതിറ്റാണ്ടായി സജീവമാണ് തൊഗാഡിയ. നരേന്ദ്ര മോഡിയെ ഒപ്പം കൂട്ടിവളര്‍ത്തിയ പ്രവര്‍ത്തനകാലം പക്ഷെ മോഡി മറന്നിരിക്കുന്നു. അമിത് ഷായുടെ സൗഹൃദം മോഡിയെ മാറ്റിയിരിക്കണം. അല്ലെങ്കില്‍ ഇത്രയും അകല്‍ച്ച വന്നതെങ്ങനെയാണ്? ബി ജെ പി സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നും വ്യാജ ഏറ്റുമുട്ടലിനാണ് ശ്രമം എന്നുമുള്ള പ്രസ്താവനകള്‍ മോഡി അമിത്ഷാ ദ്വന്ദ്വത്തെയല്ലാതെ ആരെയാണ് ലക്ഷ്യമാക്കുന്നത്?

തൊഗാഡിയ വാതുറന്നിടത്തെല്ലാം വിവാദമുണ്ടായി. കേസുകളുണ്ടായി. എങ്കിലുമത് പശുവിലും ക്ഷേത്രത്തിലും ഊന്നിയ പുനരുത്ഥാന രാഷ്ട്രീയം എങ്ങും വിതച്ചു. മാറ്റത്തിന്റെ നായകനായി. മോഡിയെയും ബിജെപിയെയും അധികാരത്തിലേക്ക് ഉയര്‍ത്തി. അസഹിഷ്ണുതയും അശാന്തിയും പരത്തിയ ജാതിഹിന്ദു രാഷ്ട്രീയം അതിന്റെ നായകനെ വിട്ട് മോഡിക്കും അമിത്ഷായ്ക്കും മുന്നില്‍ ആജ്ഞ കാത്തു നില്‍ക്കുകയാണോ? തൊഗാഡിയയുടെ ദയനീയ മുഖം അതല്ലേ പ്രകാശിപ്പിക്കുന്നത്? ഇസെഡ് കാറ്റഗറി പൂച്ചകളറിയാതെ അബോധാവസ്ഥയില്‍ പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട സാഹചര്യം ആരാണ് വിശദീകരിക്കേണ്ടത്, മോഡിയും ഷായുമല്ലാതെ?

പ്രവീണ്‍ തൊഗാഡിയയ്ക്ക് ഭയക്കേണ്ടതുണ്ടെങ്കില്‍ ആര്‍ക്കാണ് ഇവിടെ സ്വാസ്ഥ്യമുണ്ടാവുക? ആരുടെ ജീവനും സ്വത്തിനുമാണ് രക്ഷയുണ്ടാവുക? മൂല്യങ്ങള്‍ പുരോഗമനപരമോ പ്രതിലോമപരമോ ആവട്ടെ, ഒട്ടും ആവശ്യമില്ലെന്ന നേതൃത്വത്തിന്റെ ‘ചിഹ്നംവിളി’യാണ് ഷായില്‍ മുഴങ്ങുന്നത്. ഹിംസയുടെയും കടന്നു കയറ്റത്തിന്റെയും പുതിയ അധികാര പര്‍വ്വമാണ് നാം കണ്ടുതുടങ്ങുന്നത്. തൊഗാഡിയയ്ക്കും മീതെയുണ്ട് ഹിംസ്രഹിന്ദുത്വമെന്ന് തൊഗാഡിയ തന്നെയാണ് രാജ്യത്തെ പഠിപ്പിക്കുന്നത്. അതൊരു മുന്നറിയിപ്പാണ്. ജനാധിപത്യ മൂല്യങ്ങള്‍ മുറുകെ പുണരുന്നവരുണ്ടെങ്കില്‍ ഇതവര്‍ക്കുള്ള ആഹ്വാനവുമാണ്.

ആസാദ്
16 ജനവരി 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )