വി ടി ബല്‍റാം കേരളത്തില്‍ വാസ്തവാനന്തര നവരാഷ്ട്രീയ ധാരയുടെ അവതാരകനും പ്രയോക്താവുമായിരിക്കുന്നു. അതിന്റെ ആചാര്യ പദവിയിലേയ്ക്ക് രണ്ടു നാള്‍കൊണ്ട് ഉയര്‍ത്തപ്പെടുകയും ചെയ്തു. ഞാനെഴുതിയ ഈ സങ്കീര്ണപദാവലി ഉപയോഗിക്കാതെത്തന്നെ അതനുഭവിപ്പിച്ചു എന്നതാണ് ബല്‍റാമിന്റെ വിജയം.
രണ്ടുനാള്‍ മുമ്പ് മനോരമ ചാനലിലെ കൗണ്ടര്‍പോയിന്റില്‍ ഞാനിതു പറഞ്ഞതാണ്. നിങ്ങള്‍ ബലറാമിനെ തേടിപ്പോകേണ്ട, വലതുതീവ്ര രാഷ്ട്രീയത്തെ നിരീക്ഷിക്കൂ എന്ന്. വലതുതീവ്രത സത്യത്തിന്റെ / വാസ്തവത്തിന്റെ അസ്തിത്വത്തെ മറി കടക്കുകയാണ്. കാഴ്ച്ചയുടെ ബോധ്യങ്ങളെയും അനുഭവത്തിന്റെ അടയാളങ്ങളെയും മറികടക്കുന്ന അതീത യാഥാര്‍ത്ഥ്യം പ്രവര്‍ത്തന നിരതമാണ്. പഴയ സത്യങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നോ അവ വക്രീകരിക്കപ്പെടാമെന്നോ അവയെ അവിശ്വസിക്കാമെന്നോ ബോധ്യപ്പെടുത്തുന്ന യുക്ത്യാഭാസത്തിന് സ്വീകാര്യത കൈവരികയാണ്. സത്യകാലത്തിന്റെ കറന്‍സി എടുക്കാചരക്കാവുന്നു. ഡിജിറ്റല്‍ മൂല്യത്തിന്റെ നിശ്ചയവും നിര്‍ണയവും പകരംവന്നിരിക്കുന്നു. അതീത വാസ്തവത്തിന്റെ രാഷ്ട്രീയ പ്രവേശമാണ് എകെജി ഹത്യയിലൂടെ നമ്മുടെ നാട്ടില്‍ നടന്നത്.
പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സ് അഥവാ വാസ്തവാനന്തര രാഷ്ട്രീയം എന്ന പദം സംയോജിപ്പിച്ചെടുത്തത് ഈ ദശകത്തിന്റെ തുടക്കത്തിലാണ്. 2010ല്‍ ഡേവിഡ് റോബര്‍ട്സ് തന്റെ ബ്ലോഗിലാണ് അതെഴുതിയത്. നവമുതലാളിത്തം അതു റാഞ്ചിയെടുത്തു തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ പ്രകടന പദമാക്കി. നയത്തില്‍നിന്നും വാസ്തവ ചിന്തയില്‍നിന്നും വിടുതല്‍ നേടിയ കോര്‍പറേറ്റാശ്രിത ഉത്തരാധുനിക രാഷ്ട്രീയത്തിന്റെ അരങ്ങേറ്റമാണ് പിന്നെ കണ്ടത്. അതിന്റെ പരീക്ഷണമായി മാറിയത് അമേരിക്കന്‍ പ്രസിഡണ്ടു തെരഞ്ഞെടുപ്പാണ്. വാസ്തവാനന്തര രാഷ്ട്രീയം കോര്‍പറേറ്റ് ഇച്ഛകള്‍ക്കൊപ്പം അതിവേഗമാണ് ലോകമെങ്ങും പരന്നത്.
മാധ്യമങ്ങളോ നിഷ്പക്ഷ ഏജന്‍സികളോ ശരിയെന്നോ സത്യമെന്നോ തുറന്നുകാട്ടുന്നതിനെ അവഗണിച്ചു നിരന്തരമായ കാമ്പെയിനുകളിലൂടെ എതിര്വാദങ്ങളുറപ്പിക്കുക എന്നത് വാസ്തവാനന്തര രാഷ്ട്രീയത്തിന്റെ രീതിയാണ്. സ്വതന്ത്രവും ചലനാത്മകവും അതേസമയം അദൃശ്യമോ അതീതാനുഭവമോ ആവുംവിധം മൂലധനം പെരുമാറുന്ന നവമുതലാളിത്തം അതിന്റെ രാഷ്ട്രീയത്തെയും അവതരിപ്പിക്കുന്നു എന്നേ നാം കരുതേണ്ടൂ. എന്നായാലും സത്യം ജയിക്കും, സത്യമേവ ജയതേ എന്നൊക്കെയുള്ള ചൊല്ലുകള്‍ അപ്രസക്തമാവുകയാണ്. നവമുതലാളിത്തംഅതിന്റെ നയവും സദാചാരവും ഉറപ്പിച്ചുകഴിഞ്ഞു. ഭരണകൂടവും സ്ഥാപിത രാഷ്ട്രീയ കക്ഷികളും അറിഞ്ഞോ അറിയാതെയോ ആ നയത്തെയും രീതിശാസ്ത്രത്തെയും പിന്‍പറ്റുന്നു. സത്യത്തിന്റെ കൂടെ നില്ക്കുമെന്നല്ല, ആരുപറയുന്ന സത്യത്തിന്റെ കൂടെയാണ് തങ്ങളെന്ന് ശഠിക്കുന്ന പൊതുസമൂഹം ഉണ്ടായിത്തീരുന്നു.
എകെജി ബാലപീഢകനാണോ, ഭാര്യയെ തള്ളി മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്തുവോ എന്നൊക്കെയുള്ള സന്ദേഹത്തിന് പഴയ ഏടുകള്‍ പരതി ശമനം കാണാം. എന്നാല്‍ അതു തെരഞ്ഞുപോവാനോ എകെജിയുടെ സത്യമെന്തെന്ന് തിരക്കാനോ അല്ല ഉത്സാഹം കണ്ടത്. എല്ലാവരും തങ്ങളുടെ സത്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും അണികള്‍ അതിനെ ഉറപ്പിക്കുകയുമുണ്ടായി. ശരിക്കും ഒരു സത്യമില്ലെന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തി. ചൂഷണത്തിന്റെ പുതു രാഷ്ട്രീയ ക്രമത്തിന് അതിന്റെ പ്രയോഗപദ്ധതി അംഗീകരിപ്പിക്കാനായി.
ഇങ്ങനെ വാസ്തവാനന്തര രാഷ്ട്രീയം പൊടുന്നനെ കിളുര്ത്തുപൊന്തിയതല്ല. കോര്‍പറേറ്റ് നവലിബറല്‍ അജണ്ടകള്‍ രണ്ടു പതിറ്റാണ്ടുകൊണ്ട് പാകപ്പെടുത്തിയ മണ്ണില്‍ ഒറ്റപ്പെട്ട വിതയും വിളവെടുപ്പും കണ്ടിട്ടുണ്ട്. ലോകത്തിന്റെ മുഴുവന്‍ കണ്മുന്നില് കണ്ട സത്യത്തെ അതല്ല യാഥാര്‍ത്ഥ്യമെന്ന് നേതാക്കള്‍ മാറിമാറി വിശദീകരിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഏതക്രമിയെയും കൊലയാളിയെയും വിശുദ്ധപ്പെടുത്തി കൂടെ നിര്‍ത്താന്‍ ഈ രാഷ്ട്രീയം തുറന്നു കിടക്കുന്നു. കോര്‍പറേറ്റ് രാഷ്ട്രീയ യുക്തികളില്‍ വീണവരെല്ലാം ഈ വാസ്തവാനന്തര രാഷ്ട്രീയ ധാരയുടെ പങ്കുകാരാവുന്നു. മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങളും ഉപവിഷയങ്ങളായി വഴിമാറുകയും പ്രത്യക്ഷത്തില്‍ വിരുദ്ധരെന്നു തോന്നിച്ചവര്‍ ഒരേ രാഷ്ട്രീയത്തിന്റെ സഹപ്രവര്‍ത്തകരായി മാറുകയും ചെയ്യുന്നു. ഈ നവമുതലാളിത്ത രാഷ്ട്രീയത്തെ തോല്പ്പിക്കാതെ ബലരാമന്മാരെ സ്പര്ശിക്കാനാവുകയില്ല. പുതിയകാലത്തെ വലതു തീവ്ര ഒളിയുദ്ധമാണ് ബലരാമന് നത്തുന്നത്. ഇടതുപക്ഷം നിഴലിനോട് യുദ്ധം ചെയ്യുന്നവരായി മാറരുത്. സ്തുതിയ്ക്കും നിന്ദയ്ക്കുമിടയില് ചരിത്രപരമായ വാസ്തവങ്ങളെ തിരിച്ചു പിടിക്കണമെങ്കില്‍ നവമുതലാളിത്തത്തോട് പൊരുതുകയേ വഴിയുള്ളു. പരാജയ ഭീതിയാല്‍ പൊരുതാനറയ്ക്കുന്നവര്ക്ക് ബലരാമ രാഷ്ട്രീയത്തിന്റെ ഉപശാലകളില്‍ ഭാഗ്യപരീക്ഷണം നടത്താം. അത്രയേ സാധ്യമാകൂ.
വാസ്തവത്തെ തിരിച്ചു പിടിക്കാന്‍ ബലരാമനെ തോല്‍പ്പിച്ചാല്‍ പോരാ കോര്‍പറേറ്റ് മുതലാളിത്തത്തെ പിടിച്ചുകെട്ടണമെന്നത് മനസ്സിലാക്കാനും അംഗീകരിക്കാനും വിഷമം കാണും. പക്ഷെ, യാഥാര്‍ത്ഥ്യമതാണ്.
ആസാദ്
10 ജനവരി 2018
നല്ല വാക്കുകൾ.
പുതു ചിന്ത
നവ വ്യാഖ്യാനം
LikeLike