വീണ്ടും വീണ്ടും ആലോചിക്കണം. സ്തുതിക്കും നിന്ദയ്ക്കും ഇടയില്‍ നേരുകാണുന്ന കാഴ്ച്ചാശേഷി കൈമോശം വന്നുവോ? വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുകയാണ്. എങ്ങും ആയുധമണിഞ്ഞ അഭ്യാസികള്‍ മാത്രം. തെളിവില്ലാത്ത ആരോപണവും അധിക്ഷേപവും വ്യക്തിഹത്യയും ആരു നടത്തിയാലും തെറ്റുതന്നെ. അത് ആരോടായാലും അങ്ങനെയാണ്. വ്യക്തിയുടെ ധര്‍മ്മവും അവകാശവും മോഹന്‍ദാസ് കരം ചന്ദിനായാലും എ കെ ഗോപാലനായാലും മറ്റേതു പൗരര്‍ക്കും ഉള്ളതുപോലെയാണ്. കേവലസ്തുതിയും നിന്ദയും ആരും അര്‍ഹിക്കുന്നില്ല. അതാരെയും രക്ഷിക്കുകയുമില്ല. സ്തുതിപാഠകരും നിന്ദാചതുരരും ചേര്‍ന്ന് രാഷ്ട്രീയ ദര്‍ശനങ്ങളുടെ കണ്ണു പൊത്തുകയാണ്. രാഷ്ട്രീയ ഭാഷയെ വികൃതവും വന്ധ്യവുമാക്കുകയാണ്.
നിങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ അതിനാല്‍ ഞങ്ങള്ക്കുമാവാമെന്ന് ഓരോരുത്തരും സമവാക്യമുണ്ടാക്കുന്നു. ബലരാം പറഞ്ഞതെന്ത് എന്നു ചോദിച്ചാല്‍ മണിയും പറഞ്ഞില്ലേ എന്ന് മറുപടി. തെറ്റിനും തിന്മയ്ക്കും മഹനീയമാതൃക തേടുകയാണവര്‍. നന്മയുടെ മഹാ വൃക്ഷങ്ങളെ വഷളന്‍ രൂപങ്ങളാക്കിയേ അവര്‍ക്കു തൃപ്തിയാവൂ. ഇത് ഉറപ്പിച്ചെടുക്കാനാണ് മാധ്യമങ്ങളുടെ മത്സരം. ചളിയേറുകളുടെ രാഷ്ട്രീയ പരിസരം എങ്ങനെ രൂപപ്പെട്ടുവെന്നോ ഇതെല്ലാം ഏതു തെറ്റായ ചുവടുവെപ്പിന്റെ അനിവാര്യമായ ഫലമെന്നോ ആരും അന്വേഷിക്കുന്നില്ല. ഉണങ്ങിയ മരത്തെ പഴിക്കുകയല്ലാതെ മണ്ണെങ്ങിനെ മോശമായി എന്നു ചിന്തിക്കാത്തതെന്ത്?
മരത്തെവിട്ടു മണ്ണിനെക്കുറിച്ചു സംസാരിക്കൂ. ജീവിതത്തിന്റെ കേന്ദ്രം മണ്ണാണ്. രാഷ്ട്രീയത്തിന്റെയും. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലെന്ന് ഗാന്ധിജി പറഞ്ഞത് ആ ജാഗ്രതയിലാണ്. എകെജി തന്റെ സമര ജീവിതത്തിനു പേരിട്ടത് മണ്ണിനു വേണ്ടി എന്നാണ്. വലിയ പാര്‍ട്ടികളെല്ലാം അതു മറക്കുന്നു. മണ്ണിനു വേണ്ടി പൊരുതുന്ന ഗോപാലന്മാര് ഇപ്പോഴുമുണ്ട്. അവര്‍ക്കു നീതി നല്കാത്തവര് ഗാന്ധിജിയ്ക്കോ എ കെ ജിയ്ക്കോ നീതി നല്കുകയില്ല.
കോണ്ഗ്രസ്സുകാരനായിരിക്കെയാണ് എ കെ ഗോപാലന് മണ്ണിനുവേണ്ടി നടക്കുന്ന സമരങ്ങളിലേയ്ക്ക് ഇറങ്ങിയത്. 1931ലെ കറാച്ചി കോണ്‍ഗ്രസ് കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യമുയര്ത്തിയതാണ് പ്രചോദനം. കോണ്‍ഗ്രസ് അതു മറന്നു. മരിയ്ക്കുവോളം എകെജി മറന്നില്ല. ഭൂസമരങ്ങളുടെ മണ്ണിലെല്ലാം അദ്ദേഹമെത്തി. മുപ്പതുകളില്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ അമരക്കാരനായി. പട്ടിതിജാഥകള് നയീച്ചു. അയ്യപ്പന് കോവിലിലും അമരാവതിയിലും കീരിത്തോട്ടിലും കൊട്ടിയൂരിലും മുണ്ടക്കയത്തും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സമരങ്ങള്‍ നയിച്ചു. ദരിദ്ര കര്‍ഷകരെയും ഭൂരഹിത കര്‍ഷകരെയും അടിമ ജീവിതത്തില്‍നിന്ന് കരകയറ്റാന്‍ രാജ്യമെങ്ങും അവിശ്രമം ഓടിക്കൊണ്ടിരുന്നു. മണ്ണിനു വേണ്ടി നടന്ന സമരങ്ങളുടെ ചരിത്രമാണ് എ കെ ജിയുടെ ജീവിതകഥ.
എഴുപതുകളില്‍ എകെജി വിടവാങ്ങി. അശരണരായ കര്‍ഷകരുടെ വിലാപങ്ങളൊടുങ്ങിയിട്ടില്ല. മണ്ണിനു വേണ്ടിയുള്ള സമരങ്ങളും അവസാനിച്ചിട്ടില്ല. കയ്യേറ്റങ്ങളും കുടിയൊഴിപ്പിക്കലുകളും തുടരുന്നു. സ്തുതിപാഠകരോ നിന്ദാകുതുകികളോ അതു കാണുന്നില്ല. ഒരു സമരമുഖത്തും അവര്‍ ഓടിയെത്തിയില്ല. ദളിതരും ആദിവാസികളും ഭൂരഹിത കര്‍ഷകരും തോട്ടം തൊഴിലാളികളും മണ്ണിനുവേണ്ടിയുള്ള സമരം തുടരുകയാണ്. കാര്‍ഷിക പരിഷ്ക്കരണത്തിന്റെ തുടര്‍ഘട്ടങ്ങള്‍ ഒരു പാര്‍ട്ടിയുടെയും പരിഗണനയിലില്ല. ഗാന്ധിജിയുടെയും എകെജിയുടെയും മുദ്രാവാക്യങ്ങള്‍ തെരുവില്‍ നിലവിളിക്കുകയാണ്.
ഗാന്ധിജിയെ വീണ്ടും കൊല്ലാന്‍, എകെജിയെ ഓര്‍മ്മകളില്‍ കുറ്റവാളിയാക്കാന്‍ കോര്‍പറേറ്റ് കയ്യേറ്റ രാഷ്ട്രീയത്തിന് ഉത്സാഹമേറും. അതു പ്രകടമായി ചെയ്യുന്നവരും പരോക്ഷമായി സാധിക്കുന്നവരുമുണ്ട്. വിവേകം നഷ്ടമായ അന്ധഭക്തര്‍ ശൂന്യപാത്രങ്ങളില്‍ താളം പിടിച്ചുകൊണ്ടിരിക്കും. സ്വന്തം മണ്ണും ജീവിതവും ഒലിച്ചുപോകുന്നത് ഈ അന്ധതയില്‍ അവരറിയുകയില്ല.
മണ്ണിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെയും ജനകീയ രാഷ്ട്രീയത്തിന്റെയും എ കെ ജീവഴി വേണോ കോര്‍പറേറ്റ് ദാസ്യത്തിന്റെയും ജനവിമുഖ രാഷ്ട്രീയത്തിന്റെയും മന്മോഹന് വഴി വേണോ എന്ന ചോദ്യം മുഴങ്ങുന്നുണ്ട്. കേവല സ്തുതിപാഠകരും നിന്ദാചതുരരും മന്മോഹന് വഴിയുടെ നടത്തിപ്പുകാര്‍ ആവുകയാണ്. അവര്‍ തട്ടിക്കളിക്കുന്നത് ചൂഷിത ജനസമൂഹങ്ങളുടെ വിമോചന സ്വപ്നങ്ങളെയാണ്. കളങ്കപ്പെടുത്തുന്നത് സമരോര്ജ്ജത്തിന്റെ സ്രോതസ്സുകളെയാണ്. അതിനാല്‍ വാഗ്പ്പോരുകള്വിട്ട് പ്രശ്നത്തിന്റെ കാതലിലേയ്ക്ക് വരൂ. നിങ്ങള്‍ ജനകീയ രാഷ്ട്രീയത്തിനൊപ്പമോ ജനവിമുഖ രാഷ്ട്രീയത്തിനൊപ്പമോ? മറുപടിയില്ലെങ്കില്‍ ആ മൗനം സ്തുതിയും നിന്ദയും ഒരേ രാഷ്ട്രീയത്തിന്റെ ആവിഷ്ക്കാരങ്ങളാണെന്ന പ്രഖ്യാപനംതന്നെ.
ആസാദ്
10 ജനവരി 2018