Article POLITICS

നവ രാഷ്ട്രീയത്തിന് തകര്‍ക്കണം എ കെ ജിയെ, വേണം മന്‍മോഹനെ !!

 

കല്ലേറില്‍ തകരുന്നതല്ല ഒരു വിഗ്രഹവും. ആശയത്തിലുറച്ച ഏതു രൂപമാതൃകയും പുതുയുക്തികളില്‍ അലിഞ്ഞുമായുകയേയുള്ളു. ഭഞ്ജകര്‍ക്ക് ആശയ സംവാദത്തിനുള്ള യുക്തിയും ശേഷിയുമുണ്ടോ എന്നേ നോക്കേണ്ടൂ. പരുക്കനേറുകളില്‍ പൊട്ടിപ്പിളരാന്‍ വെറും കളിമണ്‍ ശില്‍പ്പങ്ങളല്ല തലമുറകളെ വാര്‍ക്കുന്ന ആശയ രൂപകങ്ങളെന്നറിയാത്തവര്‍ പക്ഷെ, നമുക്കിടയിലൂണ്ട്. അവര്‍ വെറും കലണ്ടര്‍ ചിത്രങ്ങളില്‍ മഷിയൊഴിച്ച് കയ്യടിച്ചാനന്ദിക്കും. ഇതാ വിഗ്രഹം തകര്‍ന്നേ എന്നാര്‍ത്തു വിളിക്കും.

വിഗ്രഹഭഞ്ജനം ഒരു കലയല്ല. കലഹമോ വിപ്ലവമോ ആണ്‌. അതിന് ആശയങ്ങളെ പിളര്‍ക്കുന്ന പ്രതിബോധ നിശ്ചയങ്ങളും പുതുനിഷ്ഠകളും വേണം. ഒരു ജനതയില്‍ അവ ജീവിതത്തിന്റെയും സ്വപ്നത്തിന്റെയും കാലുഷ്യം തീര്‍ക്കണം. അത് അശാന്ത ജീവിതത്തിന്റെ പ്രതിരോധത്തിലും അതിജീവനത്തിലുമാണ് ഭവിക്കുക.

ഒരിക്കല്‍ ജ്വലിച്ചുനിന്നിരുന്ന രൂപമാതൃകകള്‍ തീയമര്‍ന്ന് ഭക്തര്‍ക്കു മുന്നില്‍ ഇരുള്‍വിഗ്രഹമാവാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ പുതുബോധ്യങ്ങളുടെ അനുഭവതീവ്രത ആശയങ്ങളെ ആളിപ്പടര്‍ത്തും. അതില്‍ നിറംകെട്ട വിഗ്രഹങ്ങള്‍ ചാരമാവും. ദുര്‍ബ്ബലരാമന്മാരുടെ കല്ലേറില്‍ ചരിത്രത്തെ ജ്വലിപ്പിക്കുന്ന രൂപമാതൃകകളൊന്നും തകരുകയില്ല.

വിഗ്രഹഭഞ്ജകനാവണമെന്നും നവയുഗ സ്രഷ്ടാവാകണമെന്നും ഒരാള്‍ക്കു കിനാവു കാണാം. കളിമണ്ണില്‍ ആനരൂപമുണ്ടാക്കി തല്ലിത്തകര്‍ത്ത് അശ്വത്ഥാമാവിനെ വധിച്ചുവെന്ന് വീമ്പു പറയാം. ഇല്ലാ കഥകള്‍കൊണ്ട് ജനത്തെയും ചരിത്രത്തെയും വഞ്ചിക്കാം. നിഴല്‍യുദ്ധങ്ങള്‍ക്ക് കളമൊരുക്കാം. മറ്റൊരു രൂപത്തെ പകരം എഴുന്നെള്ളിച്ചു പ്രതിഷ്ഠാ നാടകമാടാം.ഇടവും കാലവും അനുഭവമൂര്‍ഛയില്‍ ഉരുകിപ്പരുവമാര്‍ന്ന മാതൃകാ വാര്‍പ്പുകളെയതു സ്പര്‍ശിക്കുകയില്ല.

അതെ കോണ്‍ഗ്രസ് നേതാവ് വി ടി ബലറാമിന്റെ ഹീനകൃത്യമാണ് ഇതെഴുതാനുള്ള പ്രേരണ. എ കെ ജി ബാലപീഢകനാണെന്നും മറ്റുമുള്ള അധിക്ഷേപങ്ങള്‍ വെറും പരാതിയോ വിമര്‍ശനമോ അല്ല. ചളി പൂശലാണ്. അടിസ്ഥാനമില്ലാത്ത കുറ്റാരോപമാണ്. മറ്റൊരാളുടെ ജീവിതം തന്റെ ദുര്‍വായനയ്ക്കും കളിയെഴുത്തിനും വേണ്ട കരുവായി അയാള്‍ നിര്‍ലജ്ജം വെട്ടിക്കീറുകയാണ്.

രണ്ടാം വിശദീകരണത്തില്‍ പുതിയ കൗശലം കാണാം. ഒരു രൂപമാതൃകയെ മറ്റൊരു രൂപമാതൃകകൊണ്ട് തകര്‍ക്കാം എന്ന പാഴ് സ്വപ്നമാണത്‌. പാവങ്ങളുടെ പടത്തലവന്‍ എന്നത് ഭരണകൂടം ചാര്‍ത്തിയ അംഗീകാര മുദ്രയല്ല. ജനങ്ങള്‍ എ കെ ജിയ്ക്കു സമ്മാനിച്ചതാണ്. അതു വെറും ആലങ്കാരിക പ്രയോഗമാണെന്നും അതിണങ്ങുന്നത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനാണെന്നും ബലരാമന്‍ സിദ്ധാന്തിക്കുന്നു. ജനകീയ രാഷ്ട്രീയത്തിന്റെ മാതൃകാരൂപത്തെ കോര്‍പറേറ്റ് രാഷ്ട്രീയത്തിന്റെ മാതൃകാ രൂപംകൊണ്ട് പകരം വെയ്ക്കാനാണ് ശ്രമം. ഇത് ബലരാമന്റെ മാത്രം താല്‍പ്പര്യമല്ല. അതിനാല്‍ എ കെ ജിയ്ക്കെതിരായ ഗൂഢാലോചന ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനെതിരായ വെല്ലുവിളിയാകുന്നു. മാതൃക എ കെ ജിയല്ല മന്‍മോഹന്‍സിങ്ങാണെന്ന് വാദിക്കുന്നത് ജനകീയ രാഷ്ട്രീയത്തിന്റെ പാരമ്പര്യം റദ്ദു ചെയ്യലാണ്. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല മന്‍മോഹന്‍. ഉദ്യോഗസ്ഥ മേധാവിയും ഭരണാധിപനുമായിരുന്നു. ലോകബാങ്കിന്റെ ഉപദേഷ്ടാക്കളില്‍ ഒരാള്‍. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ പുത്തന്‍ സാമ്പത്തിക പരീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിച്ചയാള്‍. പുറംതള്ളല്‍ വികസനത്തിന്റെ വക്താവ്. അങ്ങനെയൊരാളാണ് പാവങ്ങളുടെ പടത്തലവനെന്ന് ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ആദരിക്കുന്ന ഒരാള്‍ക്കും തോന്നുകയില്ല. എന്നാല്‍ ബലരാമന് തോന്നി.

എ കെ ജിയെ ഇറക്കിവിട്ട് മന്‍മോഹന്‍ സിങ്ങിനെ മാതൃകയായി സ്വീകരിച്ച നവ രാഷ്ട്രീയത്തിന്റെ വ്രണം പൊട്ടിയൊലിച്ചതാണ് ബലരാമിലൂടെ. കോര്‍പറേറ്റ് മുതലാളിത്ത രാഷ്ട്രീയത്തിന് എ കെ ജിയുടെ ശേഷിപ്പുകള്‍ ഇല്ലാതാക്കണം. രാജ്യത്തെങ്ങും പുറംതള്ളല്‍ വികസനത്തിനെതിരായ പ്രക്ഷോഭങ്ങള്‍ പെരുകുമ്പോള്‍ എകെജി ഒരു മാതൃകാ രൂപമോ ഊര്‍ജ്ജ സ്രോതസ്സോ ആവരുത്. അതു നവലിബറല്‍ രാഷ്ട്രീയത്തിന്റെ അജണ്ടയാണ്. ചുടുചോറു മാന്തിയത് ആരായാലും ആര്‍ക്കു വേണ്ടിയാണെന്ന് വ്യക്തം.

എ കെ ജിയുടെ പ്രവര്‍ത്തന മാതൃക പിന്‍പറ്റാന്‍ അറച്ചു നില്‍ക്കുകയും മന്‍മോഹന്‍മാതൃകയെ പുണരുകയും ചെയ്യുന്നവര്‍ എകെജിയ്ക്കുവേണ്ടി കള്ളക്കണ്ണീരൊഴുക്കരുത്. രണ്ടും രണ്ടു വഴികളാണ്. രണ്ടു രാഷ്ട്രീയമാണ്. നവലിബറല്‍കാലത്ത് അതോര്‍മ്മിപ്പിച്ച ബലരാമിനു നന്ദി.

ആസാദ്
8 ജനുവരി 2018

 

(ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആദ്യ പ്രതികരണം താഴെ)

എ കെ ജിയ്ക്കെതിരെയുള്ള വി ടി ബല്‍റാമിന്റെ അധിക്ഷേപം മാപ്പര്‍ഹിക്കാത്തതാണ്. അദ്ദേഹം തന്റെ നോട്ടക്കോണിന്റെയും നില്‍പ്പുതറയുടെയും പരിമിതി ഇങ്ങനെ വെളിപ്പെടുത്തേണ്ടായിരുന്നു. തന്നെത്തന്നെ എറിഞ്ഞുടയ്ക്കാനുള്ള വാസന ബലറാമിലുണ്ടാവണം. അത് ഞങ്ങളെ ദുഖിപ്പിക്കുന്നു.

ഗാന്ധിജിയുടെയും നെഹ്റുവിന്റെയും എകെജിയുടെയും ഇഎംഎസിന്റെയും അതുപോലെയുള്ള ദേശീയ നേതാക്കളുടെയും വ്യക്തിജീവിതം തിരക്കി പോവുന്നത് അവരുടെ മഹത്തായ സംഭാവനകളുടെ നിറംകെടുത്താനാവരുത്. രാജ്യത്തിനു വേണ്ടിയുള്ള ആത്മസമര്‍പ്പണം അവരെ വ്യക്തിനിഷ്ഠമായ വഴുതലുകളില്‍നിന്നും വേര്‍പെടുത്തി കാണാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. എങ്കിലും മഹാന്മാര്‍ രൂപപ്പെടുന്നത് എങ്ങനെയെന്ന് ഒരാള്‍ക്ക് പഠിക്കാനും പുറത്തു പറയാനും തടസ്സമുണ്ടാവേണ്ട കാര്യമില്ല. അതു പക്ഷെ തന്റെ പരിമിതി അവരില്‍ ആരോപിക്കുന്ന നില വരുത്തിക്കൂടാ.

ജനനായകരുടെയോ മഹാപ്രതിഭകളുടെയോ പേരിലുള്ള ഒരു സൗജന്യത്തെക്കുറിച്ചല്ല, മഹത്തായ ജനാധിപത്യത്തിന്റെ മര്യാദകളെക്കുറിച്ചാണ് യഥാര്‍ത്ഥത്തില്‍ നാം സംസാരിക്കുന്നത്. ആരും ആര്‍ക്കുമേലും ഇത്ര അലസമായി വിധി പറഞ്ഞുകൂടാ. വിയോജിക്കുന്ന വിഷയമെന്തെന്ന് വ്യക്തത വേണം. അതിലാണ് സംവാദവും തീര്‍പ്പും വേണ്ടത്. സംശയമോ വിമര്‍ശനമോ ഉന്നയിച്ചാല്‍ അവരുടെ ജീവചരിത്രം നോക്കി അധിക്ഷേപിക്കുന്ന അസംബന്ധ വഴക്കങ്ങള്‍ പെരുകുകയാണ്. അന്യോന്യാദരവിന്റെ കണികപോലും ഇല്ലാതാവുന്നു. ഞാനല്ലേ, അഥവാ ഞാന്‍ മാത്രമല്ലേ മഹാന്‍ എന്ന വിശുദ്ധവാദത്തോളം അതു തരംതാണിരിക്കുന്നു. ജനാധിപത്യത്തിന്റെ മണ്ണ് ഇങ്ങനെ കളങ്കിതമാക്കിയവരാണ് ബലറാമിനെ, അതുപോലുള്ള അലസവാഗ്മികളെ സൃഷ്ടിക്കുന്നത്.

ഞങ്ങളും എതിരാളികളുമേയുള്ളു എന്ന തോന്നല്‍ ഒരുഭാഗത്ത് ഭക്തരെയും മറുഭാഗത്ത് ശത്രുക്കളെയും നിരത്തുന്നു. സ്വതന്ത്ര വിമര്‍ശനത്തിന്റെയും ദാര്‍ശനിക സംവാദത്തിന്റെയും ജൈവലോകം തകര്‍ക്കപ്പെട്ടിരിക്കുന്നു. അതേക്കുറിച്ചാണ് വിലപിക്കേണ്ടത്. അതു വരുത്തിയവരോടാണ് കലഹിക്കേണ്ടത്. അതറിയുമ്പോഴാണ് വീണ്ടെടുക്കേണ്ട ലോകത്തെക്കുറിച്ചുള്ള ബോധ്യം നിറയുന്നത്.

ഞാന്‍ ബലരാമിന്റെ ബാലിശമായ വഴിത്തെറ്റിനെക്കുറിച്ചല്ല, യുഗസ്രഷ്ടാക്കള്‍ ജ്വലിച്ചുനില്‍ക്കുന്ന നമ്മുടെ ചരിത്രത്തെയും പാരമ്പര്യത്തെയും പിറകോട്ടു വലിയ്ക്കുന്ന ജനാധിപത്യ രഹിതമായ മര്യാദകേടുകളെക്കുറിച്ചാണ് പരിതപിക്കുന്നത്. ആര്‍ക്കും ആരെയും എങ്ങനെയും അധിക്ഷേപിക്കാനും കരിപൂശാനും സാധ്യമാകുന്ന സാമൂഹികാവസ്ഥയെക്കുറിച്ചാണ് ദുഖിക്കുന്നത്. ആ തിന്മകളെ വിളയിക്കുകയും പെരുപ്പിക്കുകയും ചെയ്യുന്ന സാമാന്യ ബോധരൂപങ്ങളിലെ എല്ലാ ആവിഷ്കാരങ്ങളെയും വിചാരണ ചെയ്യണം. പൊതു മാധ്യമങ്ങളെയും നവ സാമൂഹിക മാധ്യമങ്ങളെയും ഗൗരവതരമായ തിരുത്തിന് വിധേയമാക്കണം.

എകെജിയുടെ ശരികളൊന്നും പ്രചോദിപ്പിച്ചിട്ടില്ലാത്ത ഒരു ജീവിതം തെറ്റെന്നു കരുതുന്നതിനുചുറ്റും ആര്‍ത്തിപിടിച്ച് ഇരമ്പുന്നതെന്തിന്?

ആസാദ്
7 ജനുവരി 2018

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )