Article POLITICS

ഫാഷിസ്റ്റ് വിരുദ്ധ സമരം വിപ്ലവകരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്

 

സംഘപരിവാരങ്ങളും ബിജെപിയും വിളയിച്ചെടുക്കുന്ന ബ്രാഹ്മണിക്കല്‍ ഫാഷിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കിയത് അവര്‍ മാത്രമമായല്ല. തേതര ജനാധിപത്യ പ്രസ്ഥാനങ്ങളെന്നു ഖ്യാതിയുള്ള പാര്‍ട്ടികള്‍കൂടി ചേര്‍ന്നാണ്. സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ അതീവ സ്വാഭാവികം എന്നവണ്ണം ബ്രാഹ്മണിക്കല്‍ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പിന്തുടരാനും സ്വാംശീകരിക്കാനും പുനരുത്ഥാന പ്രവണതകളെ പ്രോത്സാഹിപ്പിക്കാനും അവര്‍ ശ്രമിച്ചുപോന്നു. അതുകൊണ്ട് ഫാഷിസത്തിനെതിരായ സമരം ബി ജെ പിയെ അധികാരഭ്രഷ്ടമാക്കുന്ന കര്‍മ്മപദ്ധതിയില്‍ ഒടുങ്ങുകയില്ല. റിവൈവലിസത്തെ താലോലിക്കുന്ന സകല കൗശലങ്ങളെയും നിര്‍ദ്ദയം നിരാകരിക്കേണ്ടതുണ്ട്. ബ്രാഹ്മണിക്കല്‍ നിഷ്ഠയും യുക്തിയും ഏതധികാര ശക്തിയോടിഴുകുമ്പോഴും ഫാഷിസത്തിലേയ്ക്കുള്ള കുതിപ്പുകളുണ്ടാവും. അതിനാല്‍ ബിജെ പിയ്ക്കും സംഘ പരിവാരത്തിനും എതിരായ ബാലറ്റ് യുദ്ധത്തിനൊപ്പം പുനരുത്ഥാന പ്രവണതകള്‍ക്കെതിരായ സൂക്ഷ്മ സമരവും അനിവാര്യമാകുന്നു.

ബ്രാഹ്മണിക്കല്‍ (ജാതി) ഹിന്ദുത്വത്തിന്റെ പുനരുത്ഥാന ദര്‍ശനത്തിനു മാത്രമല്ല ഏതു മൗലികവാദത്തിനും വര്‍ഗാധികാര ഘടനയില്‍ ഫാഷിസമായിത്തീരുക എളുപ്പമാണ്. അതിനാല്‍ മൗലികവാദങ്ങളെ തള്ളി ജനാധിപത്യത്തെ സ്ഥാപിയ്ക്കാത്ത ഒരു മുന്നേറ്റവും ആശാവഹമല്ല. ഫാഷിസത്തിനെതിരായ സമരം സകല മൗലികവാദങ്ങള്‍ക്കും എതിരായ പോരാട്ടംകൂടിയാകുന്നു. ജനാധിപത്യത്തിന്റെ ദര്‍ശനവും ശീലയുക്തികളും സ്വീകരിച്ചുകൊണ്ടേ ഏതു പ്രതിരോധവും ശക്തിപ്പെടൂ.

ഇത്തരം തീവ്ര പുനരുത്ഥാന ശ്രമങ്ങളെയും മതാത്മക മൗലിക വാദങ്ങളെയും കൗശലപൂര്‍വ്വം അണിയിച്ചൊരുക്കുന്നത് സാമ്പത്തികാധികാര ശക്തികളാണ്. ഇന്നത് കോര്‍പറേറ്റ് മുതലാളിത്തമാണ്. അതിന്റെ സാമ്പത്തിക പുനസംഘാടനത്തിന് ദേശരാഷ്ട്ര സമ്പദ്ഘടനകളാകെ കീഴ്പ്പെടുന്നു. ഈ പുനസംഘാടനത്തിന് വേഗമേറ്റാന്‍ ഭൂതാവേശിത സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അതിന്റെ വേഷപ്പകര്‍ച്ചയാണ് മൗലികവാദ ശക്തികളില്‍ നാം കാണുന്നത്. അതിനാല്‍ പുനരുത്ഥാനത്തിനും മൗലികവാദത്തിനും ഫാഷിസത്തിനു തന്നെയും എതിരായ പോരാട്ടം കോര്‍പറേറ്റ് മുതലാളിത്തത്തിനും എതിരാകാതെ വയ്യ.

ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ ഫാഷിസത്തിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയതുകൊണ്ട് കാര്യമില്ല. ബിജെ പിയെ താഴെയിറക്കുക എന്ന ഏക അജണ്ടയിലേയ്ക്കു വിഷയത്തെ ചുരുക്കുകയുമരുത്. നമുക്കിടയിലെ പല ഫാഷിസ്റ്റു വിരുദ്ധ ആഘോഷങ്ങളും ലക്ഷ്യവേധിയല്ല. അത് മുകള്‍പരപ്പിലെ ഓളങ്ങളില്‍ അഭിരമിക്കുകയാണ്. വ്യക്തിജീവിതത്തില്‍ റിവൈവലിസ്റ്റ് ആചാര ക്രമങ്ങളെ ആശ്ലേഷിച്ചുകൊണ്ട് ജനാധിപത്യ വിപ്ലവത്തെ ഉദ്ഘോഷിച്ചിട്ടെന്ത്? കോര്‍പറേറ്റ് ചൂഷണങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കാണാതെ ഫാഷിസ്റ്റ് വിരുദ്ധ ഉത്സവങ്ങള്‍ ആഘോഷിച്ചിട്ടെന്ത്? പരിമിതവും സങ്കുചിതവുമായ അജണ്ടകളില്‍ മുഴുകി ജനാധിപത്യത്തെയും സോഷ്യലിസത്തെയും കുറിച്ച് വാചാലരായിട്ടെന്ത്

ഫാഷിസത്തിനെതിരായ പോരാട്ടം വിപ്ലവകരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

ആസാദ്
4 ജനവരി 2018

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )