ഉടലില്‍ കാണുന്നില്ല
ജാതിയും ലിംഗവും വംശച്ചിഹ്നവും.
പേരിട്ടു വിളിച്ചിട്ടെന്തെ,ന്തിലും സന്ദേഹം .
ആണിലും പൂക്കുന്നല്ലോ പെണ്‍കാലം. പെണ്ണിലോ വരുംകാലം.
ആരിലും നില്ക്കുന്നില്ലവരെത്തീര്ത്ത തീര്‍പ്പുകള്‍. വടുക്കെട്ടിയ തിണര്‍പ്പുകള്‍.
ചുമലില്‍ നുകപ്പാടെങ്ങ്,
ചന്തിയില്‍ ചാപ്പ, നെറുകയിലിരുമ്പാണി, കാലില്ത്തള,യുള്ക്കാടിന് ചൂരും പാറക്കെട്ടു പിളര്‍ക്കും പ്രാക്കും.
പുണരെപ്പുണരെ പൊഴിഞ്ഞുവോ
പൊറ്റപോല് പൊതിഞ്ഞ പൊള്ളുകള്‍.
കൈകള്‍ കുലുക്കിച്ചുമലില് തട്ടി പതുക്കെപ്പുണര്ന്നു നെറ്റിയില്‍ മുകരുമ്പോളുരിഞ്ഞുപോയല്ലോ തന്റേതല്ലാത്തതാമുടുപ്പുകള്.
സ്കൂള്‍ ബഞ്ചില്‍, ചായക്കടയില്‍ റേഷന്‍ക്യൂവില്‍, പണിശാലയില്‍, പടര്‍ന്നേറിയ പോരിന് ജാഥയില്‍ പൊഴിഞ്ഞുപോയന്നത്തെയുടലുകള്.
വിയര്പ്പേറ്റമര്ന്നതാമുദ്ധൃതം വാഴ് വെന്റെ, തീയായ് പിണഞ്ഞതാം പൂണൂലെന്റെ, പിറകില്‍ പിടഞ്ഞറ്റ പിന് കുടുമകളെന്റെ, പുല്‍ക്കൂട്ടില്‍ പിറന്നോനെ
കൊല്ലാന്‍ വിട്ട തീര്പ്പെന്റെ.
മണ്ണും ജലവും കടഞ്ഞേറ്റ ജ്ഞാനത്തെ ചവിട്ടിത്തേച്ച ചാട്ടയും കുരിശും മറ്റാര്?
ഓര്‍ക്കാതെ തൊടൊല്ലാ, വിധം മാറാം സര്‍വ്വതും. ഉദ്ധരിച്ചെതിരിടാം.
മാഞ്ഞില്ലാതാകാം. സത്യമേതേതു ദൈവം, ചെകുത്താനെങ്ങ്?
തമ്മില്പ്പുണരേ കലിവരുന്നു
ണ്ടതു വഴി മുറിവായകള്‍ കൂടാം, അഗ്നിബാധയില്‍ പൊള്ളാം,
ഉടല് വിട്ടുണരാന്‍ വെമ്പും ഭൂതങ്ങളാവേശിക്കാം,
തിരികെപ്പോരൂ ചാടണം ലിംഗ വേലികള്‍ നൂഴണ മിരുളിന്‍ യോനീമുഖം. കാണരുതൊന്നും.
എന്നിട്ടും പുണര്ന്നതാരിപ്പട്ടാപകല്, പൂക്കുറ്റിപോല് കത്തി പൂവിരിച്ചതാര്?അകംപോള്ളിപ്പൊട്ടിയ നക്ഷത്രങ്ങള്‍ തേടിത്തെളിയാനെത്തുമോ കിഴക്കാരാന്?
25 ഡിസംബര്‍ 2017
