ആരുടെ ശത്രു എന്നതല്ല ആരുടെ മിത്രമാണ് എന്നതാണ് പ്രധാനം. എന്നിട്ടും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വയം പരിചയപ്പെടുത്തുന്നത് സിപിഎമ്മിന്റെ ശത്രു, ആര് എസ് എസ്സിന്റെയും ബി ജെ പിയുടെയും ശത്രു, കോണ്‍ഗ്രസ്സിന്റെ ശത്രു, എന്‍ ഡി എഫിന്റെയും പോപ്പുലര്‍ ,ഫ്രണ്ടിന്റെയും ശത്രു എന്നെല്ലാമാണ്. ആരെയെങ്കിലും വിപരീതത്തില്‍ സ്ഥാപിച്ചാലേ തങ്ങള്‍ക്ക് അസ്തിത്വമുണ്ടാകൂ എന്ന അവസ്ഥ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചു ദയനീയമാണ്.
ഞങ്ങള്‍ ജനങ്ങളുടെ ബന്ധുക്കള്‍ എന്നാണ് പറയേണ്ടത്. അതിനുള്ള ശേഷിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതു പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടാവേണ്ടത്. അതു നഷ്ടപ്പെടുമ്പോഴാണ് താരതമ്യം അനിവാര്യമാകുന്നത്. മററുള്ളവരോളം മോശക്കാരല്ല ഞങ്ങള്‍ എന്നേ അവര്‍ക്കു സ്ഥാപിക്കേണ്ടതുള്ളു. പങ്കു വെയ്ക്കുന്നത് ജനശത്രുക്കളുടെ പാളയത്തിലെ സൗകര്യങ്ങളാകുമ്പോള് അതു സ്വാഭാവികമാണ്. അതിനാല്‍ ഞങ്ങള്‍ ജനങ്ങളുടെ ബന്ധുക്കള്‍, അശരണരുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും അവകാശപ്പോരാളികള് എന്നു പറയാനുള്ള കരുത്ത് പൊതു പ്രസ്ഥാനങ്ങള്ക്കുണ്ടാവണം.
രാജ്യഭാരം മുഴുവന്‍ നേതാക്കളുടെ ശിരസ്സിലാണ്!! ജനങ്ങളുടെ പുരോഗതി എന്തെന്നും അതെങ്ങനെ നേടണമെന്നും അവര്‍ക്കേ അറിയൂ!!!. അധികാരം അവരെക്കൊണ്ട് അതു പറയിപ്പിക്കും. ബഹുഭൂരിപക്ഷം ജനങ്ങള്‍ ബുദ്ധിമുട്ടിയാലും ഒരു ചെറുന്യൂനപക്ഷം തടിച്ചു തിടംവെയ്ക്കണം. അതിനു പദ്ധതികള്‍ തയ്യാറാക്കും. നിയമം നിര്‍മിക്കും. അപ്പോഴും ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ മന്ത്രിച്ചുകൊണ്ടിരിക്കും. ഇക്കാര്യത്തില്‍ അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം വലിയ യോജിപ്പാണ്. പുറംതള്ളല്‍ വികസനത്തിന്റെ പക്ഷമെന്നും ഇരകളില്ലാത്ത വികസനത്തിന്റെ പക്ഷമെന്നും രണ്ടു പക്ഷങ്ങളേയുള്ളു.
ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പ്രമാണങ്ങളിലും ജീവിതത്തിലും വിശ്വാസമര്‍പ്പിക്കുന്നവര്‍ ജനങ്ങളെ ഇരകളാക്കി പുറംതള്ളുകയില്ല. ഒരാളെപ്പോലും പുറംതള്ളാതെ പ്രാപിക്കാവുന്ന വളര്‍ച്ചയാണ് പുരോഗതി. ഇതെങ്ങനെ സാധ്യമാകുമെന്ന് ശങ്കിക്കുംവിധം സാമാന്യബോധം കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. അരനൂറ്റാണ്ടു മുമ്പ് കുടിയൊഴിപ്പിക്കല്‍ നിയമംമൂലം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. അടിയന്തിര സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ് വേണ്ടത്. അത് ജന പുരോഗതിയുടെ കാഴ്ച്ചപ്പാടാണ്. ഒരാളെപ്പോലും ബലികൊടുക്കാതെ രാജ്യത്തിന് മുന്നോട്ടുപോകാന്‍ സാധ്യമാണ്. സാധ്യമാകണം. അതിനുവേണ്ടത് ജനപക്ഷ കാഴ്ച്ചപ്പാടാണ്. അതു നടപ്പാക്കാനുള്ള ശേഷിയാണ്. ഇരകളില്ലാത്ത ഈ വികസന കാഴ്ച്ചപ്പാടും ഇരകളെ സൃഷ്ടിക്കുന്ന വികസന കാഴ്ച്ചപ്പാടും തമ്മിലാണ് ആത്യന്തിക സമരം.
ജനങ്ങളെ ശത്രുക്കളായി കാണുന്ന മൂലധന താല്‍പ്പര്യം അതിന്റെ വിജയത്തിന് എല്ലാഛിദ്രശക്തികളെയും ഒളിഞ്ഞും തെളിഞ്ഞും കൂട്ടുപിടിക്കും. ജനാധിപത്യത്തിന്റെ സത്തയെ അട്ടിമറിക്കും. ഇക്കാര്യത്തില്‍ വേറിട്ടുനില്‍ക്കുന്ന രാഷ്ട്രീയ പാര്ട്ടികളേതുണ്ട്? മുന്നണികളേതുണ്ട്? ഒരേ ലക്ഷ്യമുള്ള ഈ ഭരണവര്‍ഗ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലെ ‘വിപരീതത്തിന്റെ ആശ്വാസ’മെന്ന സിദ്ധാന്തം ജനങ്ങളെ കബളിപ്പിക്കാനുള്ളതാണ്. ഒറ്റ വിപരീതത്തില്‍ സ്വീകരിക്കുന്ന നിലപാടെന്ത് എന്നതാണ് പ്രധാനം. ഊന്നല്‍ ജനങ്ങള്‍ക്കോ മൂലധനത്തിനോ? ജനങ്ങള്‍ക്കു വേണ്ടിയാവണം മൂലധനം അല്ലാതെ മൂലധനത്തിനുവേണ്ടി ജനങ്ങളല്ല എന്നു പറയാന്‍ ആരുണ്ട്? യഥാര്‍ത്ഥത്തില്‍ അതിനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ ശേഷി കമ്യൂണിസ്റ്റുകാര്‍ക്കാണ് കാണുക. അവര്‍ പക്ഷെ, ഭരണമുള്ള സംസ്ഥാനങ്ങളില്‍ പുറംതള്ളല്‍ വികസനത്തിന്റെ പക്ഷമാണ്. മറ്റുള്ളിടത്ത് എതിര്‍പക്ഷവും. ഈ നിലപാട് പുനപ്പരിശോധിക്കാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ തയ്യാറാവണം. അല്ലെങ്കില്‍ ആ കമ്യൂണിസ്റ്റ് എന്ന അവകാശവാദം അപമാനകരമാവും. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ജനങ്ങളുടെ പാര്‍ട്ടികളാണ് ശക്തിപ്പെടേണ്ടത്. മറ്റു പാര്‍ട്ടികളുടെ ബലക്ഷയം ചൂണ്ടിക്കാട്ടി വിപരീതം കളിക്കുന്ന രാഷ്ട്രീയ ലീല ആരെയും രക്ഷിക്കയില്ല.മതേതര ജനാധിപത്യ സമൂഹത്തിനുവേണ്ടി ആരുണ്ട് എന്നതാണ് വര്‍ത്തമാന കാലത്തെ രാഷ്ട്രീയ ചോദ്യം.
ആസാദ്
25 ഡിസംബര്‍ 2017