അല്‍ജീരിയക്കാരിയായ സംവിധായിക റെയ്ഹാന ചലച്ചിത്രമാധ്യമത്തെ ആഘാതശേഷിയുള്ള ഒരായുധമാക്കി മാറ്റിയിരിക്കുന്നു. സ്ത്രീകളുടെ അനുഭവാവിഷ്ക്കാരത്തിന് കടുത്ത മത വിമര്‍ശനത്തിന്റെയും രാഷ്ട്രീയ വിമര്‍ശനത്തിന്റെയും സര്ഗവീര്യം പ്രസരിപ്പിക്കാനാവുമെന്ന് റെയ്ഹാന ബോധ്യപ്പെടുത്തുന്നു. മതതീവ്ര ശാഠ്യങ്ങളും അതു രാഷ്ട്രീയാധികാരവുമായി നടത്തുന്ന അവിശുദ്ധ നീക്കുപോക്കുകളും സാമാന്യ വ്യവഹാരങ്ങളെ സ്തംഭിപ്പിക്കയോ കലുഷമാക്കുകയോ ചെയ്യുന്ന കാലത്ത് വിട്ടുവീഴ്ച്ചയില്ലാത്ത സമരമുഖം തുറന്നിരിക്കുന്നു റെയ്ഹാന.
ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക്, തൊണ്ണൂറുകളിലെ അല്‍ജീരിയന്‍ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് തെളിയുന്നത്. 1962 വരെ ഫ്രഞ്ചു കോളനിയായിരുന്ന വടക്കേ ആഫ്രിക്കന്‍ രാജ്യമാണ് അല്‍ജീരിയ. തൊണ്ണൂറ്റൊമ്പതു ശതമാനംപേരും ഇസ്ലാം മതക്കാര്‍. യൂറോപ്പിന് പ്രകൂതിവാതകം നല്കുന്ന പ്രദേശം. വടക്കേ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം. മതമൗലികവാദം അതിന്റെ ഹിംസാത്മക വേഷമണിഞ്ഞ് ഉറഞ്ഞാടിയ രാജ്യങ്ങളിലൊന്ന്.
ഫാത്തിമ നടത്തുന്ന ടര്‍ക്കിഷ് സ്നാന ഗൃഹമാണ് ചിത്രത്തിലെ കഥാകേന്ദ്രം. പുറത്തെ ക്ലേശങ്ങളില്‍നിന്നും നിര്‍ബന്ധങ്ങളില്‍നിന്നും അറുതിയില്ലാത്ത സഹനങ്ങളില്‍നിന്നും രക്ഷനേടാന്‍ സ്ത്രീകള്‍ എത്തിപ്പെടുന്ന ഇടമാണത്. ഫാത്തിമയുടെ ഉടമസ്ഥതയിലാണെങ്കിലും ഒരു പൊതു ഇടത്തിന്റെ സ്വാതന്ത്ര്യവും ആശ്വാസവും അവിടെയുണ്ട്. ബാലികകള്‍ മുതല്‍ വൃദ്ധ സ്ത്രീകള്‍വരെ അവിടെയെത്തും. അതിന്റെ മതില്ക്കെട്ടുകള്ക്കകത്തു പ്രവേശിക്കുമ്പോഴേ സ്വാതന്ത്ര്യത്തിലേയ്ക്കു പ്രവേശിക്കുന്നതുപോലെ ഉടല്‍ഭാഷ മാറുന്നു. പൊതിഞ്ഞു മൂടിയ വസ്ത്രങ്ങളും ഉടമ്പടികളും സദാചാര സൂചികകളും പൊഴിച്ചുകളയുന്നു. എണ്ണതേച്ചു കുളിക്കാം. ഉടലുഴിഞ്ഞു ഉന്മേഷം വരുത്താം. സിഗരറ്റു വലിച്ച് പുകച്ചുരുളുയര്ത്താം. വെറുതെ ചുറ്റിനടക്കുകയോ വിശ്രമിക്കുകയോ ആവാം. പാടുകയോ നൃത്തമാടുകയോ ചെയ്യാം. ഗോസിപ്പുകള്‍ പറയാം. ഗൗരവമുള്ള സംവാദങ്ങളുയര്ത്താം. ഏറ്റുമുട്ടലോളം വളര്‍ന്നാല്‍ ഫാത്തിമ കര്‍ക്കശമായ ആജ്ഞ നല്‍കും തടയും.
പുറത്ത് മതമൗലികതയുടെ കാര്‍ക്കശ്യം. അകത്ത് സ്വതന്ത്ര സ്ത്രൈണതയുടെ സ്ഫോടനം. ഈ വിപരീത വാസ്തവത്തിന്റെ അതിരുകളിലൂടെ റെയ്ഹാന നമ്മെ കൊണ്ടുപോകുന്നു. സ്നാന ഗൃഹത്തിനകത്താണ് മിക്കവാറും ക്യാമറയുള്ളത്. ആദ്യവും അവസാനവും മാത്രമാണ് അതു നഗര വിസ്തൃതിയിലേക്കോ വിപണിയുടെ സൂക്ഷ്മതയിലേക്കോ കണ്ണു മിഴിച്ചിട്ടുള്ളു. സ്ത്രീ ഉടലുകളിലൂടെ കടന്നുപോകുമ്പോള്‍ കാഴ്ച്ചകാണുന്ന നാട്യമില്ല. ഭാഷയിലും ഉടലിലും സ്ത്രീകള്‍ക്കു വേറൊരു ആവിഷ്കാരമുണ്ടെന്ന് റെയ്ഹാന പറയുകയാവണം. മതം, ലൈംഗികത, രാഷ്ട്രീയം, ദേശം എന്നിവയെല്ലാം അവിടെ നിറയുന്നുണ്ട്. പല സാഹചര്യങ്ങളില്‍നിന്നു വന്നവര്‍ അതതിടത്തിന്റെ ആഘാതങ്ങള്‍ അനുഭവിപ്പിക്കുന്നു. ആ പല ജീവിതങ്ങളിലും കിട്ടാതെ പോകുന്ന തുറസ്സ് ഈ മതില്‍ക്കെട്ടിനകത്ത് അറിയുന്നു. സ്നാനഗൃഹം സ്ഫോടനാത്മകമായ രാഷ്ട്രീയ ലോകമായി പരിണമിക്കുന്നു.
ഇസ്ലാമിക പുരുഷാധികാരം സ്ത്രീകളോടു ചെയ്യുന്നതെന്ത് എന്നാണ് റെയ്ഹാന ചിത്രീകരിച്ചത്. പുരുഷാധികാരത്തെ സ്ത്രീകള്‍ക്കു മാത്രം സാധ്യമാകുന്ന ഭാഷയിലും രീതിയിലും കീറിമുറിക്കുകയാണവര്. അമ്പതു വയസ്സുള്ള ഫാത്തിമയായി ഹിയാം അബ്ബാസും സഹായി സാമിലയായി ഫാദിയ ബേല്ക്കേബ്ലയും വേഷമിട്ടു. കഥയുടെ ഉപധാരയില് സഹോദരനാല്‍ പീഢിപ്പിക്കപ്പെട്ട പതിനാറുകാരി മറിയ(ലിന സൗലേം) മുണ്ട്. അവര്‍ക്ക് അഭയവും സൂതിഗൃഹവുമാകുന്നത് ഈ കുളിപ്പുരയും ഫാത്തിമയുമാണ്. മറിയത്തെ ഒളിപ്പിച്ചതിന് അവരുടെ സഹോദരന് മൊഹമ്മദും(ഫെത്തി ഗെല്ലസ് ) തീവ്രമത സംഘവും സായുധരായി കുളിപ്പുര അക്രമിക്കാനെത്തുന്നു. ഈ ഘട്ടത്തില്‍ പുരുഷാധികാര പ്രയോഗങ്ങളോട് നേരിട്ടു മുട്ടുന്ന സ്ത്രീ ജാഗ്രത വെളിപ്പെടുന്നു.
തീവ്ര മത വിശ്വാസിയായ ഒരു യുവതിയും മൗലികവാദ ഭീകരതയ്ക്കിരയായ ഒരു സ്ത്രീയും ഏറ്റുമുട്ടുന്ന സന്ദര്‍ഭങ്ങളുണ്ട്. നിങ്ങളുടെ ഇസ്ലാമല്ല എന്റേതെന്നും നിങ്ങളുടെ വിശുദ്ധ ഗ്രന്ഥമല്ല എന്റേതെന്നും പീഢിത തുറന്നടിക്കുന്നു. കുളിപ്പുര മതവിമര്‍ശനത്തിന്റെയും രാഷ്ട്രീയ വിമര്‍ശനത്തിന്റെയും ഊഷ്മാവിലേക്കു മാറുന്നു. തൊണ്ണൂറു മിനിട്ടു ദൈര്‍ഘ്യമുള്ള സിനിമയുടെ തിരക്കഥയും റെയ്ഹാനയാണ് നിര്‍വ്വഹിച്ചത്.
അല്‍ജീരിയയില്‍ ജീവിക്കാനാവാതെ ഫ്രാന്‍സിലേയ്ക്കു കുടിയേറിയ റെയ്ഹാന അതിജീവിക്കാന്‍ ഏറെ ക്ലേശിച്ചിട്ടുണ്ട്. നാടകമാണ് തന്റെ തട്ടകമെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഈ സിനിമയും നാടകമായി രൂപമെടുത്തതാണ്. പിന്നീടിത് അവരുടെ ആദ്യ സിനിമാ സംരംഭമായി മാറുകയായിരുന്നു.
പെണ്‍സിനിമയുടെ പ്രഖ്യാപനം കേരളം കേള്‍ക്കുന്നുണ്ടാവണം. നമ്മുടെ സിനിമയിലെ സ്ത്രീകൂട്ടായ്മ റെയ്ഹാനയെ ആശ്ലേഷിക്കുന്നത് ആവേശകരമാണ്. വരും കാലത്തെ കലയെ മാറ്റിമറിക്കുന്ന ഊര്‍ജ്ജം അവരിവിടെ പ്രസരിപ്പിക്കട്ടെ എന്നാഗ്രഹം.
ആസാദ്
13 ഡിസംബര്‍ 2017