ക്യൂബന്‍ ജീവിതവും കലയും തേടിയാണ് ജോനാല് കോസ്ക്കുല്ലേല സംവിധാനംചെയ്ത എസ്തബാനില് എത്തിയത്. കൊളംബിയന്‍ സംവിധായകന് ജോണി ഹാന്റ്റിക്സിന്റെ കാന്റലേറിയ പകര്‍ന്ന ഹവാനാ അനുഭവങ്ങളിലൂടെ കടന്നു പോയതാണ്. ക്ലേശങ്ങള്‍ നിറഞ്ഞ വര്‍ത്തമാനത്തെ മധുരതരമാക്കുന്ന നിശ്ചയ ദാര്‍ഢ്യം പ്രകാശിക്കുന്നതു കണ്ടു. ജീവിതത്തെ ദീപ്തമാക്കുന്നതെന്തും നിര്‍ദ്ദയം ചോര്‍ത്തിക്കളയുന്ന ഉദാരമായ മുതലാളിത്തം എവിടെയും പതാകകളുയര്ത്തുന്ന കാലമാണ്. ക്യൂബയെങ്ങനെ മാറിയിരിക്കുന്നു എന്നറിയണമായിരുന്നു. ക്യൂബയുടെ ജീവിതം ആവിഷ്ക്കരിക്കുന്നവരെല്ലാം ക്ലേശങ്ങളെ അതിജീവിക്കുന്ന ദര്‍ശനവും ഇച്ഛാശക്തിയും കാണുന്നു എന്നത് ആവേശം നല്കുന്നു.
എസ്തബാന് എട്ടോ ഒമ്പതോ വയസ്സുള്ള ഒരു കുട്ടിയാണ്. തെരുവു കച്ചവടം നടത്തിയാണ് അമ്മ അവനെ പുലര്‍ത്തുന്നത്. സ്കൂള്‍ വിട്ടുവന്നാല്‍ വീടുകള്‍ കയറി വില്‍പ്പന നടത്തി അവനും സഹായിക്കുന്നു. വളരെ ചുരുങ്ങിയ വരുമാനംകൊണ്ടു ജീവിക്കാന്‍ പ്രയാസപ്പെടുകയാണവര്.
അമില്‍ക്കര്‍ സലാത്തി എന്ന ടെലവിഷന്‍ സ്ക്രിപ്റ്റെഴുത്തുകാരന്‍ തയ്യാറാക്കിയ കഥ ജൊനാന്‍ നീണ്ട മുന്നൊരുക്കങ്ങളോടെ സിനിമയാക്കുകയായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് എസ്തബാന്റെ വേഷമിടാന്‍ ഒമ്പതോ പത്തോ വയസ്സുള്ള ബാലനെ കണ്ടെത്തിയത്. അത്യസാധാരണമായ അഭിനയ പാടവമാണ് റെയ്നാള്‍ഡോ ഗ്വഞ്ചന് പ്രകടിപ്പിച്ചത്. ക്യൂബയില്‍ തൊഴിലെടുത്തു ജീവിക്കുന്നവരുടെ ദരിദ്രമായ പശ്ചാത്തലവും അസാധ്യമായതിനെ സാധ്യമാക്കാനുള്ള പുതു തലമുറയുടെ സമര്‍പ്പണവും എസ്തബാനെ ശ്രദ്ധേയമാക്കുന്നു.
ലോകത്തെങ്ങുമെന്നപോലെ ഉദാര സമ്പദ്ഘടന ക്യൂബയിലും ചലനമുണ്ടാക്കിയിരിക്കുന്നു. കുലീന മധ്യവര്‍ഗം അതിന്റെ സഹജ സ്വഭാവം പ്രദര്‍ശിപ്പിക്കുകയാണ്. ആഡംബരങ്ങളിലേയ്ക്കും പുതുസാങ്കേതിക കൗതുകങ്ങളിലേയ്ക്കും അവരുടെ കണ്ണുകള്‍ തുറന്നിരിക്കുന്നു. കാന്റലേറിയയിലും അതു കാണാം. സുഗന്ധ ലേപനങ്ങളുടെ തെരുവു വില്‍പ്പന എസ്തബാനും അമ്മയ്ക്കും ഏക വരുമാനമാര്‍ഗമാണ്. ആറു പെസോയുടെ കുപ്പികള്‍ പത്തു പെസോ വില തന്നും തന്റെ അമ്മ വാങ്ങുമെന്ന് ഒരു കൂട്ടുകാരന് എസ്തബാനോട് പറയുന്നുണ്ടല്ലോ. വിപരീതങ്ങളില്‍ തെളിയുന്ന പുതുലോകക്രമമാണ് ക്യൂബയുടെയും യാഥാര്‍ത്ഥ്യം.
പിയാനോ പഠിക്കണമെന്നാണ് എസ്തബാന് ആഗ്രഹം. പക്ഷെ വലിയ ഫീസാണ് നല്‍കേണ്ടത്. പിയാനോ പഠിപ്പിക്കുന്ന പ്രൊഫസറുടെ ജനലിനു പുറത്തുനിന്ന് അവനത് ഹൃദിസ്ഥമാക്കാന്‍ ശ്രമിച്ചു. പലപ്പോഴും ഗേറ്റു ചാടിയെത്തിയ എസ്തബാനെ പ്രൊഫസര്‍ ഓടിച്ചുവിട്ടു. ഫീസ് നല്കി പഠിക്കാന്‍ ആ പത്തു വയസ്സുകാരന് കഠിനമായി യത്നിച്ചു. വീട്ടിലെ ദാരിദ്ര്യത്തിനിടയില്‍ ഈ ഭ്രാന്ത് അനുവദിക്കാന്തക്ക സംഗീതഭ്രമം അമ്മയ്ക്കുണ്ടായിരുന്നില്ല. എന്നിട്ടും എസ്തബാന്റെ നിശ്ചയ ദാര്‍ഢ്യവും സമര്‍പ്പണവും ഫലം കണ്ടു. പിയാനോവില്‍ വിസ്മയം രചിക്കാന്‍ അവന് പ്രാപ്തനാകുന്നു.
റെയ്നാള്‍ഡോ ഗ്വെഞ്ചന് എന്ന ബാലന് വളരെ സ്വാഭാവികമാംവിധം ആ റോള്‍ ഭംഗിയാക്കി. സൂക്ഷ്മമായ തെരഞ്ഞെടുപ്പിലൂടെയും മൂന്നു മാസം നീണ്ട പിയാനോ പരിശീലനത്തിലൂടെയും ആ കഥാപാത്രത്തെ വാര്‍ത്തെടുത്ത അനുഭവം ഒരഭിമുഖത്തില്‍ ജൊനാന്‍ പറയുന്നുണ്ട്. അമ്മയായി വേഷമിട്ട യൂലിയത്തയും പ്രൊഫസര്‍ വേഷം ചെയ്ത പോര്‍ട്ടോയും മികച്ച അഭിനേതാക്കളാണ്. സംഗീതോപകരണങ്ങളൊന്നും ശീലിച്ചിട്ടില്ലാത്ത പോര്‍ട്ടോ വളരെ അനായാസമായി അതു നിര്‍വ്വഹിച്ചിരിക്കുന്നു. ഈ മൂന്നു പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് തൊണ്ണൂറു മിനിട്ടു ദൈര്‍ഘ്യമുള്ള സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. തീര്‍ച്ചയായും നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ചിത്രമാണ് എസ്തബാന്.
ആസാദ്
12 ഡിസംബര്‍ 2017