സി ബി ഐ ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണം സംശയകരമെന്ന് മൂന്നു വര്‍ഷത്തിനു ശേഷം ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. കനത്ത ഭീതിപുതച്ച ദിവസങ്ങളില്‍നിന്നും പുറത്തു കടക്കാനുള്ള ധീരതയാണ് അവര്‍ പ്രകടിപ്പിച്ചത്. പക്ഷെ, അവരെയും ജീവിക്കാന്‍ അനുവദിക്കുകയില്ലെന്ന് നീതിരഹിതമായ ഭരണകാലം ഭയപ്പെടുത്തുന്നു.
മോഡി – അമിത്ഷാ അധികാര വാഴ്ച്ചയുടെ നാളുകളത്രയും രക്തപങ്കിലമാണ്. ഗുജറാത്തിലോ രാജ്യത്തെമ്പാടുമോ ആകട്ടെ, ദുര്മൂര്ത്തികളാണ് വിളയാടുന്നത്. മുമ്പൊരിക്കലും മനുഷ്യര്‍ ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ല. ജനിച്ച സമുദായത്തിന്റെ, ശീലിച്ച തൊഴിലിന്റെ, വഴങ്ങാത്ത ഇച്ഛാശക്തിയുടെ, കറകളഞ്ഞ നീതിബോധത്തിന്റെ, ശാസ്ത്രീയമായ യുക്തിബോധത്തിന്റെ ഒന്നും പേരില്‍ ഇങ്ങനെ ഹിംസിക്കപ്പെട്ടിട്ടില്ല. കോമാളികള്‍ കപാല നൃത്തമാടുന്ന വലിയൊരു വെള്ളരിക്കാ പട്ടണമാണോ മഹത്തായ നമ്മുടെ രാജ്യം?
ജസ്റ്റിസ് ലോയയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നുവെന്ന് ഔദ്യോഗിക വിശദീകരണം. പക്ഷെ കുടുംബം ചോദിക്കുന്നു; ഷര്‍ട്ടില്‍ എങ്ങനെ രക്തക്കറയുണ്ടായി? കഴുത്തിലും പിറകിലും മുറിപ്പാടുകളുണ്ടായി? ആറുമണിക്കു ശേഷമുണ്ടായ മരണം എങ്ങനെ അഞ്ചുമണിക്ക് വിളിച്ചറിയിച്ചു? ബന്ധുക്കളെത്തും മുമ്പെ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആരാണ് ഉത്സാഹിച്ചത്? ബന്ധുവായി ഒപ്പിട്ടുകൊടുത്തത് ആരാണ്? ലോയയുടെ മൊബൈല്‍ ഫോണ്‍ രണ്ടുദിവസവുംകൂടി കൈവശം വയ്ക്കുകയും അതിലെ വിവരങ്ങളാകെ ഡിലീറ്റ് ചെയ്യുകയും ചെയ്തവരുടെ താല്പ്പര്യമെന്താവും?
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാധ്യമങ്ങളുടെയും സംശയം നീളുന്നുണ്ട്. അതിന്റെ സാഹചര്യം വളരെ പ്രധാനമാണ്. ആരായിരുന്നു ജസ്റ്റിസ് ലോയ? രാജ്യം മുഴുവന്‍ ശ്രദ്ധിച്ച സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സി ബി ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു. ബി ജെ പി പ്രസിഡണ്ട് അമിത്ഷാ മുഖ്യ പ്രതിയായ കേസാണത്. ആ കേസ് വിധിപറയാനിരിക്കെയാണ് ലോയയുടെ മരണം.
2012ലാണ് സുപ്രീം കോടതി സൊറാഹ്ബുദ്ദീന്‍ കേസ് ഗുജറാത്തില്‍നിന്ന് മഹാരാഷ്ട്രയിലേക്കു മാറ്റുകയും ആദ്യന്തം ഒരു ജഡ്ജി കൈകാര്യം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തത്. ഇതനുസരിച്ച് ജസ്റ്റിസ് ഉത്പത് ആണ് ഈ കേസ് കേട്ടത്. വാദത്തിനിടെ അമിത്ഷായുടെ തുടര്‍ച്ചയായ മാറിനില്ക്കല് ജഡ്ജിയുടെ അസംതൃപ്തിക്കു കാരണമായി. അത് അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. 2014 ജൂണ്‍ 20ന് അമിത്ഷാ നിര്‍ബന്ധമായും ഹാജരാവണമെന്ന് നിര്‍ദ്ദേശിച്ചു കേസ് ജൂണ്‍ 26നു മാറ്റി. ജൂണ്‍ 25ന് ജഡ്ജിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് വന്നത്. തുടര്‍ന്നാണ് ജസ്റ്റിസ് ബി എച്ച് ലോയ വരുന്നത്. ഒരു ജഡ്ജിതന്നെ കേസ് ആദ്യന്തം വാദം കേട്ടു വിധിക്കണമെന്ന സുപ്രീംകോടതി വിധി നഗ്നമായി ലംഘിക്കപ്പെട്ടു. ആരും അത് ചര്‍ച്ച ചെയ്തില്ല.
ജസ്റ്റിസ് ലോയ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹോദരി അനുരാധാ ബിയാനിയും പിതാവ് ഹര്‍കിഷനും വെളിപ്പെടുത്തുന്നു. അനുകൂലമായ വിധിക്ക് നൂറുകോടി രൂപ വാഗ്ദാനം ചെയ്തതായും അവര്‍ പറയുന്നു. ജസ്റ്റിസ് മൊഹിത് ഷാ മുഖേനയാണ് സ്വാധീനിക്കാന്‍ ശ്രമം നടന്നത്. അതിന് ലോയ കീഴ്പ്പെട്ടില്ല. ലോയയുടെ സഹപാഠിയും ലാത്തൂര്‍ ബാര്‍ കൗണ്‍സില്‍ മുന്‍ പ്രസിഡണ്ടുമായ അഡ്വക്കറ്റ് ഉദയ് ഗവാരെ ലോയയുടെ വാക്കുകളോര്‍ക്കുന്നു. നിവൃത്തിയില്ലാതെ വന്നാല്‍ രാജിനല്‍കി ഞാന്‍ ഗ്രാമത്തിലേയ്ക്കു മടങ്ങും. അവിടെ കൃഷി ചെയ്തു ജീവിക്കും. അല്ലാതെ തെറ്റായ ഒരു വിധിയും ഞാന്‍ പുറപ്പെടുവിക്കുകയില്ല. ജസ്റ്റിസ് ലോയ അനുഭവിച്ച സമ്മര്‍ദ്ദം ആ വാക്കുകളിലുണ്ട്. തല്‍പ്പര കക്ഷികള്‍ക്ക് സ്വാധീനിക്കാനാവാത്ത ഉയരത്തിലായിരുന്നു ലോയ. ലോയയെ ഇല്ലാതാക്കേണ്ടത് ആരുടെ താല്‍പ്പര്യമെന്ന് തുറന്നുകാട്ടുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. മൂന്നാമത് വന്ന ജഡ്ജി അമിത്ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്നു.
ലോയയുടെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിനുമുന്നില്‍ പരാതിയെത്തിയിട്ടുണ്ട്. ഒപ്പം അതേ കോടതിയില്‍ അഭിഭാഷകനായിരുന്ന ശ്രീകാന്ത് ഖണ്ഡേല്ക്കറുടെ ദുരൂഹ മരണവും അന്വേഷിക്കണമെന്നാണ് സൂര്യകാന്ത് ലോലേജ് എന്ന പരാതിക്കാരന് ആവശ്യപ്പെട്ടിരിക്കുന്നത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കുപ്രസിദ്ധ ഇറിഗേഷന്‍ അഴിമതി പുറത്തുകൊണ്ടുവന്ന വക്കീലാണ് ശ്രീകാന്ത് ഖണ്ഡേല്ക്കര്. കോടതിക്കു മുകളില്‍നിന്നു വീണു മരിച്ച നിലയില്‍ 2015 നവംബര്‍ 29നാണ് അദ്ദേഹത്തിന്റെ ജഡം കണ്ടത്. അഴിമതിക്കെതിരെ സംസാരിച്ചാല്‍ ഉന്മൂലനം ചെയ്യുന്ന സൈന്യം രാജ്യത്ത് വളര്‍ന്നിരിക്കുന്നു.
ഇതിന് ഏറ്റവും വലിയ ഉദാഹരണം മധ്യപ്രദേശിലെ വ്യാപം അഴിമതിയാണ്. സാക്ഷികളായ അമ്പതിലേറെ പേരാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. കേസ് അന്വേഷിച്ചുപോയ പത്ര പ്രവര്ത്തകന് മുതല്‍ സംസ്ഥാന ഗവര്‍ണറുടെ മകന്‍വരെ മരണപ്പെട്ടു. എന്നിട്ടും കേസ് സിബിഐക്കു വിടാന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന് തയ്യാറായിരുന്നില്ല. ഒടുവില്‍ കോടതിവിധിയാണ് കേസ് സി ബി ഐയിലെത്തിച്ചത്. ഒരാഴ്ച്ച മുമ്പ് 592 പേരുടെ കുറ്റപത്രമാണ് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചത്. അതില്‍ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തിയിരിക്കുന്നു എന്ന് പ്രതിപക്ഷ ആരോപണം ഉയര്‍ന്നിട്ടുണ്ട്. സി ബിഐ കോംപ്രമൈസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആയിരിക്കുന്നുവെന്നാണ് കപില്‍ സിബല്‍ പറഞ്ഞത്.
ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് രാജ്യം അധാര്‍മികതയുടെയും ഹിംസയുടെയും കളിനിലമായിരിക്കുന്നു എന്നാണ്. അമിത് ഷാ – മോഡിമാര്‍ ഗോധ്ര ഗുജറാത്ത് കൂട്ടക്കൊലകളുടെ ചോരമണക്കുന്ന നഖംനീണ്ട കൈകളാലാണ് ഇന്ത്യയുടെ നീതിബോധത്തെ പിച്ചിച്ചീന്തുന്നത്. രാജ്യത്തെമ്പാടും അധര്മ്മചാരികളാണ് പെരുകുന്നത്. ഇത് ജനാധിപത്യമേയല്ല.
ഇപ്പോഴും മൗനംപൂണ്ട് തലകുനിച്ചിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതു പ്രവര്‍ത്തകരും ബുദ്ധിജീവികളും രാജ്യത്തിന്റെ മഹത്തായ ചരിത്രത്തെ അപമാനിക്കുകയാണ്. മോഡി ഷാമാരുടെ പോക്കു ശരിയല്ലെന്ന് ബി ജെ പി നേതാക്കളായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയുമൊക്കെ തുറന്നടിക്കുന്ന കാലത്ത് സത്യം പറയാന്‍ ഭയക്കുന്ന പ്രതിപക്ഷം സ്വയമൊടുങ്ങുന്നതാണ് നല്ലത്. ഇപ്പോഴെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ ഇനി ഉണരുകയേയുണ്ടാവില്ല.
ആസാദ്
3 ഡിസംബര്‍ 2017