Article POLITICS

അപരിചിത നീലകള്‍

images

റുമാനിയയിലെ മാറുന്ന സിനിമയുടെ മുഖമാണ് ഗോവ ഫെസ്റ്റിവലിലെത്തിയ ഇന്‍ ബ്ലൂ. ഡച്ചുകാരനായ ജാപ് വാന്‍ ഹുസ്ഡനാണ് സംവിധായകന്‍.

ഒരു പതിനഞ്ചുകാരന് മധ്യവയസ്കയോടോ തിരിച്ചോ തോന്നുന്ന പ്രണയമാണ് ഇന്‍ ബ്ലൂവിന്റെ പ്രമേയമെന്ന് തോന്നാം.. അതു നമ്മുടെ സിനിമയ്ക്ക് അപരിചിതമല്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പത്മരാജന്‍ രതിനിര്‍വേദം എടുത്തിട്ടുണ്ട്. വിഛേദത്തിന്റെയും നിഷേധത്തിന്റെയും ധീരതാളമാണ് നിര്‍വേദത്തിന്റെ ഇഴപ്പൊരുത്തം. വ്യത്യസ്തമായ പരിചരണംകൊണ്ട് സിനിമ ശ്രദ്ധിക്കപ്പെട്ടു. ഇവിടെ ഇന്‍ബ്ലൂവിലാകട്ടെ, റുമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്തിലെ ഓടയില്‍ ജീവിക്കുന്ന ഒരു ബാലനും വിമാന ജോലിക്കാരിയായ ഡച്ചു സ്ത്രീയുമായുള്ള ബന്ധമാണ് പ്രമേയം. മാതൃ/ കാമുകീ ഭാവങ്ങളുടെ ഏറ്റിറക്കങ്ങള്‍ രണ്ടുപേരിലും സൃഷ്ടിക്കുന്ന അമ്പരപ്പും ആസക്തിയും സംയമനവും അത്യസാധാരണമായ ഒരാഖ്യാനമായി അടയാളപ്പെടുന്നു.

നഗരത്തിലെ ഓവറകളില്‍ ജീവിക്കുന്ന ആയിരങ്ങളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട് ക്യാമറ. അദ്ധ്വാനവും ലഹരിമരുന്നും സാഹസികതയും അക്രമോത്സുകതയും പരുഷ ഭാഷണവും നിറഞ്ഞ ലോകമാണത്. അവിടെ ജീവിക്കുന്ന നിക്കു ഒരപകത്തിലൂടെയാണ് ലിന്നിനു പരിചിതനാവുന്നത്. വല്ലാത്ത ഏകാന്തതയിലും മനംമടുപ്പിലും കഴിഞ്ഞിരുന്ന ലിന്‍, വിമാനത്തില്‍ ഒരു പ്രസവമെടുക്കാന്‍ ഇടയായതോടെ അല്‍പ്പം പ്രസന്നവതിയാവുന്നുണ്ട്. പിന്നീട് അവരില്‍ ഉറങ്ങിക്കിടന്നിരുന്ന ഭാവങ്ങള്‍ ഉണരുന്നു. അമ്മയായും കാമുകിയായും മാറുകയോ ഇഴചേരുകയോ ചെയ്യുന്ന ഭാവസന്ധികള്‍ വിസ്മയാവഹമാണ്.

നഗരത്തിന്റെ അധോതല ജീവിതത്തിലേക്ക് ഒരു പാലമുണ്ടാവുന്നു. അധോനഗരമെന്നും ഉപരി നഗരമെന്നും രണ്ടായി പിളര്‍ന്നതിന്റെ മുറിവുകളാണ് ആലിംഗനബദ്ധരാവുന്നത്. മരണത്തെ പരിഹസിക്കുന്ന സാഹസികതയും മധ്യവര്‍ഗാഡംബര ഭാവനയും മുഖാമുഖം കണ്ടുമുട്ടുന്നു. ഓവറകളില്‍ ഇരുട്ടും പുകയും അഴുകിയ ഗന്ധവും മരണവും ലഹരിയും അരക്ഷിതത്വമെന്ന് അമ്മയെ ഭയപ്പെടുത്തുന്നു. ഉടലിലുണ്ടതെന്ന് കാമുകിയെ ഉന്മാദം കൊള്ളിക്കുന്നു.

ജാപ് വാന്‍ ഹ്യുസ്ഡന്റെ മൂന്നാമത്തെ സിനിമയാണിത്. വിന്‍/ വിന്‍, ദി ന്യൂ വേള്‍ഡ് എന്നീ സിനിമകള്‍ 2010ലും 2013 ലും പുറത്തു വന്നു. റുമാനിയയിലും നെതര്‍ലാന്റിലുമായി നിര്‍മിച്ച ഇന്‍ ബ്ലൂവില്‍ ഡച്ചു നടി മറിയ ക്രാക്ക്മാനും റുമാനിയന്‍ താരം ബോഗ്ദാന്‍ ലഞ്ചുവുമാണ് പ്രധാന വേഷത്തില്‍. ഗോവയില്‍ ലഞ്ചുവിന്റെ സാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടു.

സമീപകാലത്ത് റുമാനിയന്‍ സിനിമ അത്ഭുതകരമായ ഉണര്‍വ്വു പ്രകടിപ്പിക്കുന്നു. ചൗഷസ്ക്യുവിന്റെ കാലത്തെ നിയന്ത്രണങ്ങളെയും മറ്റ് ആഘാതങ്ങളെയും അതിജീവിക്കുകയാണെന്നാണ് ദി പീക്കോക്കിനു നല്‍കിയ അഭിമുഖത്തില്‍ ബോഗ്ദാന്‍ അവകാശപ്പെട്ടത്. മുമ്പായിരുന്നുവെങ്കില്‍ ഇന്‍ ബ്ലൂ പുറത്തിറങ്ങുമായിരുന്നില്ല. ബലപ്രയോഗംകൊണ്ട് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യം അതല്ലാതാവില്ല. പുതിയ തുറസ്സുകളെ അതിന്റെ ഇരുണ്ട അകങ്ങളോടെ അഭിമുഖീകരിച്ചേ മതിയാവൂ.

ഇന്‍ ബ്ലൂ യാഥാര്‍ത്ഥ്യത്തിന്റെ കലാപകര്‍പ്പോ ബ്ലൂ പ്രിന്റോ ആണ്. കാണണം എന്നുമാത്രം പറയാം.

ആസാദ്
26 നവംബര്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )