അന, എന്റെ പ്രണയം ഗോവ ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. കാലിന് പീറ്റര്‍ നെറ്റ്സര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു നിര്‍മിച്ച നൂറ്റി മുപ്പതു മിനിട്ട് ദൈര്‍ഘ്യമുള്ള റുമാനിയന്‍ ചിത്രം. സ്നേഹോന്മാദങ്ങളുടെ നിഗൂഢവും അപായകരവുമായ ഇഴകള്‍ തഴയ്ക്കുകയും അന്യോന്യാവേശിതമായി വളരുകയും ചെയ്യുന്ന അനുഭവക്രമം തെളിയുന്നു.
സര്‍വ്വകലാശാലയിലെ പഠന കാലത്താണ് അനയും തോമയും കണ്ടുമുട്ടുന്നത്. നീഷേയും സാര്‍ത്രും ഹിറ്റ് ലറും ചരിത്രത്തിലെ സാഹസിക പ്രണയങ്ങളും വിപ്ലവങ്ങളും ചര്‍ച്ച ചെയ്യുന്ന സൗഹൃദമായാണ് ആരംഭിച്ചത്. പതുക്കെ അസാധാരണമായ എന്തോ ഒന്ന് തങ്ങളെ കൂട്ടിയിണക്കുന്നതായി അവരറിഞ്ഞു. സംഭാഷണങ്ങള്ക്കിടയിലെപ്പോഴോ പൊടുന്നനെ ശരീരമാകെ ഉലഞ്ഞു പോകുംവിധം ശ്വാസതടസ്സവും വിറയലും അനുഭവിക്കുന്ന അനയെ തോമ കാണുന്നു. ആദ്യത്തെ അമ്പരപ്പു മാറി അതപ്പാടെ ആവാഹിച്ചെടുക്കാന്‍ കഴിയുംവിധം ഊഷ്മളമാകുന്നു തോമയുടെ സൗഹൃദം.
ആനയെ അറിയുന്തോറും അനയിലേയ്ക്ക് അടുക്കുകയോ അവളെ തന്നിലേയ്ക്കു സ്വീകരിക്കുകയോ ആയിരുന്നു തോമ. അമ്മയുടെ വിവാഹപൂര്‍വ്വ ബന്ധത്തില്‍ പാകമാകാതെ പിറന്നവളെന്നത് അനയുടെ ആധിയാകുന്നു. അച്ഛനില്‍ സംശയവും രോഷവും നിറഞ്ഞ ഒരു ഘട്ടത്തില്‍ വീടു വിട്ടിറങ്ങേണ്ടിവരുന്നു. തോമയുടെ സ്നേഹം അവള്‍ക്ക് തുണയായി.
പഠിക്കാന്‍ ചേര്‍ന്ന വിഷയത്തിലല്ല, സാഹിത്യത്തിലായിരുന്നു തോമയുടെ ഭ്രമം. പത്രപ്രവര്ത്തകനാവണമായിരുന്നു അയാള്‍ക്ക്. പുതിയതിലും യാദൃച്ഛികതയിലുമുള്ള ആസക്തി അയാളെ അനയുടെ വിഭ്രാന്തികളിലേക്ക് വലിച്ചടുപ്പിച്ചിരിക്കണം. പിന്നെപ്പിന്നെ ആരിലാണ് ഏറെയുന്മാദമെന്ന് നാം അമ്പരക്കുന്നു. സ്നേഹത്തിന്റെ ഉണര്‍വ്വുകള്‍ പാരമ്പര്യത്തിന്റെ അതിരുകളില്‍ കലഹിക്കുന്നു. അതിജീവനത്തിന്റെ ത്രസിപ്പില്‍ കലുഷമാകുന്നു.
അന അമ്മയും തൊഴിലുള്ളവളും കൂടുതല്‍ സ്വതന്ത്രയുമാകുന്നു. അഴിയാത്ത പാരമ്പര്യ കുരുക്കുകളെ അഴിച്ചു മാറ്റണമായിരുന്നു അവള്‍ക്ക്. അതിന്റെ ഇരുണ്ട ഭാരങ്ങളില്‍നിന്ന് പുറത്തു കടക്കണമായിരുന്നു. അതിനുള്ള ഇച്ഛാശക്തിയിലേക്ക് അന വളരുന്നു. പക്ഷെ, അനയെ തോമയുടെ സ്നേഹം പിറകോട്ടു വിളിക്കുന്നു. അയാള്‍ക്ക് അപരിചിതമായ ഒരു വേഗത്തിലേക്ക് അനയുടെ ഗതിക്രമം മാറുകയാണ്.
സങ്കീര്ണഘടനയിലുള്ള അനുഭവാവിഷ്ക്കാരം കാലിന് പീറ്ററിന്റെ സവിശേഷതയാണ്. 2013ല്‍ ബര്‍ലിന്‍ ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ ബീയര്‍ പുരസ്ക്കാരം നേടിയ ചൈല്‍ഡ്സ് പോസും ശ്രദ്ധേയമായിരുന്നു. അന മോന് അമറില്‍ മരുന്നും കുമ്പസാരവും നിറയ്ക്കുന്ന വേവലാതികളുടെ വിതാനങ്ങള്‍ ഇഴപിരിച്ചെടുക്കുക വയ്യ. ഒരു മനശ്ശാസ്ത്രജ്ഞന്റെ സൗമ്യവും ശ്രദ്ധാപൂര്‍ണവുമായ പരിചരണം സിനിമയെ വേറിട്ടതാക്കുന്നു. മിര്‍സ്യാ പോസ്തെല്നിക്ക് തോമയെയും ഡയാന കാവല്യോറ്റി അനയെയും അവതരിപ്പിക്കുന്നു. തീര്‍ച്ചയായും പുതിയ ലോകക്രമം ഏല്‍പ്പിക്കുന്ന പരിക്കുകള്ക്കിടയിലൂടെയുള്ള പെണ്ണതിജീവനമാണ് കാലിന് പീറ്ററുടെ വിഷയം. അതു ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു.
ആസാദ്
25 നവംബര്‍ 2017